പര്യാലോചന; വരവര റാവുവിൻ്റെ കവിത

തങ്ങളിൽ ഒരാളുടെ ലോക്കപ്പ് കൊലപാതകത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ നടത്തിയ ബന്ദ് വിജയിപ്പിക്കാൻ ബോംബ് നൽകി എന്നാരോപിച്ച് 1985ൽ വരവര റാവുവിനെ കള്ളകേസിൽ കുടുക്കി തടവിലാക്കി. അന്ന് അദ്ദേഹം എഴുതിയതാണ് ഈ കവിത.
വിവർത്തനം _ കെ മുരളി

പര്യാലോചന

ഞാനല്ല വെടിമരുന്ന് കൊടുത്തത്
ആശയങ്ങളും ഞാനല്ല നൽകിയത്
ഉരുക്കു ബൂട്ടുകളിട്ട്
ഉറുമ്പിൻ കൂട്ടിൽ ചവിട്ടി കയറിയത്
നീയാണ്
ചവിട്ടിമെതിച്ച ആ മണ്ണിൽ നിന്ന്
പ്രതികാരചിന്തകൾ മുളപൊട്ടി

നീയാണ് തേനീച്ച കൂട്ടിൽ
ലാത്തി കൊണ്ടടിച്ചത്
ഭയം ചുട്ടികുത്തി ചുവപ്പിച്ച
നിന്റെ പേടിച്ചരണ്ട മുഖത്ത്
പൊട്ടിതെറിച്ചു
ചിതറിയ ഈച്ചകളുടെ മൂളക്കം

ജനഹൃദയങ്ങളിൽ
വിജയഭേരി മുഴങ്ങിയപ്പോൾ
അത് ഒരാളാണെന്ന് കരുതി തോക്ക് ചൂണ്ടി നീ
ചക്രവാളമാകെ വിപ്ലവത്തിന്റെ മാറ്റൊലി.

Like This Page Click Here

Telegram
Twitter