ദയവ് ചെയത് ഇതിനെ കലാപമെന്ന് വിശേഷിപ്പിക്കരുതേ; ഇത് വംശഹത്യ; എം എന്‍ രാവുണ്ണി
റോം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി ഫിഡിൽ വായിച്ചു കൊണ്ടിരുന്നത്രെ ! ഇത് പഴമൊഴിയല്ല നടന്നത്. പിന്നിടത് ലോകഭാഷകളിൽ ഒരു പ്രയോഗമായി മാറി. എന്നാൽ ഇന്ന് സംഘപരിവാരങ്ങൾ, നരേന്ദ്ര മോദി -അമിത്ഷാ ചെകുത്താൻമാർ അതിനെ അപ്രസക്തമാക്കിയിരിക്കുന്നു. ഡെൽഹിക്ക് തീക്കൊളുത്തി ഒരു ലോക ശത്രുവുമായി രാഷ്ട്രപതിഭവനിൽ മൃഷ്ടാന്ന ഭോജനത്തിൽ മോദിയും അമിത് ഷായും ആനന്ദിക്കുകയായിരുന്നു. ലോകസമാധാനത്തിന് വേണ്ടി ഇന്ത്യയും യു.എസും പ്രയത്നിക്കും എന്ന് മോദി ട്രംമ്പ് പ്രസ്താവനയെ തുടർന്ന് 22, 000 കോടി രൂപയുടെ ആയുധക്കച്ചവടം ഉറപ്പിച്ചു, ലോകസമാധാനം അങ്ങനെ !
ഇസ്‌ലാം ഭീകരവാദത്തെ ഇരു രാജ്യങ്ങളും ചേർന്ന് എതിർക്കുമെന്ന് പ്രഖാപിക്കുമ്പോൾ ഡെൽഹിയിൽ മതവും പേരും ചോദിച്ചു കൊണ്ടു പൗരത്വ നിയമത്തിനെതിരായ പ്രതിഷേധക്കാർക്കെതിരെ കടന്നാക്രമണം; പള്ളികൾ കത്തിക്കുന്നു , മുസ്‌ലിം വീടുകളും വ്യാപാര സ്ഥാപനങ്ങളും തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നു. ആക്രമണകാരികൾ കൈത്തോക്ക് അടക്കമുള്ള മാരാകായുധങ്ങളാണ് ഉപയോഗിക്കുന്നത്. വാഹനങ്ങൾ തീക്കിരയാക്കി. മാധ്യമപ്രവർത്തകർക്ക് നേരേയും മാരകമായ ആക്രമണം. മരണം 27 ആയെന്നാണ് ഇത് കുറിക്കമ്പോഴത്തെ വിവരം. ഗുരുതരാവസ്ഥയിൽ 40ൽ ഏറെ പേർ ആശുപത്രികളിൽ. പൊലീസും ഫയർ ഫോഴ്സ് പോലും അനങ്ങുന്നില്ല.
ഇസ്‌ലാം ഭീകരവാദത്തെ ഇരു രാജ്യങ്ങളും ചെറുക്കുമെന്ന പ്രസ്താവന അങ്ങ് വയറൽ ആക്കുകയാണ് ! എന്നാൽ ഒരു മരണ വിൽപ്പനക്കാരന് ഇതൊന്നും ബാധകമല്ലല്ലൊ. ഡെൽഹിയിലെ സാഹചര്യം മനസ്സിലാക്കിയ സ്ഥിതിക്കു ട്രംമ്പിനും സംഘത്തിനും സന്ദർശനം നിറുത്തി തിരിച്ചു പോകാവുന്നതായിരുന്നു. പൗരത്വ പ്രശ്നത്തിലും മത സമഭാവനയിലും യു എസ് ഉണ്ടെന്ന് ഭാവിക്കുന്ന നിലപാടിന് ഇത് തിളക്കം കൂട്ടിയേനെ, അതുണ്ടായില്ല. ആയുധക്കച്ചവടവും ചൈനക്കെതിരായ മത്സരത്തിൽ ചേരിയുണ്ടാക്കലും ഏഷ്യയിൽ സ്വാധീന മേഖലയുണ്ടാക്കലുമാണല്ലൊ ലക്ഷ്യം. ആനന്ദിച്ചാറാടി വയറു നിറയെ ഭക്ഷിച്ച് കൈയും നക്കിയാണ് കക്ഷി കടന്നു കളഞ്ഞത്, ഒരക്ഷരം പറയാതെ. കൂട്ട് അതാണല്ലൊ ! അപ്പോഴെല്ലാം തന്നെ എല്ലാം ആസൂത്രണം ചെയ്ത പോലെ ഡെൽഹിയിൽ സംഹാര താണ്ഡവം നടക്കുകയായിരുന്നു, അതിപ്പോഴും തുടരുന്നു.
ഇത് കലാപമല്ല
ദയവ് ചെയത് ഇതിനെ കലാപമെന്ന് വിശേഷിപ്പിക്കരുതേ. ഗുജറാത്തിൽ നടന്നതുപോലെ കഴിഞ്ഞ മാസം യോഗി ആദിത്യ നാഥ് എന്ന മനുഷ്യാധമന്റെ നേതൃത്വത്തിൽ യു പിയിൽ നടന്ന പോലുള്ള അമിത്ഷാ മോഡൽ വംശഹത്യ. യു പിയിൽ നാലു വാതിലുകളും കൊട്ടിയടച്ച് ആർ.എസ്.എസ് ഗുണ്ടകളെ ഇറക്കി തോക്കും ലാത്തികളും ഉപയോഗിച്ച് അഴിഞ്ഞാടിയില്ലെ തെമ്മാടികൾ.
എത്രപേർ കൊല്ലപ്പെട്ടു എന്നതിനു ഇന്നും വ്യക്തമായ കണക്കുകളില്ല, ആരും ചോദിച്ചുമില്ല. യോഗി ആദിത്യനാഥ് പറയുന്നു, “കലാപകാരികൾ തമ്മിൽ വെടിവെച്ചു. മരിച്ചവരുടെ ദേഹത്തിൽ നിന്നും ഒരു പോലീസ് ബുള്ളറ്റ് പോലും കിട്ടിയില്ല. ഇപ്പോൾ പ്രതിഷേധക്കാർ പശ്ചാതപിച്ച് കരയുകയാണ്. ഇവിടെ ഒരു പ്രതിഷേധവും ഇല്ല. കുറഞ്ഞത് 23 പേരെങ്കിലും മരിച്ചിട്ടുണ്ടാകും !”- ഇതൊരു മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് !
അതാണിപ്പോൾ ഡെൽഹിയിൽ നടത്തി കാണിച്ചത്. യു പി മോഡൽ ! പക്ഷെ കാര്യം ലോകമറിഞ്ഞു.
ഇവിടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ ജനപ്രതിനിധികളുണ്ടല്ലൊ, അവർക്കങ്ങ് ഡെൽഹിയിലേക്ക് മാർച്ച് നടത്തികൂടെ ? ആക്രമണ സ്ഥലത്ത് ഉപവസിക്കാമല്ലൊ. നരേന്ദ്ര മോദിയോടോ അമിത് ഷായോടേ, ഇവിടെ ഒരു സർക്കാരില്ലെ ? ഭരണമില്ലെ ? എന്നൊന്നും ചോദിച്ചുകൂടാ, അതാണിപ്പോൾ നടക്കുന്നത് എന്നവർ പറയും.
പൗരത്വ പ്രശ്നം ഒരു മുസ്‌ലിം പ്രശ്നമാക്കി മാറ്റുക, പൗരത്വ പ്രശ്നത്തിൽ ഉരുത്തിരിഞ്ഞു വന്ന മതേതര ജനകീയ ഐക്യത്തെ തകർക്കുക, മുസ്‌ലിം ജനതയെ ഒറ്റതിരിച്ചാക്രമിക്കുക, പ്രശ്നത്തെ വർഗീയവൽക്കരിക്കുക; ഇതാണ് ആര്‍.എസ്.എസ്- സംഘപരിവാർ ഗൂഡാലോചന.
അറിഞ്ഞൊ അറിയാതയൊ പ്രകോപിതരായോ ഈ കെണിയിൽ വീഴാതിരിക്കാൻ പരമാവധി ജാഗ്രത പാലിച്ചേ തീരു. സമരം CAA, NRC, NPRന് എതിരെ മാത്രമല്ല, ഇതൊരു മുസിലിം പ്രശ്നവുമല്ല. ബ്രാഹ്ണ്യവാദത്തിനും അതിന്റെ അജണ്ടയായ ഹിന്ദുരാഷ്ട്രവാദത്തിനും എതിരായ സമരമാണ്. അതുകൊണ്ടു തന്നെ ദളിത്, ആദിവാസി മത ന്യൂനപക്ഷങ്ങൾ അടക്കമുള്ള മുഴുവൻ ജനതകളുടേയും സമരമാണ്.
ഇവിടെ വിശാലമായ ഒരു പോരാട്ട ഐക്യം ഊട്ടിയുണ്ടാക്കിയേ മതിയാകു. നാളെക്കല്ല, ഇന്നു തന്നെ അതിനാവശ്യമായ പര്യാലോചനകൾക്ക് തുടക്കമിടാം. ഡെൽഹിയിലെ വംശഹത്യയിൽ നമ്മുടെ അമർഷവും പ്രതിഷേധങ്ങളും രേഖപ്പെടുത്താം. മനുഷ്യത്വരഹിതവും അപരിഷ്കൃതവുമായ ബ്രാഹ്‌മണവാദങ്ങൾക്കെതിരെ ജനങ്ങൾക്കിടയിലേക്ക് തുനിഞ്ഞിറങ്ങാം.
_ എം എന്‍ രാവുണ്ണി
*ഏഷ്യന്‍ സ്പീക്സ് സോഷ്യല്‍ മീഡിയയില്‍
*ഫേസ്ബുക്ക്: https://www.facebook.com/asianspeaks
*ടെലഗ്രാം: https://t.me/asianspeaks
*ട്വിറ്റര്‍: https://twitter.com/asianspeaksmail