അടിയന്തരാവസ്ഥയിൽ മുസ്‌ലിം ലീഗ് സ്വന്തം നേതാക്കളോട് ചെയ്തത്!

മലബാറിലെ മുഖ്യധാരാ മുസ്‌ലിം ലീഗ് അടിയന്തരാവസ്ഥക്കാലത്ത് കേരളത്തില്‍ ചെയ്തത് എന്താണെന്ന് ഓര്‍ക്കുന്നവര്‍ക്ക് ലീഗ് ഇക്കാലത്ത് ചെയ്യുന്ന ഭിന്നിപ്പിക്കലിലും ഒറ്റപ്പെടുത്തലിലും അല്‍ഭുതം തോന്നാനിടയില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഉടനെ മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലുമെല്ലാം ഇന്ദിരാഗാന്ധി സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തു. ഇക്കൂട്ടത്തില്‍ മുസ്‌ലിം ലീഗ് നേതാക്കളെയും ജയിലിലടച്ചു. അതേസമയം ജമാഅത്തെ ഇസ്‌ലാമി നേതാക്കളെയും അറസ്റ്റ് ചെയ്തു. മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഇബ്രാഹിം സുലൈമാന്‍ സേഠ് സാഹിബ് ലീഗ് നേതാക്കള്‍ക്കും ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ക്കും വേണ്ടി ഒരുപോലെ ഇന്ദിരാഗാന്ധിയോട് അഭ്യര്‍ഥിച്ചു. രണ്ടു ദിവസത്തിനു ശേഷം മുസ്‌ലിം ലീഗ് നേതാക്കളെ വിട്ടയച്ചു. പിന്നീട് ജമാഅത്തെ ഇസ്‌ലാമി അമീര്‍ മൗലാനാ യൂസഫ് സാഹിബിനെയും.

എന്നാല്‍, കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം ഭരണത്തിലുളള ലീഗുകാരെ അടിയന്തരാവസ്ഥ ബാധിച്ചില്ല. അവര്‍ പൗരാവകാശ ലംഘനങ്ങള്‍ക്കെതിരേ വാ മൂടിക്കെട്ടി ഇന്ദിരാഗാന്ധിക്കൊപ്പം നിലകൊണ്ടു. അതുകൊണ്ടും അവസാനിപ്പിച്ചില്ല. പ്രതിപക്ഷ നേതാക്കളെയും പ്രവര്‍ത്തകരെയും ജയിലിലടക്കുന്നതിന്‍റെ കൂട്ടത്തില്‍ അഖിലേന്ത്യാ മുസ്‌ലിം ലീഗ് നേതാക്കളെയും ജയിലിലടച്ചു. മുസ്‌ലിം ലീഗ് വിട്ട് വേറെ പാര്‍ട്ടി ഉണ്ടാക്കിയവരെ. അക്കൂട്ടത്തില്‍ സയ്യിദ് ഉമര്‍ ബാഫഖി തങ്ങളെയും പി എം അബൂബക്കര്‍ സാഹിബിനെയും കേയി സാഹിബിനെയും മറ്റും ജയിലിലടച്ചു.

അഖിലേന്ത്യാ മുസ്‌ലിം ലീഗ് നേതാക്കള്‍ പൗരാവകാശ ലംഘനങ്ങള്‍ക്കെതിരേ ശക്തിയായി നിലകൊണ്ടിരുന്നു. ഇന്നത്തെ മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ സാഹിബും അന്ന് അഖിലേന്ത്യാ ലീഗ് നേതാവാണ്. രണ്ടു മാസം മുമ്പുവരെ മുസ്‌ലിം ലീഗിന്‍റെ സംസ്ഥാന നേതാക്കളായവരെയാണ് അടിയന്തരാവസ്ഥയുടെ സൗകര്യത്തില്‍ മുസ്‌ലിം ലീഗ് ജയിലിലടപ്പിച്ചത്. അപ്പോള്‍ പിന്നെ പോപുലര്‍ ഫ്രണ്ടുകാരെയും ജമാഅത്തെ ഇസ്‌ലാമിക്കാരെയും പി.ഡി.പിക്കാരെയും ഒഴിവാക്കുമോ ?
_ സി പി മുഹമ്മദ് അലി

Leave a Reply