എന്തൊരു ധൈര്യമാണ് ഈ ഭരണകൂടത്തിന്!

ചികിത്സയും ജാമ്യവും മാനുഷിക പരിഗണനയും നിരന്തരം നിഷേധിക്കപ്പെട്ടു ജയിലിൽ കഴിഞ്ഞിരുന്ന പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിക്ക് അതെ കാരണത്താൽ ഇന്ന് ജീവൻ നഷ്ടമായിരിക്കുന്നു. യഥാർത്ഥത്തിൽ വീണ്ടുമൊരു ഭരണകൂട കൊലപാതകം. മാസങ്ങൾക്ക് മുൻപായിരുന്നു മാവോയിസ്റ്റ് കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന ഹൃദ്രോഗിയായ ആക്ടിവിസ്റ്റ് കാഞ്ചൻ നാനാവരെ സമാനരീതിയിൽ “കൊല്ലപ്പെട്ടത്.” ഭീമാ കൊറെഗാവ് കേസിൽ 15 ആക്ടിവിസ്റ്റുകൾക്കൊപ്പം യു.എ.പി.എ ചുമത്തിയാണ് അദ്ദേഹത്തെ ജയിലിലടച്ചിരുന്നത്.

ആദിവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചിരുന്ന ഫാദർ സ്റ്റാൻ സ്വാമിയെയും ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടം ആഭ്യന്തര ഭീഷണിയായികണ്ടാണ് നേരിട്ടത്. ഇന്ത്യയിലെ മർദ്ദിതപക്ഷ രാഷ്ട്രീയത്തിന് തീരാനഷ്‌ടമായ അദ്ദേഹത്തിന്റെ ഭരണകൂട കൊലപാതകത്തിൽ പ്രതിഷേധിച്ചു മാവോയിസ്റ്റ് സൈദ്ധാന്തികൻ കെ മുരളി എഴുതുന്നു…

എന്തൊരു ധൈര്യമാണ് ഈ ഭരണകൂടത്തിന്!

ജാമ്യം നിഷേധിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവർ എത്ര വരും? ഇന്ത്യൻ ജയിലുകളിലെ മൊത്തം തടവുകാരിൽ മുക്കാൽ പങ്കും അവരാണ്. ജാമ്യമില്ല, വിചാരണയില്ല. അനന്തമായ തടവുമാത്രം. അവരിലെ രാഷ്ട്രീയ തടവുകാരുടെ അവസ്ഥ താരതമ്യേന ഭേദമാണ്. ഒരു വിശ്വാസത്തിനു വേണ്ടി, ലക്ഷ്യത്തിനു വേണ്ടിയാണ് അവർ തടവിലായത്. അത് അവർക്ക് ആത്മബലം നല്കുന്നു.

അതല്ല ശരാശരി തടവുകാരന്റെ അവസ്ഥ. കുറ്റമൊന്നും ചെയ്യാതെയാണ് പലരും അകത്തായത്. തെരുവിൽ അലയുന്നു എന്ന് ആരോപ്പിച്ചു മുംബൈ ആർതർ റോഡ് ജയിലിൽ പൂട്ടിയിട്ട ഒരു വൃദ്ധന്റെ കഥ കേട്ടിരുന്നു. 7 വർഷം. പരമാവധി 6 മാസം വരാവുന്ന ശിക്ഷയ്ക്ക് 7 വർഷം! അതാണ് നമ്മുടെ നീതിന്യായം.

ഇന്ന് ഒരു ജീവനെ കൂടി അത് തട്ടിയെടുത്തു. ജനങ്ങൾക്കുവേണ്ടി ജീവിച്ചു മരിച്ച ഫാദർ സ്റ്റാൻ സ്വാമി. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് സ്റ്റാൻ സ്വാമി ഇങ്ങനെ പറഞ്ഞു, “രാജ്യവ്യാപകമായി സംഭവിയ്ക്കുന്ന ഒരു പ്രക്രിയുടെ ഭാഗമാണ് എന്റെ അനുഭവം. എതിർപ്പ് പ്രകടിപ്പിയ്ക്കുന്നവരെ ഭരണകൂടം വേട്ടയാടുന്നു. ഒരു അർത്ഥത്തിൽ എനിയ്ക്കതിൽ സന്തോഷമുണ്ട്. ഞാൻ കാഴ്ചക്കാരനല്ല. കളിക്കളത്തിൽ ഇറങ്ങികളിയ്ക്കുകയാണ്. അതിന്റെ വില നല്കാൻ ഞാൻ തയ്യാറാണ്.” അതെ, ഇറങ്ങി കളിയ്ക്കാൻ സമയം വൈകി…

Follow us on | Facebook | Instagram Telegram | Twitter