സിനിമയും ജീവിതവും സന്ധിക്കുമ്പോൾ പെണ്ണും പെണ്ണായവളും

“ഒരു ട്രാൻസ്ജെൻഡർ കാഴ്ചപ്പാടിൽനിന്നും വളരെ വേഗത്തിൽ ഈ ചിത്രത്തെ വായിച്ചെടുക്കാനായി കഴിയുന്നത് കാലങ്ങളായി അനുഭവിച്ചുവരുന്ന കുടുംബങ്ങളിലെ ഇടിച്ചുതാഴ്ത്തലുകളെയും, ജൻഡർ മേധാവിത്ത്വങ്ങളും കണ്ടും കേട്ടും മനസ്സ് മരവിച്ചത് കൊണ്ട് തന്നെയാണ്…”
_ വിജയരാജമല്ലിക

വളരെ പ്രസക്തമായ ഒരു വിഷയത്തെ അത്രമേൽ ധീരതയോടെ സമീപിക്കുക, അവതരിപ്പിക്കുക, ബോധമുള്ള പ്രേക്ഷകരെ തെല്ലും നിരാശപ്പെടുത്താതെ ഒപ്പം ചേർക്കുക എന്നതൊക്കെ മലയാളത്തിലെ സമീപകാലത്തെ സിനിമകളിൽനിന്നും ഈ ചിത്രത്തേ വ്യത്യസ്തവും സുതാര്യവും മികച്ചതുമാക്കുന്നു. ഒരു ട്രാൻസ്ജെൻഡർ കാഴ്ചപ്പാടിൽനിന്നും വളരെ വേഗത്തിൽ ഈ ചിത്രത്തെ വായിച്ചെടുക്കാനായി കഴിയുന്നത് കാലങ്ങളായി അനുഭവിച്ചുവരുന്ന കുടുംബങ്ങളിലെ ഇടിച്ചുതാഴ്ത്തലുകളെയും, ജൻഡർ മേധാവിത്ത്വങ്ങളും കണ്ടും കേട്ടും മനസ്സ് മരവിച്ചത് കൊണ്ട് തന്നെയാണ്. സത്യത്തിൽ പുരുഷ മേധാവിത്വത്തിന്റെ പ്രധാന കാരണം പുരുഷനെയും സ്ത്രീയേയും ഒരുപോലെ അങ്ങനെ groom ചെയ്യുന്നകൊണ്ട് കൂടിയാണെന്നും സിനിമ പറയുന്നുണ്ട്.

ട്രാൻസ്ജെൻഡർ ഐഡന്റിറ്റി തിരിച്ചറിഞ്ഞ നാൾ മുതലെ കേൾക്കുന്നതാണ്, “നീ ഒന്നും ഒറിജിനൽ പെണ്ണല്ലല്ലോ “എന്ന്. ഈ ഒറിജിനൽ പെണ്ണെന്നുവെച്ചാൽ എന്തും സഹിക്കാൻ തയ്യാറായ, പരിമിതമായ കാഴ്ചപ്പാടുകളിലേക്ക് ഉൾവലിഞ്ഞ, സ്വന്തം ആഗ്രഹങ്ങളെയും സ്വപ്‌നങ്ങങ്ങളെയും സ്വാതന്ത്ര്യങ്ങളെയും കുടുംബത്തിനുവേണ്ടി ത്യാഗം ചെയ്യുന്ന ഒരു ജന്മമായി മാത്രം നിലനിൽക്കണം എന്നാകുന്നു എന്നതാണോ? പലപ്പോഴും ഞാൻ പറയുന്നപോലെ *സ്ത്രീ ശാക്തീകരണം എന്ന് വാതോരാതെ പറയുന്ന നമ്മുടെ നാട്ടിൽ, ശാക്തീകരിക്കപ്പെട്ട പെണ്ണുങ്ങളോടൊപ്പം ജീവിക്കാൻ പുരുഷസമൂഹത്തേ പ്രാപ്തമാക്കേണ്ടതിന്റെ അനിവാര്യതയും* ചിത്രം പറഞ്ഞുവെയ്ക്കുന്നു.

കുടുംബത്തിലെ പെണ്ണുങ്ങൾ കുലസ്ത്രീകൾ ആവുകയും പുരുഷന്റെ കുലകളെ അങ്ങേയറ്റം അംഗീകരിക്കുകയും വേണമെന്ന നിർബന്ധബുദ്ധി വളരെ ശ്രദ്ധേയമാകുന്ന സംഭവങ്ങളും നമുക്കറിയാം. “വേദനയുണ്ട്, നമുക്ക് ഫോർപ്ലെ കൂടി ആയികൂടെ”എന്ന് ഭാര്യ ഭർത്താവിനോട്‌ ചോദിക്കുമ്പോൾ മാറാത്ത ഇക്കിളിയുടെ പേരിൽ ഭർത്താവിനെ ചിലപ്പോഴോക്കെ അതിന് നിരുത്സാഹപ്പെടുത്തുന്ന ഞാൻ എത്രത്തോളം ഭാഗ്യവതിയാണെന്ന് ഓർത്തുപോയി. സിനിമയിലെ നായകനായ മാഷ് ലൈറ്റ് ഓഫ്‌ ചെയ്യാൻ പറയുകയും, അവിടെ തന്റെ ആധിപത്യം ഉറപ്പിക്കാനും വെമ്പുമ്പോൾ മങ്ങാത്ത വെളിച്ചത്തിൽ പ്രായത്തെയും വ്യക്തിത്വത്തെയും താല്പര്യങ്ങളേയും മാനിച്ചുകൊണ്ട് ഉഭയസമ്മതത്തോടെ മാത്രം ഒരുമിച്ചു നുകരുന്ന രതി പുഷ്പത്തിന്റെ സ്വാദ് ഞാൻ ഓർത്തുപോയി. പുരോഗമിച്ചു എന്ന് പറയുമ്പോഴും പെണ്ണിനെ കൈക്കുള്ളിൽ ഒതുക്കി അവളെ ഒരു കളിപ്പാവയാക്കി അധിനിവേശാധിക്കാരത്തോടെ മാത്രം കാണാൻ ആഗ്രഹിക്കുന്ന ഒരു സമൂഹം ഇന്നും വലിയ മാറ്റങ്ങൾക്ക് വിധേയമാകാൻ തയ്യാറായിട്ടുണ്ടോ എന്ന് ചോദ്യം അവിടെ വാഴപോലെ നിക്കുന്നു.

ആർത്തവകാലങ്ങളിലെ സിനിമയിലെ പെണ്ണിനോടുള്ള അകൽച്ച എന്നെ തെല്ലും അസ്വസ്ഥതമാക്കിയില്ല. കാരണം ഇത് സമൂഹത്തിന്റെ ഒരു ഇരട്ടത്താപ്പായി വായിക്കാൻ എനിക്ക് വളരെ എളുപ്പം കഴിയും. ഒന്നുംവേണ്ട ആർത്തവം അശുദ്ധിയാണെന്ന് പറയുന്ന അതേ ലോകം ആർത്തവം ഇല്ലാത്ത സ്ത്രീകളോട് എന്ത് കാഴ്ച്ചപ്പാടാണ് സ്വീകരിക്കുന്നത്?

മാസത്തിൽ ഏതാനം ദിവസം മാത്രം ഓഫീസ് ക്യാന്റീനിൽ നിന്നും റൊട്ടിയും ദാലും കഴിച്ചിരുന്ന ഒരു മേനോൻ അങ്കിൾ ഉണ്ടായിരുന്നു മുൻപ് ഞാൻ ജോലി ചെയ്തിരുന്ന ഓഫീസിൽ. പെണ്ണായാൽ ഇങ്ങനെയൊക്കെ ആകണം എന്ന് പറഞ്ഞുവെയ്ക്കുന്ന ഇടത്താണ് *പെണ്ണായവളുടെ കവിതകളും* കാഴ്ച്ചപ്പാടുകളും ശ്രദ്ധേയമാകുന്നതും. “പെണ്ണായി എന്നങ്ങു പറഞ്ഞാൽ പോരാ, പെൺ ജീവിതം ജീവിച്ചിട്ടുണ്ടോ മല്ലിക?” 65 കഴിഞ്ഞ വിവാഹം വേർപ്പെടുത്തിയ ഒരു ചെറുപ്പക്കാരൻ എന്നോട് ചോദിച്ച ഈ ചോദ്യം ഞാൻ ഇന്നും മറന്നിട്ടില്ല. “ചോറും കറിയുമൊക്കെ വെയ്ക്കാൻ അറിയുമോ വിജയ? “ഈ ചോദ്യം ആവർത്തിച്ചു ചോദിച്ച എത്രയൊ പേർ ഇവിടെതന്നെയുണ്ട്.
“ഇതിനാണോ നീ ഇങ്ങോട്ട് വന്നത്, നിന്നെ വൈകുന്നേരം ഞാൻ അവിടെകൊണ്ടാക്കാം” എന്ന് അമ്മ മകളോട് ദേഷ്യപ്പെടുമ്പോൾ, കുടുംബഭദ്രത പെണ്ണിന്റെ മൗനങ്ങളിൽ തളച്ചിടേണ്ട ഒന്നായി വിശ്വസിക്കുന്ന കപടതയിലേക്കുള്ള വിരൽചൂണ്ടൽ തന്നെയാണ്. ഇവിടെയാണ് “പെണ്ണായി തീരുകയല്ല, തുടങ്ങുകയാണെന്ന”ചരിത്രം തിരുത്തലിന്റെ പ്രസ്താവനയുടെ കാമ്പ്.

പെണ്മയെ തിരിച്ചറിഞ്ഞ, പെൺ സ്വത്വത്തെ ആഘോഷിക്കുന്ന, പ്രതികരണശേഷിയുള്ള ചെറുത്തുനിൽക്കുന്ന തെളിഞ്ഞ ശബ്ദമുള്ള, നിലപാടുകൾ ഉള്ള ഒരുവളെ ഉൾകൊള്ളേണ്ടിവരുമല്ലോ എന്ന ഭയമാണ് ചിലരെ *മൂന്നാം പിറ* യെന്ന ചുരുക്കിവിളികളിലേക്ക് എത്തിക്കുന്നതെന്നും കൃത്യം. ക്ലൈമാക്സിലെ ചെളിയേറ് എനിക്ക് ശരിക്കും ഇഷ്ടപെട്ട്. അർദ്ധരാത്രിയിൽ പൊട്ടിക്കും എന്ന് വിചാരിച്ച കുരു പക്ഷെ ഇവിടെ മഴയിൽ അലിഞ്ഞുപോയില്ല. നന്നായി നനയിച്ചു.

*ദിസ്‌ ഈസ്‌ നോട്ട് മൈ കപ്പ്‌ ഓഫ് ടീ*
എന്ന് പറയണമെങ്കിൽ പറയുകതന്നെ ചെയ്യാമെന്ന പറഞ്ഞുവെയ്ക്കുന്ന ഇടത്താണ് അവൾ നായികയാകുന്നത്. സർവ്വവും സഹിക്കുന്ന ഒരുവളല്ല മറിച്ച് പ്രതികരണശേഷി ഉള്ളവളും സ്വന്തമായി ആകാശവും ഭൂമിയും ഉള്ളവളാണെന്ന് തെളിയ്ക്കുമ്പോളല്ലെ അവളെ നായിക എന്ന് വിളിക്കാനാകു !

നടി നടൻമാർ ഒന്നിനൊന്നിനല്ലെ മത്സരിച്ചിരിക്കുന്നത്.”എന്റെ തുണി വാഷിംഗ്‌ മെഷിനിൽ ഇടേണ്ട, അത് പൊടിഞ്ഞു പോകും “എന്ന പറയുന്ന സാധനത്തിനെ അലക്കിവെളുപ്പിക്കാൻ തോന്നുന്നത് സ്വാഭാവികം. കൂട്ടുകാരിയായ അപർണ്ണാ ശിവകാമിയുടെ സാന്നിധ്യം ഏറെ ശ്രദ്ധേയം. ഏറെ പ്രിയപ്പെട്ട മൃദുലാദേവി എസിന്റെ പാട്ട് ഇല്ലാതെ സിനിമ അപൂർണ്ണമാകുമായിരുന്നേനെ. ഇത്രയും നല്ല ഒരു ടീമിനൊപ്പം സഹകരിക്കാൻ സാധിച്ചത് മൃദുലയ്ക്ക് ലഭിച്ച ഏറ്റവും നല്ല ഒരു അവസരമായി കാണുന്നു. വേദികൾ ഇനി നിന്റെ പാട്ടിനായി തുടിക്കട്ടെ.

സിനിമയ്ക്കും എല്ലാ അണിയറ പ്രവർത്തകർക്കും വിപ്ലവാഭിവാദ്യങ്ങൾ. ഈ സിനിമ അവാർഡുകൾ വാരികൂട്ടും എന്നത് ഉറപ്പ്. #ചിലപ്പോൾ ലാഗിങ്ങായി തോന്നാം. ഫാസ്റ്റ് അടിക്കരുത്. കാരണം ഓരോ സീനും വിടാതെ കാണുമ്പോൾ ഈ സിനിമ കൂടുതൽ സുന്ദരമാകുന്നു.

Like This Page Click Here

Telegram
Twitter