അംബേദ്കറും ആര്‍.എസ്.എസും തമ്മിൽ പ്രത്യയശാസ്ത്ര ഐക്യമുണ്ടായിരുന്നില്ല; പ്രൊ. ഹരി നാർകേ
ഡോ. അംബേദ്കറും ആര്‍.എസ്.എസും തമ്മിൽ ‘പ്രത്യയശാസ്ത്ര ഐക്യം ഉണ്ടായിരുന്നുവെന്നും ജനസംഘവും അംബേദ്കറുടെ പട്ടികജാതി ഫെഡറേഷനും തമ്മിൽ 1952ൽ പ്രീ പോൾ സഖ്യം ഉണ്ടായിരുന്നുവെന്നും രാജീവ് തുലി എന്ന ആർ.എസ്.എസ് വക്താവ് ദ പ്രിന്‍റില്‍ എഴുതിയ “Ambedkar appointed RSS man as his election agent, That’s how close the two were” എന്ന ലേഖനത്തില്‍ അവകാശപ്പെടുന്നു. 1954ലെ ഭണ്ഡാര ഉപതെരഞ്ഞെടുപ്പിൽ അംബേദ്കർ ആർ.എസ്.എസ് നേതാവായ തെങ്കഡിയെ തൻ്റെ തിരഞ്ഞെടുപ്പ് ഏജൻ്റായി നിയമിച്ചുവെന്നും അംബേദ്കർ ആർ.എസ്.എസ് കാര്യാലയം സന്ദർശിവെന്നും രാജീവ് തുലി വാദിക്കുന്നു. ഈ ലേഖനത്തിന് മറുപടിയായി പ്രിന്‍റില്‍ പ്രൊ: ഹരി നാർകേ എഴുതിയ “No ‘ideological synergy’ between Ambedkar and RSS, Rajiv Tuli can read my book for facts” എന്ന ലേഖനത്തിന് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ വിനീത വിജയൻ നിർവ്വഹിച്ച മലയാള പരിഭാഷ.
രാജീവ് തുലി, സാങ്കൽപ്പികവും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ കുറേ അവകാശവാദങ്ങളാണ് ഡോ: അംബേദ്കറെ പറ്റി ഉന്നയിക്കുന്നത്. ആർ.എസ്.എസ്. വക്താവ് അരുൺ ആനന്ദിൻ്റെ വാദങ്ങൾ അതേപടി ഏറ്റുപാടിക്കൊണ്ടാണ് രാജീവ് തുലിയും, ഡോ. അംബേദ്കർ ദത്തോപന്ത് തെങ്കഡിയെ പട്ടികജാതി ഫെഡറേഷന്റെ സെക്രട്ടറിയായി നിയമിച്ചുവെന്ന് തന്റെ ലേഖനത്തിൽ എഴുതി വെച്ചിരിക്കുന്നത്. “അംബേദ്കറുടെ ഏറ്റവും വിശ്വസ്തൻ തെങ്കഡിയായിരുന്നതിനാൽ മഹാരാഷ്ട്രയിലെ 1954 ഭണ്ഡാര ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ തൻ്റെ ഇലക്ഷൻ ഏജന്റായി നിയമിച്ചു”വെന്നും അദ്ദേഹം അവകാശപ്പെടുന്നു. അങ്ങനെയുണ്ടായിട്ടുണ്ടെങ്കിൽ ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക കത്ത് ഉറപ്പായും സമർപ്പിക്കും, അത്തരത്തിലൊരു ആധികാരിക തെളിവും അവർക്കില്ല. ഒരു പോളിംഗ് പ്രതിനിധിയെ വാമൊഴിയായിട്ടല്ല നിയമിക്കുന്നതെന്ന് അദ്ദേഹം അറിഞ്ഞിരിക്കണം.
വായുവിൽ വിരൽകൊണ്ട് വരച്ച് സ്വപ്നക്കൊട്ടാരം പണിയുന്നതിനുപകരം അംബേദ്കർ തെങ്കഡിയെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള രേഖാമൂലമുള്ള തെളിവ് കൊണ്ടുവരാൻ തുലിക്ക് സാധിക്കുമോ? തുലിയുടെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ അവിടെ നിൽക്കട്ടേ, ആരൊക്കെയായിരുന്നു ഡോ.അംബേദ്കറുടെ ഇലക്ഷൻ ഏജൻ്റ്സ് എന്നതിനുള്ള തെളിവുകളോടു കൂടിയ മറുപടി ഞാൻ തരാം. അഖിലേന്ത്യാ പട്ടികജാതി ഫെഡറേഷന്റെ ജനറൽ സെക്രട്ടറി പി.എൻ രാജ്ഭോജ്, മധ്യപ്രദേശിലെ പട്ടികജാതി ഫെഡറേഷൻ സെക്രട്ടറി ബാബു ഹരിദാസ് അവ് ല എന്നിവരായിരുന്നു അദ്ദേഹത്തിൻ്റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്‍റുമാര്‍.. ഇതിനുള്ള തെളിവുകൾ , ഡോ. ബാബാസാഹേബ് അംബേദ്കർ: രചനകളും പ്രസംഗങ്ങളും, DBAWS, വാല്യം 18, ഭാഗം 3ൽ ഉണ്ട്
പട്ടികജാതി ഫെഡറേഷന്റെ ഭരണഘടന അനുസരിച്ച്, പട്ടികജാതി ഇതര വ്യക്തികളെ അംഗമോ ഭാരവാഹിയോ ആയി നിയമിക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. അതേരീതിയിൽ, മറ്റേതെങ്കിലും പാർട്ടിയിലോ സംഘടനയിലോ അംഗമാകുന്ന പട്ടികജാതി ഫെഡറേഷനിൽ ഒരാളെ ഉൾപ്പെടുത്തുന്നത് “ഭരണഘടനാ വിരുദ്ധമാണ്”. (DBAWS, വാല്യം 17, ഭാഗം രണ്ട്, പേജ് 459).
തെങ്കഡി പട്ടികജാതിക്കാരനായിരുന്നില്ല. രാഷ്ട്രീയ സ്വയംസേവക സംഘം (ആര്‍.എസ്.എസ്) പ്രവർത്തകനും മധ്യപ്രദേശിലെ ഭാരതീയ ജനസംഘം ഭാരവാഹിയായുമായിരുന്നു. അതിനാൽ, എസ്.സി.എഫിന്‍റെ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിവെന്ന വാദം അടിമുടി കള്ളമാണ് മാത്രമല്ല, തിരഞ്ഞെടുപ്പ് നടന്നത് ഭണ്ഡാരയിലായിരുന്നു. തെങ്കഡി ആ നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ആളു പോലുമല്ല. വാർധയിലെ ആർവി ജില്ലയായിരുന്നു അദ്ദേഹത്തിൻ്റെ നിയോജക മണ്ഡലം. യുക്തിസഹമായി പരിശോധിച്ചാൽ തെങ്കഡിയെപ്പോലുള്ള ഒരു. വ്യക്തിയെ ഭണ്ഡാരയിലെ തിരഞ്ഞെടുപ്പ് ഏജന്റായി അംബേദ്കർ നിയമിച്ചു എന്ന വാദത്തിൽ ഒരു തരിമ്പോളം പോലും യാഥാർത്ഥ്യമില്ല എന്നു മനസ്സിലാക്കാം.
ഭണ്ഡാര ഉപതിരഞ്ഞെടുപ്പ് 1954 മെയ് 2 മുതൽ 5 വരെയാണ് നടന്നത്. (ഡോ. ധനഞ്ജയ് കീർ, ഡോ. ബാബാസാഹേബ് അംബേദ്കർ, ജീവചരിത്രം, ആദ്യ പതിപ്പ് 1966, ഒമ്പതാം എഡി. 2014, മുംബൈ, പേജ് 630). ഈ തിരഞ്ഞെടുപ്പിലെ പട്ടികജാതി ഫെഡറേഷന്റെ പ്രവർത്തനങ്ങൾ – പ്രചാരണം, മീറ്റിംഗുകൾ, റാലികൾ, പ്രസംഗങ്ങൾ മുതലായവ – 1954 ഏപ്രിൽ, മെയ് മാസങ്ങളിൽ അംബേദ്കർ തൻ്റെ ജനത പത്രത്തിലൂടെ സമഗ്രമായും പതിവായും റിപ്പോർട്ട് ചെയ്തിരുന്നു. റാലികളിൽ പങ്കെടുക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്ത എല്ലാ നേതാക്കളെയും ജനത റിപ്പോർട്ടുകളിൽ പട്ടികപ്പെടുത്തിയിട്ടുണ്ട് .അവിടെ ഒന്നും തെങ്കഡിയുടെ പേരില്ലാത്തത് എന്തുകൊണ്ടാണ്?
തെങ്കഡി അംബേദ്കറുടെ വിശ്വസ്ത സഹകാരിയായിരുന്നുവെങ്കിൽ, പട്ടികജാതി ഫെഡറേഷന്റെ എല്ലാ മീറ്റിംഗുകളിലും റാലികളിലും അദ്ദേഹം പങ്കെടുക്കേണ്ടതല്ലേ? ജനതയിൽ അംബേദ്കർ നടത്തിയ തിരഞ്ഞെടുപ്പ് കവറേജിൽ സ്പീക്കർ എന്ന നിലയിലോ വിശിഷ്ടാതിഥി എന്ന നിലയിലോ തെങ്കടിയെപ്പറ്റിഒരു പരാമർശവും കാണുന്നില്ലല്ലോ?
ഭണ്ഡാര ഉപതിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും (സി.പി.ഐ) മറ്റു പലരും അംബേദ്കറെ പിന്തുണച്ചിരുന്നു. എസ്.സി.എഫിന്റെ പ്രചാരണ റാലികളിൽ സി.പി.ഐയിലെ എ. ബി. ബർദൻ പങ്കെടുത്തു (ഡി.ബി.ഡബ്ല്യു.എസ്, വാല്യം 18, ഭാഗം മൂന്ന്, പേജ് 374). ഈ തിരഞ്ഞെടുപ്പിൽ സി.പി.ഐയും ജനസംഘവും സഖ്യത്തിലായിരുന്നുവെന്ന് തുലി എന്തുകൊണ്ടാണ് അവകാശവാദം ഉന്നയിക്കാത്തത്?
ആര്‍.എസ്.എസിനെക്കുറിച്ചുള്ള അംബേദ്‌കറുടെ പ്രസ്താവനയും 1952ലെ തിരഞ്ഞെടുപ്പും തമ്മിലുള്ള ഒരു വർഷത്തെ ഇടവേള തുലി സൂചിപ്പിക്കുകയും ഒരു വർഷത്തിനിടയിൽ രാഷ്ട്രീയത്തിൽ എന്തും സാധ്യമാണെന്ന് പ്രസ്താവിക്കുകയും ചെയ്യുന്നുണ്ട്.
1952 ജനുവരി 4ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ഹിന്ദു മഹാസഭയുമായും ആര്‍.എസ്.എസുമായും സഖ്യമുണ്ടാക്കാനുള്ള സാധ്യത നിരസിച്ചതുമായി ബന്ധപ്പെട്ട പട്ടികജാതി ഫെഡറേഷൻ പ്രകടന പത്രിക ഇറക്കിയത്. തുലി പറയുന്നതുപോലെ ഒരു വർഷം മുമ്പ് തീരുമാനിച്ചതല്ല അത്, 1951 ഒക്ടോബറിലാണ് അതിറക്കിയത്. 1952 ജനുവരി 4ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക കുറഞ്ഞത് മൂന്ന് മാസം മുമ്പെങ്കിലും, അതായത് 1951 ഒക്ടോബറിൽ തയ്യാറാക്കുന്നത് സ്വാഭാവികവുമാണ്. പക്ഷേ, തുലി ഈ മൂന്ന് മാസത്തെ ഒരു വർഷം എന്ന്കണക്കാക്കുന്നു. ഒരുപക്ഷേ, അയാൾക്ക് വസ്തുതകൾ അറിയില്ലായിരിക്കാം; അല്ലെങ്കിൽ വാസ്തവത്തെ അംഗീകരിക്കാൻ ആഗ്രഹിക്കുന്നില്ല. രണ്ടായാലും(DBAWS, വാല്യം 17, ഭാഗം ഒന്ന്, തീയതി 3 ഒക്ടോബർ 1951, പേജ് 402). Ambedkar called RSS ‘poisonous’ എന്ന ലേഖനം വായിച്ചാൽ അദ്ദേഹത്തിൻ്റെ വാദങ്ങൾ പൊളിയുന്നതു കാണാം
അംബേദ്കർ ആര്‍.എസ്.എസിനെ കൊടുംവിഷം എന്നാണ് വിശേഷിപ്പിച്ചത്
“ഇന്ത്യാ പാക് വിഭജനത്തെയും ഇസ്‌ലാമിലെ തീവ്രവാദത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ ആർ.എസ്.എസിന്‍റേത് തന്നെയാണ് എന്നത് അംബേദ്കറും ആർ.എസ്.എസും തമ്മിലുള്ള വ്യക്തമായ പ്രത്യയശാസ്ത്ര സമന്വയത്തെ പ്രതിഫലിപ്പിക്കുന്നു” എന്നാണ് തുലിയുടെ അടുത്ത അവകാശവാദം. ഡോ. അംബേദ്കറുടെ ”പാകിസ്ഥാൻ അല്ലെങ്കിൽ ഇന്ത്യയുടെ വിഭജനം” എന്ന പുസ്തകത്തെ തൻ്റെ വാദം സ്ഥാപിക്കുന്നതിനായി അദ്ദേഹം തന്ത്രപരമായി ദുർവ്യാഖ്യാനം ചെയ്ത് വളരെ ആവേശത്തോടെ പരാമർശിക്കുന്നു. എന്നാൽ, അതേ പുസ്തകത്തിലെ ആര്‍.എസ്.എസിനെ കുറിച്ചുള്ള അംബേദ്കറുടെ നിന്ദ്യമായ പരാമർശങ്ങൾ അദ്ദേഹം സൗകര്യപൂർവ്വം മറക്കുന്നു. അംബേദ്കറും ആര്‍.എസ്.എസും തമ്മിൽ പ്രത്യയശാസ്ത്രപരമായ ഒരുസാമ്യതയും ഉണ്ടായിരുന്നില്ല.
ഗോൾവർക്കർ വിചാരധാരയിൽ പറയുന്നു, “താൻ ചാതുർവർണ്യ സിദ്ധാന്തത്തിൽ വിശ്വസിക്കുന്നു. സനാതന സംസ്‌കൃതിയുടെ സംരക്ഷണവും ഉന്നമനവും ഒരു ഹിന്ദു രാഷ്ട്രത്തിന്റെ നിർമ്മാണവുമാണ് തങ്ങളുടെ ലക്ഷ്യം” എന്ന്. എന്നാൽ. ഡോ. അംബേദ്കർ പറയുന്നു, “ഹിന്ദുരാജ് ഒരു വസ്തുതയായി മാറുകയാണെങ്കിൽ, അത് ഈ രാജ്യത്തിന്റെ ഏറ്റവും വലിയ വിപത്തായിരിക്കുമെന്നതിൽ സംശയമില്ല. ഹിന്ദുക്കൾ എന്തുപറഞ്ഞാലും സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും ഭീഷണിയാണ് ഹിന്ദുമതം. ആ കണക്കിൽ അത് ജനാധിപത്യവുമായി പൊരുത്തപ്പെടുന്നില്ല. ഹിന്ദു രാജ് എന്ത് വില കൊടുത്തും തടയണം. ” (പാകിസ്ഥാൻ അല്ലെങ്കിൽ ഇന്ത്യയുടെ വിഭജനം, 1946, പേജ് 358. ഡി.ബി.ഡബ്ല്യു.എസ്, വാല്യം 8, 1990, 358)
1949 സെപ്റ്റംബർ 7ന് ഗോൾവാൽക്കർ അന്നത്തെ നിയമമന്ത്രിയായിരുന്ന അംബേദ്കറെ ദില്ലിയിൽ പോയികണ്ടു. മറാത്തക്കാരെ തടയാൻ അദ്ദേഹം അംബേദ്കറുടെ സഹായം തേടി. അംബേദ്കർ പറഞ്ഞ മറുപടി, “ആര്‍.എസ്.എസ് ഒരു വിഷവൃക്ഷമാണ്. ആര്‍.എസ്.എസ് പേഷ്വ ഭരണം സ്വപ്നം കാണുന്നു. ഒരു കാരണവശാലും എനിക്ക് നിങ്ങൾക്കൊപ്പം നിൽക്കാൻ കഴിയില്ല. നിങ്ങളെ പിന്തുണയ്ക്കാൻ കഴിയില്ല. ” എന്നായിരുന്നു.
ഈ സന്ദർശനത്തിന്റെ വിശദമായ റിപ്പോർട്ട് 1949 സെപ്റ്റംബർ 10ന് അംബേദ്കറുടെ ജനത പത്രത്തിൽ പ്രസിദ്ധീകരിച്ചു. മാത്രമല്ല, അംബേദ്കർ സ്ഥാപിച്ച ദില്ലി ബൗദ്ധ് മഹാസഭയുടെ തലവനും പ്രശസ്ത പണ്ഡിതനുമായ സോഹൻലാൽ ശാസ്ത്രി ഈ കൂടിക്കാഴ്ച നടക്കുന്ന സമയത്ത് അവിടെ സന്നിഹിതനായിരുന്നു.” ബാബാസാഹാബ് ഡോ. അംബേദ്കർ കെ സമ്പർക്ക് ” എന്ന തൻ്റെ പുസ്തകത്തിൽ [ഭാരതീയ ബുദ്ധ മഹാസഭ, ദില്ലിപ്രദേശ്, (ന്യൂഡൽഹി, പേജ് 54-55) ] അദ്ദേഹവുംഈ കൂടിക്കാഴ്ചയെപ്പറ്റി വിശദീകരിച്ചെഴുതിയിട്ടുണ്ട്.
ഇതെല്ലാം നടക്കുന്ന കാലഘട്ടത്തിൽ, യഥാർത്ഥത്തിൽ സംഭവിച്ചുകൊണ്ടിരുന്നത് അംബേദ്കർ എഴുതിയ ഭരണഘടനയെ .ആര്‍.എസ്.എസ് തകർക്കാൻ ശ്രമിക്കുകയായിരുന്നു. ആര്‍.എസ്.എസ് ഹിന്ദു കോഡ് ബില്ലിനെതിരായിരുന്നു. ഭരണഘടനാ അസംബ്ലിയെ ഇല്ലായ്മ ചെയ്യാൻ അതിലെ ആര്‍.എസ്.എസ് അംഗങ്ങൾ ഓഡിറ്റോറിയം ഗാലറി ഉപരോധിച്ചു. ആ സംഭവങ്ങൾ പാർലമെന്ററി രേഖകളിൽ റിപ്പോർട്ടു ചെയ്യുന്നുണ്ട്. (ഭരണഘടനാ അസംബ്ലി ഡിബേറ്റുകൾ, ഗവൺമെന്റ് ഓഫ് ഇന്ത്യ പബ്ലിക്കേഷൻ, ന്യൂഡൽഹി, വാല്യം 7 പേജ് 1233, തീയതി, 4 ജനുവരി 1949).
രേഖകൾ വാക്കാലുള്ള അവകാശവാദങ്ങളേക്കാൾ ആധികാരികമാണെന്ന് പറയേണ്ടതില്ലല്ലോ. മാത്രമല്ല, തെങ്കഡിയും അരുൺ ആനന്ദും അവകാശവാദക്കാരൻ തുലിയും ആര്‍.എസ്.എസുകാരുമാണ്. അതിനാൽ തന്നെ അവരുടെ അവകാശവാദങ്ങൾ ആധികാരികതയും സാധുതയും ഇല്ലാത്തവയാണ്. അംബേദ്കറുടെ നിര്യാണത്തിന് വർഷങ്ങൾക്കുശേഷം അദ്ദേഹത്തിനു മേൽ ആർ.എസ്.എസ് അവകാശവാദം ഉന്നയിച്ചു ലേഖനങ്ങളും പുസ്തകവും എഴുതുന്ന തെങ്കഡി, അരുൺ ആനന്ദ്, തുലി മുതൽ പേർക്ക് എന്തുകൊണ്ടാണ് ഡോ:അംബേദ്കറുടെ ജീവിത കാലത്ത് നിന്ന് എടുത്ത ഒരൊറ്റ ആധികാരിക രേഖപോലും തങ്ങളുടെ വാദങ്ങൾക്ക് തെളിവായി നൽകാനാവാത്തത് ?
ആര്‍.എസ്.എസ് കാര്യാലയം ഡോ: അംബേദ്കർ സന്ദർശിച്ചു എന്ന വാദം പോലും സാങ്കൽപ്പികമായ പച്ചക്കള്ളമാണ്. ഇവർ പറയുന്നതിന് എന്തെങ്കിലും സാധുതയുണ്ടെങ്കിൽ അന്നെടുത്ത ഫോട്ടോകൾ, കത്തിടപാടുകൾ അല്ലെങ്കിൽ അന്നത്തെ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകൾ പോലുള്ള ഒരുതെളിവും അതിന് ആര്‍.എസ്.എസിന് നൽകാനാവാത്തതെന്താണ്?
ആർ.എസ്.എസ് രാമരാജ്യം എന്ന അവരുടെ പ്രഖ്യാപിത ലക്ഷ്യം ഉപേക്ഷിച്ചിട്ടുണ്ടോ?
അംബേദ്കർ മനുസ്മൃതി കത്തിച്ചു, ഹിന്ദുമതം ത്യജിച്ചു, ഹിന്ദുമതത്തെ തള്ളിപ്പറഞ്ഞു, ബുദ്ധമതം സ്വീകരിച്ചു. ബുദ്ധമതം സ്വീകരിക്കുന്ന സമയത്ത് അദ്ദേഹം 22 പ്രതിജ്ഞകൾ എടുത്തു, അതിൽ എട്ട് എണ്ണം:
1. എനിക്ക് ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ എന്നിവയിൽ വിശ്വാസമില്ല, അവരെ ആരാധിക്കുകയുമില്ല.
2. രാമനിലും കൃഷ്ണനിലും എനിക്ക് വിശ്വാസമില്ല, അവരെ ആരാധിക്കുകയുമില്ല.
3. ഗൗരി, ഗണപതി, മറ്റ് ദൈവങ്ങളിലും ഹിന്ദുമത ദേവതകളിലും എനിക്ക് വിശ്വാസമില്ല, ഞാൻ അവരെ ആരാധിക്കുകയുമില്ല.
4. ദൈവങ്ങളുടെ അവതാര സിദ്ധാന്തത്തിൽ ഞാൻ വിശ്വസിക്കുന്നില്ല.
5. ശ്രീബുദ്ധൻ വിഷ്ണുവിന്റെ അവതാരമാണെന്ന് ഞാൻ വിശ്വസിക്കുകയോ വിശ്വസിക്കുവാൻ സാധ്യതയോ ഇല്ല. മാത്രവുമല്ല ഇത് നികൃഷ്ടവും തെറ്റായതുമായ പ്രചാരണമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
6. ഞാൻ “ശ്രാദ്ധം” നടത്തുകയോ “പിണ്ഡം” നൽകുകയോ ഇല്ല.
7. ഞാൻ ബ്രാഹ്മണരിലൂടെ ഒരു ചടങ്ങും നടത്തുകയില്ല.
8. മനുഷ്യരാശിയുടെ അഭിവൃദ്ധിക്ക് ഹാനികരവും മനുഷ്യരോട് വിവേചനം കാണിക്കുകയും അവരോട് താഴ്ന്ന രീതിയിൽ പെരുമാറുകയും ചെയ്യുന്ന എന്റെ പഴയ ഹിന്ദു മതം ഉപേക്ഷിച്ചുകൊണ്ട് ഞാൻ ബുദ്ധമതം സ്വീകരിക്കുന്നു. (DBAWS, വാല്യം 17, ഭാഗം മൂന്ന്, പേജ് .531).
അങ്ങനെയാണെങ്കിൽ, അംബേദ്കറെ ഏറ്റെടുക്കുന്ന ആർ.എസ്.എസ് മേൽപ്പറഞ്ഞവ കൂടി ഏറ്റെടുക്കണം! രാമരാജ്യം എന്ന ആശയം ആര്‍.എസ്.എസ് ഉപേക്ഷിച്ചിട്ടുണ്ടോ എന്നത് അവരോട് ചോദിക്കാവുന്ന രസകരമായ ഒരു ചോദ്യമാണ്. അംബേദ്കറുടെ പുസ്തകങ്ങളായ ഹിന്ദുമതത്തിലെ പ്രഹേളികകൾ, റിഡിൽസ് ഓഫ് റാം, കൃഷ്ണ, സംസ്കൃതിയും പ്രതി സംസ്കൃതിയും തുടങ്ങിയ പുസ്തകങ്ങൾ അവർക്ക് എന്നെങ്കിലും അംഗീകരിക്കാനാവുമോ ?
ആര്‍.എസ്.എസ് ആഗ്രഹിക്കുന്നത് ഹിന്ദു ഭൂരിപക്ഷ നിർമ്മിതിക്കായുള്ള സമരസത ( ലയനം) മാത്രമാണ്. അതേസമയം അംബേദ്കർ ജാതി ഉന്മൂലനമാണ് ആഗ്രഹിക്കുന്നത്,. അത് അദ്ദേഹത്തിന്റെ അടിസ്ഥാന പ്രത്യയശാസ്ത്ര നിലപാടാണ്. ചുരുക്കത്തിൽ, സൂക്ഷ്മതലത്തിൽ എങ്ങനെയെല്ലാം പരിശോധിച്ച് നോക്കിയാലും അംബേദ്കറും ആര്‍.എസ്.എസിന്‍റെ പ്രത്യയശാസ്ത്രങ്ങളും തമ്മിൽ യാതൊരു സാമ്യവുമില്ല. ആഗോളതലത്തിൽ അംഗീകരിക്കപ്പെടുകയും അടിച്ചമർത്തപ്പെട്ടവരുടെ ഏറ്റവും വലിയ ദാർശനിക നേതാവായി അംഗീകരിക്കപ്പെടുകയും ചെയ്ത അംബേദ്കറെ ഹൈജാക്ക് ചെയ്യാൻ അവർ സമർത്ഥമായി ശ്രമിക്കുന്നുണ്ട്; ആര്‍.എസ്.എസിന്‍റെ മറ്റൊരു ഫാസിസ്റ്റ അജണ്ട എന്നതിനെ തിരിച്ചറിയുക.
Courtesy_ The Print