ദളിതായ എന്നെ ക്രൂരമായി ആക്രമിച്ച സംഘ് പരിവാറുകാരെ പൊലീസ് സംരക്ഷിക്കുന്നു

“എന്റെ കണ്ണിന്റെ കാഴ്ച അടക്കം ഭാഗികമായി നഷ്ടപ്പെട്ടിട്ടും, ജില്ലാ പോലീസ് മേധാവിയുടെ ആസ്ഥാനത്ത്‌ വെച്ച് ദളിത് സ്ത്രീ ആയ ഞാൻ ആസിഡ് സ്വഭാവത്തിലുള്ള ദ്രാവകം ഉപയോഗിച്ച് ആക്രമിക്കപ്പെട്ടിട്ടും, യാതൊരുവിധ അന്വേഷണവും നടത്താത്ത പോലീസിൽ എനിക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു…”
മുഖ്യമന്ത്രിക്ക് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ കത്ത്

“ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക്

ഞാൻ ദളിത് വിഭാഗത്തിൽപ്പെട്ട അക്ഷരഭ്യാസമില്ലാത്ത മാതാപിതാക്കൾക്കുജനിച്ച ഒരാളാണ്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തി പിടിച്ചു മാത്രം പ്രവർത്തിക്കുന്ന എന്നെ
2019 ഭരണഘടനാ ദിനത്തിൽ ഗൂഡാലോചനനടത്തി ആസൂത്രിതമായി സംഘടിതമായി വന്നു എറണാകുളം പോലീസ് കമ്മിഷണർ ഓഫീസിന് മുൻപിൽ വെച്ച് കെമിക്കൽ സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച പ്രതികൾ ആണ് ഫോട്ടോയിലുള്ളത്. അതിൽ കൃത്യം നടത്തിയ പ്രതിയെ മാത്രം അറസ്റ്റ് ചെയ്യുകയും മറ്റുള്ളവരെ പ്രതി ചേർക്കാൻ പോലീസ് തയ്യാറായിരുന്നില്ല. എന്നാൽ മജിസ്‌ട്രേറ്റിനു മുൻപാകെ കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതീക്ഷ് വിശ്വാനാഥൻ, രാജഗോപാൽ, ദിലീപ് എന്നിവരെ പ്രതിച്ചേർത്തിരുന്നു. തുടർന്ന് രാജാഗോപാൽ, പ്രതീക്ഷ് വിശ്വനാഥൻ എന്നിവർ നൽകിയ മുൻ‌കൂർ ജാമ്യപേക്ഷ ജില്ലകോടതി തള്ളിയിട്ടും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാൻ തയ്യാറായിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥർ ഇത്‌ വരെ എന്റെ മൊഴി(further statement ) എടുക്കാൻ പോലും തയ്യാറായിട്ടില്ല. ഫോറെൻസിക് റിപ്പോർട്ട്‌ തുടങ്ങി യാതൊന്നും ഇപ്പോഴും ലഭ്യമായിട്ടില്ലെന്നാണ് പോലീസ് തന്നെ അറിയിച്ചത്. എന്റെ കണ്ണിന്റെ കാഴ്ച അടക്കം ഭാഗികമായി നഷ്ടപ്പെട്ടിട്ടും, ജില്ലാ പോലീസ് മേധാവിയുടെ ആസ്ഥാനത്ത്‌ വെച്ച് ദളിത് സ്ത്രീ ആയ ഞാൻ ആസിഡ് സ്വഭാവത്തിലുള്ള ദ്രാവകം ഉപയോഗിച്ച് ആക്രമിക്കപ്പെട്ടിട്ടും, യാതൊരുവിധ അന്വേഷണവും നടത്താത്ത പോലീസിൽ എനിക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.

അന്വേഷണ ഉദ്യോഗസ്ഥർ എന്റെ ഫോൺ കോൾ അറ്റൻഡ് ചെയ്യാൻ പോലും തയ്യാറല്ല. ജില്ലാ കോടതിയിൽ നിന്നും മുൻ‌കൂർ ജാമ്യം നിഷേധിച്ചതിനു ശേഷം പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതിതിയും മുൻകൂർജാമ്യം തള്ളിയിട്ടും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാൻ തയ്യാറല്ല.

ഇന്ന് ഞാൻ എറണാകുളം പോലീസ് കമ്മിഷണറെ കേസുമായി ബന്ധപ്പെട്ടു ഫോൺ വിളിച്ചെങ്കിലും ഞാൻ ആരാണെന്ന് മനസ്സിലായ ഉടൻ ഫോൺ കട്ടു ചെയ്യുകയുണ്ടായി. പിന്നീട് വിളിച്ചിട്ട് കോൾ എടുക്കാൻ തയ്യാറായിട്ടില്ല.
പ്രോസീക്യൂഷൻ കേസ് ശരിയായി നടത്താത്ത സാഹചര്യത്തിൽ എനിക്ക് കേസിൽ അസ്സിസ്റ്റ്‌ ചെയ്യാനായി Adv. Jayakrishnan U എന്ന ഹൈകോർട്ട് അഭിഭാഷകനെ ആശ്രയിക്കേണ്ടി വന്നു. കോടതിയിൽ നിന്നും എനിക്ക് സമൻസ് അയച്ചിരുന്നു എന്നാണ് ഓർഡറിലുള്ളത്. എന്നാൽ എനിക്ക് യാതൊരു വിധ അറിയിപ്പും കോടതിയിൽ നിന്നും ലഭിച്ചിട്ടില്ല. പ്രതികളുടെ ഏജൻസി വർക്കിലൂടെ ജീവനക്കാരെ സ്വാധീനിച്ചിരിക്കാം എന്ന് ഞാൻ കരുതുന്നു. സംഭവം നടന്ന സമയത്തു അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ ഈ പ്രതികൾ തലേദിവസം ഹൈകോടതി പരിസരത്ത് വെച്ച് ഗൂഡാലോചന നടത്തുന്നത് കണ്ടിരുന്നു എന്ന് എന്നോട് പറഞ്ഞിരുന്നു. (അദ്ദേഹം ഇപ്പോൾ അത് ഓർമ്മിക്കുന്നുണ്ടോ എന്ന് അറിയില്ല.)
പോലീസ് പ്രതികളെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നു. സ്ത്രീ സുരക്ഷയ്ക്ക് മുൻ‌തൂക്കം നൽകുന്ന ഒരു സർക്കാർ ഭരിക്കുന്ന കേരളത്തിൽ ദളിത് വിഭാഗത്തിൽപ്പെട്ട എനിക്ക് നേരെ ഉണ്ടായ ക്രൂരമായ സംഘപരിവാർ ആക്രമണത്തിൽ കേരള പോലീസ് പ്രതികളെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നത് അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.
_ ബഹുമാനപൂർവ്വം
ബിന്ദു അമ്മിണി
09.02.21 ”

Like This Page Click Here

Telegram
Twitter