മഅദനിയുടെ ഹർജിയും ബിജെപി സർക്കാരിന്റെ വിചിത്ര വാദങ്ങളും

“ഈ വൈരുദ്ധ്യവാദങ്ങൾ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിൽ ഉയർത്തുന്നത് എന്നത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ എവിടെ എത്തി നിൽക്കുന്നു, അതിനെ സംഘി സ്റ്റേറ്റുകൾ എത്ര നിസ്സാരമായി കാണുന്നു എന്നതിന്റെ ഗൗരവം കൂടിയാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്. വിഷയം രാഹുൽ ഗാന്ധിയുടെ കേസിൽ അല്ലാത്തത് കൊണ്ട് ഇതൊന്നും ആരും പറയില്ല, ചർച്ച ചെയ്യില്ല…”

നാസർ മാലിക്

ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅദനി സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ വാദം നടക്കവെ കർണ്ണാടക സർക്കാർ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കാൻ പാടില്ല എന്നതിന് തടസ്സവാദം ഉന്നയിച്ച രണ്ട് കാര്യങ്ങൾ കൗതുക നിറഞ്ഞതും വിചിത്രവുമാണ്. ഏതെങ്കിലും കവല പ്രസംഗത്തിലോ ചാനൽ ചർച്ചയിലോ ഒന്നുമല്ല കർണ്ണാടക സർക്കാർ പ്രോസിക്യുട്ടർ ഇത്തരം വിചിത്ര വാദങ്ങൾ ഉന്നയിക്കുന്നത്. സുപ്രീം കോടതി തന്നെ പലവട്ടം സാക്ഷിയായ കാര്യത്തിലാണ് ഈ വൈരുദ്ധ്യവാദങ്ങൾ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിൽ ഉയർത്തുന്നത് എന്നത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ എവിടെ എത്തി നിൽക്കുന്നു, അതിനെ സംഘി സ്റ്റേറ്റുകൾ എത്ര നിസ്സാരമായി കാണുന്നു എന്നതിന്റെ ഗൗരവം കൂടിയാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്. വിഷയം രാഹുൽ ഗാന്ധിയുടെ കേസിൽ അല്ലാത്തത് കൊണ്ട് ഇതൊന്നും ആരും പറയില്ല, ചർച്ച ചെയ്യില്ല. എങ്കിലും ഇതൊക്കെ ആരെങ്കിലും പറഞ്ഞല്ലേ മതിയാവൂ.

ആദ്യമായി കർണ്ണാടക സർക്കാർ ഉയർത്തിയ വാദം മഅദനി കോയമ്പത്തൂർ കേസിൽ പ്രതിയാണ് എന്നതാണ്. ഒരു പതിറ്റാണ്ട് കാലം ജാമ്യമോ പരോളോ പോലും മഅദനിക്ക് നൽകാതെ ഇഴകീറി വിചാരണ ചെയ്തു വിചാരണ കോടതിയും തമിഴ്നാട് ഹൈക്കോടതിയും പൂർണ്ണ നിരപരാധി എന്നും പറഞ്ഞു മഅദനിയെ വെറുതെ വിട്ട കേസാണ് കോയമ്പത്തൂർ കേസ്. അതിനപ്പുറം സുപ്രീം കോടതിയിൽ അപ്പീൽ പോയപ്പോൾ വിചാരണ കോടതി വിധിയും ഹൈക്കോടതി വിധിയും പരിശോധിച്ച ശേഷം ഫയലിൽ പോലും സ്വീകരിക്കാതെ ഇതേ സുപ്രീം കോടതി തന്നെ തള്ളിയ കേസ്. അങ്ങിനെ സുപ്രീം കോടതി വരെ കുറ്റവിമുക്തനാക്കിയ കേസിൽ മഅദനി പ്രതിയാണ് എന്ന പച്ചക്കള്ളം പരമോന്നത നീതി പീഠത്തെ പരിഹസിക്കും വിധം നുണയാണ് എന്നറിഞ്ഞിട്ടും ധൈര്യസമേതം വിളിച്ചു പറയാനുള്ള ധൈര്യം എങ്ങിനെയാണ് കർണാടക പ്രോസിക്യുട്ടർക്ക് കൈവന്നത്?

കോയമ്പത്തൂർ കേസിന്റെ കാര്യങ്ങൾ മഅദനിയുടെ അഭിഭാഷകൻ നിസ്സാരമായി ക്രോസ് ചെയ്തപ്പോൾ ബാബരി മസ്ജിദ് തകർത്ത സമയം മഅദനി അതിനെതിരെ പ്രസംഗിച്ചു എന്നതായി അടുത്ത വാദം. ബാബരി മസ്ജിദ് ആര് തകർത്തുവെന്നും എങ്ങിനെ തകർത്തുവെന്നും വിചാരണ നടന്നത് സുപ്രീം കോടതിയിൽ അടക്കം ആയിരുന്നു. ചുരുങ്ങിയ പക്ഷം അത്‌ തകർത്തത് ശരിയായില്ല എന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. അവിടെ നിന്നുകൊണ്ടാണ് മഅദനി ബാബരി തകർത്ത നേരം അതിനെതിരെ പ്രസംഗിച്ചു, അതുകൊണ്ട് ജാമ്യം വ്യവസ്ഥയിൽ ഇളവ് നൽകാൻ പാടില്ല എന്ന് പറയുന്നത്. അത്‌ സുപ്രീം കോടതിയോടുള്ള മറ്റൊരു പരിഹാസം.

എന്തൊക്കെയോ ഇവിടെ നടക്കുന്നു!
_ നാസർ മാലിക്

Follow us on | Facebook | Instagram Telegram | Twitter