നക്സൽബാരി ഒരു ഗ്രാമം മാത്രമല്ല

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്-ലെനിനിസ്റ്റ്)ന്‍റെ സ്ഥാപകനേതാവും വിപ്ലവകാരിയുമായിരുന്ന ചാരു മജൂംദാറിന്‍റെ രക്തസാക്ഷി ദിനമാണ് ജൂലായ് 28. 1972ല്‍ ഈ ദിവസമാണ്‌ ആസ്ത്‌മാ രോഗിയായിരുന്ന അദ്ദേഹം പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് ചികിത്സ ലഭിക്കാതെ കൊല്ലപ്പെടുന്നത്. ഇന്ത്യയിലെ നക്സല്‍ പ്രസ്ഥാനങ്ങൾ ജുലൈ 28 രക്തസാക്ഷിദിനമായി ആചരിക്കുന്നു. അഖിലേന്ത്യാ രക്തസാക്ഷി ദിനത്തിനോടനുബന്ധിച്ച് “പോരാട്ടം” സംഘടന പുറത്തിറക്കിയ പ്രസ്താവന;

ജൂലായ് 28 അഖിലേന്ത്യ രക്തസാക്ഷി ദിനം

സഖാവ് ചാരു മജൂംദാർ ജനങ്ങൾക്ക് വേണ്ടി ചിന്തിച്ചു, ജനങ്ങൾക്കു വേണ്ടി എഴുതി, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു, ജനങ്ങൾക്ക് വേണ്ടി മരിച്ചു. ലോകത്ത് ആദ്യമായി മാവോയിസം പ്രയോഗിച്ച മഹാനായ മാവോയിസ്റ്റ്, ഇന്ത്യൻ വിപ്ലവത്തിന്‍റെ ചരിത്രപരമായ വഴിത്തിരിവിന് കാരണക്കാരനായി. “തിരുത്തൽവാദത്തെ നിരാകരിക്കാതെ വിപ്ലവം സാധ്യമല്ലെ”ന്ന് നിരൂപിച്ചു. മാത്രമല്ല, മാർക്സിസം-ലെനിനിസം-മാവോയിസത്തിനും, തിരുത്തൽവാദത്തിനും ഇടയിൽ വ്യക്തമായ വിഭജന രേഖ വരക്കണമെന്ന് സഖാവ് നമ്മോട് നിഷ്ക്കർഷിച്ചു.
ഒരു യഥാർത്ഥ മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി അഭിലാഷിക്കുകയും അത് പണിതുയർത്താൻ പണിപ്പെടുകയും ഈ യത്നത്തിനിടയിൽ രക്തസാക്ഷിയാവുകയും ചെയ്തു. ലാൽ ബസാർ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ ഓക്സിജൻ നിഷേധിച്ചുകൊണ്ട് 1972 ജൂലായ് 28നു വധിക്കപ്പെടുകയായിരുന്നു സഖാവ്.

അങ്ങേയറ്റം പിന്നോക്കാസ്ഥയിലായിരുന്ന വെറുമൊരു കർഷക ഗ്രാമമായിരുന്നു നക്സൽബാരി. അത് ഇന്നൊരു ഗ്രാമം മാത്രമല്ല; നക്സൽബാരി ഇന്നൊരു ആശയമാണ്, ഒരു പ്രസ്ഥാനമാണ്, അത് ഇന്നൊരു ലക്ഷ്യമാണ്. സഖാവ് ചാരു മജൂംദാറിന്‍റെ നേതൃത്വത്തിൽ ‘ഇന്ത്യൻ ചക്രവാളത്തിൽ വസന്തത്തിന്‍റെ ഇടിമുഴക്കം സൃഷ്ടിച്ച നക്സൽബാരിയിലെ കർഷകരുടെ സായുധ കലാപമാണ് അതിന് കാരണം. ഇന്ത്യ വിപ്ലവത്തിന്‍റെ ശരിയായ ദിശ എന്തായിരിക്കണമെന്നും, ഇനിയുള്ള ഏതൊരു വിപ്ളവും, ചൈനയിലെ മഹത്തായ തൊഴിലാളി വർഗ്ഗ സാംസ്കാരിക വിപ്ലവത്തിന്‍റെ ഭാഗവും തുടർച്ചയും അങ്ങിനെ അതിൽ നിന്ന് പാഠങ്ങള്‍ ഉൾക്കൊണ്ടവയുമായിരിക്കേണ്ടതുണ്ട് എന്ന് അദ്ദേഹം നിബന്ധിച്ചു.

ഇന്ത്യയുടെ നാട്ടിൻപുറങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാനും ദരിദ്രരും ഭൂരഹിതരുമായ കർഷകരിൽ സാമ്പത്തികമാത്രവാദങ്ങൾക്കെതിരെ രാഷ്ട്രീയാധികാരത്തിന്‍റെ രാഷ്ട്രീയം നേരിട്ടുന്നയിച്ചുകൊണ്ട്, മാവോയിസം കൊണ്ട്, അവരെ സധൈര്യം തട്ടി ഉണർത്താനും സഖാവ് സി.എം ഇന്ത്യന്‍ യുവത്വത്തിന് പ്രേരണയും ഒരാവശ്യ ശക്തിയുമായി. ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തിൽ, ബൂർഷ്വാ പാർലമെന്‍ററി തിരഞ്ഞെടുപ്പിനെ തന്ത്രപരമായി ബഹിഷ്ക്കരിക്കുന്നതിലെ പ്രാധാന്യത്തെ പറ്റി സഖാവ് നമ്മെ പഠിപ്പിച്ചു. തിരുത്തൽവാദത്തിന്‍റെ സമൂർത്ത പ്രകടിത രൂപങ്ങളെ തിരിച്ചറിയാനും അവക്കെതിരെ പോരാടാനും പഠിപ്പിക്കുക വഴി, ചൈനയിലെ ‘രണ്ടുലൈൻ സമര’ത്തെ പറ്റിയും മുതലാളിത്ത പാതക്കാരേയും മുതലാളിത്ത അട്ടിമറിയെയും, അതിന്‍റെ അടിവേരുകളേയും തിരിച്ചറിയാനും ഇന്ത്യന്‍ വിപ്ലവകാരികളെ സഖാവ് സി.എം പ്രാപ്തമാക്കി.

നക്സൽബാരിക്ക് മുമ്പ് തന്നെ സി.പി.എം തിരുത്തൽവാദ നേതൃത്വവുമായി ‘കലഹിച്ച്’ വിപ്ലവത്തിന് പറ്റിയ മണ്ണ് തേടി, ബീഹാറിലെ നാട്ടിൻ പുറത്തേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലുകയും ആദിവാസികൾ അടക്കമുള്ള ദരിദ്രരും ഭുരഹിതരുമായ കർഷകർക്കിടയിൽ പാർട്ടി കെട്ടിപ്പടുക്കാനും അങ്ങിനെ മറ്റൊരു കോണിലൂടെ വിപ്ലവ മുന്നേറ്റമുണ്ടാക്കാനും ശ്രമിച്ച സഖാക്കൾ കനായ് ചാറ്റർജി, അമുല്യ സെൻ എന്നിവരേയും അവരുടെ വിപ്ലവ സംഭാവനകളേയും ഈ സന്ദർഭത്തിൽ അനുസ്മരിക്കേണ്ടതുണ്ട്.

എന്തൊക്കെ ആയാലും, മാവോ പഠിപ്പിക്കുന്നത് പോലെ, ”ആരും തന്നെ വിശകലനത്തിന്നതീതരല്ല.” ” അങ്ങിനെ സർവ്വജ്ഞരോ, സർവ്വ ശക്തരൊ ആയി ആരും തന്നെ ഉണ്ടാകാനിടയില്ല”, ” ഒന്ന് രണ്ടായി വിഭജിക്കുന്നു”.

ഇന്ത്യ, കേരളം ഇന്ന് മറ്റെന്നത്തേക്കാളും അങ്ങേയറ്റം സങ്കീർണമായ പ്രതിസന്ധികളിലൂടേയും ഇനിയൊരിക്കലും പരിഹരിക്കാനാകാത്ത ജീർണതകളിലൂടേയും കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. ഇവിടത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലത്ത വിധം അങ്ങേയറ്റം ജീർണ്ണമായ ചപ്പു ചവറാണെന്ന് ആവർത്തിച്ചു തെളിയിച്ചു കൊണ്ടിരിക്കുന്നു. അത്, രാഷ്ട്രീയ നേതൃത്വങ്ങളെ, സ്റ്റേറ്റ് സംവിധാനങ്ങളെ സമൂഹത്തെ ആകെ തന്നെ ജീർണവും അഴിമതി നിറഞ്ഞതുമാക്കിയിരിക്കുന്നു. ഈ സാഹചര്യത്തിൽ, നമ്മുടെ നേതൃത്വങ്ങളുടെ ഗുണാത്മക വശങ്ങളുടെ വിശ്വസ്തരായ പിന്തുർച്ചക്കാരാകാനും നിഷേധാത്മക വശങ്ങളെ നിഷേധാത്മക ഗുരുനാഥന്മാരായി സ്വീകരിക്കാനും കഴിവുള്ളവരാകേണ്ടതാണ്. രക്തസാക്ഷികളെ സ്മരിക്കുക എന്നാൽ ഇതിനു പ്രാപ്തിയുള്ളവരാക്കി മാറ്റുമെന്ന് പ്രതിജ്ഞ പുതുക്കലാണ്.

ആയിരമായിരം ധീരരായ സഖാക്കൾ സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്നീ ഉദാത്ത ലക്ഷ്യങ്ങൾക്ക് വേണ്ടി തങ്ങളുടെ ജീവൻ ബലിയർപ്പിച്ചിട്ടുണ്ട്. അവരുടെ ലക്ഷ്യങ്ങൾ ഇനിയും പൂർത്തികരിക്കപ്പെട്ടിട്ടില്ല. ആ പൂർത്തികരണത്തിന് വേണ്ടി അവരുടെ പതാകയുമായി മുന്നോട്ടു മാർച്ച് ചെയ്യാൻ പ്രതിജ്ഞ എടുക്കലാണ് രക്തസാക്ഷി അനുസ്മരണം. രക്തസാക്ഷിത്വങ്ങളെ അനശ്വരമാക്കാം, ജനങ്ങളെ സേവിക്കുക, വിശാല ബഹുജനങ്ങളെ വിശ്വസിക്കുക, ബഹുജനങ്ങളെ ആശ്രയിക്കുക, എന്നീ മാവോയുടെ ഉദ്ബോധനങ്ങളുടെ പതാകയുമായ മുന്നോട്ടു നീങ്ങാം. മാർക്സിസം-ലെനിനിസം – മാവോയിസം മാത്രമാണ് വഴികാട്ടി.
_ പോരാട്ടം
എം എൻ രാവുണ്ണി ചെയർപേർസൺ
ഷാന്‍റോ ലാൽ, കൺവീനർ

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail