ദരിദ്ര-ദലിതർക്ക് വീടില്ല, ജോലിയില്ല, കുടിവെള്ളമില്ല! ഞങ്ങൾ വോട്ട് ബഹിഷ്കരിക്കുന്നു
“ജനവഞ്ചകരും ചൂഷകരുമാണ് വോട്ട് ചോദിക്കാൻ പുഞ്ചിരിച്ചുകൊണ്ട് വരുന്നത് എന്ന് ഞങ്ങൾക്ക് മനസിലായതിനാൽ ഞങ്ങൾ ഇലക്ഷനിൽ മത്സരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിക്കും വോട്ട് നൽകുന്നില്ല എന്ന് ജനകീയ മുന്നേറ്റ സമിതിയിലെ പ്രവർത്തകർ അറിയിക്കുന്നു…” ഞങ്ങൾക്ക് വേണ്ടത് കുടിവെള്ളം, ക്വാറിയല്ല; ജനകീയ മുന്നേറ്റ സമിതി വോട്ട് ബഹിഷ്‌ക്കരിക്കുന്നു…
_ പത്രപ്രസ്താവന
സേതു, കൺവീനർ,
ജനകീയ മുന്നേറ്റ സമിതി
കേരളത്തലെ മാറിവരുന്ന സർക്കാരുകൾ ദരിദ്ര-ദളിത് ജനങ്ങളുടെ അവകാശങ്ങളായ കുടിവെള്ളം, സ്ഥിരം ജോലി, അടച്ചുറപ്പുള്ള വീട് എന്നിവയെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യുന്നില്ല. സ്വർണകടത്ത്, മയക്കുമരുന്ന് മാഫിയ, ക്വാറിമാഫിയ എന്നിവർക്ക് എങ്ങനെ സഹായഹസ്തങ്ങൾ നൽകാം എന്നാണ് കേരള സർക്കാരുകൾ മാറി മാറി ആലോചിക്കുന്നത്. ഇതിൽ നിന്നൊന്നും വ്യത്യസ്തമല്ല കിളിമാനൂർ പഞ്ചായത്തിലെ തോപ്പിൽ കോളനിയിൽ അഞ്ചാം വാർഡിൽ ഇലക്ഷന് മത്സരിക്കുന്ന സിപിഐ(എം), യുഡിഎഫ്, പിന്നെ ബിജെപി പാർട്ടികളായാലും അവരുടെ നേതാക്കളായാലും.
ഇപ്പോൾ കിളിമാനൂർ പഞ്ചയാത്ത് ഭരിക്കുന്നത് സിപിഎം ആണ്. കുടിവെള്ളം മുഴുവൻ ജനങ്ങൾക്കും ലഭിക്കാതെ ആയിട്ട് വർഷങ്ങളായി. പല പല കുടിവെള്ള പദ്ധതികൾ പഞ്ചായത്ത് തന്നെ ഉദ്‌ഘാടനം ചെയ്തു. ഉദ്‌ഘാടനങ്ങളുടെ കോൺക്രിറ്റ് പരസ്യങ്ങൾ തട്ടി റോഡുകളിൽ ആളുകൾക്ക് നടക്കാൻ കഴിയാത്ത അവസ്ഥയാണ്. സ്വയം പര്യാപ്തഗ്രാമങ്ങള്‍ എന്ന പദ്ധതിയില്‍ കുടിവെള്ള പദ്ധതി ഉള്‍പെടുത്തിയിട്ടുണ്ടെന്നു കിളിമാനൂര്‍ പഞ്ചായത്തും പട്ടികജാതി ബ്ലോക്ക് ഓഫീസും പറയുമ്പോഴും വര്‍ഷങ്ങളായി കുടിവെള്ളത്തിന് വേണ്ടി അലയുകയാണ് കോളനി നിവാസികൾ. 118 ദരിദ്ര-ദളിത് കുടുംബങ്ങളാണ് തോപ്പിൽ കോളനിയിൽ താമസിക്കുന്നത്.
ഇലക്ഷൻ അടുക്കാറായപ്പോ കോളനിയിലെ ജനങ്ങളെ വീണ്ടും പറ്റിക്കാൻ വേണ്ടി പഞ്ചായത്ത് കോവിഡിന്റെ മറവിൽ കുടിവെള്ള പദ്ധതി വീണ്ടും ഉദ്ഘാടനം ചെയ്തു. അതും ഒരു ഹാളിലായിരുന്നു ഉദ്ഘടാനം. കുടിവെള്ളപദ്ധതി വെറുതെ ഒരു ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയും പിന്നീട് അതിന്റെ കോൺക്രിറ്റ് പരസ്യം റോഡിൽ സ്ഥാപിക്കുകയും ചെയ്യുന്നത് ലോക ചരിത്രത്തിൽ തന്നെ ആദ്യമായായിരിക്കും. ഇലക്ഷന് മത്സരിക്കുന്ന സിപിഐ(എം), യുഡിഎഫ്, ബിജെപി പാർട്ടികൾ ജനങ്ങളുടെ കുടിവെള്ളമില്ലായ്മയെ കുറിച്ച് ഒരക്ഷരം പോലും മിണ്ടിട്ടില്ല എന്ന് മാത്രമല്ല ജനകീയ സമിതിയുമായി കുടിവെള്ള സമരത്തിന് പങ്കെടുക്കാൻ വന്ന ജനങ്ങളെ വീടുകയറി ഭീഷണിപെടുത്തുകയും ചെയ്തിരുന്നു ഇവർ. ഇപ്പോൾ ഇവരിൽ ചിലർ അവരുടെ പൊള്ള വാഗ്ദാന പത്രികയിൽ എല്ലാവർക്കും കുടിവെള്ളം എത്തിക്കും എന്ന് അവകാശപ്പെടുന്നു.
തോപ്പിൽ കോളനിയിൽ ജനവിരുദ്ധമായി പ്രവർത്തിക്കുന്ന എ കെ ആർ ക്വാറി മാഫിയയെ കുറിച്ച്, വോട്ട് ചോദിക്കുന്ന ഒരു രാഷ്ട്രീയപാർട്ടിയും ഇതുവരെ മിണ്ടിയിട്ടില്ല എന്ന് മാത്രമല്ല ഇത്തരം പാർട്ടിക്കാരുടെ സാമ്പത്തിക സ്രോതസ് തന്നെ ക്വാറിയാണ്. ക്വാറിയിൽ നടക്കുന്ന വലിയ സ്ഫോടനങ്ങൾ മൂലം കോളനിക്കകത്തെ ദരിദ്ര-ദളിത് കുടുംബങ്ങളുടെ മൺകട്ടകൊണ്ടും, ഹോളോബ്രിക്‌സ് കൊണ്ടു മുണ്ടാക്കിയ വീടുകൾ വാസയോഗ്യമല്ലാതാവുകയാണ്. ഇത്തരം പ്രശ്നങ്ങളെ മുഖവിലക്കെടുക്കാത്ത രാഷ്ട്രീയ ജനവഞ്ചകർക്ക് ഞങ്ങൾ എന്തിന് വോട്ട് ചെയ്യണം. കുടിവെള്ളത്തിനായി സമരം ചെയ്യാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അതുപോലെ ക്വാറിമൂലം വാസയോഗ്യമല്ലാതായ വീടുകൾ പുതുക്കി പണിയാൻ പഞ്ചായത്തിൽ അപേക്ഷ നൽകി കാത്ത് കിടക്കുകയാണ് ജനങ്ങൾ.
ജനവഞ്ചകരും ചൂഷകരുമാണ് വോട്ട് ചോദിക്കാൻ പുഞ്ചിരിച്ചുകൊണ്ട് വരുന്നത് എന്ന് ഞങ്ങൾക്ക് മനസിലായതിനാൽ ഞങ്ങൾ ഇലക്ഷനിൽ മത്സരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിക്കും വോട്ട് നല്കുന്നില്ല എന്ന് ജനകീയ മുന്നേറ്റ സമിതിയിലെ പ്രവർത്തകർ അറിയിക്കുന്നു.
* തോപ്പിൽ കോളനിയിലെ എല്ലാവർക്കും കുടിവെള്ളം ഉടൻ നല്കുക.
* എല്ലാവർക്കും അടച്ചുറപ്പുള്ള വീടുകൾ നൽകുക.
* സ്‌ഥിരമായി ജോലി ലഭ്യമാക്കുക.
* കശുവണ്ടി ഫാക്ടറിയിൽ ജോലിചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ ജോലി ഭദ്രത ഉറപ്പാക്കുക.
* ജനവിരുദ്ധമായി പ്രവർത്തിക്കുന്ന എ.കെ.ആർ ക്വാറി അടച്ചുപൂട്ടുക.
എന്ന്,
സേതു, കൺവീനർ,
ജനകീയ മുന്നേറ്റ സമിതി
9207807898