രഹ്‌നയുടെ അറസ്റ്റും കിത്താബ് നാടകവും സവർണ്ണ യുക്തിവാദിയുടെ ഇരട്ടത്താപ്പുകളും

സി രവിചന്ദ്രൻ എന്ന സവർണ്ണ യുക്തിവാദിയുടെ ഏറ്റവും പുതിയ ഫേസ്‌ബുക്ക് പോസ്റ്റ്‌ വളരെ മികച്ച ഒന്നാണ് ! രഹനാ ഫാത്തിമയുടെ അറസ്റ്റാണ് വിഷയം. മതനിന്ദ കുറ്റം ചാർത്തി അറസ്റ്റ്‌ ചെയ്തതിനെതിരെ രോഷം തിളച്ച്‌ മറിയുന്ന പോസ്റ്റിൽ, പക്ഷേ ഏത്‌ മതമാണ് ‘നിന്ദി’ക്കപ്പെട്ടതെന്ന് നെടുനീളൻ പോസ്റ്റ്‌ മുഴുവൻ വായിച്ചിട്ടും കണ്ടെത്താനായില്ല. ചിന്താ സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്യവും ഹനിക്കുന്ന കിരാത മതനിന്ദാ നിയമങ്ങളെന്ന് ഗീർവ്വാണമടിക്കുന്ന സ്വതന്ത്ര ചിന്തകന്,  പക്ഷേ ഹിന്ദുമത വികാരം വ്രണപ്പെടുത്തിയതിനാണ് കേസെടുത്ത്‌ ജാമ്യമില്ലാതെ അകത്തിട്ടതെന്ന് പറയാനുള്ള ‘സ്വാതന്ത്ര്യ’മില്ല. സ്വതന്ത്രചിന്താ ഭാരത്തിന്റെ  ഓരോരോ അവസ്ഥകളേ !

പിന്നെ എന്ത്‌ കോപ്പുണ്ടാക്കാൻ ആവും ഇയാളിതൊക്കെ എഴുതി വിടുന്നതെന്ന് ആലോചന വന്നു തുടങ്ങിയപ്പോൾ തന്നെ പുള്ളിയുടെ ഫേവറിറ്റ്‌ ഐറ്റം ദേ വന്നു, കിത്താബ്‌ നാടകത്തിനെതിരെ മതം തെരുവിൽ ഉറഞ്ഞു തുള്ളുകയാണത്രേ. കിത്താബിനെതിരെ നാടകം നടത്തി സർഗ്ഗാത്മകമായി തന്നെ പ്രതിഷേധിച്ചാലും യുക്തി വർഗ്ഗീയവാദികൾക്കത്‌ ഉറഞ്ഞ്‌ തുള്ളൽ തന്നെ. കിത്താബിനെതിരായ പ്രതിഷേധത്തിൽ മതത്തിന്റെ പേരു പറയാൻ രവിചന്ദ്രനിലെ സ്വതന്ത്ര്യചിന്തകന് സ്വാതന്ത്ര്യമുണ്ട്‌. അതിൽ തീവ്രവാദം ആരോപിക്കാനും ഇസ്‌ലാമിനെ വന്യജീവിയായി ചിത്രീകരിക്കാനും സെന്റിനൽ ആദിവാസികളോട്‌ സമീകരിക്കാനും രവിചന്ദ്രൻ ആ സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തുന്നുമുണ്ട്‌.

ഒരേ സമയം ആദിവാസികളോടും മുസ്‌ലിങ്ങളോടുമുള്ള വംശീയത ‘ഉറഞ്ഞുതുള്ളിക്കാൻ’ ലഭിച്ച അവസരം ഒരു സവർണ്ണ യുക്തിവാദി വെറുതെ കളയുമോ ? വീണ്ടും രഹനയുടെ മനുഷ്യാവകാശ ലംഘനത്തെയും മതനിന്ദയെയും പറ്റി പറയുമ്പോഴും ഹിന്ദുമത വികാരം വ്രണപ്പെടുത്തിയതിനാണ്  ഭരണകൂടം പൊതുസമൂഹത്തിനുവേണ്ടി അവരെ ജയിലിലടച്ചതെന്ന് പറയാതിരിക്കാനുള്ള സവർണ്ണ കൗശലം രവിചന്ദ്രൻ കാണിക്കുന്നു. ഇസ്‌ലാം മതം പരിഷ്ക്കരിക്കാൻ ആവശ്യപ്പെടുന്ന രവി ആദ്യം സവർണ്ണ വംശീയ ബോധത്തിൽ നിന്നും ഇത്തരം ഹിന്ദുത്വ യുക്തികളിൽ നിന്നും ആദ്യം സ്വതന്ത്രനാവട്ടെ എന്ന് ആശംസിക്കുന്നു.
_ ഷമീർ കെ മുണ്ടോത്ത്‌

Leave a Reply