സുഹൃത്ത് ചെവിയിൽ പറഞ്ഞു ‘ക്യാമ്പിൽ ഒരു റേപ്പ് വിക്റ്റിം ഉണ്ട് !

അകത്ത് കയറിയ അതേ വേഗതയിൽ ഞാൻ പുറത്ത് വാതിൽപ്പടിയിൽ വന്നു നിന്നു, അത്രമാത്രം രൂക്ഷമായ ദുർഗന്ധം. ഇരുട്ട് നിറഞ്ഞ ആ ഹാളിൽ ഏറെയും പ്രസവിച്ച അമ്മമാരും ഗർഭിണികളും മാത്രം…


റെനി ഐലിൻ

ഒരു വലിയ ഗ്രൗണ്ടിൽ നിറയെ ടെന്റുകൾ ഏതോ യുദ്ധ ചലച്ചിത്രത്തെ ഓർമ്മിപ്പിക്കുന്ന രംഗം. പ്രാഥമിക സൗകര്യങ്ങൾ നന്നേ കുറവ്. ഒരു അഭയാർഥി ക്യാമ്പിലെ എല്ലാ ദുരിതങ്ങളും മുഴച്ചു നിൽക്കുന്നു. ഒരറ്റത്ത് ഒരു വലിയ പന്തൽ കലാപത്തിന്റെ അനുഭവങ്ങൾ ഓരോരുത്തരും പങ്ക് വയ്ക്കുന്നു. ഒരു മനുഷ്യൻ കൈയ്യിലും പിന്നെ ബാഗിലും എഫ്.ഐ.ആർ, കേസുകളുടെ വിവരങ്ങൾ പിന്നെ നിവേദനങ്ങൾ ഒരു വലിയ കടലാസ്കെട്ട്. ഓരോന്നോരോന്നായി വിവരിക്കുന്നു.

അൽപ സമയം കഴിഞ്ഞ് പിന്നിലിരുന്ന എന്റെ അഭിഭാഷക സുഹൃത്ത് ചെവിയിൽ പറഞ്ഞു ‘ക്യാമ്പിൽ ഒരു റേപ്പ് വിക്റ്റിം ഉണ്ട് ‘ ആര് ? എന്ത് ? എവിടെ ? എന്നൊക്കെ ഞാൻ ചോദിക്കുന്നതിനു മുൻപ് സുഹൃത്ത് പറഞ്ഞു ‘നമ്മോട് ഇത്ര നേരവും കാര്യങ്ങൾ വിവരിച്ച് തന്നില്ലേ അയാളുടെ ഭാര്യ. ‘ ഓ…. ഞാനറിയാതെ എന്റെ ശബ്ദം ഉയർന്നു…
കണ്ണിൽ ഇരുട്ട് കയറുന്ന പോലെ….
ഞാൻ സമനില വീണ്ടെടുത്ത് കൊണ്ട് ഒപ്പമുണ്ടായിരുന്ന ഒരു വനിതാ അഭിഭാഷകയെ അങ്ങോട്ടേക്കയച്ചു.

കുറെ അപ്പുറത്ത് ഒരു കെട്ടിടം. അതും ക്യാമ്പാണ്. അകത്ത് കയറിയ അതേ വേഗതയിൽ ഞാൻ പുറത്ത് വാതിൽപ്പടിയിൽ വന്നു നിന്നു, അത്രമാത്രം രൂക്ഷമായ ദുർഗന്ധം. ഇരുട്ട് നിറഞ്ഞ ആ ഹാളിൽ ഏറെയും പ്രസവിച്ച അമ്മമാരും ഗർഭിണികളും മാത്രം. ടെന്റിലെ അവസ്ഥയിൽ നിന്നും മെച്ചപ്പെട്ട പരിചരണം കിട്ടാനാണത്രേ. താഴെ വരാന്തയിൽ ചവറ് കൂന പോൽ ഒരു പഴന്തുണി കൂമ്പാരം. കുറെ കുട്ടികൾ പാകമായ തുണികൾ തിരയുകയാണ്.

സ്ഥലം_ മുസഫർ നഗർ.
പള്ളി എന്ന് വിളിക്കാവുന്ന ഒരു കെട്ടിടം. ഇഷ്ടിക, തകരം, തടി എന്നിവയൊക്കെയാണ് നിർമ്മാണ സാമഗ്രികൾ. പള്ളി ആക്രമിക്കപ്പെട്ടു, കത്തിച്ചു. യുവാവായ മദ്രസ അധ്യാപകൻ പ്രാണരക്ഷാർഥം മുകളിൽ നിന്ന് താഴെ ചാടി. കാലൊടിഞ്ഞു. എങ്ങനെയോ രക്ഷപ്പെട്ടു. പള്ളിക്ക് കീഴിലെ ഖബറുകൾ കുത്തിത്തുറന്നു.

സ്ഥലം_ പൂനെ
മുകളിലെ രണ്ട് ദുരന്തങ്ങളും നേരിട്ട് കണ്ട അനുഭവങ്ങളാണ്. രണ്ട് സ്ഥലങ്ങളിലും ആയുധങ്ങളുമേന്തി വാഹനങ്ങളിൽ പരസ്യ റാലി നടത്തി ‘പാക്കിസ്ഥാൻ ഓർ ഖബറിസ്ഥാൻ’ എന്ന് വിളിച്ചാണ് ഹിന്ദുത്വ തീവ്രവാദികൾ മുസ്‌ലിങ്ങളെ കൊന്നത്. പൂനെയിൽ അക്രമത്തിന് നേതൃത്വം നൽകിയ ഹിന്ദുരാഷ്ട്ര സേനാ നേതാവിന് പുരസ്‌ക്കാരം നൽകി ആദരിക്കുക പോലും ചെയ്തു.

ഇതൊക്കെ എന്തിന് പറഞ്ഞു എന്ന് ചോദിച്ചാൽ സംഘ് പരിവാർ ‘വീണ്ടും വെടിയുതിർത്തപ്പോൾ’ കേരളത്തിലെ ചില സാംസ്കാരിക പ്രതിഭകൾ ഞെട്ടിയത്രേ ! അതുകൊണ്ട് പറഞ്ഞെന്ന് മാത്രം ക്ഷമിച്ചേര്.
Photo Courtesy_ Hindustan Times

Leave a Reply