ഫാഷിസ്റ്റുവിരുദ്ധതക്ക് വോട്ടു ചെയ്തവർ ഈ കൊടുക്കൽ വാങ്ങലുകൾ അറിഞ്ഞിരുന്നോ?

#Election
ഭരണകൂടവും അക്രമകാരികളും തമ്മിലുള്ള ചില കൊടുക്കൽ വാങ്ങലുകളെ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കാൻ എത്രനാൾ കഴിയും ?


ലിബി സി എസ്

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ആദ്യം മുതൽ ഇപ്പോൾ വരെ നടന്നിട്ടുള്ള എല്ലാ ഇടപെടലുകളിലും നേരിട്ടും അല്ലാതെയും എന്റേതായ പങ്ക് നിറവേറ്റിയിട്ടുള്ളയാളാണ് ഞാൻ. അത് അതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ളവർക്ക് എല്ലാം അറിയാം. ശബരിമല വിധിയും തുടർന്നുണ്ടായ ശൂദ്രലഹളയും കേവലം ശബരിമലയിലെ ഒരു വിശ്വാസ തർക്കം മാത്രമായി ജനധിപത്യബോധമുള്ള ഒരു സംഘടനയ്ക്കും കരുതാനാവില്ല

ഭരണഘടനയേയും നീതിന്യായ വ്യവസ്ഥയെയും ഭരണകൂടത്തെയും പൊതുസമൂഹത്തെയും വെല്ലുവിളിച്ചുകൊണ്ട് ഫാസിസം തെരുവിലിറങ്ങിയ കേരളത്തിലെ ആദ്യത്തെ സംഭവമായിരുന്നു അത് എന്നിരിക്കിലും കേരളത്തിലെ സകല പ്രസ്ഥാനങ്ങളും അവയുടെ ബഹുജന സംഘടനകളും ഈ വിഷയത്തിൽ കാണിച്ച ഊളത്തരങ്ങളും കേരളം കണ്ടതാണ്.

ഇതിനു മുൻപ് കോടതിവിധി കാറ്റിൽ പറത്തിക്കൊണ്ട് ബാബറി മസ്ജിദ് തകർത്തു കൊണ്ടാണ് അയോധ്യയിൽ ഫാസിസ്റ്റുകൾ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന കലാപരിപാടികൾക്ക് തുടക്കമിട്ടത്. ബാബറിമസ്ജിദ് കേസിൽ സുപ്രീംകോടതിയുടെ ഫുൾ ബെഞ്ചിന്റെ ഒരു വിധിയുണ്ടായിരുന്നു, “ബാബ്റി മസ്ജിദിന്റെ ഒരു ഇഷ്ടികപോലും ഇളകരുത്” എന്നായിരുന്നു അത്. അതിൻറെ ഒരു ഇഷ്ടികപോലും അവശേഷിപ്പിക്കാതെ സംഘ് പരിവാർ തകർത്ത് തരിപ്പണമാക്കി. പക്ഷെ അത് നടന്നത് അന്നത്തെ കല്യാൺസിംഗ് മന്ത്രിസഭയുടെ കാലത്ത് ഭരണകൂട ഒത്താശയോടെയായിരുന്നു. കേരളത്തിൽ അതിനേക്കാൾ ഭീകരമായി ഭരണകൂടത്തെപോലും വെല്ലുവിളിച്ചുകൊണ്ടാണ് ഫാസിസ്റ്റുകൾ അഴിഞ്ഞാടിയത്.എന്നിട്ടും അതെല്ലാം കണ്ടുകൊണ്ടിങ്ങനെ ഇരിക്കാനല്ലാതെ തിരിച്ച്എന്തുകൊണ്ടാണ് ഒന്നും ചെയ്യാൻ കഴിയാതിരുന്നത് എന്നത് ആത്മാർഥമായി ഒന്ന് ചിന്തിച്ചു നോക്കിയാൽ കാര്യങ്ങൾ വ്യക്തമാണ്.

ചില കൊടുക്കൽ വാങ്ങലുകൾ ഭരണകൂടവും അക്രമകാരികളും തമ്മിൽ ഈ വിഷയത്തിന്റെ തുടക്കം മുതൽ ഇപ്പോൾ വരെ നിലനിന്നിരുന്നു എന്ന് വ്യക്‌തം. പൊലീസിലെയും ദേവസ്വം ബോർഡിലെയും ഒരു വിഭാഗം വളരെ പരസ്യമായാണ് ഇത് ചെയ്തിരുന്നത്. ഇത് സർക്കാർ സംവിധാനത്തിന്റെ സമസ്ത മേഖലകളും മുതൽ പാർട്ടി ഘടകങ്ങളിൽ വരെ നടന്നിട്ടുണ്ട്.

രേഷ്മ നിഷാന്തും ഷനിലയും ആദ്യം പോയത് പോലീസും പാർട്ടി ഘടകങ്ങളും ഒക്കെ അറിഞ്ഞുകൊണ്ടാണ്. പക്ഷെ രണ്ടു വണ്ടികളിലായി പോയ അവരെ കൃത്യമായി പൊലീസ് നിലയ്ക്കലിൽ തടയുകയും വാർത്ത അടുത്ത സെക്കൻഡിൽ ജനം ടിവി സംപ്രേഷണം ചെയ്യുകയും ചെയ്തു . മറ്റു മാധ്യമങ്ങളിൽ നിന്ന് ജനം ടിവി വാർത്ത കണ്ട്‌ വിളിക്കുമ്പോഴാണ് തങ്ങൾക്ക് സുരക്ഷ ഒരുക്കാനല്ല തടയാനാണ് പൊലീസും എത്തിയതെന്ന് അവർക്ക് മനസിലായത്.

നവോത്ഥാന തള്ളുകാർക്കും പുനരുത്ഥാന കോമരങ്ങൾക്കും നഷ്ടങ്ങളൊന്നുമില്ല. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ വാക്കുംവിശ്വസിച്ച് ശബരിമലയിലേക്ക് പുറപ്പെട്ട സ്ത്രീകളുടെയും അവരെ പിന്തുണച്ചവരുടെയും അവസ്ഥ അതല്ല. രാംദാസ് കതിരൂരിന്റെ വീട് തകർത്തത് പട്ടാപകലാണ്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന നൽകിയിട്ടും 6 മാസമായിട്ടും ഒരാളെപ്പോലും അറസ്റ്റു ചെയ്തിട്ടില്ല. അപർണ്ണ ശിവകാമിയുടെ വീടാക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികളെ പിടിച്ചില്ലെന്നുമാത്രമല്ല, അപർണ്ണയ്ക്കും സുഹൃത്തുക്കൾക്കും ആചാര സംരക്ഷണ പൊലീസ് ഒരു കേസ് ഫ്രീ ആയി ഫിറ്റ് ചെയ്തുകൊടുത്തു. മഞ്ജുവിന്റെ വീടാക്രമിക്കാൻ നേതൃത്വം കൊടുത്തയാളെ പേരു സഹിതം പൊലീസിന് നൽകിയിട്ടും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ബിന്ദു തങ്കം കല്യാണിയെ ജോലിചെയ്യാൻ അനുവദിക്കാതെയും അവരുടെ കുട്ടിയെ വിദ്യാഭ്യാസം ചെയ്യാനും അനുവദിക്കാതെ ഇടതുപക്ഷ കേരളത്തിൽ സംഘികൾ വേട്ടപ്പട്ടികളെപ്പോലെ ഓടിക്കുകയായിരുന്നു. സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്താൻ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി കേരളത്തിലെ സർക്കാർ നടപ്പിലാക്കിയപ്പോൾ സ്ത്രീകൾക്കുണ്ടായ റിട്ടേൺ ഇതാണ്.

രേഷ്മ നിഷാന്തിന് ജോലി നഷ്ടപ്പെട്ടു. രഹ്ന ഫാത്തിമ സസ്പെൻഷനിലായി. മഞ്ജുവിന് പുറത്തിറങ്ങാനും ജോലിക്ക് പോകാനും പറ്റാത്ത അവസ്ഥയിലാണ്. എൻറെ സ്വന്തം സ്ഥാപനമാണെന്നറിയാതെ ഗൾഫിൽ നിന്നുൾപ്പെടെ സംഘികൾ സൈറ്റിലെ നമ്പറിൽ വിളിച്ച് ഭീഷണിയും ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന അപേക്ഷയും ആക്രോശങ്ങളുമെല്ലാം നടത്തി. സൈറ്റിലെ പരസ്യങ്ങളിലെല്ലാം വിളിച്ച് അവ ബ്ലോക്ക് ചെയ്യിപ്പിച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് 3 ലാപ്ടോപ്പുകളാണ് ഞങ്ങൾക്ക് നഷ്ടപ്പെട്ടത്, രണ്ടെണ്ണം ഓഫീസ് ആക്രമിച്ച് നശിപ്പിച്ചു. ഒരെണ്ണവും ഫോണും പൊലീസ് കസ്റ്റഡിയിലായി. ഓഫീസ് ആക്രമിച്ച കേസിൽ ശൂദ്രനായ കെട്ടിട ഉടമ അക്രമികൾക്കുവേണ്ടി കാലുമാറി.കേസും കോടതി ചിലവും വേറെ.

ഇതൊന്നും കണ്ടു പിന്നോട്ടില്ല. ഇതൊക്കെ പ്രതീക്ഷിച്ച് തന്നെയാണ് ഇറങ്ങിത്തിരിച്ചത്. പക്ഷെ ഈ നവോത്ഥാന തള്ളിന്റെ മറുവശം കൂടി സ്ത്രീപക്ഷ നിലപാടുള്ളവർ കാണാതിരിക്കരുത്. ഒരിക്കൽ കൂടി കേന്ദ്രത്തിൽ മോദി അധികാരത്തിൽ വന്നാൽ ഇവർ ഇനിയും എന്തുമാത്രം ദാസ്യവേലകൾ ചെയ്യുമെന്ന് ഊഹിക്കാൻ അത് ഉപകരിക്കും.

രെഹനയുടെ അറസ്റ്റിലും തുടർന്ന് കോടതിയിലും സർക്കാർ സ്വീകരിച്ച നിലപാടും ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടായ 5 ഭവന ഭേദന കേസുകളിൽ പൊലീസ് സ്വീകരിച്ച നിലപാടുകളിലും ഈ കൊടുക്കൽ വാങ്ങലുകൾ സ്പഷ്ടമാണ്.

അവസമായി എൻറെ അറസ്റ്റിൽ പോലും ഇത് കാണാം. എന്നെ വീട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത് ഏപ്രിൽ 1ന് രാവിലെയാണ്. അറസ്റ്റ് രേഖപ്പെടുത്തുന്നത് ഉച്ചയോടെയാണ്. പക്ഷെ ചില ബി.ജെ.പി വനിതാ നേതാക്കളും സംഘ് പരിവാര മാധ്യമപ്രവർത്തകരുമൊക്കെ തലേന്ന് മാർച്ച് 31 രാത്രി 9 മണിക്ക് ശേഷം എന്നെ അറസ്റ്റ് ചെയ്‌തെന്നും റിമാൻഡിൽ ആയേക്കുമെന്നും ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. തലേന്ന് തന്നെ ഇവർക്ക് കാര്യങ്ങൾ വ്യക്തമാകത്തക്ക കൊടുക്കൽ വാങ്ങലുകൾ ഇവർക്കിടയിലുണ്ടെന്ന് ഇതിൽനിന്ന് സ്പഷ്ടമല്ലേ ? പിന്നീട് രണ്ടു ദിവസം ഞാൻ പൊലീസ് കസ്റ്റഡിയിൽ പോയപ്പോൾ അതെനിക്ക് കൂടുതൽ വ്യക്തമാക്കുകയും ചെയ്തു.

ഈ കൊടുക്കൽ വാങ്ങലുകളാണ് ശബരിമല സ്ത്രീ പ്രവേശന വിധിക്ക് സമാനമായ വിധി ഉത്തരേന്ത്യയിൽ പോലും നടപ്പിലാക്കിയിട്ടും സി.പി.എം ഭരിക്കുന്ന കേരളത്തിൽ നടപ്പിലാക്കാൻ പറ്റാതിരുന്നതിനും സംഘികൾ അഴിഞ്ഞാടുന്നതിനും കാരണമായി തീർന്നത്. അതുകൊണ്ട് ഫാസിസ്റ്റ് വിരുദ്ധതയ്ക്ക് വോട്ടുചെയ്യുന്നവർ ഈ കൊടുക്കൽ വാങ്ങലുകളും കാണാതിരുന്നുകൂട !

Leave a Reply