തീരദേശത്ത് ഭരണകൂടം നടപ്പിലാക്കുന്ന നിശബ്ദ വംശഹത്യ
കടൽ കയറ്റത്തെ മുതലെടുത്ത് ഭരണകൂടം നടപ്പിലാക്കുന്ന നിശബ്ദമായ വംശഹത്യ തന്നെയാണിത്. തീര സുരക്ഷയെ അവഗണിച്ചു കൊണ്ട് തീരം വിടാൻ മത്സ്യത്തൊഴിലാളികളെ, നക്കാപ്പിച്ച കാശ് വാങ്ങി സ്വയം കുടിയൊഴിഞ്ഞു പോകാൻ നിർബ്ബന്ധിതമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ന് ഇത് തീര ജനതയുടെ പ്രശ്നമാണെങ്കിലും നാളെ ഇത് മുഴുവൻ കേരളത്തിന്റെയും പ്രശ്നമായി മാറും…
അഡ്വ തുഷാര്‍ നിര്‍മ്മല്‍ സാരഥി
കേരളത്തിന്റെ തീര ജനതയോട് സർക്കാർ അനുവർത്തിക്കുന്നത് വംശഹത്യക്ക് സമാനമായ നയ നടപടികളാണ്.1948 ലെ വംശഹത്യാ വിരുദ്ധ കൺവെൻഷന്റെ നിർവ്വചനമനുസരിച്ച് ഏതെങ്കിലും മത, വംശ, ഗോത്ര വിഭാഗങ്ങളെ നശിപ്പിക്കുക എന്ന ഉദ്യേശത്തോടെ മാനസികവും ശാരീരികവുമായ ആഘാതങ്ങൾ ഏൽപ്പിക്കുന്നതും, അത്തരം വിഭാഗങ്ങളുടെ ഭൗതികമായ നിലനിൽപ്പിനെ അപകടപ്പെടുത്തുന്ന വിധത്തിലുള്ള ജീവിത സാഹചര്യങ്ങൾ അവരിൽ അടിച്ചേൽപ്പിക്കുന്നതും വംശഹത്യയാണ്.
കേരളത്തിന്റെ 550 കി.മീ നീളുന്ന കടലോര പ്രദേശത്തിൽ വെറും 43 കി.മീ മാത്രമാണ് സുരക്ഷിത തീരം എന്നാണ് ഫിഷറീസ് വകുപ്പ് തന്നെ പറയുന്നത്. എന്നാൽ തീരം സുരക്ഷിതമാക്കാനൊ കടൽ കയറി കര നഷ്ടപ്പെടുന്നത് തടയാനൊ മാറി മാറി വന്ന സർക്കാറുകൾ ശാസ്ത്രീയമായ നടപടികൾ ഒന്നും സ്വീകരിച്ചില്ല. സർക്കാറിന്റെ ഈ അനാസ്ഥയുടെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് ചെല്ലാനം എന്ന തീരഗ്രാമം. അവിടെ സ്ഥാപിച്ച പുലിമുട്ടുകൾ കടലിൽ താണുപോയിട്ട് വർഷം ഇരുപത് കഴിഞ്ഞു. കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി അവിടെ കടൽഭിത്തിയുടെ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല. ചെല്ലാനത്ത് ഹാർബർ വന്നതോടെ ഹാർബറിന് വടക്ക് പല സ്ഥലങ്ങളിലും കടൽഭിത്തി ഇടിഞ്ഞു. കുറച്ചു കുറച്ചായി ഇടിഞ്ഞു തുടങ്ങിയ കടൽഭിത്തി ഇപ്പോൾ 1. 100 കി.മീ യോളം തകർന്നിരിക്കുന്നു. എല്ലാ വർഷവും രണ്ടു തവണ കടൽ കരയിലേക്ക് കയറുന്നത് മൂലം നൂറുകണക്കിന് കുടുംബങ്ങൾ ദുരിതമനുഭവിക്കുന്നു. എന്നാൽ ഈ തീരം സുരക്ഷിതമാക്കാൻ നാളിതുവരെ സർക്കാറുകൾ ‘കാര്യക്ഷമമായി’ യാതൊരു നടപടിയും എടുത്തിട്ടില്ല.
പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഈ അവസ്ഥ ഒന്നുകൂടി രൂക്ഷമായിരിക്കുന്നു. തീരം സുരക്ഷിതമാക്കുക എന്നതല്ല മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുക എന്നതാണ് സർക്കാർ നയമായി സ്വീകരിച്ചിട്ടുള്ളത്. മേഴ്സിക്കുട്ടിയമ്മ ഫിഷറീസ് വകുപ്പ് മന്ത്രിയായി ചുമതല ഏറ്റ ശേഷം ആദ്യം ഏറ്റെടുത്ത പദ്ധതി തിരുവനന്തപുരം – ആലപ്പുഴ തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പദ്ധതിയാണ്. ഇപ്പോൾ 12 മീറ്റർ, 8 മീറ്റർ വീതിയിൽ തീരദേശ ഹൈവേ പദ്ധതി സർക്കാർ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പൂവാർ മുതൽ കാസർക്കോട്ടെ കുഞ്ചത്തൂർ വരെയാണ് ഈ ഹൈവേ. ഹൈവേയോടു ചേർന്ന് സൈക്കിളിംഗ് ട്രാക്കും ഉണ്ടാകും. രാജ്യത്തെ തുറമുഖങ്ങളെ ബന്ധിപ്പിച്ച് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സാഗർ മാലാ പദ്ധതിയുടെ ഭാഗമായിരിക്കും ഈ തീരദേശ ഹൈവേ. 6500 കോടിയാണ് ഈ ഹൈവേ നിർമ്മാണ പദ്ധതിയുടെ ചെലവ്. ഹൈവേ നിർമ്മാണത്തിലുടെ ടൂറിസത്തിനും, ചരക്കു നീക്കത്തിനും ഗുണമാവും എന്നാണ് സർക്കാർ പറയുന്നത്.
റോഡ് നിർമ്മിച്ചാൽ സ്വാഭാവികമായും കടൽ തീരത്തെ ധാതു, മത്സ്യസമ്പത്തുകളിലും, ജലലഭ്യതയിലും കണ്ണുവച്ച് മൂലധന നിക്ഷേപ സാധ്യതയുണ്ട്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ടും ഹോട്ടൽ റിസോർട്ട് നിർമ്മാണ സാധ്യതകളുമുണ്ട്. ഈ സാധ്യതകൾ ഉപയോഗപ്പെടുത്താൻ ഏറ്റവും വലിയ തടസ്സം തീരമേഖലയിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളാണ്. അവരെ റോഡ് നിർമ്മാണത്തിനായി നിർബ്ബന്ധിച്ച് കുടിയൊഴിപ്പിക്കില്ലെന്ന് സർക്കാർ പറയുന്നു. പകരം തീരം സുരക്ഷിതമല്ലെന്നും തീരദേശത്ത് കടലിനോട് 50 മീറ്റർ പരിധിയിൽ താമസിക്കുന്നവരിൽ സ്വയം കുടിയൊഴിഞ്ഞു പോകുന്നവർക്ക് സർക്കാർ വീടുവച്ച് നൽകുകയോ, സ്ഥലം വാങ്ങിച്ച് വീട് വെക്കാൻ 10 ലക്ഷം രൂപ നൽകുകയോ ചെയ്യുമെന്നാണ് പറയുന്നത്.
കുടിയൊഴിഞ്ഞാൽ പിന്നെ കടൽ തീരത്തു നിന്നും കിലോമീറ്ററുകൾ മാറി മാത്രമെ ഇന്നത്തെ കേരളത്തിന്റെ അവസ്ഥയിൽ ഭൂമി ലഭ്യമാകു. റോഡിനോ മറ്റേതെങ്കിലും പദ്ധതിക്കോ വേണ്ടി കുടിയൊഴിപ്പിക്കുകയാണെങ്കിൽ കൊടുക്കേണ്ടി വരുന്ന തുകയേക്കാൾ കുറച്ചു തുക നൽകി തീരജനതയെ കുടിയിറക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രയോജനം. ചുരുക്കത്തിൽ വൻ നിക്ഷേപ സാധ്യതയുള്ള തീരമേഖലയിൽ നിന്ന് കടലിന്റെ മക്കളെ ദൂരേക്ക് അകറ്റി മൂലധന ശക്തികളെ കുടിയിരുത്താനുള്ള നീക്കമാണ് നടക്കുന്നത്. കടൽക്ഷോഭത്തെ അതിന് കാരണമാക്കുകയാണ് സർക്കാർ ചെയ്യുന്നത്.
ഇനി ഇതെങ്ങനെ വംശഹത്യക്ക് സമാനമാകും എന്ന് നോക്കാം !
കുടിയൊഴിപ്പിക്കുന്ന തൊഴിലാളികൾക്ക് അവരുടെ വളളങ്ങളും മത്സ്യബന്ധനോപകരണങ്ങളും സൂക്ഷിക്കാൻ കടൽ തീരത്ത് ചെറിയ പുരകൾ നിർമ്മിച്ചു നൽകുമെന്നാണ് സർക്കാർ പറയുന്നത്. തങ്ങളുടെ പുതിയ വാസ സ്ഥലങ്ങളിൽ നിന്ന് കടൽതീരത്ത് വന്ന് മത്സ്യ ബന്ധനത്തിന് ശേഷം മത്സ്യത്തൊഴിലാളി തിരിച്ച് പോകണം. സ്വാഭാവികമായും ധാരാളം പേർ മത്സ്യബന്ധനം ഉപേക്ഷിക്കാൻ ഇത് കാരണമാകും. നാളിതുവരെ കടലുമായി ബന്ധപ്പെട്ട് ജീവിച്ച ഈ ജനത കടലുമായി മല്ലിട്ടു നേടിയ തൊഴിൽ പരവും പാരിസ്ഥിതികവുമായ ജ്ഞാനത്തിന്റെയും അറിവുകളുടേയും തുടർച്ചയിൽ ഭംഗം വരികയും ഇത് മത്സ്യബന്ധനമെന്ന തൊഴിൽ മേഖലയെ തന്നെ ഗുരുതരമായ പ്രതിസന്ധിയിൽ എത്തിക്കുകയും ചെയ്യും. ഈ പ്രതിസന്ധി മത്സ്യത്തൊഴിലാളികളുടെ നിലനിൽപ്പിനെ തന്നെയാണ് ചോദ്യം ചെയ്യുക.
കടൽ കയറ്റത്തെ മുതലെടുത്ത് ഭരണകൂടം നടപ്പിലാക്കുന്ന നിശബ്ദമായ വംശഹത്യ തന്നെയാണിത്. തീര സുരക്ഷയെ അവഗണിച്ചു കൊണ്ട് തീരം വിടാൻ മത്സ്യത്തൊഴിലാളികളെ, നക്കാപ്പിച്ച കാശ് വാങ്ങി സ്വയം കുടിയൊഴിഞ്ഞു പോകാൻ നിർബ്ബന്ധിതമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ന് ഇത് തീര ജനതയുടെ പ്രശ്നമാണെങ്കിലും നാളെ ഇത് മുഴുവൻ കേരളത്തിന്റെയും പ്രശ്നമായി മാറും. കടൽ കയറ്റം എന്നത് ഒരു യാഥാർത്യമാണ്. കാലാവസ്ഥാ വ്യതിയാനം ആണ് ഇതിന് ഒരു പ്രധാന കാരണം. തീര ഹൈവേയും തീരദേശത്തെ മൂലധന നിക്ഷേപവും ഈ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരമല്ല. തീര ജനതക്ക് വേണ്ടി തീരസുരക്ഷക്ക് വേണ്ടി മുഴുവൻ കേരള ജനതയും അണിനിരക്കേണ്ട സമയമാണിത്. പുനരധിവാസമല്ല തീര സുരക്ഷയാണ് വേണ്ടത് !