ആര്‍.എസ്.എസിന് മാത്രമല്ല, ഭരണഘടന രൂപീകരിച്ചവര്‍ക്കും വംശീയതയുണ്ടായിരുന്നു

സംഘ് പരിവാർ പദ്ധതി മാത്രമായി പൗരത്വ ഭേദഗതിയെ കാണാനാവില്ല. ഭരണഘടനാ നിർമ്മാണ സഭയിലെ അംഗങ്ങൾക്കും വംശീയവാദങ്ങളുണ്ടായിരുന്നു,

“ഭരണഘടനാ നിർമ്മാണ സഭയിലെ ചർച്ചകളിൽ മതപരമായ വിഭാഗീയ സമീപനം അംഗങ്ങളുടെ ഭാഷകളിൽത്തന്നെ പ്രകടമായിരുന്നു എന്ന് ഇതിനെക്കുറിച്ച് പഠിച്ച നീരജ ഗോപാൽ ജയാൽ പറയുന്നുണ്ട്.  പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് വന്ന ഹിന്ദുക്കൾ “അഭയാർത്ഥികളാ”യി വ്യവഹരിക്കപ്പെട്ടപ്പോൾ വിഭജനത്തിന്റെ തന്നെ ഇരകളായി ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിലേക്ക് പോയി പിന്നീട് തങ്ങളുടെ ജീവനോ സ്വത്തോ കുടുംബമോ ബന്ധുമിത്രാദികളേയോ തേടി ഇന്ത്യയിലേക്ക് തന്നെ തിരിച്ചു വന്ന മുസ്ലീങ്ങൾ ”കുടിയേറ്റക്കാരാ”യി ആണ് വിശേഷിപ്പിക്കപ്പെട്ടത്. അവർ ഇന്ത്യ എന്ന ദേശത്തോടുള്ള കൂറ് നിസ്സാരമായി വലിച്ചെറിഞ്ഞവരും അഞ്ചാം പത്തികളും ഒക്കെയായി ചിത്രീകരിക്കപ്പെട്ടു…” എന്ന് നവമലയാളിയില്‍ വി എൻ ഹരിദാ‍സ് എഴുതിയ “അട്ടിമറിക്കപ്പെടുന്ന ഭരണഘടനയും പൗരത്വ ഭേദഗതിയിലെ വിഭജന യുക്തികളും, എന്ന ലേഖനത്തില്‍ പറയുന്നു.

ഭരണഘടന രൂപീകരിച്ചവരുടെ മതപരമായ വിഭാഗീയ സമീപനങ്ങളെ കുറിച്ച് കണ്ണമ്പിള്ളി മുരളിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്,

“ഭരണവർഗ അധിനായകത്വ സർവ്വസമ്മതത്തിന്റെ കാമ്പായി സ്പഷ്ടമായ ബ്രാഹ്മണ്യവാദത്തെ അക്രമാസക്തമായ രീതിയിൽ മുന്നേറ്റാനുള്ള സംഘ് പദ്ധതിയുടെ ഭാഗമാണ് പൗരത്വ ഭേദഗതിയും മറ്റും. എന്നാൽ ഈ വിഷയത്തെ ഒരു ആർ.എസ്.എസ് കാര്യമായി മാത്രം കാണാനാവില്ല. ഭരണഘടനാ നിർമ്മാണ സഭയിലെ ചർച്ചകളിൽ പാക്കിസ്ഥാനിൽ നിന്നു വരുന്ന ഹിന്ദുക്കളെ ‘അഭയാർത്ഥികൾ ‘, അവിടേക്ക് പോയി വീണ്ടും ഇന്ത്യയിലേക്ക് മടങ്ങുന്ന മുസ്‌ലിങ്ങളെ ‘കുടിയേറ്റക്കാർ ” എന്നിങ്ങനെ വേർതിരിച്ച് വിശേഷിപ്പിച്ചതായി കാണാമെന്ന് നീരജാ ഗോപാൽ നിരീക്ഷിക്കുന്നു. ഇങ്ങനെയുള്ള ബ്രാഹ്മണ്യവാദ പക്ഷപാതം എന്നും ഉണ്ടായിരുന്നു. അത് ഭരണവർഗ അധിനായകത്വത്തിന്റെ അകകാമ്പിലുണ്ട്.

1980കൾ വരെ അത് പ്രകടമാക്കിയ അപ്രത്യക്ഷ രീതിക്ക് പകരം അതിനെ പ്രത്യക്ഷത്തിൽ തന്നെ പ്രകടമാക്കണമെന്ന കാര്യത്തിൽ ഇന്ന് അതിലെ എല്ലാ വിഭാഗങ്ങളും യോജിക്കുന്നു. എത്രത്തോളം പ്രത്യക്ഷമാക്കണം, അക്രമാസക്തമാക്കണോ മുതലായ കാര്യങ്ങളിലേ തർക്കമുള്ളു. അതുകൊണ്ട്, പൗരത്വ പ്രശ്നത്തിലുള്ള ചെറുത്തുനിൽപ് ഭരണഘടനയെ “പരിരക്ഷിക്കൽ” എന്നതിലേക്ക് പരിമിതപ്പെടുത്തുന്നതും അല്ലെങ്കിൽ ആ നിലയ്ക്ക് ഉന്നയിക്കുന്നതും ശരിയാകില്ല. പൗരാവകാശങ്ങളും മതേതര മൂല്യങ്ങളും ഭരണഘടനാ നിർമ്മാണസഭയോ ഉദ്ബുദ്ധരായ ഏതാനം വ്യക്തികളോ “നൽകി “യതല്ല. ജനങ്ങളുടെ സമരങ്ങളിലൂടെ നേടിയതാണ്. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും വിപുലപ്പെടുത്തുന്നതിലുമാണ് ഈ പ്രതിരോധം കേന്ദ്രീകരിക്കേണ്ടത്.”

Leave a Reply