നിശബ്ദത വെടിഞ്ഞു റോണാ വിൽസന്റെ മോചനത്തിനായി ശബ്ദമുയർത്തുക
അഡ്വ തുഷാർ നിർമ്മൽ സാരഥി
ഭീമാ കൊറേഗാവ് കേസ്സിൽ തടവിൽ കഴിയുന്ന മലയാളി റൊണാ വിൽസന്റെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തു രഹസ്യ ഫോൾഡർ ഉണ്ടാക്കി അതിൽ വ്യാജ കത്തുകൾ നിക്ഷേപിച്ചതായി ആഴ്സനെൽ എന്ന അമേരിക്ക ആസ്ഥാനമാക്കിയ ഡിജിറ്റൽ ഫോറൻസിക് സ്ഥാപനം നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നു. ഇപ്രകാരം നിക്ഷേപിക്കപ്പെട്ട വ്യാജ കത്തുകളുടെ പേരിലാണ് 16 ഓളം സാമൂഹ്യപ്രവർത്തകർ കഴിഞ്ഞ 2 വർഷമായി തടവിൽ കിടക്കുന്നത്. തുടക്കം മുതൽ തന്നെ സാമൂഹ്യപ്രവർത്തകരെ കേന്ദ്രീകരിച്ചു കൊണ്ട് വഴിവിട്ട നീക്കങ്ങൾ മോഡി സർക്കാരും മഹാരാഷ്ട്രയിലെ അന്നത്തെ ബിജെപി സർക്കാരും നടത്തുന്നതായി വ്യക്തമായിരുന്നതാണ്.
ശിവസേന -എൻ.സി.പി സഖ്യ സർക്കാർ വന്നതിനു ശേഷം ഈ കേസ് പുനരന്വേഷിക്കാൻ തീരുമാനമായപ്പോഴാണ് കേസ് എൻ.ഐ.എക്കു വിട്ടത്. അന്വേഷണത്തിന്റെ ഭാഗമായി നടന്ന ഫോറൻസിക് പരിശോധനയിൽ കമ്പ്യൂട്ടർ ഹാക്ക് ചെയ്തതായി കണ്ടെത്തിയിട്ടില്ല എന്ന വാദമാണ് ഇപ്പോൾ എൻ.ഐ.എ ഉയർത്തുന്നത്. മുൻപ് കാരവൻ മാഗസിനും ഈ കേസിലെ ഡിജിറ്റൽ തെളിവുകൾ സ്വതന്ത്രമായ പരിശോധനക്ക് വിധേയമാക്കുകയും സമാനമായ നിഗമനത്തിലെത്തുകയും ചെയ്തിരുന്നു.
ഭീമാ കൊറേഗാവ് കേസ്സിൽ ഇന്ന് തടവിൽ കഴിയുന്നവർ ഭരണകൂടം അവർക്കെതിരെ ആരോപിച്ച യാതൊരു കുറ്റവും ചെയ്യാത്തവരാണ്. അവരുടെ മോചനത്തിന് വേണ്ടി ശബ്ദമുയർത്തുക എന്നാൽ മനുഷ്യാവകാശ സംരക്ഷണത്തിനും ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നടപടികൾക്കും എതിരായി ശബ്ദമുയർത്തുക എന്നു തന്നെയാണ് അർത്ഥം. ഈ സാമൂഹ്യപ്രവർത്തകർ ജയിലിൽ കിടക്കുന്ന ഓരോ നിമിഷവും ജനാധിപത്യവും ഭരണഘടനയും നിയമവാഴ്ച്ചയും തന്നെയാണ് വിചാരണ നേരിടുന്നത്.
റൊണാ മലയാളിയാണെങ്കിലും കേരളത്തിൽ കാര്യമായ പ്രതിഷേധം ഭീമാ കോറെഗാവ് കേസിലെ അറസ്റ്റിൽ ഉണ്ടായിട്ടില്ലാ എന്നത് ഖേദകരമാണ്. ആനന്ദ് തേൽതുംബ്‌ദെക്കും സ്റ്റാൻസ്വാമിക്കും വരവരാറാവുവിനും വേണ്ടി ഉയർന്ന അത്ര പ്രതിഷേധം പോലും മലയാളിയായ റോണക്കു വേണ്ടി എന്തുകൊണ്ട് ഉയർന്നില്ല എന്നത് നമ്മൾ കാര്യമായി ആലോചിക്കേണ്ടതുണ്ട്. ഇപ്പോൾ ഇതാ റോണയുടെ പേരിലുള്ള കുറ്റാരോപണം അദ്ദേഹത്തിന്റെ കമ്പ്യൂട്ടർ ഹാക്ക് ചെയ്തു മറ്റാരോ നിക്ഷേപിച്ച വ്യാജകത്തുകളുടെ അടിസ്ഥാനത്തിലാണെന്നു പുറത്തു വന്നിരിക്കുന്നു. അദ്ദേഹത്തിന്റെ അഭിഭാഷകർ വഴി നടത്തിയ നീക്കങ്ങളിലൂടെയാണ് ഈ വിവരം പുറത്തു വന്നിരിക്കുന്നത്.
ഭരണകൂട ഭീകരതക്ക് ഇരയായ ഒരാൾ തന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് ഈ വിവരങ്ങൾ പുറത്ത് വരുന്നത്. ഈ കത്തുകളുടെ പേരിലാണ് മറ്റു സാമൂഹ്യപ്രവർത്തകരെ ഈ കേസ്സിൽ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നു കൂടി ഓർക്കണം. ഇനിയെങ്കിലും നിശബ്ദത വെടിഞ്ഞു റോണാ വിൽസന്റെ മോചനത്തിന് വേണ്ടി ശബ്ദിക്കാൻ തയ്യാറാക്കുക.
Washington Postൽ വന്ന റിപ്പോർട്ട് വായിക്കാം