മോഷണം കലയാക്കിയ കോര്‍പ്പറേറ്റ്

“2004 മുതല്‍ 2012 വരെയുള്ള കാലയളവില്‍ മാത്രം 7,21,000 ഡോളര്‍ നരേന്ദ്ര മോദിയുടെ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കായി ഗൗതം അദാനി സംഭാവന ചെയ്തുവെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിനെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേര്‍സ് ബിസിനസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു…”
ഫാഷിസവും ചങ്ങാത്ത മുതലാളിത്തവും Part-4

കെ സഹദേവൻ

സ്വകാര്യ മൂലധനമില്ലാതെ സാമ്പത്തിക വളര്‍ച്ചയും രാജ്യപുരോഗതിയും സാധ്യമല്ലെന്ന് നിരന്തരം പാടി പഠിപ്പിക്കുന്ന ഭരണകൂടങ്ങള്‍ പൊതു വിഭവങ്ങളും പൊതു ഖജനാവും കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍ തുറന്നുവെക്കുന്നതെങ്ങിനെയെന്നും അവര്‍ സൃഷ്ടിക്കുന്ന കടങ്ങള്‍ പൊതുമേഖലാ ബാങ്കുകളുടെ നട്ടെല്ലൊടിക്കുന്നതെങ്ങിനെയെന്നും മനസ്സിലാക്കുന്നതിനുള്ള രണ്ട് ഉദാഹരണങ്ങള്‍ മാത്രമാണ് മുണ്ഡ്ര, വിഴിഞ്ഞം തുറമുഖ പദ്ധതികളെ ഉദ്ധരിച്ചുകൊണ്ട് ചൂണ്ടിക്കാട്ടിയത്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ, സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ വര്‍ഗ്ഗീയ കലാപത്തിന് നേതൃപരമായ പങ്കുവഹിച്ചതിന് ശേഷവും, രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിക്കുവാനാവശ്യമായ സാമ്പത്തിക സഹായങ്ങള്‍ ചെയ്തു നല്‍കിയത് അദാനിയായിരുന്നുവെന്ന് കാണാന്‍ കഴിയും. 2004 മുതല്‍ 2012 വരെയുള്ള കാലയളവില്‍ മാത്രം 7,21,000 ഡോളര്‍ നരേന്ദ്ര മോദിയുടെ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കായി ഗൗതം അദാനി സംഭാവന ചെയ്തുവെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിനെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേര്‍സ് ബിസിനസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു (ഏപ്രില്‍11, 2014).

ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സായി ഗൗതം അദാനി മാറിയെന്നതും സമീപകാല ചരിത്രമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കോര്‍പ്പറേറ്റ് സംഭാവനകള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ അറിയാതിരിക്കുന്നതിനുള്ള നിയമനിര്‍മ്മാണങ്ങള്‍ കൊണ്ടുവന്നതും ഇലക്ടറല്‍ ബോണ്ടുകള്‍ ആരംഭിച്ചതും കേന്ദ്ര ഭരണത്തില്‍ നരേന്ദ്രമോദി ഇരിപ്പുറപ്പിച്ചതിന് ശേഷമാണെന്ന കാര്യവും ഇവിടെ ഓര്‍മ്മിക്കുക.

പൊതു ഉടമസ്ഥതയിലുള്ള ഭൂമിയും മറ്റ് പശ്ചാത്തല സൗകര്യങ്ങളും ചുളുവിലയ്ക്ക് അടിച്ചെടുക്കുക എന്നതില്‍ മാത്രമായി ഗൗതം അദാനി തന്റെ ഇടപെടല്‍ ചുരുക്കിയിരുന്നില്ല. ഇന്ത്യയിലെ പരമ്പരാഗത ബിസിനസ് സാമ്രാജ്യങ്ങള്‍ നിലനിര്‍ത്തിയിരുന്ന സാമാന്യ നൈതികതപോലും പാലിക്കാതെ നേരിട്ടുള്ള മോഷണത്തിലേക്ക് പോലും കടക്കാന്‍ ഈ പുത്തന്‍കൂറ്റ് കോര്‍പ്പറേറ്റിന് മടിയുണ്ടായിരുന്നില്ല. സന്ദേഹമുള്ളവര്‍ക്ക് ‘ബെലക്കേരി പോര്‍ട്ട് സ്‌കാം’ സംബന്ധിച്ച വിശദാംശങ്ങള്‍ അന്വേഷിച്ചാല്‍ ലഭിക്കും.

നരേന്ദ്ര മോദിയുമായുള്ള കൂട്ടുകെട്ട് ഉപയോഗിച്ച് ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്കും വളരെ എളുപ്പത്തില്‍ തന്നെ കടന്നുകയറാന്‍ അദാനിക്ക് സാധിച്ചു. കര്‍ണ്ണാടകയിലെ അകോളയിലെ ബെലകേരി പോര്‍ട്ട് വഴി ദശലക്ഷക്കണക്കിന് ടണ്‍ ഇരുമ്പയിര് ചൈനയിലേക്ക് കടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ അത് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 2 ബില്യണ്‍ ഡോളറിന്റെ ഇരുമ്പയിര് ഇത്തരത്തില്‍ അനധികൃതമായി കയറ്റുമതി ചെയ്യപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പെര്‍മിറ്റില്ലാതെ ഇരുമ്പയിര് കടത്തിയവരില്‍ അദാനിയുടെ കമ്പനിയുമുണ്ടെന്ന് അക്കാലത്തെ ലോകായുക്ത ചെയര്‍മാനായിരുന്ന ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡേ തന്റെ റിപ്പോര്‍ട്ടില്‍ എഴുതി. ”അനധികൃത കയറ്റുമതിക്കായി അദാനി എന്റര്‍പ്രൈസസ് കൈക്കൂലി നല്‍കിയിട്ടുണ്ട്. ബെലേക്കേരി തുറമുഖത്തിന് അനുവദിച്ച പാട്ടം റദ്ദാക്കാന്‍ കമ്പനിക്കെതിരെ നടപടിയെടുക്കണം. കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തുകയും ഗവണ്‍മെന്റിന്റെ ഭാവി കരാറുകള്‍, ഗ്രാന്റുകള്‍ അല്ലെങ്കില്‍ പാട്ടം മുതലായവയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടയുകയും വേണം.” (Karnataka Lokayukya, 2011). ലോകായുക്ത റിപ്പോര്‍ട്ട് പബ്ലിക് ഡൊമൈനില്‍ ലഭ്യമാണ്).

അദാനിക്കെതിരായി ഇത്രയും കര്‍ശനമായ അഭിപ്രായം രേഖപ്പെടുത്തുകയും നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത ലോകായുക്തയുടെ അവസ്ഥ പിന്നീടെന്തായിയെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡേയുടെ റിപ്പോര്‍ട്ടില്‍ ഒരു നടപടിയും ഉണ്ടായില്ലെന്ന് മാത്രമല്ല. തൊട്ടടുത്ത വര്‍ഷം തന്നെ (2011) രാജസ്ഥാന്‍ സര്‍ക്കാരുമായുള്ള ഒരു സംയുക്ത സംരംഭത്തില്‍ പങ്കാളിയാകാന്‍ ഗൗതം അദാനിയുടെ കീഴിലുള്ള അദാനി പവറിന് അവസരം ലഭിക്കുകയും ചെയ്തു. അന്ന് രാജസ്ഥാന്‍ ഭരിച്ചിരുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റ് (മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്) പദ്ധതിയുടെ 74% ഓഹരിയും അദാനിക്ക് നല്‍കിക്കൊണ്ടാണ് തങ്ങളുടെ കൂറ് പ്രദര്‍ശിപ്പിച്ചത്.

രാജസ്ഥാനിലെ ബറാന്‍ ജില്ലയിലെ കവായ് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന 1320 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള കല്‍ക്കരി നിലയത്തിന് വേണ്ടിയുള്ള ഇന്ധനം ലഭ്യമാക്കാന്‍ ഛത്തീസ്ഗഢിലെ ഹാസ്‌ദോ അരിന്ദയിലെ പതിനായിരക്കണക്കിന് ഏക്കര്‍ വനഭൂമി അദാനിക്ക് കൈമാറാന്‍ അക്കാലത്ത് ഛത്തീസ്ഗഢ് ഭരിച്ചിരുന്ന രമണ്‍സിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ബിജെപി സര്‍ക്കാരിനും ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല. (ഛത്തീസ്ഗഢിലെ ഹാസ്ദിയോ, ഗുജറാത്തിലെ മുണ്ഡ്ര, ഝാര്‍ഘണ്ഡിലെ ഗോണ്ടല്‍പാര എന്നിവിടങ്ങളിലൊക്കെ അദാനിക്കെതിരായി തദ്ദേശവാസികള്‍ നടത്തുന്ന ചെറുത്തുനില്‍പ്പുകളെക്കുറിച്ച് പിന്നീട് വിശദീകരിക്കുന്നതാണ്.)
(തുടരും)

Part 1 ഫാഷിസവും ചങ്ങാത്ത മുതലാളിത്തവും ശക്തിപ്പെട്ടത് എങ്ങനെ?

Part 2 മുസ്‌ലിം വംശഹത്യയിൽ നിന്നും പോഷണം കണ്ടെത്തിയ ഇന്ത്യയിലെ ആദ്യത്തെ കോര്‍പ്പറേറ്റ്

Part 3 ഭൂമിക്കൊള്ളയ്ക്ക് സർക്കാർ കാവൽ

Follow us on | Facebook | Instagram Telegram | Twitter