ബിർസയുടെ ജനതയെ ദരിദ്രരായി നിലനിർത്തുന്ന ജനാധിപത്യം

ബിർസാ മുണ്ട അദ്ദേഹത്തിന്റെ ജനതയെ ചൂഷണം ചെയ്ത ബ്രിട്ടീഷുകാരുടെയോ ഈസ്റ്റിന്ത്യാ കമ്പനിയുടെയോ അവരുടെ പാദസേവകരായ സവർണ്ണ നാട്ടുരാജാക്കന്മാരുടെയോ സഹായങ്ങൾ സ്വീകരിച്ചില്ല. അധിനിവേശത്തിനെതിരെ പോരാടിയ അദ്ദേഹം ആരുടെയും വാഗ്ദാനങ്ങൾക്കും ഭീഷണികൾക്കും വഴങ്ങിയില്ല. 1947ൽ ബ്രിട്ടീഷുകാർ സവർണ്ണർക്ക് അധികാരം കൈമാറിയ കാലം വരെ ബിർസ ജീവിച്ചിരുന്നെങ്കിൽ ഒരുപക്ഷെ 72-ാം വയസിലും ആദിവാസി വിഭാഗങ്ങളിൽ നിന്നും ഒരു മന്ത്രിയോ എംപിയോ ആയി, പിന്നീട് മരണാനന്തരം ഔദ്യോഗിക ബഹുമതികളോടെ ആദരിക്കപ്പെടുമായിരുന്നു. എന്നാൽ സ്വന്തം ജനതയ്ക്ക് വേണ്ടി ആയുധമെടുത്ത് സായുധസമരം നടത്തി 25ാം വയസിൽ ബിർസാ മുണ്ട രക്തസാക്ഷിയായി. സഖാക്കൾ ജതീന്ദർ ദാസിനും ഭഗത് സിംഗിനും സ്റ്റാൻ സ്വാമിക്കും കാഞ്ചൻ നന്നാവരെക്കും പാണ്ഡു നരോട്ടെക്കും മുൻപെ ജയിലിൽ വെച്ച് രക്തസാക്ഷിയായ രാഷ്ട്രീയ തടവുകാരനാണ് ബിർസാ മുണ്ട.

1947ന് മുൻപ് ഭരിച്ച ബ്രിട്ടീഷുകാരും സായുധ സമരം നടത്തുന്നവരെ ഭീകരനിയമങ്ങൾ ചുമത്തി ഭീകരവാദികളായി ചാപ്പയടിച്ച് ഉന്മൂലനം ചെയ്തു. ബിർസാ മുണ്ടയുടെ സായുധ പാത പിന്തുടർന്ന ഭഗത് സിംഗിനെയും ബ്രിട്ടീഷുകാർ ഭീകരവാദിയായാണ് ചാപ്പയടിച്ചത്. അദ്ദേഹവും കൂട്ടരും രക്തസാക്ഷികളായി. ബിർസ മുണ്ടയുടെ ജനതയിൽ ഒരു വിഭാഗം ഇന്നും കമ്മ്യുണിസ്റ്റ് – മാവോയിസ്റ്റ് രാഷ്ട്രീയം ലോകവീക്ഷണമാക്കി സവർണ്ണ – ഹിന്ദുത്വ – വലതു – കോർപ്പറേറ്റ് ഭരണവർഗങ്ങൾക്കെതിരെ സായുധസമരം ചെയ്യുന്നു.

ഇന്നത്തെ ഭരണകൂടവും ഭരണവർഗങ്ങളും അവരെ #UAPA ചുമത്തി ഭീകരവാദികളായി ചാപ്പയടിച്ച് കൂട്ടക്കൊല ചെയ്യുന്നു. ബിർസാ മുണ്ടയെ ഭീകരവാദികൾ എന്ന് വിളിച്ചവരുടെ എണ്ണം ഇന്ന് വർദ്ധിച്ചു. അടിച്ചമർത്താനുള്ള നിയമങ്ങൾ വർദ്ധിച്ചു, ബിർസയുടെ ഭൂമിയും പ്രകൃതി വിഭവങ്ങളും പുത്തൻ ഈസ്റ്റിന്ത്യാ കമ്പനികൾക്ക് കൊള്ളയടിക്കാൻ ഇന്നത്തെ നാട്ടുരാജാക്കന്മാരായ ഭരണവർഗങ്ങൾ ലക്ഷക്കണക്കിന് സൈനികരെ വിന്യസിച്ച്, ചെറുത്തുനിൽപ്പിനെതിരെ കര – വ്യോമ യുദ്ധം നടത്തുന്നു.

നവംബർ സായുധ വിപ്ലവകാരി ബിർസ മുണ്ട ജനിച്ച മാസമാണെങ്കിൽ, അദ്ദേഹത്തിന്റെ രാഷ്ട്രീയം പിന്തുടർന്ന മിലിന്ദ് തെൽ തുംബ്ദെ, വിമല തുടങ്ങി 26 സായുധ വിപ്ലവകാരികൾ രക്തസാക്ഷികളായ മാസവുമാണ് നവംബർ. ബിർസയുടെയും മിലിന്ദിന്റെയും വിമലയുടെയും ജനതയെ 75 വർഷമായി ദരിദ്രരും ഭൂരഹിതരും ഭവനരഹിതരും പട്ടിണിക്കാരും ആരോഗ്യമില്ലാത്തവരും വിദ്യാഭ്യാസ രഹിതരും തൊഴിൽരഹിതരും ആയി പിന്നോക്കാവസ്ഥയിൽ നിലനിർത്തി പൂർണ്ണമായും പരാജയപ്പെട്ട ഭരണക്രമത്തെ ജനാധിപത്യമെന്ന് വിളിക്കുന്നു!
_ പ്രശാന്ത് സുബ്രഹ്മണ്യൻ

Follow us on | Facebook | Instagram Telegram | Twitter