ഡിസേബിള്‍ഡ് വ്യക്തികളുടെ നേട്ടങ്ങളുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാം?

ഡിസേബിള്‍ഡ് വ്യക്തികളുടെ നേട്ടങ്ങളുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യാം? People With Disability Organization, Australiaയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പങ്കുവെക്കുന്നു:

1. മനുഷ്യരുടെ പലതരപ്പെട്ട സവിശേഷതകളില്‍, അവസ്ഥകളില്‍ ഒന്നാണ് ഡിസബിലിറ്റി. അത് ശാരീരികമായ ഇല്ലായ്മ ( lack of a body part )എന്ന അവസ്ഥയാണ് എന്ന രീതിയില്‍ അവതരിപ്പിക്കാതെ ഇരിക്കുക.

2. വാര്‍ത്തകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ആളുകളുടെ ശ്രദ്ധ കിട്ടാന്‍ ഉള്ള hooking material (മാത്രം) ആയി ഒരു വ്യക്തിയുടെ ഡിസബിലിട്ടിയെ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

3. ഒരു വ്യക്തി എന്തെങ്കിലും നേട്ടമോ വിജയമോ കൈവരിക്കുന്നത് തീര്‍ച്ചയായും വാര്‍ത്താപ്രാധാന്യം അര്‍ഹിക്കുന്നു. എന്നാല്‍ ആ വ്യക്തി ഡിസേബിള്‍ഡ് ആണെങ്കില്‍- അവരുടെ ഡിസബിലിറ്റി എന്ന ഒറ്റ ഒരു അവസ്ഥ മാത്രമാണ് ആ നേട്ടത്തെ പതിന്‍മടങ്ങ്‌ സവിശേഷമാക്കുന്നത് എന്ന മട്ടില്‍ അവതരിപ്പിക്കാതെ ഇരിക്കുക. അവരുടെ അധിക അധ്വാനത്തെ കുറച്ചു കാണിക്കലാകും അത്. കൂടാതെ, ആദ്യമായിട്ടാണ് ഡിസേബിള്‍ഡ് വ്യക്തികള്‍ എന്തെങ്കിലും നേട്ടം ഉണ്ടാക്കുന്നത് എന്ന ടോണ്‍ വാര്‍ത്തയില്‍ വരാതെ ശ്രദ്ധിക്കുക. കാരണം സിമ്പിള്‍ ആണ്: ആദ്യമായിട്ടല്ല ഡിസേബിള്‍ഡ് വ്യക്തികള്‍ എന്തെങ്കിലും നേട്ടം ഉണ്ടാക്കുന്നത്.

4. ഒരു ഡിസേബിള്‍ഡ് വ്യക്തി ചെയ്യുന്നു എന്ന വസ്തുത ഒഴിവാക്കിയാല്‍, റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നത് ഒരു സാധാരണ ദൈനംദിന കാര്യം ആണോ? എങ്കില്‍ ഡിസേബിള്‍ഡ് വ്യക്തികള്‍ക്കും അതൊരു സാധാരണ ദൈനംദിന കാര്യം ആയിരിക്കും എന്നത് മനസിലാക്കുക. ഏബിള്‍ ബോഡീഡ് ആയ ആളുകള്‍ ചെയ്യുന്ന സാധാരണ ദൈനംദിന കാര്യങ്ങളെ ഡിസേബിള്‍ഡ് വ്യക്തികള്‍ ചെയ്യുമ്പോള്‍ അസാധാരണമായി അവതരിപ്പിക്കാതെ ഇരിക്കുക.

5. നോണ്‍-ഡിസേബിള്‍ഡ് വ്യക്തികള്‍ക്ക് ഉള്ള “പ്രചോദന വസ്തുക്കള്‍” ആയി ഡിസേബിള്‍ഡ് ശരീരങ്ങളെ ചുരുക്കി കാണുന്ന അവസ്ഥയെ ആണ്- മാധ്യമങ്ങളുടെ അത്തരത്തിലുള്ള അവതരണങ്ങളെ ആണ് സ്റെല്ല യങ് ‘inspiration porn’ എന്നു വിളിച്ചത്. അത്തരത്തില്‍ ഡിസേബിള്‍ഡ് വ്യക്തികളെ വസ്തുവത്കരിക്കുന്ന (objectify) മട്ടില്‍ ഉള്ള ഭാഷ ഒഴിവാക്കുക. നോണ്‍-ഡിസേബിള്‍ഡ് വ്യക്തികള്‍ക്ക് “തങ്ങളുടെ ശരീരത്തിനു ഡിസബിലിറ്റി ഇല്ലല്ലോ” എന്നു ആശ്വസിക്കാന്‍ തോന്നുന്ന ഭാഷാ പ്രയോഗങ്ങള്‍ ഒഴിവാക്കുക.

6. “ഡിസേബിള്‍ഡ് ആയ ശരീരത്തിനകത്തു കുടുങ്ങിക്കിടക്കുന്ന” വ്യക്തി ആണ് ഡിസേബിള്‍ഡ് വ്യക്തി (ഉദാ: കഴുത്തിനു കീഴ്പോട്ടു തളര്‍ന്ന ആ ശരീരത്തില്‍ കുതിക്കാന്‍ വെമ്പുന്ന ഒരു മനസുണ്ടായിരുന്നു/ കണ്ണുകളില്‍ ഇരുട്ടായിരുന്നെങ്കിലും ആത്മവിശ്വാസത്തിന്റെ വെളിച്ചം ഉണ്ടായിരുന്നു) എന്ന തരത്തില്‍ ഉള്ള പ്രയോഗങ്ങള്‍ ഒഴിവാക്കുക. ആ വ്യക്തി “ഡിസബിലിറ്റിയെ മറികടന്നു” എന്നതരത്തിലുള്ള (ഉദാ: “അന്ധതയെ മറികടന്ന് —— യുടെ നേട്ടം” എന്നൊക്കെയുള്ള മട്ടിലുള്ള) അബദ്ധപ്രയോഗങ്ങളെ ഒഴിവാക്കുക. ഞങ്ങളുടെ ശരീരാവസ്ഥയും മാനസികാവസ്ഥയും ബോധവും ബോധ്യങ്ങളും ഒക്കെക്കൂടിയാണ് ഞങ്ങളെ ഞങ്ങളാക്കുന്നത് എന്നത് മനസിലാക്കുക.

7. ആരുടെ കഥയാണ്‌ നിങ്ങള്‍ക്ക് പറയാനുള്ളത് എന്നു ശ്രദ്ധിക്കുക. ഡിസേബിള്‍ഡ് വ്യക്തികളുടെ ഒപ്പം ജീവിക്കുന്ന, അവരേ കെയര്‍ ചെയ്യുന്ന ആളുകളുടെ ബുദ്ധിമുട്ടുകളോ വെല്ലുവിളികളോ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഡിസെബിള്‍ഡ് വ്യക്തികള്‍ അവര്‍ക്കൊരു അധികഭാരം ആണ് എന്നു തോന്നിപ്പിക്കാവുന്ന ഭാഷയോ റിപ്പോര്‍ട്ടിംഗ് ശൈലിയോ ഒഴിവാക്കുക. മറ്റേതൊരു മനുഷ്യര്‍ക്കും ഉള്ള മനുഷ്യാവകാശങ്ങള്‍ ഡിസേബിള്‍ഡ് വ്യക്തികള്‍ക്കും ഉണ്ട് എന്നു മനസിലാക്കുക.

8. റിപ്പോര്‍ട്ട് ഡിസേബിള്‍ഡ് വ്യക്തികളെ കേന്ദ്രീകരിച്ചുള്ളതാവാന്‍ ശ്രദ്ധിക്കുക. Accessibility എന്ന മനുഷ്യാവകാശത്തെ കുറിച്ചു കൂടി (പറ്റുമെങ്കില്‍) സംസാരിക്കുവാന്‍ ശ്രദ്ധിക്കുക.

9. എങ്ങനെ വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു, എങ്ങനെ അവതരിപ്പിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു എന്നിവ ആ ഡിസേബിള്‍ഡ് വ്യക്തിയോട് ചോദിച്ചു മനസിലാക്കുക. അവയെ ഉപയോഗിക്കുക.

10. ഭാഷയിലെ ableist പ്രയോഗങ്ങള്‍ ഒഴിവാക്കുക. Ableist ഉപമകളെയും ശൈലികളെയും പോസിറ്റീവ് ആയി ഉപയോഗിക്കുന്നതു വഴി ableism normalise ചെയ്യാതിരിക്കുക (ഉദാ: “ചവിട്ടുപടികള്‍” ഒരു വീല്‍ചെയര്‍ യൂസറെ സംബന്ധിച്ച് ഒരു പോസറ്റീവ് ബിംബം അല്ല. “അകക്കണ്ണിലെ വെളിച്ചം” കാഴ്ചാപരിമിതി ഉള്ള വ്യക്തിക്ക് അപരത്വം ഉണ്ടാക്കുന്ന ശൈലി ആണ്)

11. ഡിസെബിള്‍ഡ് വ്യക്തികളുടെ നേട്ടങ്ങളുടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ (പറ്റുമെങ്കില്‍) ഡിസേബിള്‍ഡ് വ്യക്തിയെ തന്നെ ഏല്‍പ്പിക്കുക.


* ചിത്രവിവരണം: നീല പശ്ചാത്തലത്തില്‍ വെള്ള അക്ഷരങ്ങളില്‍ “ഡിസേബിള്‍ഡ് വ്യക്തികളുടെ നേട്ടങ്ങളുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ എങ്ങനെ റിപ്പോർട്ട് ചെയ്യാം?” എന്ന് എഴുതിയിരിക്കുന്നു.

* ചിത്രത്തെ കുറിച്ച് ഒരു പ്രധാന ചോദ്യം:

എം ജെ അൻസാർ: ചിത്ര വിവരണം കൊടുക്കുന്നതിൽ എന്തേലും ഉദ്ദേശംണ്ടോ?

ശബരി: Blind/ Visually impaired ആയ ആളുകൾക്ക് Text Reading Software വെച്ച് Text വായിക്കാൻ പറ്റും. But imageൻ്റെ Content വായിക്കാൻ കഴിയില്ല. Image Description അവരെ Imageൻ്റെ content അറിയാൻ സഹായിക്കും.

Like This Page Click Here

Telegram
Twitter