വിചാരണക്കിടയിലെ പോരാട്ടം

കുറ്റം ചുമത്തപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്ന എട്ടുപേരിൽ Black Panther നേതാവ് Bobby Seale കോടതിയിൽ അനുഭവിക്കേണ്ടി വരുന്ന വംശീയതയും മർദ്ദനങ്ങളുമൊക്കെ വ്യക്‌തമായി തന്നെ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്…
_ പ്രശാന്ത് പ്രഭ ശാര്‍ങ്ധരന്‍

“The whole world is watching” ♥️

മനുഷ്യാവകാശ -സാമൂഹിക- രാഷ്ട്രീയ -സാംസ്‌കാരിക- മാധ്യമ രംഗങ്ങളിൽ നിന്ന് ഭരണകൂടത്തിന് എതിരെ ഉയരുന്ന നീതിപൂർവമായ ശബ്ദങ്ങളെ എങ്ങനെയൊക്കെയാണ് ഇന്ത്യൻ ഭരണകൂടം അടിച്ചമർത്തുന്നതെന്ന് (സർക്കാരിനെതിരെ വിമർശിക്കുന്നവരെ രാജ്യദ്രോഹിയും തീവ്രവാദിയുമെന്ന് മുദ്രകുത്തി തുറുങ്കിലടയ്ക്കുന്നത്)’ഭീമാകോറേഗാവ് ‘കേസിലും ‘CAA’യ്ക്ക് എതിരായ പ്രൊട്ടസ്റ്റിലും നമ്മൾ കണ്ടതാണ്. സമാനമായ സംഭവങ്ങളാണ് Aaron Sorkin തിരക്കഥയെഴുതി സംവിധാനം ചെയ്ത കഴിഞ്ഞമാസം നെറ്റ്ഫ്ലിക്സിൽ ഇറങ്ങിയ ‘The Trial of the Chicago 7’ എന്ന സിനിമ കാണുമ്പോൾ നമ്മുടെ മനസിലേക്കും ഓടിയെത്തുന്നത്.

1968ൽ വിയറ്റ്നാമിൽ അമേരിക്ക നടത്തുന്ന യുദ്ധത്തിനെതിരെ, യുദ്ധത്തിൽ കൊല്ലപ്പെടുന്ന ഓരോർത്തർക്കും വേണ്ടി പ്രതിഷേധിക്കാൻ ചിക്കാഗോയിലെ Democratic National Convention നടക്കുമ്പോൾ പാർക്കിൽ സമാധാനപരമായ പ്രതിഷേധം നടത്താൻ ഒത്തുകൂടുന്ന നീതിബോധമുള്ള യുവതയ്‌ക്കെതിരെ പോലീസ് നടത്തുന്ന നരനായാട്ടും പ്രതിഷേധക്കാർക്കെതിരെ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കള്ളക്കേസുകൾ ചുമത്തി അതിന്റെ മേലുള്ള മാസങ്ങൾ നീണ്ടുപോകുന്ന വിചാരണയും അതിനെതിരെ കുറ്റാരോപിതർ വിചാരണവേളയിൽ നടത്തുന്ന ശക്തമായ പോരാട്ടവുമാണ് ‘The Trial of the Chicago 7′ എന്ന ഗംഭീര കോർട്ട് റൂം ഡ്രാമയുടെ പ്രമേയം.

ആയുധങ്ങളോ, ലഹരിയോ, പെൺകുട്ടികളെയോ കടത്തികൊണ്ടുവരാതെ ആശയങ്ങൾ ഉയർത്തിപിടിച്ചതിന് അടിയേൽക്കുകയും ആക്രമിക്കപ്പെട്ടുകയും അറസ്റ്റ് ചെയ്യപ്പെടുകയും വിചാരണ നേരിടേണ്ടി വരുന്ന ദുരവസ്ഥയെക്കുറിച്ചും, കുറ്റം ചുമത്തപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്ന എട്ടുപേരിൽ Black Panther നേതാവ് Bobby Seale കോടതിയിൽ അനുഭവിക്കേണ്ടി വരുന്ന വംശീയതയും മർദ്ദനങ്ങളുമൊക്കെ വ്യക്‌തമായി തന്നെ സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. മാർട്ടിൻ ലൂതർ കിംഗ്‌ ജൂനിയർ കൊല്ലപ്പെടുന്നത്, തുടർന്നുണ്ടാകുന്ന കലാപങ്ങൾ, റോബർട്ട് എഫ് കെന്നഡി വെടിയേറ്റ്‌ മരിക്കുന്നത്, ബ്ലാക്ക് പാന്തർ മൂവ്മെന്റ്, അറുപതുകളിലെ കൗണ്ടർകൾച്ചർ മൂവ്മെന്റുകൾ, റാഡിക്കൽ ലെഫ്റ്റ് മൂവ്മെന്റുകൾ അങ്ങിനെ പല സംഭവങ്ങളുടെ ഫൂട്ടേജുകൾ ഉൾപ്പെടെ സിനിമ നമ്മളിലെ പോരാട്ടവീര്യത്തെയും ഉദ്വീവിപ്പിക്കുന്നുണ്ട് ☺️

Sidney Lumet സംവിധാനം ചെയ്ത് 1957ൽ പുറത്തിറങ്ങിയ ലീഗൽ ഡ്രാമയായ ’12 Angry Men’ എന്ന മികച്ച സിനിമയ്ക്ക് ശേഷം ശക്തവും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങളുമടങ്ങിയ വിചാരണരംഗങ്ങൾ കണ്ടിട്ട് കുറെകാലമായി. ബ്രില്ല്യന്റ് ആയ തിരക്കഥയുടെ പിൻബലവും അതിനൊത്ത എഡിറ്റിങ്ങും (പ്രതിഷേധങ്ങളുടെ യഥാർത്ഥ ഫൂട്ടേജുകൾ ഇടകലർത്തിയ രീതി, വിചാരണാവേളയിലെ ഡയലോഗ് സീനുകളിൽ ഫ്ലാഷ്ബാക്ക് സീനുകൾ കണക്റ്റ് ചെയ്യുന്ന രീതി) പാശ്ചാത്തല സംഗീതവും ഒരുപിടി ജീവനുള്ള അഭിനേതാക്കളും അവരെയൊക്കെ വിളക്കിച്ചേർത്ത സംവിധാനമികവും എടുത്ത് പറയേണ്ടത് തന്നെയാണ്. ‘ക്ളൈമാക്സ് രംഗങ്ങൾ എഴുന്നേറ്റു നിന്ന് കൈയ്യടിയോടുകൂടി തന്നെ പ്രേക്ഷകരും സ്വീകരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. അത്രയ്ക്ക് സൗന്ദര്യബോധത്തോടെ ത്രില്ലിംഗ് ആയി മികച്ചരീതിയിൽ എടുത്ത ഒരു രാഷ്ട്രീയസിനിമകൂടിയാണ് ‘The Trial of the Chicago 7 😍

Follow us on | Facebook | Instagram Telegram | Twitter