മുസ്‌ലിം പെണ്ണിന് ഇല്ലാത്ത ചൂടും പുകച്ചിലുമാണ് ലിബറലുകൾക്ക്

‘സ്വർഗത്തിൽ പോകണ്ടേ പെണ്ണേ ‘ മെസോജൊക്കെ വരാറുണ്ടോ ? എന്ന് അഭിലാഷ് ചോദിച്ച് തുടങ്ങി…


റിജാസ് മുഹമ്മദ്‌

നൂറിനും ഒമർ ലുലുവും പങ്കെടുത്ത റിപ്പോർട്ടർ ടീവി യിലെ മീറ്റ് ദ എഡിറ്റേഴ്സ് കണ്ടു. അവരുടെ സിനിമ നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സ് തുറന്ന് തന്നെ രണ്ട് പേരും സംസാരിക്കുന്നുമുണ്ട്. ഞാൻ പറയാൻ വന്നത് അതല്ല.

ഇന്‍റര്‍വ്യൂവിന്‍റെ അവസാനത്തെ മൂന്നു മിനിറ്റ് ചർച്ച നേരേ പോയത് നൂറിൻ എന്ന നടിയിലേക്കാണ്. നൂറിന്റെ വിശ്വാസവും, സ്വർഗ്ഗവും നരകവും, തലയിലെ തട്ടവും, ഇസ്‌ലാമിലെ റെസ്ട്രിക്ഷനും ഒക്കെയായി ചർച്ച വഴി മാറി, ‘സ്വർഗത്തിൽ പോകണ്ടേ പെണ്ണേ ‘ മെസോജോക്കെ വരാറുണ്ടോ? എന്ന് അഭിലാഷ് ചോദിച്ച് തുടങ്ങി.

അങ്ങനെ ചില മെസ്സേജുകളൊക്കെ വരാറുണ്ടെങ്കിലും അധിക പ്രശനങ്ങൾ ഇല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ നൂറിൻ ശ്രമിക്കുമ്പോൾ- മുസ്‌ലിം സമുദായത്തിൽ നിന്നുള്ള പെൺകുട്ടി ആയത് കൊണ്ട് കുറേ റെസ്ട്രിക്ഷൻ ഉണ്ടാകുമല്ലോ അല്ലേ ? എന്നാണ് അടുത്ത ആങ്കറിന്‍റെ ചോദ്യം.

“ഞാൻ എന്‍റെ സമുദായത്തിന്‍റെ അകത്ത് നിന്ന് കൊണ്ട് തന്നെയാണ് ഹാർഡ് വർക്ക് ചെയ്യുന്നത് അങ്ങനെ തന്നെയാണ് മിസ്സ്‌ കേരള കോമ്പറ്റീഷന് വേണ്ടി മത്സരിച്ചതും ഒന്നാം സ്ഥാനം കിട്ടിയതും എനിക്ക് ഒരു ലിമിറ്റേഷൻ ഞാൻ തന്നെ വെച്ചിട്ടുണ്ട് അത് കൊണ്ട് തന്നെ എന്‍റെ സമുദായത്തിലെ ആരും അങ്ങനെ ഒരു പ്രശ്നം ഉള്ളതായി എന്നോട് പറഞ്ഞിട്ടില്ല” എന്ന് നൂറിൻ പറഞ്ഞു നിർത്തുന്നു.

ഇത് വരെ പ്രശ്നം ഒന്നും ഉണ്ടായിട്ടില്ലേ ? എന്നാണ് ആങ്കറിന്‍റെ അടുത്ത സംശയം. അത് വരെ മിണ്ടാതിരുന്ന ഒമർ ലുലു “ഇത് വരെ വലിയ പ്രശ്നങ്ങള്‍ ഒന്നുമില്ല, ഇനി നിങ്ങളായിട്ട് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കരുത്.”എന്ന് പറയുന്നതോട് കൂടി ഒരു വളിച്ച ചിരിയോടെ ചർച്ച അവസാനിപ്പിക്കുന്നുണ്ട്.

ഈ ലിബറലുകൾ ഇങ്ങനെയാണ്, മുസ്‌ലിം പെണ്ണിന് ഇല്ലാത്ത ചൂടും പുകച്ചിലുമാണ് ഈ കൂട്ടർക്ക്. എന്തേലും വായീന്നു കിട്ടിയാൽ നൂറിന് നേരേ മത മൗലീക വാദികളുടെ ആക്രമണം എന്നൊരു വാർത്തയും ആകുമല്ലോ.

ഹിജാബു ധരിച്ച്‌ മജീസിയാ ഭാനുമാർ ഇന്ത്യക്ക് വേണ്ടി എത്ര സ്വർണ്ണം നേടിയാലും, സുപ്രീം കോടതിയിൽ കേറി നിന്നും എന്‍റെ വിശ്വാസമാണ് ശരിയെന്ന്‍ പ്രഖ്യാപിക്കുന്ന ഹാദിയമാർ ഉണ്ടായാലും, ഉസ്മാനിക്കാടെ മകൾ റസിയമാർ ആസ്ട്രോ ഫിസിക്ക്സിൽ എത്ര ഡോക്ഡ്രേറ്റ് മേടിച്ചാലും, ഐ.ഐ.റ്റി ചെന്ന് റാങ്കും വാങ്ങി മുസ്‌ലിം പെണ്ണ് വീട്ടിൽ വന്നാലും ശരി, ലിബറലുകൾക്ക് ഇത് ഒരുപാട് റെസ്ട്രിക്ഷനുള്ള പെണ്ണുങ്ങൾ, നരകയാതന അനുഭവിക്കുന്ന ഒരു മതവിഭാഗമാണ്, അല്ലെങ്കില്‍ അങ്ങനെ കാണാനും വരുത്തി തീർക്കാനുമാണ് അവർക്ക് ഇഷ്ടം.
‘ആ പൂതി മക്കൾ മനസ്സിൽ വെച്ചാൽ മതി’

Leave a Reply