താഹ ഫസലിന് നീതി ഉറപ്പാക്കാൻ ജനാധിപത്യസമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം

“23കാരനായ വിദ്യാർത്ഥി താഹഫസലിനെ വീണ്ടും ജയിലിലേക്കയച്ച നടപടി ഞെട്ടിക്കുന്നതുമാണ്. നാലുമാസമായി ജാമ്യത്തിലുള്ള ഇരു വിദ്യാർത്ഥികളും കോടതിയുടെ വ്യവസ്ഥകൾ പൂർണമായും അനുസരിച്ചു കൊണ്ടാണ് കഴിഞ്ഞത്. അതിൽ എന്തെങ്കിലും ലംഘനം നടത്തിയതായി ഒരാരോപണവും താഹക്കെതിരെ ഉള്ളതായും കോടതി പറയുന്നില്ല. അത്തരം ഒരു സാഹചര്യത്തിൽ ജാമ്യം നിഷേധിക്കുന്നതു നീതിനിഷേധമാണ്…”
_ പ്രസ്താവന
അലൻ താഹ മനുഷ്യാവകാശ സമിതി

മാവോവാദി ബന്ധമാരോപിച്ചു 2019 നവംബർ ഒന്നിനു കോഴിക്കോട്ടു നിന്ന് അറസ്റ്റ് ചെയ്യപ്പെടുകയും ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണത്തിന്റെ ഭാഗമായി പത്തുമാസം ജയിലിൽ കഴിയുകയും ചെയ്ത അലൻ ഷുഹൈബ്, താഹ ഫസൽ എന്നീ വിദ്യാർത്ഥികളുടെ ജാമ്യം തടയണമെന്ന എൻഐഎയുടെ അപ്പീലിൽ കേരളാ ഹൈക്കോടതിയുടെ വിധി അങ്ങേയറ്റം നിരാശാജനകവും ജനാധിപത്യവാദികൾക്ക് ഉത്കണ്ഠയുണ്ടാക്കുന്നതുമാണ്.

ജാമ്യഹർജിൽ എറണാകുളം എൻഐഎ കോടതി നൽകിയ വിധിയിൽ ഈ രണ്ടു വിദ്യാർത്ഥികൾക്കും എതിരായി എൻഐഎ കൊണ്ടുവന്ന കേസിലെ വിവിധ വാദമുഖങ്ങളെ വിശദമായി പരിശോധിച്ചു അതു വസ്തുതകൾക്കു നിരക്കുന്നതല്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കും ഉപാധികൾ പ്രകാരം ജാമ്യം അനുവദിച്ചത് . എന്നാൽ കീഴ്‌ക്കോടതിയുടെ ഈ കണ്ടെത്തലുകൾ നൽകുന്ന സൂചനയനുസരിച്ചു യഥാർത്ഥത്തിൽ അന്വേഷണ ഏജൻസികൾ യുഎപിഎ വകുപ്പുകൾ നിരന്തരം ദുരുപയോഗം ചെയ്യുന്നു എന്ന നിഗമനത്തിലേക്കു എത്തുന്നതിനു പകരം ഹൈക്കോടതി അത്തരം ദുരുപയോഗങ്ങൾ ന്യായീകരിക്കുന്ന സമീപനമാണ് സ്വീകരിച്ചു കാണുന്നത്. പൗരാവകാശങ്ങളുടെ നേരെ സർക്കാരും അതിന്റെ ഏജൻസികളും കയ്യേറ്റം നടത്തുന്ന അവസരത്തിൽ ഭരണഘടനയുടെ അന്തസ്സത്തയെ ഉയർത്തിപ്പിടിക്കാനും പൗരന്മാരുടെ അവകാശങ്ങളെ സംരക്ഷിക്കാനും ബാധ്യസ്ഥമായ കോടതികൾ രാജാവിനേക്കാൾ രാജഭക്തി കാണിക്കുന്ന ദുരവസ്ഥയാണ് വിധിയിൽ നിഴലിക്കുന്നത്.

പ്രായവും ആരോഗ്യപ്രശ്നങ്ങളും മുൻനിർത്തി അലൻ ശുഹൈബിനു ജാമ്യത്തിൽ തുടരാൻ ഹൈക്കോടതി അനുവാദം നൽകിയത് സന്തോഷകരമാണ്. ഇരുവർക്കുമെതിരായുള്ള കേസ് ഒരു വർഷത്തിനകം വിചാരണ ചെയ്‌തു തീർപ്പാക്കണം എന്ന നിർദേശവും സ്വാഗതാർഹമാണ്. എന്നാൽ 23കാരനായ വിദ്യാർത്ഥി താഹഫസലിനെ വീണ്ടും ജയിലിലേക്കയച്ച നടപടി ഞെട്ടിക്കുന്നതുമാണ്. നാലുമാസമായി ജാമ്യത്തിലുള്ള ഇരു വിദ്യാർത്ഥികളും കോടതിയുടെ വ്യവസ്ഥകൾ പൂർണമായും അനുസരിച്ചു കൊണ്ടാണ് കഴിഞ്ഞത്. അതിൽ എന്തെങ്കിലും ലംഘനം നടത്തിയതായി ഒരാരോപണവും താഹക്കെതിരെ ഉള്ളതായും കോടതി പറയുന്നില്ല. അത്തരം ഒരു സാഹചര്യത്തിൽ ജാമ്യം നിഷേധിക്കുന്നതു നീതിനിഷേധമാണ്. അതു ജനാധ്യപത്യ മൂല്യങ്ങളുടെ ലംഘനമാണ്. താഹ ഫസലിന് നീതി ഉറപ്പാക്കാൻ ജനാധിപത്യസമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നു സമിതി അഭ്യർത്ഥിക്കുന്നു.

Like This Page Click Here

Telegram
Twitter