കുഞ്ഞാലിക്കുട്ടിയോട് ഒരു മലപ്പുറത്തുകാരന്‍റെ ചില ചോദ്യങ്ങൾ

മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറിയും മലപ്പുറം എം പിയുമായ പി കെ കുഞ്ഞാലിക്കുട്ടിയോട് മലപ്പുറം ജില്ലയുടെ വികസനത്തെ സംബന്ധിച്ചു ഒരു മലപ്പുറത്തുകാരന്‍റെ ചില ചോദ്യങ്ങള്‍;

സിറാജ് പനങ്ങോട്ടിൽ

‘ഔദാര്യമല്ല, അവകാശമാണ്’ എന്ന് താങ്കൾ തന്നെ ചോദിക്കുമ്പോഴെങ്കിലും സ്വയം ഒരു അപഹാസ്യത തോന്നില്ലേ? അങ്ങനെ ഉണ്ടാകുമെന്നു തോന്നിപ്പിക്കുന്നതാണ് താങ്കളുടെയും പാർട്ടിയുടെയും മലപ്പുറം വികസന കാഴ്ചപ്പാടുകളുടെ മുൻകാല ചരിത്രം പറയുന്നത്. ഏതായാലും മലപ്പുറം ജില്ലയിലെ ഒരു പൗരനെന്ന നിലയിലുള്ള എന്‍റെ സംശയങ്ങൾ അങ്ങ് ദൂരീകരിക്കണമെന്ന് ആഗ്രഹമുണ്ട്.

1. താരതമ്യേനെ ഏറ്റവും കൂടുതൽ മന്ത്രിമാരെ സംഭാവന ചെയ്ത ഒരു ജില്ല എന്നതിലും യു.ഡി.ഫ് ഭരണകാലത്തെങ്കിലും കൃത്യമായ സ്വാധീനമുള്ള സംഘടന എന്നതിലും കുഞ്ഞാലിക്കുട്ടിയുടെ ലീഗ് എന്താണ് മലപ്പുറത്തിന് വേണ്ടി ചെയ്തത്?

2. ഓരോ അഞ്ചുവർഷം കൂടുമ്പോഴും വിദ്യാഭ്യാസ വകുപ്പ് കയ്യിൽ കിട്ടുന്ന ലീഗ് മലപ്പുറത്തു ഗവണ്‍മെന്‍റ് തലത്തിൽ ഒരു എഞ്ചിനീയറിങ് കോളേജ് തുടങ്ങാൻ ശ്രമിച്ചിട്ടുണ്ടോ? സ്വകാര്യ മാനേജ്മെന്‍റു‌മായി നീക്കുപോക്ക് നടത്തുന്നത് കൊണ്ടാണ് ഭരണം മാറിയിട്ടും അതിനുവേണ്ടി സമ്മര്‍ദ്ദ നിലപാട് പോലും എടുക്കാത്തതെന്ന വിമർശനങ്ങളെ എങ്ങനെ നോക്കിക്കാണും?

3. മലബാറിലെ, പ്രതേകിച്ചും മലപ്പുറത്തെ പ്ലസ്ടു പഠന സൗകര്യക്കുറവിനെ കുറിച്ച് എത്ര പ്രാവശ്യം ഇവിടുത്തെ സംഘടനകൾ നിങ്ങള്‍ക്ക് തന്നെ നിവേദനം തന്നിട്ടുണ്ടാകും. അത് പരിഹരിക്കാൻ കയ്യിൽ അധികാരം കിട്ടിയിട്ട് പോലും നിങ്ങൾ ശ്രമിച്ചിരുന്നോ? കൊടുത്തതിൽ തന്നെ ഭൂരിഭാഗവും എയ്ഡഡ് സ്ഥാപനങ്ങൾക്കാണ് എന്ന യാഥാര്‍ത്ഥ്യം ഇപ്പോൾ വിഷയമാക്കുന്നില്ല.

4. മഞ്ചേരിയിൽ വലിയ പാരാതികളൊന്നുമില്ലാതെ നടന്നു കൊണ്ടിരുന്ന ജനറൽ ആശുപത്രിയുടെ ബോർഡ് മാറ്റി മെഡിക്കൽ കോളേജ് ആക്കിയത് നിങ്ങളുടെ പാർട്ടിയുടെ താല്‍പര്യമല്ലായിരുന്നോ? എന്തായിരുന്നു തിക്ത ഫലം, ഇപ്പോൾ ജനറൽ ആശുപത്രിയുമില്ല, മെഡിക്കൽ കോളേജിനുള്ള സൗകര്യങ്ങളുമില്ല. അന്ന് കൂട്ടത്തിൽ പ്രഖ്യാപിച്ച കോന്നി മെഡിക്കൽ കോളേജിനൊക്കെ സ്വന്തമായി വലിയ ബിൽഡിങ്ങുകളും സംവിധാനങ്ങളുമായി. വളരെ തിരക്ക് പിടിച്ച ഒരു നഗരത്തിന്‍റെ ഓരത്തുള്ള, തൊട്ടടുത്ത് സ്ഥലമെറ്റെടുക്കാൻ പോലും സൗകര്യമില്ലാത്ത ഒരിടത്ത് എങ്ങനെയാണ് വികസനം സാധ്യമാക്കുക എന്നാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി ചോദിക്കുന്നത്? നിങ്ങൾക്കെന്തെങ്കിലും മറുപടി കൊടുക്കാനുണ്ടോ? അന്ന് നഷ്ടപ്പെട്ട ജനറൽ ആശുപത്രി പകരം വേണമെന്ന ആവശ്യത്തിന് വേണ്ടി നിങ്ങളോ നിങ്ങളുടെ പാർട്ടിയോ എന്തെങ്കിലും ഇടപെടലുകൾ നടത്തിയോ?

5. ഒരുപാട് കാലം വ്യവസായ മന്ത്രിയായ ആളല്ലേ താങ്കൾ. ഇപ്പോഴും പച്ചപ്പിടിക്കാത്ത കിൻഫ്ര പാർക്കല്ലാതെ ഈ ജില്ലയിൽ എന്ത് വികസനമാണ് താങ്കൾക്ക് കൊണ്ടുവരാനായത്? ഇവിടുത്തെ തൊഴിലില്ലായ്മക്ക് പരിഹാരമെന്നോണം ഒരു ബദൽ താങ്കളുടെ കാലത്ത് സാധ്യമാക്കാനായിട്ടുണ്ടോ?

6. ഒരുപാട് ചരിത്രപരമായും പ്രകൃതിപരമായും പ്രധാന്യമുള്ള മലപ്പുറം ജില്ലയിലെ കോട്ടക്കുന്നോ അല്ലെങ്കിൽ ഒന്നോ രണ്ടോ പദ്ധതികളല്ലാതെ എന്ത് പുതിയ ടൂറിസം കാഴ്ചപ്പാടാണ് താങ്കളടക്കമുള്ളവർ നേതൃത്വം നൽകിയിരുന്ന ഭരണത്തിൽ നിന്നുണ്ടായിരുന്നത്?

7. അറബി ഭാഷയുടെ വളർച്ചയെയും ഗവേഷണങ്ങളെയും സജീവമാക്കുക എന്ന ലക്ഷ്യത്തിൽ പ്രഖ്യാപിക്കപ്പെട്ട അറബിക് സർവകലാശാല സ്ഥാപിക്കാൻ ലീഗിന് കഴിഞ്ഞിരുന്നോ? അന്ന് കെ എം മാണിയൊക്കെ നടത്തിയ രാഷ്ട്രീയ വിലപേശലിൽ വീണുകൊടുക്കുകയല്ലേ ലീഗ് ചെയ്തത്? നിഷേധിക്കാനാകുമോ?

8. താങ്കൾ ചെയർമാനായ കരിപ്പൂർ വിമാനത്താവളത്തിന്‍റെ വളർച്ചക്ക് വേണ്ടി താങ്കളെന്താണ് ചെയ്തത്? എയർപോർട്ട് സാധ്യതകളെ കൊച്ചിയിലേക്കും മറ്റു സ്വകാര്യ വിമാനത്താവളത്തിലേക്കും മാറ്റുന്നതിൽ ചില കോക്കസുകൾ തന്നെ പ്രവർത്തിക്കുന്നു എന്നും അതിൽ പ്രധാനിയായി താങ്കളുമുണ്ടെന്നും നാട്ടുകാർ അടക്കം പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? നിങ്ങളുടെ ഭരണത്തിലല്ലേ കരിപ്പൂരിൽ വലിയ തോതിൽ വിമാനം നിർത്തലാക്കാനുള്ള തീരുമാനം കേന്ദ്രം എടുത്തത്? അതിനെതിരെ കാര്യമായ പ്രതികരണം നടത്താൻ താങ്കൾക്ക് കഴിഞ്ഞിരുന്നില്ലല്ലോ? ഈ സാഹചര്യം മുതലെടുത്ത് ഉടനെ നെടുമ്പാശ്ശേരിയിലേക്ക് ഹജ്ജ് ഹൗസ് മാറ്റാനുള്ള നടപടിയല്ലേ താങ്കളെടുത്തത്? നിഷേധിക്കാനാകുമോ? ഇപ്പോഴും വിമാനത്താവളത്തിലേക്ക് ആവശ്യമായ റോഡ് വികസനം വേണമെന്നോ സ്ഥലമെടുപ്പ് സജീവമാക്കണമെന്നോ ആവശ്യപ്പെട്ടു ഏതെങ്കിലും സാഹചര്യത്തിൽ താങ്കളുടെ പാർട്ടി ഒരു സജീവ സമരത്തിലേക്ക് നീങ്ങിയിട്ടുണ്ടോ?

9. മലപ്പുറം നഗരത്തിന്‍റെ ഹൃദയ ഭാഗത്ത് കാണുന്ന കെ.എസ്.ആർ.ടി.സി ആസ്ഥാനം വിശാലമാക്കണമെന്നും വികസിപ്പിക്കണമെന്നുള്ള ദീർഘ കാലത്തെ ആവശ്യത്തിന് പരിഹാരമുണ്ടാക്കാൻ എന്തെങ്കിലും ശ്രമങ്ങൾ താങ്കൾ നടത്തിയിട്ടുണ്ടോ?

ഓർമയിൽ വന്ന ചില ചോദ്യങ്ങൾ മാത്രമാണ് കുഞ്ഞാലിക്കുട്ടി സാഹിബെ ഇതെല്ലാം. വികസനത്തിൽ എല്ലാ കാലത്തും മലപ്പുറം അവഗണന സഹിച്ചിട്ടുണ്ട്, നിങ്ങൾ ഭരിക്കുമ്പോഴും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ പ്രതിപക്ഷത്തായിട്ട് പോലും നിങ്ങളുടെ തന്നെ പാർട്ടിയിലെ എം.എൽ.എമാർ പോലും അത്തരം അവഗണനകളെ കുറിച്ച് പരാമർശിക്കുന്നു പോലുമില്ല. ഒരുപക്ഷെ, അധികാരം കിട്ടിയ കാലത്ത് ചെയ്യാനാകാത്ത.തിന്‍റെ അപഹാസ്യത കൊണ്ടായിരിക്കുമത്. ചുരുക്കത്തിൽ, ഈ ജില്ലയിൽ നിന്നും പ്രതിനിധിയായി അധികാരം കിട്ടിയ പ്രധാനപ്പെട്ട പാർട്ടി എന്ന നിലയിൽ ആദ്യമായും അവസാനമായും മലപ്പുറത്തെ വികസനചുരുക്കത്തിന്‍റെ മുഖ്യ കാരണക്കാർ നിങ്ങളാണ്. ഇപ്പോൾ ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്നുള്ള മുഖം തിരിക്കലിനെതിരെ ആത്മാർത്ഥതയുള്ള (തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ളതല്ല) ഒരു സമരം നടന്നിരുന്നുവെങ്കിൽ പോലും മാറ്റമുണ്ടായേനെ.

നിങ്ങൾക്കും പാർട്ടിക്കും മറ്റു നേതാക്കൾക്കുമൊന്നും ഇത്യാദി കാര്യങ്ങളിൽ താല്‍പര്യമില്ലാത്തതിന്‍റെ കാരണവും ഊഹിക്കാനാകും. മലപ്പുറത്തെ പൊളിറ്റിക്കൽ പോപുലേഷൻ അതാവശ്യപ്പെടുന്നില്ല എന്നതും അല്ലാതെ തന്നെ ജയിച്ചു പോകുന്ന സാഹചര്യമുള്ളതും നിങ്ങളെ മടിയന്മാരാക്കുന്നു. ഈ നാട് അത് സഹിക്കേണ്ടി വരുന്നു. പക്ഷെ, എന്നെങ്കിലുമൊരിക്കെ നിങ്ങൾക്കോ അതല്ലെങ്കിൽ പൗരന്മാർക്കോ മാറ്റമുണ്ടാകുമെന്ന ശുഭാപ്തി വിശ്വാസമാണ് ഇത്തരം ചോദ്യങ്ങളുടെ കൂടി താല്‍പര്യം എന്ന് പറയട്ടെ.

Like This Page Click Here

Telegram
Twitter