അയാൾ രാജീവിന്റെ മകനാണ്, അയാൾ ഹിന്ദുത്വ തീവ്രവാദത്തിനോട്‌ ഒരിക്കലും യുദ്ധം ചെയ്യില്ല

അയാൾ രാജീവിന്റെ മകനാണ്, ഇന്ത്യയിൽ കലാപത്തിന്റെ വിത്ത്‌ ബാബരി മസ്ജിദിൽ ഉറപ്പിച്ച്‌ കൊടുത്ത രാജീവിന്റെ മകൻ. അയാൾ മോദിയെ പോലല്ല, നേരിട്ട്‌ അക്രമങ്ങൾക്ക്‌ കുടപിടിക്കില്ല…


നൗഷാദ് പനക്കൽ

രാഹുൽ ഗാന്ധിയിൽ പ്രതീക്ഷയർപ്പിച്ചവരെ, ദളിത്‌, മുസ്‌ലിം സമൂഹത്തിനു നേരെ നടന്നിട്ടുള്ള അക്രമണങ്ങളിൽ എന്ത്‌ നിലപാടാണു അയാൾ എടുത്തിട്ടുള്ളത്‌. ആൾകൂട്ട കൊലപാതകങ്ങളും വംശീയ ആക്രമണങ്ങളും നടത്തുന്ന ഹിന്ദുത്വ തീവ്രവാദത്തിനെതിരെ എന്ത്‌ പരിഹാരമാണു അയാൾ നിർദ്ദേഷിച്ചിട്ടുള്ളത്‌. നിരന്തരമായി അവഹേളിക്കപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്യുന്ന പാർശ്വവൽകൃത സമൂഹത്തോട്‌ എന്നാണു അയാൾ ഐക്യപ്പെട്ടിട്ടുള്ളത്‌.

ഒരിക്കലുമില്ല രാഹുൽ ഗാന്ധി അക്കാര്യങ്ങളിലെല്ലാം രാജീവിന്റെ മകനാണെന്ന് തെളിയിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. യുപിയിൽ പ്രചാരണത്തിനു പോയ അയാൾ അമ്പലങ്ങളായ അമ്പലങ്ങളിൽ എല്ലാം കയറി ഇറങ്ങി ഹിന്ദുവാണെന്നും ബ്രാഹ്മണനാണെന്നും തെളിയിക്കാൻ ഓടി നടക്കുകയായിരുന്നു. ഒരിക്കൽ പോലും അഖ്‌ലാഖിന്റെ വീട്ടിൽ അയാൾ പോയിട്ടില്ല, ഉനയിലടക്കം അക്രമിക്കപ്പെട്ട ഒരു ദളിതന്റെയും വീട്ടിൽ അയാൾ കയറി ചെന്നില്ല. ഗുജറാത്തിൽ ഹിന്ദു തീവ്രവാദികൾ കൊന്ന് കളഞ്ഞ ഇഹ്സാൻ ജാഫ്രിയെ കുറിച്ച്‌ ഇതുവരെ അയാൾ ഒരക്ഷരം മിണ്ടിയിട്ടില്ല, പക്ഷെ ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളിൽ മുഴുവൻ ബ്രാഹ്മണ സർട്ടിഫിക്കറ്റ്‌ വാങ്ങാൻ അയാൾ ക്യൂവിലുണ്ടായിരുന്നു.

ദില്ലിയിൽ, ബീഹാറിൽ, രാജസ്ഥാനിൽ അങ്ങനെ രാജ്യത്ത്‌ മുഴുവൻ ഓടി നടന്ന് വോട്ട്‌ ചോദിച്ചിട്ടും ഒരു ദളിതന്റെയോ മുസ്‍ലിമിന്റെയോ പ്രശ്നങ്ങളെ അയാൾ അഡ്രസ്സ്‌ ചെയ്തിട്ടില്ല. സവർണ്ണനാണെന്ന് തെളിയിക്കാനാണു അയാൾ ഈ അടുത്ത കാലത്ത്‌ മുഴുവൻ ശ്രമിച്ചിട്ടുള്ളത്‌. അങ്ങനൊരാൾ ഔദാര്യമായി ദളിത്‌, മുസ്‌ലിം വിഭാഗങ്ങളെ സംരക്ഷിച്ചേക്കും എന്ന് കരുതുക മാത്രമാണു ഇപ്പോൾ നടക്കുന്നത്‌.

അയാൾ രാജീവിന്റെ മകനാണ്, ഇന്ത്യയിൽ കലാപത്തിന്റെ വിത്ത്‌ ബാബരി മസ്ജിദിൽ ഉറപ്പിച്ച്‌ കൊടുത്ത രാജീവിന്റെ മകൻ. അയാൾ മോദിയെ പോലല്ല, നേരിട്ട്‌ അക്രമങ്ങൾക്ക്‌ കുടപിടിക്കില്ല, പക്ഷെ അയാൾ ഹിന്ദുത്വ തീവ്രവാദത്തിനോട്‌ ഒരിക്കലും യുദ്ധം ചെയ്യില്ല.
Photos Courtesy_ Various Media

Leave a Reply