ഇടതുപക്ഷം ഭരിക്കുന്ന കേരളവും ‘രാജ്യദ്രോഹ രാജ്’ ന്റെ ഭാഗമാകുന്നു; ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

ഇടതുപക്ഷം എന്ന് അവകാശപ്പെടുന്നവർ അധികാരത്തിലിരിക്കുന്ന ഒരു സംസ്ഥാനം ആയിട്ടുപോലും കേരളവും ഇന്ത്യയിലെമ്പാടും നടന്നുകൊണ്ടിരിക്കുന്നു ‘രാജ്യദ്രോഹ രാജ്’ ന്റെ ഭാഗമാകുന്നുവെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം.

പുൽവാമ ആക്രമണത്തെ തുടർന്ന് സംഘ് പരിവാർ കശ്മീരികൾക്കു നേരെ നടത്തുന്ന ആക്രമങ്ങളിൽ പ്രതിഷേധിച്ചു പോസ്റ്റർ പതിച്ചതിന് മലപ്പുറം സർക്കാർ കോളേജിലെ രണ്ടു വിദ്യാർത്ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചിരുന്നു. അറസ്റ്റിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പുറത്തിറക്കിയ പ്രസ്താവനയിലാണ്, ബി.ജെ.പി സർക്കാരുകൾക്ക് സമാനമായി കേരളത്തിലെ ഇടതുപക്ഷ സർക്കാരും അഭിപ്രായപ്രകടനം നടത്തുന്നവരെ രാജ്യദ്രോഹകുറ്റം ചുമത്തി വേട്ടയാടുന്നതിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

പ്രസ്താവനയുടെ പൂർണ്ണരൂപം
രാജ്യദ്രോഹ കുറ്റം ചുമത്തി മലപ്പുറം ഗവൺമെൻറ് കോളേജിലെ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിക്കുക. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഹിന്ദുത്വ ഫാസിസ്റ്റുകളുടെ നേതൃത്വത്തിൽ ഇന്ത്യയിലെമ്പാടും കാശ്മീരികൾക്ക് എതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചുകൊണ്ടും കാശ്മീരി ജനതയുടെ സ്വയം നിർണയാവകാശത്തെ പിന്തുണച്ചുകൊണ്ടും പോസ്റ്റർ പതിച്ചതിന് മലപ്പുറം സർക്കാർ കോളേജിലെ ,റിൻഷാദ് , മുഹമ്മദ് ഫാരിസ് എന്നീ വിദ്യാർത്ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലടച്ച നടപടി അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണ്.

ഹിന്ദുത്വ ഫാസിസ്റ്റുകൾ മുന്നോട്ടുവയ്ക്കുന്ന അക്രമോത്സുകവും സങ്കുചിതവുമായ ദേശീയതാഖ്യാനത്തിന് വിരുദ്ധമായ അഭിപ്രായങ്ങളെ രാഷ്ട്രീയമായി അടിച്ചമർത്തുന്നതിനുള്ള നീക്കങ്ങൾ ഇന്ത്യയിലെമ്പാടും ശക്തിപ്പെട്ടുവരികയാണ്. കൊളോണിയൽ നിയമങ്ങൾ ഉപയോഗിച്ചു കേസെടുത്തു കൊണ്ട് അഭിപ്രായപ്രകടനങ്ങളും ആശയസംവാദങ്ങളും നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങൾ വ്യാപകമാണ്. ഈ ശ്രമങ്ങളുടെ തുടർച്ച തന്നെയാണ് മലപ്പുറം സർക്കാർ കോളേജിലെ വിദ്യാർത്ഥികൾക്ക് നേരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവം.

കൊളോണിയൽ ഭരണാധികാരികൾ അവരുടെ അധികാരം നിലനിർത്തുന്നതിനും ഇന്ത്യൻ ജനതയെ അടിച്ചമർത്തുന്നതിനും നടപ്പിലാക്കിയ രാജ്യദ്രോഹക്കുറ്റം കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികം കാലമായി നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ഭാഗമായി നിലനിൽക്കുകയാണ്. സ്വാതന്ത്ര്യാനന്തരം ഇത്തരമൊരു നിയമത്തിന്റെ രാഷ്ട്രീയവും നിയമപരവുമായ പ്രസക്തിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. ഈ നിയമത്തിന്റെ നിയമപരമായ സാധുത സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ എന്നോ പരിമിതപ്പെട്ടതാണ്.

അത് പരിഗണിക്കാതെയാണ് രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടി ഭരണകൂടം ഇപ്പോഴും രാജ്യദ്രോഹകുറ്റം ചുമത്തി ആളുകളെ തുറുങ്കിലടക്കുന്നത്. മാത്രമല്ല സ്വാതന്ത്ര്യലബ്ധിക്കുശേഷം കൊളോണിയൽ വീക്ഷണത്തിൽ അധിഷ്ഠിതമായ ഈ നിയമത്തിന്റെ രാഷ്ട്രീയമായ പ്രസക്തിതന്നെ തീർത്തും ഇല്ലാതായി കഴിഞ്ഞിട്ടുണ്ട് . ഇന്ത്യൻ നിയമ വ്യവസ്ഥയിൽ നിന്നും തന്നെ ഇത്തരം കൊളോണിയൽ തുടർച്ച പേറുന്ന രാജ്യദ്രോഹകുറ്റം പോലുള്ള നിയമങ്ങൾ ഉച്ചാടനം ചെയേണ്ട ഒരു കാലത്താണ് ഏറ്റവുമധികം രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നത്.

1962ൽ കേദാർനാഥ് കേസ്സിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് രാജ്യദ്രോഹക്കുറ്റം എന്ന് പൊതുവിൽ, അറിയപ്പെടുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124 എ വകുപ്പിൻറെ നിയമപരമായ സാധുതയെ സംബന്ധിച്ച് ‘ ചരിത്രപരമായ വിധി പ്രഖ്യാപിക്കുകയുണ്ടായി. രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാസാധുത അംഗീകരിച്ച സുപ്രീംകോടതി പക്ഷേ ബ്രിട്ടീഷുകാരുടെ കാലത്ത് ഉപയോഗിച്ചിരുന്ന രീതിയിൽ 124 എ വകുപ്പിലെ ഭാഷയുടെ കേവല അർത്ഥത്തിൽ വ്യാഖ്യാനിച്ചാൽ അത് ഭരണഘടനാവിരുദ്ധമായി പോകും എന്ന പ്രഖ്യാപിക്കുകയുണ്ടായി.

ഭരണഘടന നിലവിൽ വന്നതിനുശേഷം മൗലികാവകാശങ്ങൾക്ക് വിരുദ്ധമായ തരത്തിൽ നിയമങ്ങൾ നടപ്പിലാക്കാൻ കഴിയുകയില്ല എന്നും സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. മൗലികാവകാശങ്ങൾ നിയന്ത്രിക്കാൻ ഭരണകൂടത്തിന് അവകാശമുണ്ട്. എന്നാൽ അപ്രകാരം ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ പൊതു സമാധാനം, ക്രമം, സാമൂഹ്യസുരക്ഷാ മുതലായവയെ കരുതിയുള്ള യുക്തിസഹമായ നിയന്ത്രണങ്ങളാവേണ്ടതുണ്ട് എന്നും വിലയിരുത്തിയ സുപ്രീംകോടതി രാജ്യദ്രോഹക്കുറ്റം അപ്രകാരമുള്ള യുക്തിസഹമായ നിയന്ത്രണത്തിന്റെ പരിധിയിൽ വരണമെങ്കിൽ ആസന്നമായ ആക്രമണത്തിന് പ്രേരിപ്പിക്കുന്നതോ ക്രമസമാധാനം തകർക്കാൻ ഉദ്ദേശച്ചുകൊണ്ടുള്ളതോ ആയ പ്രവർത്തികൾക്ക് നേരെ മാത്രമേ അത് ഉപയോഗിക്കാൻ പാടുകയുള്ളൂ എന്നും വിധിച്ചു.

മലപ്പുറം സർക്കാർ കോളേജിലെ വിദ്യാർഥികൾ പതിച്ചതായി പറയുന്ന പോസ്റ്ററുകൾ ഏതെങ്കിലും വിധത്തിൽ അടിയന്തരമായ ഒരു അപകട സ്ഥിതിവിശേഷത്തിന് കാരണമായിട്ടില്ല എന്നത് വസ്തുതയാണ്. ഏറി കൂടിയാൽ വിദ്യാർത്ഥികളുടെ ഒരു രാഷ്ട്രീയ അഭിപ്രായ പ്രകടനം മാത്രമായ് ഈ സംഭവത്തെ കാണാൻ കഴിയുകയുള്ളു. എന്നാൽ ഇതിൻറെ പേരിൽ വിദ്യാർത്ഥികളെ തടവിൽ അടച്ച നടപടി സുപ്രീംകോടതിയുടെ വിധിന്യായങ്ങൾക്ക് എതിരും നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്.

കോളേജുകൾ പോലുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ പുതിയ ആശയങ്ങളും ആവിഷ്കാരങ്ങളും ഉയർന്നുവരേണ്ട സർഗാത്മക കേന്ദ്രങ്ങളാണ്. ജനാധിപത്യപരമായ സംവാദാത്മകത ആ സർഗാത്മകതയുടെ മുന്നുപാധിയാണ്. എന്നാൽ മലപ്പുറത്ത് ഉണ്ടായ സംഭവം ജനാധിപത്യപരമായ സംവാദാത്മകത യുടെ കടക്കൽ കത്തി വയ്ക്കുന്നതിന് തുല്യമാണ്. അഭിപ്രായപ്രകടനങ്ങളും ആവിഷ്കാരങ്ങളുമെല്ലാം ഹിന്ദുത്വ ഫാസിസ്റ്റുകളുടെ ദേശീയതാ ആഖ്യാനങ്ങൾക്ക് വിധേയപ്പെട്ടു കൊണ്ടു മാത്രമേ സാധ്യമാകു എന്ന സ്ഥിതിവിശേഷം ആണ് ഇതിലൂടെ നിർമിക്കപ്പെടുന്നത്. ഇടതുപക്ഷം എന്ന് അവകാശപ്പെടുന്നവർ അധികാരത്തിലിരിക്കുന്ന ഒരു സംസ്ഥാനം ആയിട്ടുപോലും കേരളവും ഇന്ത്യയിലെമ്പാടും നടന്നുകൊണ്ടിരിക്കുന്നു ‘രാജ്യദ്രോഹ രാജ്’ ന്റെ ഭാഗമാകുന്നു എന്നത് സിപിഎമ്മിനെ പോലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾ എപ്രകാരമാണ് ഹിന്ദുത്വ ഫാസിസത്തിന്റെ ബ്രാഹ്മണ്യത്തിൽ അധിഷ്ഠിതമായ സങ്കുചിത – അക്രമോത്സുക ദേശീയതാ ആഖ്യാനത്തിന്റെ മാപ്പു സാക്ഷികളായി മാറുന്നത് എന്ന വസ്തുതയിലേക്ക് കൂടിയാണ് വിരൽ ചൂണ്ടുന്നത്.

ഹിന്ദുത്വ ഫാസിസത്തെ ചെറുത്തു തോൽപ്പിക്കണം എന്ന് ആത്മാർത്ഥമായി ഇന്ത്യയിലെ വ്യവസ്ഥാപിത ഇടതുപക്ഷം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ ഏറ്റവും ആദ്യം തന്നെ ഇത്തരം അടിച്ചമർത്തൽ നടപടികൾക്കെതിരെ പ്രതിരോധം തീർക്കാൻ തയ്യാറാവുകയാണ് വേണ്ടത്. മുൻപ് കേരളത്തിലും ഇന്ത്യയിലാകെ തന്നെയും കാശ്മീരടക്കമുള്ള ദേശീയതകളുടെ സ്വാതന്ത്ര്യത്തെ കുറിച്ച് വലിയ സംവാദങ്ങളും സെമിനാറുകളും ഒക്കെ വ്യാപകമായി നടന്നിട്ടുണ്ട്. ഈ നിലപാടിനെ ന്യായീകരിക്കുന്ന എത്രയോ പുസ്തകളും ഇവിടെ ലഭ്യമാണ്. അവർക്ക് ഒന്നും ഇല്ലാത്ത രാജ്യദ്രോഹം ഇപ്പോൾ മലപ്പുറത്തടക്കം വിദ്യാർത്ഥികൾക്ക് നേരെ ചുമത്തപ്പെടുന്നു.അതും ഇടതെന്ന് അവകാശപ്പെടുന്ന ഒരു സർക്കാർ ഭരിക്കുന്നിടത്ത്.

നമ്മുടെ ജനാധിപത്യത്തിന്റെ ഇടം ചുരുങ്ങുന്നതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണങ്ങളാണിവ .ഇത് അത്യന്തം ഗൗരവമായി കാണേണ്ടതും ശക്തമായ പ്രതിഷേധമുയർത്തേണ്ടതുമായ സംഭവമാണ്.പ്രത്യേകിച്ചും വിദ്യാർത്ഥികളെ പോലീസിന്റെ മുന്നിലേക്ക് കലാലയ പ്രിൻസിപ്പാൾ മാർ വലിച്ചെറിഞ്ഞ് കൊടുക്കുന്ന ഈ കാലത്ത് .ജെ.എൻ.യുവിലും ഹൈദ്രാബാദിലും കാസർക്കോഡ് കേന്ദ്ര സർവ്വകലാശാലയിലും ഒക്കെ ഒരു കൂട്ടം അദ്ധ്യാപകരെ ഉപയോഗിച്ചാണ് സർക്കാറും സംഘിവത്ക്കരിക്കപ്പെട്ട പോലീസും രാജ്യദ്രോഹ കുറ്റം ചുമത്തി വിദ്യാർത്ഥികളെ വേട്ടയാടിയത്. അന്നൊക്കെ അതിനെ എതിർത്തതാണ് ഇടതുപക്ഷം . എന്നാലിന്ന് തങ്ങളുടെ ഭരണത്തിൽ എന്ത് കൊണ്ട് അതേ രീതിയിൽ വിദ്യാർത്ഥികളെ വേട്ടയാടുന്നു എന്ന് അവർ മറുപടി പറയേണ്ടി വരും.

രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട് തടവിൽ കഴിയുന്ന മലപ്പുറം സർക്കാർ കോളേജിലെ വിദ്യാർത്ഥികളെ നിരുപാധികം വിട്ടയക്കണമെന്നും അവർക്കെതിരെ അന്യായമായി രജിസ്റ്റർ ചെയ്തിട്ടുള്ള രാജ്യദ്രോഹക്കേസ് പിൻവലിക്കണമെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആവശ്യപ്പെടുന്നു. വർദ്ധിച്ചുവരുന്ന ഇത്തരം അടിച്ചമർത്തൽ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധമുയർത്താൻ മുഴുവൻ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങളും തയ്യാറാകണമെന്നും പ്രസിഡന്റ് അഡ്വ: തുഷാർ നിർമ്മൽ സാരഥിയും സെക്രട്ടറി സി.പി റഷീദും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

Leave a Reply