നമുക്കെതിരെ ആരെങ്കിലും വന്നാൽ ഒന്ന് പരാതി പറയാൻ പോലും നമ്മൾക്ക് ഭയമാണ്

ഗൗരിയെ കൊല ചെയ്ത് ഒരാഴ്ചയോളം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചു, സ്വന്തം കൂടപിറപ്പുകളെ വിവരമറിയിച്ചിട്ടും വന്നില്ല. നിങ്ങൾ എന്തെങ്കിലും ചെയ്തോളൂ എന്നാണ് അവർ അറിയിച്ചത്…  ട്രാൻസ് സൗഹൃദ കേരളമെന്നത് വെറുംവാക്കാവുയാണോ ? നമുക്കെതിരെ ആരെങ്കിലും വന്നാൽ ഒന്ന് പരാതി പറയാൻ പോലും നമ്മൾക്ക് ഭയമാണ്…


ഫൈസൽ സി

ശാലൂ, പ്രിയസഹോദരി… ഇന്ന് ഞങ്ങളെല്ലാം ചേർന്ന് എറണാകുളത്ത് ഹൈക്കോടതി ജംഗ്ഷനിൽ നിന്റെ മരണത്തിന് കാരണക്കാരായവരെ പിടികൂടണമെന്നും നീതി കിട്ടണമെന്നും ആവശ്യപ്പെട്ട് ദുഖാചരണം നടത്തി. നിന്റെ സഹോദരങ്ങളായ ഞങ്ങൾ ഹൃദയം നുറുങ്ങുന്ന വേദനയിലായിരുന്നു. നിനക്ക് മുമ്പ് മറിയയും കഴിഞ്ഞ വർഷം ഗൗരിയും മനസാക്ഷിപോലും മരവിച്ച ചില മനുഷ്യരാൽ അരുംകൊല ചെയ്തപ്പോഴും ഇതേ ഇടത്തിൽ അന്നും നമ്മൾ പറഞ്ഞു, ഇനിയൊരു മറിയയും ഇനിയൊരു ഗൗരിയും ആവർത്തിച്ചുകൂടാ എന്ന്.

ഇന്ന് ഷാലൂ നിനക്കു വേണ്ടിയും ഒത്തുകൂടിയപ്പോഴും അത് തന്നെ ഓരോരുത്തരും ആവർത്തിച്ചു. ട്രാൻസ് സൗഹൃദ കേരളമെന്നത് വെറുംവാക്കാവുയാണോ ? നമുക്കെതിരെ ആരെങ്കിലും വന്നാൽ ഒന്ന് പരാതി പറയാൻ പോലും നമ്മൾക്ക് ഭയമാണ്. അധികാരികൾ പോലും വിവേചനം, അത്ര നമ്മൾ അനുഭവിക്കുന്നു. നമുക്കായ് ഇതുവരെ ഒരു നിയമനിർമ്മാണം പോലും നടന്നിട്ടില്ല. ഇനിയെന്നാണ് ഇങ്ങനെയൊരു മാറ്റം ഉണ്ടാവുക ?

ഗൗരിയെ കൊല ചെയ്ത് ഒരാഴ്ചയോളം കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചു, സ്വന്തം കൂടപിറപ്പുകളെ വിവരമറിയിച്ചിട്ടും വന്നില്ല. നിങ്ങൾ എന്തെങ്കിലും ചെയ്തോളൂ എന്നാണ് അവർ അറിയിച്ചത്. ഒരാഴ്ച്ച കഴിഞ്ഞ് മോർച്ചറിയിൽ നിന്നും എന്റെ ഈ കൈകൾ കൊണ്ട് ഗൗരിയെ ഇറക്കുമ്പോൾ കൂടെ ഉണ്ടായിരുന്ന നമ്മുടെ കമ്മ്യൂണിറ്റി ആളുകൾ പരസ്പരം കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞത് ഓർത്തു പോകുന്നു. പൊട്ടിക്കരയുന്നവർക്ക് മുൻപിൽ ധൈര്യം കൈവിടാതെ ഞാൻ ഒരുവിധത്തിൽ പിടിച്ചു നിൽക്കുകയായിരുന്നു.

വീടും കൂടപ്പിറപ്പുകളും ഉണ്ടായിരുന്നിട്ടും ഗൗരിയെ ആ പൊതുശ്മശാനത്തിൽ അടക്കിക്കഴിഞ്ഞപ്പോൾ ഞാൻ തളർന്നു പോയിരുന്നു. ഇനി ഇങ്ങനെ ഒരു അവസ്ഥ നമ്മൾകുണ്ടാകരുതെന്നും ഒരു പാടാഗ്രഹിച്ചു എന്നിട്ടും ഇപ്പോ ഷാലു നീ… ലോകം മാറുമെന്നു കരുതി ഇനിയും കാത്തിരിയ്ക്കാം, ഇനിയും ഒരു മറിയയും ഗൗരിയും ഷാലുവും ആവർത്തിക്കാതിരിക്കട്ടെ.

Leave a Reply