പ്രണയക്കെടുതിയില്‍ ബാക്കിയായവ

ഓര്‍മ്മകളില്‍ നിന്ന്‍
ഇടയ്ക്കിടയ്ക്ക്
ഭൂതകാലത്തേയ്ക്കുള്ള
ഊര്‍ന്നു പോക്കാണ് ജീവിതം

വേദനിച്ചാലും
മൂട് കീറിയ നിക്കറിനു
വേണ്ടിയാണ് മല്‍പ്പിടുത്തം
ക്ലാസിലെ അവസാനത്തെ ബഞ്ചില്‍,
ഒറ്റക്കൊഴുകുന്ന പുഴവക്കില്‍
ഒരിക്കലും പൂത്തിട്ടില്ലാത്ത മാഞ്ചോട്ടില്‍,
ആരും ചുംബിക്കാത്ത അവളുടെ ചുണ്ടില്‍

ഓര്‍ക്കാപ്പുറത്താണ്
റോഡിന്‍റെ സൈഡിലേയ്ക്ക്
ചേര്‍ത്തു നിര്‍ത്തുന്ന കാറില്‍നിന്നും
ഒരു കൈ
ഒരൊറ്റ ഓര്‍മ്മയിലേയ്ക്ക് മാത്രം
നിര്‍ബന്ധിച്ചു വിളിച്ചു കൊണ്ട് പോവുക

ശീതീകരിച്ച മുറിയിലെ,
ഒരേ ചഷകത്തിലേയ്ക്ക്,
അബോധലായനിയിലേയ്ക്ക്,
ഐസ് കട്ടപോലെ തണുത്ത
ജീവിതം കുടഞ്ഞിടും

ലാഭ നഷ്ട കണക്കെടുപ്പില്‍,
വീതം വയ്പ്പില്‍,
പ്രണയക്കെടുതിയില്‍
ബാക്കിയായ പലതും
പതംപറഞ്ഞു കരഞ്ഞു
പലതവണ മുങ്ങി നിവരും

രണ്ടെണ്ണം കഴിഞ്ഞാല്‍
നാവു കുഴഞ്ഞ ഒരു ഓര്‍മ്മ
അടുക്കളപ്പുകയില്‍
കണ്ണ് കുഴിഞ്ഞവളെ ഇരുട്ടില്‍ തേടും
‘വായ്‌ നാറുന്നു’
എന്നവള്‍ കരുവാളിച്ച മുഖം
വെറുതേ, വീര്‍പ്പിക്കാന്‍ ശ്രമിക്കും

‘ഒരു കാലത്ത് നെടുനീളന്‍ കവിതയായി നീണ്ടു കിടന്നവളേ,
ഓരോ വരിയായി മുത്തിക്കുടിച്ചവളേ’
എന്ന് ഉറക്കെയുറക്കെ ഉമ്മ വയ്ക്കും

‘നേരം ഇരുട്ടി..’ എന്ന ഓര്‍മ്മപ്പെടുത്തല്‍
എത്ര വേഗമാണ്
ശുഷ്കിച്ച കിടപ്പറ ഇരുട്ടില്‍നിന്ന്
ശീതീകരിച്ച
മരണത്തിലേയ്ക്ക്
വീണ്ടും വലിച്ചിഴച്ചത് !

കൈവീശി കൈവീശി
കടന്നു പോകുന്ന
നടത്തയുറക്കാത്ത,
ബാല്യകാല ഓര്‍മ്മകളെ,
എത്ര ബദ്ധപ്പെട്ടാണ്
കാറില്‍കയറ്റി
തിരിച്ചയച്ചത് !
_ രശ്മി കേളു

Leave a Reply