കാട്ടുമിശിറിൻ കലമ്പലും കാട്ടുതേനിൻ മധുരവും പകർന്ന്

The Great Indian Kitchen എന്ന സിനിമയിലൂടെ മൃദുലദേവി എസ് എഴുതിയ പാളുവ (പറയ) ഭാഷയിലുള്ള ഒരു പാട്ട് ഇതിനകം ലോകശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. ഈ അവസരത്തിൽ ഈ ഭാഷ പ്രയോഗങ്ങൾ കണ്ടും കേട്ടും വളർന്ന ഒരാളെന്ന നിലക്ക് ചിലത് കൂടി പറയാൻ ആഗ്രഹിക്കുന്നു…


ബിന്ദു തങ്കം കല്യാണി

പറയസമൂഹങ്ങൾ തങ്ങളുടെ ജനസമൂഹത്തിനിടയിൽ മാത്രം സംസാരിക്കാൻ ഉണ്ടാക്കിയ ഒരു ഗൂഢഭാഷയാണിത്. അതിനുള്ള കാരണങ്ങൾ പലതാണ്.

ആര്യാധിനിവേശത്തിന് ശേഷം തദ്ദേശീയ ജനത അടിമ ജീവിതത്തിന്റെ കൊടിയ പീഢന പർവ്വങ്ങളാണ് അനുഭവിച്ച് തീർത്തത്.
അടിയാളരാക്കി ജാതിവ്യവസ്ഥയിൽ പുറംതള്ളപ്പെട്ടവരെ മനുഷ്യരായിപ്പോലും പരിഗണിക്കപ്പെടാത്ത കാലം. കാളക്കൊപ്പം നുകത്തിൽ കെട്ടി കന്ന് പൂട്ടിയും കരുനിർത്തിയും ദൈവകോപം തീർക്കാൻ ബലി കൊടുത്തും വയൽക്കുണ്ടിൽ ചവിട്ടിത്താഴ്ത്തിയും തല്ലിക്കൊന്നും ഒരുപാട് അപ്പനപ്പൂപ്പൻമാർ നെഞ്ചിൽ കനലുമായി ഈ ലോകം വിട്ട് പോയി. പാടവരമ്പത്തും കൃഷിയിടത്തിലും കാവൽ കിടന്നും ജീവൻ കളഞ്ഞും അരവയർ മുറുക്കിയുടുത്ത് അവർ കൃഷിയെയും മണ്ണിനെയും പോറ്റി.

ഭൂമി അവർക്ക് പൂമിയായിരുന്നു, പൂമി അമ്മയും. അമ്മയായിരുന്നു എല്ലാം. അമ്മയോടാണ് എന്നും സങ്കടങ്ങൾ
എണ്ണിപ്പറഞ്ഞ് കരഞ്ഞത്. ആ കരച്ചിലുകളെല്ലാം അവരുടെ സ്വന്തം പാട്ടുകളാവുകയും വാമൊഴികളായി തലമുറകളിലേക്ക് പടരുകയും ചെയ്തു.

സമുദായത്തിനുളളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന നിഷ്കർഷ പാളുവ ഭാഷയെ
മറ്റ് ജനവിഭാഗങ്ങളിൽ നിന്ന് അതിനെ അകറ്റി നിർത്തി. തങ്ങളുടെ ജീവിതവും സംഘർഷവും പങ്കപ്പാടുകളും ആകുലതകളും പേടികളുമൊക്കെ അവർ രഹസ്യമായി ഈ ഗൂഢഭാഷയിലൂടെ കൈമാറി.

കഠിനമായ ജീവിത ഘട്ടങ്ങളെ മറികടക്കാനാണ് കൊട്ടും പാട്ടും ആട്ടവും അവർ നെഞ്ചോട് ചേർത്തത്. വിത്തെറിയുമ്പോഴും ഞാറ് പറിക്കുമ്പോഴും, നടുമ്പോഴും വരമ്പു കേറ്റുമ്പോഴും മടയടക്കുമ്പോഴും അവർ കരളുലക്കുന്ന കണ്ണീരു തിർക്കുന്ന ഈണത്തിൽ നീട്ടിപ്പാടി. ആ പാട്ടിനും പറയലിനും പറയർ സമുദായം കണ്ടെത്തിയ ഭാഷാശൈലിയാണ് പാളുവഭാഷ. പറയാൻ പഠിച്ചവൻ പറയനെന്നാണല്ലോ.

ഭാഷയുടെ ഗൂഢ സ്വഭാവം നിലനിർത്താൻ സാമുദായികമായ പേരോ അടയാളങ്ങളോ നൽകിയില്ല. അങ്ങനെയാണത് പാളുവ ഭാഷയായി പരിണമിച്ചത്. ആണാളരും പെണ്ണാളരും ഒത്തുചേരുന്നിടത്തൊക്കെ തമ്പ്രാൻമാർക്ക് മനസിലാകാത്ത ഭാഷയിൽ അവർ ആശയ വിനിമയം നടത്തി. ജൻമിയെക്കുറിച്ചും അവരുടെ ക്രൂരതകളെ കുറിച്ചും വരാൻ പോകുന്ന ആപത്തിനെക്കുറിച്ചുമെല്ലാം അവർ പരസ്പരം മുന്നറിവുകളും ആശയവിനിമയും നടത്തിയത് അവരുടെ ഭാഷയിൽ വായ്പ്ലാന്തിയിട്ടാണ്.

കരുമരം വെട്ടിയുണ്ടാക്കിയ കരു, മരം, തുടി, പറ, കുഴൽ ഒക്കെ പറയരുടെ സംഗീതോപകരണങ്ങളാണ്. മുളന്തണ്ട് വെട്ടിച്ചെത്തി ഊതിയുണർത്തി ഉപയോഗിച്ചു വന്നു. ഈറ്റയും മുളയും കൈതോലയും ഉപയോഗിച്ച് നെയ്തുണ്ടാക്കിയ അനവധി ഉത്പന്നങ്ങളായിരുന്നു അവരുടെ വാണിഭ വസ്തുക്കൾ. നെയ്ത്തു കലയിൽ അഗ്രഗണ്യരായിരുന്ന ഇവർ തലച്ചുമടായി നടന്ന് ഇതെല്ലാം വിറ്റുപോന്നു. കൈതോല പായയും പനമ്പും നെയ്തെടുക്കുമ്പോഴും അവർ താളത്തിൽ പാടിയ പാട്ടുകളുണ്ടായി. ഈ പാട്ടുകളിലെല്ലാം പാളുവ ഭാഷയുടെ നിറഞ്ഞ കൈയ്യൊപ്പുകളുണ്ട്. ഇപ്പോഴും പാടിപ്പതിഞ്ഞ പതിത കാലത്തിന്റെ പാട്ടുകളിൽ പാളുവ ഭാഷയിലെ പാട്ടുകൾ ഒരുപാടുണ്ട്.

കഷ്ടതകൾ, പങ്കപ്പെടലുകൾ, പങ്കിടലുകൾ,
വേർപിരിയലുകൾ, അടിമ ജീവിതങ്ങൾ,
ദാരിദ്ര്യം എല്ലാം അവർ പാട്ടിലൂടെയും പറച്ചിലൂടെയും പങ്കിട്ടുപോന്നു.

അടിമ ചന്തയിൽ വിൽക്കാൻ വെച്ചപ്പോൾ
പലദേശത്തേക്ക് പിരിഞ്ഞ് പോകുന്ന
കുഞ്ഞുമക്കളുടെ ചെവിയിൽ അമ്മ
ഒരു ഇല്ലപ്പേര് ചൊല്ലി വിട്ടു. എന്നെങ്കിലും കാലത്ത് കുഞ്ഞുമക്കളുടെ പരമ്പരകൾ തമ്മിൽ കണ്ടുമുട്ടിയാൽ ഇല്ലപ്പേര് തിരക്കണം..
ഒരേ ഇല്ലമാണെങ്കിൽ അവർ ഒരമ്മയുടെ
പരമ്പരയാണ്, സഹോദരങ്ങളാണ്.
അവർക്ക് പരസ്പരം വിവാഹ ബന്ധങ്ങൾ പാടില്ല. ഒരമ്മ മക്കൾ പരസ്പരം
കെട്ടാറില്ലല്ലോ. തായ് വഴിയിലാണ് രക്തബന്ധത്തിന്റെ വേരുകൾ. അതിന്നും അങ്ങനെ തന്നെ തുടരുന്നു. പറയരിലെ അമ്മമാർ ചൊല്ലി വിട്ടത് നാല് ഇല്ലപ്പേരുകളായിരുന്നു. വെള്ളിയർ, തെയ്യർ, ചെറുനാടർ, കവരർ എന്നിങ്ങനെ.

പിന്നീട് ജാതിവ്യവസ്ഥയുടെ കൊടുംപീഢനങ്ങൾക്ക് അറുതി വരികയും
അടിമ ചന്തകൾ അവസാനിക്കുകയും
ആധുനിക സമൂഹവുമായി ഇടപെട്ട് ജീവിക്കുകയും ചെയ്യുമ്പോഴും മറ്റുള്ള ഗോത്രവിഭാഗങ്ങളുടെതു പോലെ പറയരും
ഇല്ലപ്പേരുകൾ നിലനിർത്തി. ഇന്നും വിവാഹാലോചനകളിൽ ഇല്ലം തിരയുകയും
സഹോദരങ്ങളാണെന്നറിഞ്ഞാൽ
ഒഴിവാക്കുകയും ചെയ്യാറുണ്ട്.

ഗോത്ര ജനവിഭാഗങ്ങളിൽ ബഹുഭൂരിപക്ഷത്തിനും അതിന്റേതായ ഭാഷയും സംസ്കാരവുമുണ്ട്. അവരുടെ വ്യത്യസ്തവും ദുരിതപൂർണവുമായിരുന്ന ഒരു കാലഘട്ടത്തിന്റെ കൈയ്യൊപ്പു കൂടി പതിഞ്ഞിട്ടുണ്ടതിൽ. ഇന്ത്യയിലെ ഒട്ടുമിക്ക ഗോത്രവിഭാഗങ്ങൾക്കും അവരവരുടെ സംസാരഭാഷയുണ്ട്. ആരാധനാ രീതികളും ആചാരാനുഷ്ഠാനങ്ങളും ദൈവ സങ്കല്പനങ്ങളും അവിടെ നിലനിന്നിരുന്നു. ആ ഭാഷയും സംസ്കാരവുമാണ് അതിപുരാതന ഭാരതീയ സംസ്കാരമായി പരിഗണിക്കേണ്ടതും. അധിനിവേശങ്ങൾക്ക് ശേഷമാണ് ഹിന്ദു സവർണ ദൈവങ്ങളും ഭാഷയും തനത് ദ്രാവിഡ ജീവിതങ്ങളേയും ഭാഷയേയും ദൈവ സങ്കല്പനങ്ങളേയും തകർത്ത് അവരെ അടിമവംശമാക്കി മാറ്റിയത്. അവിടെ നിലനിൽക്കാനാവാതെ നശിച്ചു പോയവ ഒട്ടനവധിയാണ്. തട്ടിയെടുക്കപ്പെട്ടത് അതിലേറെയും. പക്ഷേ ആ നാശത്തെ അതിജീവിച്ച ഭാഷയാണ് പാളുവ ഭാഷ. പാളുവ ഭാഷയിലും മറഞ്ഞ് കിടക്കുന്ന മറ്റനേകം ഗോത്ര ഭാഷകളിലും ഇനിയുമെത്രയോ
കുഴിച്ചെടുക്കാനുണ്ടാവും. The Great Indian Kitchen ലെ ഈ പാട്ട് അതിന് തുടക്കവും ഗവേഷകർക്ക് പ്രചോദനവുമാകട്ടെ എന്നാഗ്രഹിക്കുന്നു.

കാട്ടുമിശിറിൻ കലമ്പലും കരുമരത്തിൻ
തുടിയും കാട്ടുതേനിന്റെ മധുരവുമായി പാളുവ ഭാഷയും മറ്റ് ഗോത്ര ഭാഷകളും അതിന്റെ മധുരമുള്ള ഈണങ്ങളും മറനീക്കി പുറത്ത് വരട്ടെ. അത് എന്റേയും നിന്റെയും പാട്ടായി മാറട്ടെ.

സ്നേഹം മൃദുലാ ഈ കരുത്തുറ്റ ചുവടു വെയ്പിന്… 💙 സ്നേഹം ജിയോ ബേബി ❤️

* കവർ ഫോട്ടോയിൽ ഗാനരചയിതാവ് മൃദുലാ ദേവി എസ്

വരികൾ

ഒരു കൊടം പാറ്
ഒല്ലിയടുത്താൽ ചൊല്ലാം
ഒരു മിളിന്തിയിൽ കാളിയാക്ക്
മറു മിളിന്തിയിൽ മനമുട്ട്
ഇരു മിളിന്തിയും കറ്റാണേ
കറ്റാൽ നിന്നെ കട്ടോളാ
എന്ത് കട്ടു
ചേല് കട്ടു
എന്ത് ചേല്
പാട്ട് ചേല്
എന്ത് പാട്ട്
നിന്റെ പാട്ട്
എന്ത് നീ
എന്റെ നീ

കാട്ട് മിശിറിൻ
കലമ്പല്
കരുമരത്തിൻ മൂളല്
ചങ്കില്
തൂളി പെയ്യണ് കടലില്
ചാറലവളുടെ ചങ്കിലും
പെണ്ണ് നനയണ്
പൂമി കുളിരണ്
പെണ്ണ് പടരണ്
മണ്ണ് കുതിരണ് .

പാട്ട് പടരണിന്നാട്ടം മുറുകണ്…
കൂട്ട് കുഴൽവിളി
പൊന്തി മുഴങ്ങണ്

തുറ്റാവഴിച്ചവളാട്ടമാടണ്
കറ്റെറിഞ്ഞവൾ
കരളു കക്കണ്
എന്ത് കട്ട്
ചേല് കട്ട്
എന്ത് ചേല്
പാട്ട് ചേല്
എന്ത് പാട്ട്
നിന്റെ പാട്ട്
എന്ത് നീ
എന്റെ നീ

Like This Page Click Here

Telegram
Twitter