യോഗിയോട് ചത്ത പശുക്കളുടെ ദുരിതം വിവരിക്കുന്ന പ്രിയങ്ക സിദ്ദിഖ് കാപ്പനെ കുറിച്ച് മിണ്ടുന്നില്ല!


ശ്രീജ നെയ്യാറ്റിൻകര

ഹിന്ദുത്വക്കെതിരെയുള്ള രാഷ്ട്രീയ പോരാട്ടത്തിൽ ഒരിക്കലും കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് അടിവരയിട്ട് പറയേണ്ടി വരുന്നത് അവരുടെ നയസമീപനങ്ങളുടെ കൂടെ പശ്ചാത്തലത്തിലാണ്. ഹിന്ദുത്വ ഭീകരൻ യോഗി ആദിത്യനാഥ്‌ ഭരിക്കുന്ന ഉത്തർപ്രദേശ് അനുദിനം ഒരു സമ്പൂർണ്ണ ഹിന്ദുത്വ സ്റ്റേറ്റായി മാറിക്കൊണ്ടിരിക്കുന്നു എന്നതിൽ നമുക്കാർക്കും യാതൊരു തർക്കവുമില്ല. ജാതിക്കൊലകളും, പശുവിന്റെ പേരിലുള്ള കൊലകളും, ബലാത്സംഗങ്ങളും, ദലിത് – മുസ്‌ലിം വംശഹത്യകളും, മാധ്യമവേട്ടകളും നിരന്തരം അരങ്ങേറിക്കൊണ്ടിരിക്കുന്ന അനീതികളുടെ ഈറ്റില്ലമായ ഹിന്ദുത്വ സ്റ്റേറ്റ്.

അങ്ങനെയുള്ളൊരിടത്തു ഹിന്ദുത്വ ഫാസിസത്തെ നേരിടാൻ കോൺഗ്രസിന്റെ വഴി പശു സംരക്ഷണ യാത്രയാണ് എന്നുള്ളിടത്ത് സംഘ് പരിവാറിന്റെ അതേ ഹിന്ദുത്വ രാഷ്ട്രീയം തന്നെയാണ് തങ്ങളുടെ രാഷ്ട്രീയമെന്ന് കോൺഗ്രസ് ഉറപ്പിക്കുന്നു. പശു സംരക്ഷണയാത്രയിൽ പ്രിയങ്ക ഗാന്ധി പോലും ഭാഗമാകുമ്പോൾ ബാബരി മസ്ജിദ് ഭൂമിയിൽ രാമക്ഷേത്രം പണിയുന്ന അനീതിക്ക് പ്രിയങ്ക പ്രകടിപ്പിച്ച ഐക്യദാർഢ്യം അത്ഭുതപ്പെടുത്തുന്നില്ല.

ഉത്തർപ്രദേശിൽ കഷ്‌ടത അനുഭവിക്കുന്ന പശുക്കളുടെ അവസ്ഥ വിവരിച്ചു ചത്ത പശുക്കളുടെ ഫോട്ടോയടക്കം ചേർത്ത് യോഗിക്ക് കഴിഞ്ഞ ദിവസം കത്തെഴുതിയ മഹതിയാണ് പ്രിയങ്ക. അതേ പ്രിയങ്കയാണ് യുപി സർക്കാർ അന്യായമായി തട്ടിക്കൊണ്ടുപോയി ദ്രോഹിക്കുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി ഇടപെടും എന്ന് കാപ്പന്റെ ഭാര്യയ്ക്ക് രാഹുൽ ഗാന്ധി ഉറപ്പുകൊടുത്തത്. പശു സംരക്ഷണ യാത്രയ്‌ക്കൊരുങ്ങുന്ന ആ സ്ത്രീ ഈ നിമിഷം വരെ കാപ്പനെ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. ചത്ത പശുക്കളുടെ ഫോട്ടോയെടുത്ത് യോഗിയോട് ഗോമാതാക്കളുടെ ദുരിതം വിവരിച്ച പ്രിയങ്കയ്ക്ക് സിദ്ദിഖ് കാപ്പനെന്ന മുസ്‌ലിമിന്റെ പേര് മിണ്ടാനുള്ള ആർജ്ജവം ഉണ്ടാകില്ല.

സംഘ് പരിവാറിന്റെ ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കാൻ അതേ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്ന കോൺഗ്രസ് രാഷ്ട്രീയത്തെ എങ്ങനെയാണ്‌ ഇന്ത്യയിലെ മതേതര ജനത വിശ്വസിക്കുക? ഹിന്ദുത്വ രാഷ്ട്രീയം ആയുധമാക്കുന്നത് ആരായാലും അവരെ ഭയക്കണം. അത് ബിജെപിയായാലും കോൺഗ്രസ് ആയാലും.

കോൺഗ്രസിന്റെ ഈ നെറികെട്ട പശു രാഷ്ട്രീയം പലരും അറിഞ്ഞ മട്ട് തന്നെയില്ല. അതെങ്ങനാ പ്രിയങ്ക ഗാന്ധി ആയിപ്പോയില്ലേ, വൃന്ദാ കാരാട്ട് വല്ലതും ആയിരുന്നെങ്കിൽ നമ്മൾ പൊളിച്ചേനെ. ബ്രാഹ്മണിക്കൽ ഫാസിസത്തെ കുറിച്ച് ഇതിനോടകം എത്ര പ്രബന്ധങ്ങൾ രചിക്കപ്പെട്ടേനേ. കാറൽ മാക്സ് മുതൽ ഗ്രാംഷി വരെ അതിന്റെ പേരിൽ തെറി കേട്ടേനെ…

Like This Page Click Here

Telegram
Twitter