ആഭ്യന്തര വകുപ്പ് സംഘ്പരിവാറിന് റാൻ മൂളുമ്പോൾ വനിതാ കമ്മീഷൻ കുഴലൂത്ത് നടത്തുന്നു

ബി.ജെ.പി നേതാവ് മുഖ്യപ്രതിയായ പീഡനകേസില്‍ “കുറ്റപത്രം നൽകിയതറിഞ്ഞിട്ടില്ല” എന്ന വനിതാ കമ്മീഷൻ ചെയർപേഴ്സൻ എം സി ജോസഫൈനെതിരെ പ്രതിഷേധമുയരുന്നു. കണ്ണൂര്‍ പാലത്തായിയില്‍ പത്തു വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജന്‍ പീഡിപ്പിച്ച കേസില്‍ നിസാര വകുപ്പ് മാത്രം ചുമത്തി ക്രൈംബ്രാഞ്ച് നല്‍കിയ കുറ്റപത്രത്തെ കുറിച്ചു അറിയില്ലെന്നാണ് മാധ്യമപ്രവര്‍ത്തകരോട് ജോസഫൈന്‍ പറഞ്ഞത്.

ഇരിക്കുന്ന കസേരയോട് നീതി പുലർത്താൻ കഴിഞ്ഞില്ലെങ്കിൽ അവിടെ നിന്നും ജോസഫൈന്‍ ഇറങ്ങിപ്പോകണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നിരുത്തരവാദപരമായ പ്രസ്താവനയില്‍ പ്രതിഷേധിച്ചു ആക്ടിവിസ്റ്റ് ശ്രീജാ നെയ്യാറ്റിന്‍കര കത്തിലൂടെ ആവശ്യപ്പെട്ടു. “കേരളത്തിന്റെ ആഭ്യന്തര വകുപ്പ് സംഘ് പരിവാറിന് മുന്നിൽ റാൻ മൂളി നിൽക്കുമ്പോൾ വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്തിരുന്നു കൊണ്ട് താങ്കൾ നടത്തുന്ന ഈ കുഴലൂത്ത് ആർക്കും മനസിലാകുന്നില്ല എന്ന് കരുതരുത്. ദയവായി സ്ത്രീകളുടേയും പെൺകുട്ടികളുടേയും നീതിയും സുരക്ഷിതത്വവും ലക്‌ഷ്യം വയ്ക്കുന്ന ഒരു സ്ഥാപനത്തിന്റെ തലപ്പത്ത് കയറിയിരുന്ന് അനീതിക്ക് കുഴലൂത്ത് നടത്തരുത് അപേക്ഷയാണ്, ശ്രീജ വനിതാ കമ്മീഷന് അയച്ച കത്തില്‍ പറയുന്നു.

ശ്രീജാ നെയ്യാറ്റിന്‍കരയുടെ കത്തില്‍ നിന്നും

“കേരള മനസ്സാക്ഷിയെ ഞെട്ടിച്ച , കണ്ണൂർ ജില്ലയിലെ പാലത്തായി സ്‌കൂൾ അധ്യാപകൻ ബി.ജെ.പി നേതാവ് പദ്മരാജൻ പ്രതിയായ പോക്സോ കേസിനെ കുറിച്ച് താങ്കൾക്ക് അറിയുമോ എന്ന സംശയം എനിക്കുള്ളത് കൊണ്ട് ആദ്യം ആ കേസിനെ കുറിച്ചൊന്ന്‌ ചുരുക്കി പറയാം. ( കാരണം മാസം നാല് കഴിഞ്ഞിട്ടും താങ്കൾ ഇതുവരെ ഒരക്ഷരം ആ കേസിനെ കുറിച്ച് മിണ്ടിക്കണ്ടില്ല, അതുകൊണ്ടാണ് സംശയം )

കേവലം പത്തു വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് പദ്മരാജൻ സ്‌കൂൾ ശുചി മുറിയിൽ വച്ച് ഒന്നിലധികം തവണ അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയത്. തലശ്ശേരി ലോക്കൽ പോലീസ് അട്ടിമറിക്കാൻ ശ്രമിച്ച പ്രസ്തുത കേസിലെ പ്രതിയെ പൊതുസമൂഹത്തിൽ നിന്നുയർന്ന നിരവധി പ്രതിഷേധങ്ങൾക്കൊടുവിലാണ് പോലീസ് അറസ്റ്റു ചെയ്തത്. ലോക്കൽ പോലീസിന്റെ അട്ടിമറി ചൂണ്ടിക്കാണിച്ചു പൊതു സമൂഹം നടത്തിയ പ്രതിഷേധത്തെ തുടർന്ന് ആഭ്യന്തര വകുപ്പ് കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപിക്കുകയായിരുന്നു. ഇതിനിടെ ഹൈക്കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കളയുകയും ചെയ്‌തിരുന്നു. ഏറ്റവും ഒടുവിൽ ഇന്നലെ ക്രൈം ബ്രാഞ്ച് കോടതിയിൽ പോക്സോ വകുപ്പുകൾ ഉൾപ്പെടുത്താതെ അതീവ ദുർബലമായ ജെ ജെ വകുപ്പുകൾ ചേർത്ത് ഭാഗിക കുറ്റപത്രം സമർപ്പിച്ചു. സമൂഹത്തിൽ വലിയ തോതിലുള്ള പ്രതിഷേധത്തിന് ഇടയാക്കിയൊരു സംഭവമായിരുന്നു അത്.

കുറ്റപത്രത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ഒരു മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് താങ്കൾ പറഞ്ഞ മറുപടിയാണ് താങ്കൾക്കിങ്ങനൊരു പ്രതിഷേധക്കത്തെഴുതാൻ എന്നെ പ്രേരിപ്പിച്ചത്.

“കുറ്റപത്രം നൽകിയതറിഞ്ഞിട്ടില്ല” എന്ന താങ്കളുടെ പ്രതികരണം ഒരു വനിതാ കമ്മീഷൻ എന്ന നിലയിൽ എത്രമാത്രം ഹീനകരമാണ്‌ എന്ന് താങ്കൾറിയുമോ ? താങ്കൾ സാധാരണ ഒരു സ്ത്രീയല്ലല്ലോ. സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയല്ലേ ? ചുറ്റും നടക്കുന്ന കാര്യങ്ങളിൽ രാഷ്ട്രീയ ജാഗ്രത ഉണ്ടാകാൻ പാടില്ല എന്ന വിഷയത്തിൽ താങ്കൾ വല്ല ഗവേഷണവും നടത്തുന്നുണ്ടോ ? താങ്കളുടെ സംസ്ഥാനത്തൊരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് പോലീസ് കുറ്റപത്രം നൽകിയത് അറിഞ്ഞില്ല, കണ്ടില്ല, കേട്ടില്ല എന്നൊക്കെ ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് പറയാൻ താങ്കൾക്ക് ലവലേശവും ഉളുപ്പ് തോന്നുന്നില്ലേ ? താങ്കൾ നിർവ്വഹിക്കുന്ന പദവിയെ കുറിച്ച് താങ്കൾക്ക് വല്ല ബോധവുമുണ്ടോ ? വനിതാ കമ്മീഷൻ സ്ഥാനം താങ്കൾക്ക് ഒരു അലങ്കാരവും സാമൂഹ്യ പദവി ചിഹ്നവും മാത്രമാണെന്ന് ഇതിന് മുൻപ് പല തവണ താങ്കൾ തന്നെ തെളിയിച്ചിട്ടുള്ളതാണ്.

കേരളത്തിന്റെ ആഭ്യന്തര വകുപ്പ് സംഘ് പരിവാറിന് മുന്നിൽ റാൻ മൂളി നിൽക്കുമ്പോൾ വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്തിരുന്നു കൊണ്ട് താങ്കൾ നടത്തുന്ന ഈ കുഴലൂത്ത് ആർക്കും മനസിലാകുന്നില്ല എന്ന് കരുതരുത്. ഇരിക്കുന്ന കസേരയോട് നീതി പുലർത്താൻ കഴിഞ്ഞില്ലെങ്കിൽ ദയവായി താങ്കൾ അവിടെ നിന്നും ഇറങ്ങിപ്പോകണം. ഇതിന്‌ മുൻപ് ആ കസേരയിൽ ഇരുന്നിട്ടുള്ള ആരും താങ്കളെപ്പോലെ നീതി ബോധമില്ലായ്മയും രാഷ്ട്രീയ ജാഗ്രതക്കുറവും ചിന്താ ദാരിദ്ര്യവും സർവ്വോപരി പാർട്ടി അടിമത്തവും ഉള്ളവരായിരുന്നില്ല. സ്വന്തം പാർട്ടി പോലീസ് സ്റ്റേഷനും കോടതിയും ഒക്കെയാകുന്ന ഒരു കിണാശേരി സ്വപ്നം കാണാൻ വനിതാ കമ്മീഷന്റെ കസേരയല്ല തെരഞ്ഞെടുക്കേണ്ടത്. അതിന് എ.കെ.ജി സെന്ററിൽ ഒരു കസേര ഇട്ടു തരാൻ താങ്കൾ താങ്കളുടെ പാർട്ടി നേതാക്കളോട് ആവശ്യപ്പെടണം. ദയവായി സ്ത്രീകളുടേയും പെൺകുട്ടികളുടേയും നീതിയും സുരക്ഷിതത്വവും ലക്‌ഷ്യം വയ്ക്കുന്ന ഒരു സ്ഥാപനത്തിന്റെ തലപ്പത്ത് കയറിയിരുന്ന് അനീതിക്ക് കുഴലൂത്ത് നടത്തരുത് അപേക്ഷയാണ്, ശ്രീജ നെയ്യാറ്റിന്‍കര വനിതാ കമ്മീഷൻ ചെയർപേഴ്സൻ എം സി ജോസഫൈന് അയച്ച കത്തില്‍ പറയുന്നു.
July 15, 2020, 19:19 pm

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail