കൃത്യമായ തിരക്കഥയോടെ നടപ്പിലാക്കുന്ന ഹിന്ദുത്വ ഭരണകൂട ഭീകരത
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി പൗരത്വ ഭേദഗതിക്കും എൻആർസിക്കും എതിരെ സമരം ചെയ്യുന്ന ജാമിഅ മില്ലിയയിലെയും അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെയും വിദ്യാർത്ഥികൾക്ക് അവരുടെ കെെപ്പത്തി നഷ്ടപ്പെട്ടിട്ടുണ്ട്. ടിയർ ഗ്യാസ് ഷെൽ പൊട്ടിത്തെറിച്ചും നേരിട്ടുള്ള ഫയറിങ്ങും കാരണമെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. കൃത്യമായ തിരക്കഥയോടുകൂടി നടപ്പിലാക്കപ്പെട്ട, ലെെംഗിക പീഡനം അടക്കമുള്ള, ലക്ഷ്യമിട്ടുള്ള തീവ്രവാദ പ്രവർത്തനമാണ് പൊലീസ് ജാമിഅയിലും അലിഗഢിലും നടത്തിയത്. ഒരു വിദ്യാർത്ഥിയായിരിക്കുന്നതുകൊണ്ട്, അസ്സേർട്ടീവ് ആയ ഒരു മുസ്ലിം വിദ്യാർത്ഥി ആയിരിക്കുന്നതുകൊണ്ട്, ഹിന്ദുരാഷ്ട്ര നിർമ്മിതിയെ ചെറുക്കുന്നത് കൊണ്ട്. ഈ വർഗീയ ഭരണകൂടത്തെ തുറന്നെതിർക്കുക.
നിശ്ശബ്ദരായിരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, മറ്റെന്തിനെക്കാളും, നിങ്ങളുടെ ലിബറൽ സെൽഫിന് എളുപ്പം മനസ്സിലാകുന്നതായി അഭിനയിക്കാറുള്ള തുല്യതയുടെയും മാനവികതയുടെയും വിശാലമൂല്യങ്ങള്ക്കുണ്ടാവുന്ന നഷ്ടത്തെക്കാളും നിങ്ങളെ അസ്വസ്ഥമാക്കുന്നത് സമരം ചെയ്യുന്ന മുസ്ലിങ്ങളുടെ ദൃശ്യതയാണെങ്കിൽ, ഹിജാബും ബുർഖയും, തൊപ്പിയും കുർത്ത-പെെജാമയും ഇട്ട മുസ്ലിങ്ങളുടെ നേതൃത്വത്തിലായിരിക്കും ഇനി നിങ്ങൾ അനുഭവിക്കാൻ പോകുന്ന സ്വാതന്ത്ര്യത്തിന്റെ ഭാവി ഇരിക്കുന്നത് എന്നും നിങ്ങൾ ഓർക്കണം, ഇൻഷാ അല്ലാഹ് ഇൻഖ്വിലാബ്.
_ മൃദുല ഭവാനി