കിളിമാനൂര്‍ തോപ്പിൽ കോളനി വസ്തുതാന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ പഞ്ചായത്തിൽ തോപ്പില്‍ കോളനിക്ക് സമീപം പ്രവർത്തിക്കുന്ന എ.കെ.ആർ ക്വാറി ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചൂണ്ടികാണിച്ചു ജനങ്ങള്‍ വർഷങ്ങളായി സമരത്തിലാണ്. കോളനിയിലേയും പരിസരപ്രദേശത്തേയും ജനങ്ങള്‍ ചേർന്ന് “ജനകീയ മുന്നേറ്റ സമിതി”യുടെ നേതൃത്വത്തിലാണ് സമരം ചെയ്യുന്നത്. സമിതിയുടെ ആവശ്യപ്രകാരം 18/04/22ന് തോപ്പിൽ കോളനിയിൽ “ബ്രാഹ്മണ്യ ഹിന്ദുത്വ ഫാസിസ്റ്റ് വിരുദ്ധ മുന്നണി”യുടെ നേതൃത്വത്തിൽ വസ്തുതാന്വേഷണവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. വസ്തുതാന്വേഷണത്തിനായി കേരളത്തിലെ മനുഷ്യാവകാശ – സാംസ്‌കാരിക – പരിസ്ഥിതി രംഗത്തെ പ്രമുഖരും സാമൂഹിക രാഷ്ട്രീയ പ്രവർത്തകരും ചേർന്ന് ഒരു വിദഗദ്ധ സമിതി രൂപീകരിച്ചു. തുടർന്നു പ്രസ്തുത സമിതി, ക്വാറി പരിസരവും കോളനിയിലെ പതിനഞ്ചിലധികം വീടുകളിലെ 40ഓളം താമസക്കാരെ നേരിട്ടു കണ്ടും, ബന്ധപ്പെട്ട അധികാരികളെയും ആരോഗ്യപ്രവർത്തകരെയും ഫോൺ വഴി ബന്ധപ്പെട്ടും, ജനകീയ മുന്നേറ്റ സമിതി നേതാക്കള്‍ സമർപ്പിച്ച വിവിധ രേഖകള്‍ പരിശോധിച്ചും തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോ‍ർട്ട്:

(1) വസ്തുതാന്വേഷണ സമിതി അംഗങ്ങള്‍

1) അഡ്വ. പി.എ പൗരന്‍ (പി.യു.സി.എൽ), സമിതി ചെയർമാൻ

2) ജി ഗോമതി (പെമ്പിള ഒരുമൈ)

3) ഡോ. ഹരി പി ജി (ആരോഗ്യ ജാഗ്രത)

4) കാർത്തികേയന്‍ (മനുഷ്യാവകാശ പ്രവർത്തകൻ)

5) മാരിയപ്പന്‍ (പ്ലാച്ചിമട സമരസമിതി)

6) പ്രശാന്ത് സുബ്രഹ്മണ്യന്‍ (മാധ്യമപ്രവർത്തകൻ)

7) സി കെ ഗോപാലന്‍‍ (കർഷക സമരകേന്ദ്രം)

8) ഹരിദാസ് കൊല്ലം (പി.യു.സി.എൽ)

9) സുനില്‍ (പി.യു.സി.എൽ)

10) റഷീദ് മട്ടാഞ്ചേരി (ഞാറ്റുവേല സാംസ്കാരിക സംഘം)

(2) വസ്തുതാന്വേഷണ സമിതി പരിഗണിച്ച വിഷയങ്ങൾ

1) ക്വാറിക്ക് അധികാരികളുടെ ഭാഗത്ത് നിന്നും കിട്ടുന്ന പിന്തുണയും പിന്‍‍ബലവും ഏതൊക്കെ തരത്തിലാണ്?

2) നിലവില്‍ എ.കെ.ആർ ക്വാറി നടത്തുന്ന നിയമലംഘനങ്ങള്‍.

3) തോപ്പില്‍ കോളനി അടക്കമുള്ള പരിസരവാസികളുടെ സാമൂഹിക – ആരോഗ്യ – വിദ്യാഭ്യാസ – പാരിസ്ഥിതിക മേഖലയില്‍ ക്വാറി ‍ഉണ്ടാക്കുന്ന പരിക്കുകള്‍.

4) ജനകീയ മുന്നേറ്റ സമിതിയുടെ പ്രവർത്തനങ്ങളും, ഉന്നയിക്കുന്ന ആവശ്യങ്ങളും, സമിതി കൺവീനർ സേതു അടക്കം അനുഭവിക്കുന്ന സാമൂഹിക – സാമ്പത്തിക വിവേചനങ്ങളും സമർദ്ദങ്ങളും, സമരത്തിന്റെ നേട്ടങ്ങളും.

5) ക്വാറി നടത്തുന്ന മനുഷ്യാവകാശ – പാരിസ്ഥിതിക – നിയമ ലംഘനങ്ങള്‍

(3) വസ്തുതാന്വേഷണ സമിതി പരിശോധിച്ച രേഖകള്‍, ബന്ധപ്പെട്ടതും ബന്ധപ്പെടാൻ ശ്രമിച്ചതുമായ വ്യക്തികള്‍, സ്ഥാപനങ്ങൾ:

1) ചിറയിൻകീഴ് താലൂക്ക് ഓഫീസ്

2) കിളിമാനൂർ വില്ലേജ് ഓഫീസ്

3) അഞ്ചാം വാർ‍ഡ് മെമ്പർ

4) പഞ്ചായത്ത് ഓഫീസ് സെക്രട്ടറി

5) പ്രദേശത്തെ ആശാ പ്രവർത്തക

6) ജനകീയ മുന്നേറ്റ സമിതി കൺവീനർ സേതു

7) കോളനിയിലേയും പരിസരത്തേയും 15ഓളം വീടുകള്‍

8) സ്ത്രീകളും കുട്ടികളുമടക്കം 50ഓളം വരുന്ന താമസക്കാർ

9) വിവിധ സമയങ്ങളിലായി വിവിധ ഓഫീസുകളില്‍ നിന്നും ജനകീയ മുന്നേറ്റ സമിതി നേടിയ വിവരാവകാശരേഖകള്‍

10) ക്വാറി മാനേജ്‌മെന്റ് വിവിധ ഓഫീസുകളിൽ നൽകിയ രേഖകളുടെയും അപേക്ഷകളുടെയും പകർപ്പ്

11) അനുബന്ധ കോടതി വിധികള്‍

12) വിവിധ പത്ര – മാധ്യമ റിപ്പോർട്ടുകൾ

13) മാധ്യമപ്രവർത്തക ശ്രീമതി മൃദുല ഭവാനിയും ഹാറൂൺ കാവനൂരും തയ്യാറാക്കിയ തോപ്പിൽ കോളനിയെ കുറിച്ചുള്ള “Caste In Water” എന്ന ഡോക്യുമെന്ററി

(4) വസ്തുതാന്വേഷണ സമിതി എത്തിചേർന്ന നിഗമനങ്ങളും വസ്തുതകളും; റിപ്പോർട്ട്:

ആരോഗ്യകരമായൊരു പാരിസ്ഥിതിക സന്തുലിതാവസ്ഥ മനുഷ്യനടക്കമുള്ള സർവ്വ ജീവജാലങ്ങളുടേയും നിലനിൽപ്പിനും അതുവഴി സൗരയൂഥമടക്കമുള്ള മുഴുവന്‍ പ്രപഞ്ചത്തിന്റെയും സുഗമമായ മുന്നോട്ടുപോക്കിന് ഒഴിച്ചുകൂടാനാവാത്തതാണ്. നാളിതുവരെ നമ്മള്‍ തിരിച്ചറിഞ്ഞതും ഇനിയും അറിയാത്തതുമായ സർവ്വചരാചരങ്ങളുടേയും സഹവർത്തിത്വം ഇതിനു അത്യാന്താപേക്ഷിതമാണെന്നത് ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. എന്നാല്‍, മനുഷ്യവർഗത്തിലെ ഒരു വെണ്ണപ്പാളി നാളിതുവരെ ശാസ്ത്രം ആർജ്ജിച്ച അറിവുകളുടെ തെറ്റായതും സ്വാർത്ഥമായ അത്യാർത്തിയോടുള്ളതുമായ അമിതോപയോഗം കൊണ്ട് പ്രതിസന്ധി സൃഷ്ടിക്കുന്നു. ഒപ്പം തന്നെ ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ ഒരുകൂട്ടം ശാസ്ത്രജ്ഞരും സഹജീവി സ്നേഹം പുലർത്തുന്നവരും ചേർന്നു ആഗോളതലം മുതല്‍ ഏറ്റവും ചെറിയ പ്രാദേശിക ഘടകങ്ങള്‍ വരെ നടപ്പാക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ചും നിയമങ്ങളെ കുറിച്ചും പഠനം നടത്തുകയും അവ പ്രയോഗത്തിൽ വരുത്താനുള്ള ശ്രമങ്ങളും കാണേണ്ടത് തന്നെയാണ്. ഈയൊരു പശ്ചാത്തലത്തിൽ വേണം കേരളത്തിന്റെ തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് കിളിമാനൂർ പഞ്ചായത്തിലെ 4ഉം 5ഉം വാർഡുകളിലെ തോപ്പിൽ കോളനി പരിസരത്ത് നടക്കുന്ന എ.കെ.ആർ ക്വാറിയുടെ പ്രവർത്തനവും, അതിനെതിരെ ജനകീയ മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരവും വിലയിരുത്താൻ.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി തോപ്പിൽ കോളനി പ്രദേശത്ത് ജനങ്ങൾ അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ്നങ്ങളെയും ജനകീയ മുന്നേറ്റ സമിതി നടത്തുന്ന സമരങ്ങളെയും വിലയിരുത്തുന്നതിനായി കേരളത്തിലെ മനുഷ്യാവകാശ – സാംസ്‌കാരിക – പരിസ്ഥിതി രംഗത്തെ പ്രമുഖരും സാമൂഹിക രാഷ്ട്രീയ പ്രവർത്തകരും ചേർന്ന് ഒരു വസ്തുതാന്വേഷണ സമിതി രൂപീകരിച്ചു.

18/04/22ന് രാവിലെ വസ്തുതാന്വേഷണ സമിതി ഒത്തുകൂടുകയും അന്വേഷണത്തിന്റെ ഒരു പ്രാഥമിക രൂപരേഖ ഉണ്ടാക്കുകയും ചെയ്തു. അതുപ്രകാരം ആദ്യം തന്നെ കോളനിയിലെ ജനങ്ങളെ നേരിട്ട് കാണുവാനും, ക്വാറിയുടെ പ്രവർത്തനവും മാനേജ്മെന്റിന്റെ സ്വാധീനവും മൂലം അവർ നേരിടുന്ന പ്രശ്നങ്ങളെ കേൾക്കാനും തീരുമാനിച്ചു. ക്വാറിയുടെ അതിർത്തിയിൽ നിന്നും ഏകദേശം 70 മീറ്റർ മാത്രം അകലത്തിൽ വീടുള്ള മരപ്പണിയെടുത്ത് ജീവിക്കുന്ന ശ്രീ. വിനോദിന്റെ “വിനോദ് ഭവന”മാണ് ഏറ്റവും ആദ്യം വസ്തുതാന്വേഷണ സമിതി സന്ദർശിച്ചത്. ഭാര്യയും രണ്ടു കുട്ടികളും 78 വയസുള്ള അമ്മയും താമസിക്കുന്ന ഈ വീടിന് മുകളിലേക്ക് ഒരു വർഷത്തിനുള്ളില്‍ 2 പ്രാവശ്യം കല്ല് വീണു. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ഭാഗ്യംകൊണ്ട് മാത്രമാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്ന് അവർ പറഞ്ഞു.

ഏകദേശം നാലു മാസം മുൻപും സമാനമായ സംഭവം ഉണ്ടായി. ഉച്ചയ്ക്ക് കുട്ടികൾ പൈപ്പിൻ ചുവട്ടില്‍ നിൽക്കുമ്പോഴാണ് ഒന്നര കിലോയോളം വലിപ്പമുള്ള കല്ല് ക്വാറിയിലെ സ്ഫോടനത്തെ തുടർന്ന് മുറ്റത്തേക്ക് തെറിച്ചു വീണത്. വിനോദിന്റെ കുട്ടികളായ നീതുമോളെയും നൈതികയെയും വല്ലാതെ ഭയപ്പെടുത്തി. പോലീസില്‍ പരാതി കൊടുത്തിട്ടും നടപടിയുണ്ടായില്ല.

വിനോദിന്റെ അമ്മ ക്വാറിക്കെതിരെ ഭയന്ന് ഒന്നും പറയാന്‍ തയ്യാറായില്ല. കിളിമാനൂർ സിഐ മനോജ് കാര്യമായ നടപടികള്‍ ഒന്നും സ്വീകരിക്കാത്തതിനാല്‍ വിനോദ് പരാതിയുമായ് എസ്.ഡി.എമിനെ സമീപിച്ചു. തുട‍ർന്നു 15/03/22ന് തിരുവനന്തപുരം സബ്‍ കളക്ടർ ശ്രീമതി എം.എസ് മാധവിക്കുട്ടി ഐ.എ.എസ് ക്വാറി പ്രവർത്തനം ഉടനടി നിറുത്തിവെയ്ക്കാൻ ഉത്തരവ് നൽകി. ഉത്തരവ് നടപ്പിലാക്കിയതിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ വില്ലേജ്‍ ഓഫീസർക്ക് നിർദ്ദേശം നൽകി. 18/04/22ല്‍ ഞങ്ങള്‍ കോളനി സന്ദർശിക്കുമ്പോഴും ക്വാറിയില്‍ ക്രയിനുകള്‍ നീങ്ങുന്നത് കാണാമായിരുന്നു. ‘സ്റ്റോപ്പ്‍ മെമ്മോ’ ഉണ്ടായിട്ടുപോലും കമ്പ്രെസ്സറിന് പകരം ജലാറ്റിന്‍ സ്റ്റിക്ക് ഉപയോഗിച്ച് ക്വാറി പ്രവർത്തിക്കുന്നുണ്ടായിരുന്നു.

സിന്ധു (41) വീട് നമ്പർ ‍5 /216

ക്വാറി പരിസരത്ത് വിനോദിന്റെ വീട് അടക്കം ഒരുപാട് കുടുംബങ്ങള്‍ ദുരിതം‍ അനുഭവിക്കുന്നുണ്ട്. എന്റെ കുടുംബവും അത്തരത്തില്‍ ഒന്നാണ്. അടുത്തുള്ള കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയാണ് ഞാന്‍. മാളവിക (നാലര), കൃഷ്ണ (16) എന്നിവർ മക്കളാണ്. മണികണ്ഠന്‍ ഭർത്താവ്. പ്ലസ് വൺ വിദ്യാർത്ഥിയായ കൃഷ്ണ തട്ടത്തുമല ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ പഠിക്കുന്നു. തീർത്തും അരക്ഷിതമായൊരു അവസ്ഥയിലാണ് ഞാനും എന്റെ കുട്ടികളും. പഠനം പോലും നിറുത്തേണ്ടി വരുന്ന സ്ഥിതിയിലാണ് എന്റെ മക്കള്‍. ഞങ്ങളുടെ കിണറിന്റെ സമീപം വരെ കല്ലും പൊടിയും വീണിരുന്നു. ഇപ്പോള്‍ ആ കിണർ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഞങ്ങള്‍ പൊട്ടിപൊളിഞ്ഞ വീട്ടിലാണ് താമസം. മക്കളെ ഒറ്റയ്ക്കാക്കി പണിക്ക് പോകാന്‍ പോലും എനിക്ക് ഭയമാണ്.

ഗീതു, വീട് നമ്പർ 5/116

ജനകീയ മുന്നേറ്റ സമിതി കൺവീനർ സേതുവിന്റെ മകള്‍, ഡിഗ്രി വിദ്യാർത്ഥിയാണ്. ക്വാറി പ്രവർത്തിക്കുമ്പോള്‍‍ ഉണ്ടാകുന്ന ശബ്ദവും പൊടിയും മൂലം പഠിക്കാന്‍ കഴിയാറില്ല. സമരസമിതി പ്രവർത്തകർക്ക് നേരെ നിരവധി തവണ ശാരീരിക ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ അടുത്ത സമയത്ത് പോസ്റ്റർ ഒട്ടിക്കുകയായിരുന്ന അച്ഛനേയും ഗോപാലന്‍(80) എന്ന മാമനേയും കുറച്ച് ആൾക്കാർ അക്രമിച്ചു. പോലീസ്‍ സ്റ്റേഷനുകളില്‍ അടക്കം പരാതി കൊടുത്താലും, മാനേജ്‌മെന്റിനും അക്രമകാരികൾക്കും അനുകൂലമായ നിലപാടും, ഞങ്ങൾക്ക് അവഗണനയുമാണ് ലഭിക്കുന്നത്. എന്റെ വീട്ടില്‍ ഏകദേശം അഞ്ച്‍ വർഷം മുൻപ് കല്ല് തെറിച്ചു വീണ് നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ക്വാറിയുടെ പ്രവർത്തനത്തെ എതിർക്കാതിരിക്കാന്‍ പലർക്കും ഓണത്തിനും മറ്റു വിശേഷ ദിവസങ്ങളിലും കിറ്റുകളും ചിലർക്ക് ചികിത്സാ സഹായവും നൽകുന്നു.

ജനകീയ മുന്നേറ്റ സമിതിയിലെ ഒരംഗം പറഞ്ഞത്, ക്വാറിക്കാർക്ക് എന്റെ അമ്മയെ മാത്രമാണ് വിശ്വാസം. അതുകൊണ്ട് അമ്മയ്ക്ക് ചികിത്സാ സഹായവും മറ്റു ചില വാഗ്ദാനങ്ങളും നൽകുന്നു. താഴെയ്ക്ക് മാറിയാല്‍ വീട്‍ വെച്ചു നൽകാമെന്നും പറഞ്ഞിരുന്നു. (ഭയംകൊണ്ട് പേര് വെളിപ്പെടുത്താൻ അവർ തയ്യാറായില്ല.)

കൗസല്യ, വീട് നമ്പർ (5/216)

കൗസല്യയെന്ന വൃദ്ധയുടെ ഭർത്താവ് കൊച്ചുചെറുക്കന്‍ 8 വർഷം മുൻപ് ശ്വാസതടസം മൂലം മരിച്ചിരുന്നു. ക്വാറിക്കാർ വാഗ്ദാനം ചെയ്ത സഹായം വാങ്ങിയില്ല.

ജപ്പാൻ കുടിവെള്ള പദ്ധതിപ്രകാരം കോളനിയുടെ പലഭാഗത്തും കഴിഞ്ഞ രണ്ടു വർ‍ഷമായിട്ടാണ് വെള്ളമെത്തി തുടങ്ങിയത്. കോളനിയിൽ ‍തന്നെ പല വീടുകളിലും നാലു മാസം മാത്രമെ ആയിട്ടുള്ളു വെള്ളമെത്തിയിട്ട്. ക്ലോറിന്‍ അടക്കമുള്ള രാസവസ്തുക്കളുടേയും ക്വാറിയിലെ പാറപൊടിയുടേയും ഭാഗമായി പാല്‍‍ നിറത്തില്‍ വരുന്ന വെള്ളം വലിയ പാത്രങ്ങളില്‍ പിടിച്ചുവെച്ച് അടിഞ്ഞതിനുശേഷം മാത്രമേ ഉപയോഗിക്കുവാന്‍ കഴിയുകയുള്ളു എന്നത് വസ്തുതാന്വേഷണ സമിതി സന്ദർശിച്ച മിക്ക വീടുകളില്‍ നിന്നും നേരിട്ട് ബോധ്യപ്പെട്ടതാണ്.

ക്വാറിയുടെ പ്രവർത്തനം മൂലം കുടിവെള്ള ക്ഷാമം രൂക്ഷമായി. ഇതിനെതിരെ വ്യാപകമായി പരാതി ഉയർന്നപ്പോള്‍ എ.കെ.ആർ ക്വാറി മാനേജ്‌മെന്റ് ടാങ്കറുകളില്‍ വെള്ളം എത്തിക്കാൻ തുടങ്ങി. എന്നാല്‍ ഇതിന് യാതൊരുവിധത്തിലുള്ള കൃത്യതയോ സമയക്രമമോ ഇല്ലെന്ന പരാതിയും വ്യാപകമായി ഉയർന്നിട്ടുണ്ട്. പ്രദേശിക ഗവൺമെന്റ് പദ്ധതികളുടെ ഭാഗമായി കൂടി നിർമ്മിച്ച പല കോൺക്രീറ്റ് ഇടറോ‍ഡുകളും ക്വാറിയില്‍ നിന്നു ടിപ്പറുകളില്‍ ലോഡ് കയറി പോകുന്നതിനും ഇറക്കുന്നതിനും കൂടി സൗകര്യപ്പെടുന്ന രീതിയിലാണെന്ന പരാതിയുമുണ്ട്.

2017ല്‍ സേതുവിന്റെ നേതൃത്വത്തില്‍ ജനകീയ മുന്നേറ്റ സമിതി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങിയതിന് ശേഷമാണ് ഓണക്കാലത്ത് 10കിലോ കിറ്റ് നൽകി തുടങ്ങിയതെന്ന് അവര്‍ പറഞ്ഞു. 2018ല്‍‍ കിറ്റിന്റെ വലിപ്പം കൂടിയെന്നും, 2019 മുതല്‍ പണവും നൽകാൻ തുടങ്ങിയെന്നും അവർ ആരോപിക്കുന്നു. വിനോദിന്റെ മുറ്റത്തെ തെങ്ങ് അടക്കം നിരവധി ചെടികളും മരങ്ങളും ക്വാറിയിലെ പൊടിവീണു നശിച്ചതും അവർ ചൂണ്ടികാട്ടി.

കൊച്ചുക്കുന്ന് തോപ്പിൽ ഭവാനിക്ക് (70 വയസ്) 4 വർഷം മുൻപ് തന്റെ പത്ത് സെന്റ് ഭൂമിയും വീടും ക്വാറിയ്ക്ക് തന്നെ വിറ്റ് സ്ഥലം മാറി പോകേണ്ടി‍ വന്നു. ക്വാറിയുടെ തൊട്ടടുത്ത താമസക്കാരായിരുന്ന കുട്ടപ്പന്‍, ശ്യാമള എന്നിവർ സ്ഥലം ക്വാറിക്കാർക്ക് തന്നെ വിൽക്കേണ്ടി വന്നു. കുട്ടപ്പന്‍ ക്യാൻസർ ബാധിച്ചു മരിച്ചു.

2012ല്‍ മിനി ക്രഷർ എന്ന നിലയില്‍ തുടങ്ങാന്‍ 12 വർഷത്തെ ലീസ് അനുവദിച്ചതാണ്. (മൈനിങ്ങ്‍ ലൈസൻസ് 595/2011-12/6181എം3/ തീയതി 17-12-11) സ്ഥാപന ഉടമ ഓമന പി, സുകുമാര വിലാസം, പോങ്ങുംമൂട്, തിരുവനന്തപുരം.) പരിസര മലിനകരണ നിയന്ത്രണ ബോർഡ് പറഞ്ഞിരിക്കുന്ന നിബന്ധനകളില്‍ പലതും ലംഘിച്ചിരിക്കുന്നതായി വസ്തുതാന്വേഷണ സമിതിക്ക് ബോധ്യപ്പെട്ടു. രേഖകളില്‍ പലതും സാങ്കേതികമായി നിയമനുസൃതമാമെങ്കിലും, ക്വാറിയുടെ പ്രവർത്തനം മൂലം പരിസരവാസികളായ ജനങ്ങളുടെ ആരോഗ്യ- സാമ്പത്തിക – സാമൂഹിക – സ്വൈരജീവതത്തെ ബാധിച്ചിരിക്കുന്നത് കോളനിയും ക്വാറിയും സന്ദർശിക്കുന്ന ആർക്കും മനസിലാക്കാവുന്നതാണ്.

നിലവിലുള്ള നിയമപ്രകാരം അനുമതി പുതുക്കി നൽകുമ്പോള്‍ അപേക്ഷയ്ക്ക് ഒപ്പം സമർപ്പിക്കേണ്ട രേഖകളില്‍ പ്രധാനമാണ്, ക്വാറിയില്‍ സ്ഫോടകവസ്തുക്കള്‍ സൂക്ഷിക്കുന്നതിനും സ്ഫോടനം നടത്തുന്നതിനും മേല്‍‍നോട്ടം വഹിക്കുന്നയാളിന്റെ യോഗ്യതയും പ്രവർത്തി പരിചയ സർട്ടിഫിക്കറ്റും. എന്നാല്‍ 2018ല്‍ അതുവരെ അവിടെ പ്രസ്തുത ജോലി ചെയ്തിരുന്ന ആളിന്റെ സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞു. പുതിയ ആള്‍ സി. വി വീര രാഘവ റെഢ്ഡി 5/11/16 മുതൽ അവിടെ ജോലി ചെയ്തുവരുന്നു. അദ്ദേഹത്തിന് മേൽപറഞ്ഞ യോഗ്യതാ സർ‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെന്ന ശ്രീമതി ഓമനയുടെ കേവലം വെള്ളപേപ്പറില്‍ എഴുതി നൽകിയ സത്യവാങ്മൂലം മാത്രമാണ് നിലവിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് 2020 – 21ലും 2021 – 22ലും ക്രഷർ നടത്തിപ്പിന് അനുമതി പുതുക്കി നൽകിയിരിക്കുന്നത്. ഇത് തികച്ചും നിയമവിരുദ്ധമാണ്.

2011ല്‍ സർക്കാരുമായി 12 വർഷത്തെ ലീസ് വ്യവസ്ഥ വയ്ക്കുമ്പോള്‍, പരിസ്ഥിതി ആഘാതപഠനം ഒരു നിബന്ധനയായി പരിഗണിച്ചിരുന്നില്ല. 2015ൽ “കേരള ചെറുകിട ഖനിയും ഖനിജങ്ങളും” എന്ന നിയമത്തില്‍ വരുത്തിയ ഭേദഗതി പ്രകാരം, ഓരോ വർഷവും പാരിസ്ഥിതിക അനുമതി പുതുക്കി വാങ്ങണം. എന്നാൽ, നിയമം വരുന്നതിന് മുൻപ് ദീർഘകാല കരാറില്‍ ഏർപ്പെട്ടവരെ ഒഴിവാക്കിയെന്ന ഉത്തരവ് വാങ്ങിയെടുക്കുകയാണ് ക്വാറി ഉടമകൾ ചെയ്തത്. ഇതുപ്രകാരം 15/12/23 വരെ കാലവധിയുണ്ടെന്ന സാങ്കേതികത്വത്തിൽ ഊന്നി, പരിസരവാസികളുടെ പരാതികളെയും ബുദ്ധിമുട്ടുകളെയും തള്ളികളയുകയാണ് എ.കെ.ആർ ക്വാറി ചെയ്തിരിക്കുന്നത്. ശ്രീമതി ബിന്ദുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മൈനിങ്ങ് ആൻഡ് ജിയോളജി ജില്ല ഓഫീസില്‍ നിന്നും പരിശോധന നടത്തിയിരുന്നു. വീടിന് കേടുപാടുകള്‍‍ സംഭവിച്ചുവെന്നത് ‍ശരിയാണെങ്കിലും, അത്‍ ക്വാറി പ്രവർത്തനം മൂലമാണെന്നോ, കല്ല് വീണിട്ടാണെന്നോ നിഗമനത്തില്‍ എത്താന്‍ ‍‍കഴിയുന്നില്ലെന്ന നിരുത്തരവാദപരമായ‍ റിപ്പോർട്ടാണ് ഡയറക്ടർക്ക് നൽകിയത്‍, (നമ്പർ/ജിയോളജി/എം.എല്‍./3090/2017).

2011ലെ ഉത്തരവില്‍ മിനി ക്രഷർ തുടങ്ങാൻ 2 ഹെക്ടർ സ്ഥലത്തിന് ലീസ് ലഭിച്ചതിന്റെ പിൻബലത്തിൽ, പരിസരവാസികളെ സമ്മർദ്ദത്തിലാക്കി സ്ഥലവും വീടും വാങ്ങിയെടുത്തും, രാഷ്ട്രീയ – സാമ്പത്തിക സ്വാധീനം ഉപയോഗിച്ചും കാലക്രമേണ ക്വാറിയായി മാറുന്നു. ഇത് നഗ്നമായ നിയമലംഘനം ആണെന്ന് കാണാം. പ്രദേശവാസികളായ ഷാജഹാനും കുട്ടപ്പനുമടക്കം നാലിലധികം പേർ‍ അവരുടെ വീടും സ്ഥലവും ക്വാറി ഉടമകൾക്ക് തന്നെ വിറ്റു സ്ഥലം വിട്ടുപോകേണ്ടി വന്നു. ഷാജഹാനെ കള്ളകേസില്‍ കുടുക്കി സമ്മർദ്ദത്തിലാക്കുകയായിരുന്നു. 03/06/16ല്‍ പഞ്ചായത്ത് സെക്രട്ടറി, പരിസരവാസിയായ ഷാജഹാന്റെ പരാതിയിലെ നടപടി എന്ന നിലയിലാണ് ക്വാറി നിറുത്തിവെപ്പിച്ചത്.

ഖനനം പുനരാരാംഭിക്കുന്നതിന് നൽകിയ അനുമതി തന്നെ നിലവിലെ നിയമങ്ങളെ പലതിനേയും അന്യായമായി മറികടക്കുന്നതാണ്. പരിസരവാസികൾക്ക് അപകടമുണ്ടാക്കുന്ന സാധ്യതകൾ ഒഴിവാക്കി പ്രവർത്തനം ആരംഭിക്കാൻ അനുവദിക്കുന്നു എന്നായിരുന്നു ഉത്തരവ്. എന്നാൽ സുരക്ഷാ കാര്യത്തിൽ ക്വാറി ഉടമകളില്‍ നിന്നും യാതൊരു നടപടികളോ ഉറപ്പോ ലഭ്യമാക്കാതെയാണ് ക്വാറി പുനരാരംഭിച്ചത്.

കോളനിയില്‍‍ നിന്നും വെറും‍ മൂന്ന് പേർക്കാണ് സ്ഥിരം തൊഴിൽ നൽകിയിട്ടുള്ളത്. നിലവിലെ നിയമങ്ങള്‍ അനുസരിച്ച് പാലിക്കേണ്ട മാനദണ്ഡങ്ങളില്‍ പലതും സങ്കേതികമായി പോലും പാലിച്ചിട്ടില്ല. എത്ര തൊഴിലാളികള്‍ പണിയെടുക്കുന്നു? അതില്‍ പ്രദേശവാസികള്‍ എത്ര? ഇതര സംസ്ഥാനക്കാർ‍ എത്ര? അപകട സാധ്യതയുള്ള തൊഴിലെടുക്കുന്ന അവരുടെ സുരക്ഷക്കായി ചെയ്തിരിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ?, (ഇൻഷുറൻസ്, ക്ഷേമനിധി, മറ്റു തൊഴിലവകാശങ്ങള്‍) തുടങ്ങിയവയുടെ കൃത്യമായ വിവരങ്ങള്‍ ഒന്നും തന്നെ പ്രദേശിക ഗവൺമെന്റ് പ്രതിനിധികളുടെയും മറ്റു ഔദ്യോഗിക സ്ഥാപനങ്ങളുടെയും കൈവശമില്ല. മിക്ക ഓഫീസുകളിലും ക്വാറി മാനേജ്‌മെന്റ് നൽകിയ വിവരം അതേപടി രേഖകളാക്കി സൂക്ഷിക്കുകയാണ് ചെയ്തിരിക്കുന്നത്.

എതിർപ്പ്‍‍ ഉയർത്തുന്നവരെ നിശബ്ദരാക്കുന്നതിനുവേണ്ടി വിവിധ മാർഗ്ഗങ്ങള്‍ ഉപയോഗിക്കുന്നു. അതിന് വരുന്ന ചിലവുകൾ കമ്പനിയുടെ സാമൂഹിക ഉത്തരവാദിത്ത നിധിയില്‍ നിന്നും ഉപയോഗിക്കുന്നു. ഒരു നാടിന്റെ ഉന്നമനത്തിനായി നിയമപരമായി നീക്കിവെയ്ക്കേണ്ട തുക ഇത്തരത്തിൽ നാട്ടുകാരെ നിശ്ശബ്ദരാക്കാൻ ഉപയോഗിക്കുന്നത് ഔദ്യോഗിക ഏജൻസികൾ കണ്ടില്ലെന്നു നടിക്കുന്നു, (ജിയോളജിയും പോലീസും പഞ്ചായത്തും പ്രാദേശിക രാഷ്ട്രീയ നേതൃത്വവും).

കോളനിയിലെ കല്ല് തെറിച്ചു വീഴാന്‍ സാധ്യതയുള്ള വീടുകളുടെ പരിസരങ്ങളിൽ, പരാതി‍ ഉയരുന്നതിനു മുൻപ് തന്നെ കല്ല് പെറുക്കി മാറ്റന്‍ തൊഴിലാളികള്‍ എന്ന നിലയില്‍ ആൾക്കാരെ നിർത്താറുണ്ട്. ‍എതിർക്കുകയോ പരാതി പറയുകയോ ചെയ്യുന്നവരെ കായികമായി കൈകാര്യം ചെയ്യാന്‍ തക്കവണ്ണമുള്ളവരെയാണ് ഇതിനായി നിർത്തിയിരിക്കുന്നത്. ഇത് പലപ്പോഴും സ്ത്രീകളും കുട്ടികളുമടങ്ങുന്ന കോളനി നിവാസികളുടെ സ്വകാര്യതയേയും സ്വൈരജീവതത്തെയും തകർക്കുന്ന സംഘർഷമായി രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് ജാതീയ വേർതിരിവുകളെയും സാമൂഹിക വിവേചനങ്ങളെയും രൂക്ഷമാക്കിയിരിക്കുന്നു.

പ്രദേശത്തെ ജാതീയമായും സാമൂഹിക – സാമ്പത്തികമായും മുന്നില്‍ നിൽക്കുന്നവരുടെ നിലപാടുകള്‍ കൂടുതലും ക്വാറിക്കും അധികാരികൾക്കും അനുകൂലമാണ്. ഇത് കുടിവെള്ളത്തിനും സ്വൈരജീവിതത്തിനും വേണ്ടി സമരം ചെയ്യുന്നവരെ നാട്ടിലെ പ്രശ്നക്കാരായി ചിത്രീകരിച്ചു ഒറ്റപ്പെടുത്തുന്നതിന് സഹായിക്കുന്നു.

ഇത്തരം വ്യവസായങ്ങളാണ് നാട്ടില്‍ തൊഴിലും വികസനവും കൊണ്ടുവരുന്നത് എന്ന ജനപ്രതിനിധികളുടേയും ഗവൺമെന്റുകളുടേയും കാഴ്ചപ്പാട് കൂടിയാകുമ്പോള്‍ ക്വാറി മാനേജ്മെന്റിന് സർവ്വ നിയമങ്ങളേയും ലംഘിച്ച് ലാഭം പെരുപ്പിക്കാനും കരുത്തു നൽകുന്നു. അതുകൊണ്ട് തന്നെയാണ് ലൈസൻസിനായി സമർപ്പിക്കുന്ന “സർവ്വേ സ്കെച്ചി”നപ്പുറത്തേക്ക് ക്വാറിയിങ്ങും മൈനിങ്ങും നീണ്ടിട്ടും ബന്ധപ്പെട്ട അധികാരികള്‍ നടപടിയെടുക്കാന്‍ മടിക്കുന്നത്.

അത്തരത്തിലൊരു അനീതിയുടെ ജീവിക്കുന്ന ഉദാഹരണമാണ് ചന്ദ്രവിലാസം (വീട് നമ്പർ: 4/289) ചന്ദ്രനും (48) അമ്മ രാജമ്മയും. അവരുടെ അനുഭവങ്ങൾ ചന്ദ്രന്റെ തന്നെ വാക്കുകളില്‍:

“ഏഴാം ക്ലാസ് പഠനം മാത്രമുള്ള ‍എനിക്ക് കിളിമാനൂർ തന്നെയുള്ള മറ്റൊരു ക്വാറിയായ കടവിള ക്വാറിയില്‍ ജാക്ക്ഹാമർ കുഴിയെടുപ്പ് പണിയായിരുന്നു. 2005 ഡിസംബർ, ഒരു രാത്രിയില്‍ പണികഴിഞ്ഞ് കിളിമാനൂർ ബാറില്‍ പോയി അൽപം വീശിയിട്ട് വരികയായിരുന്നു.

എനിക്ക് ഓർമ്മയുള്ള കാലം മുതല്‍ കൊപ്പം ഈഴവ കുടുംബക്കാരാണ് ഇവിടെ എല്ലാ ഭരണവും നടത്തുന്ന തമ്പുരാക്കന്മാർ. പഞ്ചായത്ത് സി.പി.എം ഭരിക്കുന്ന കാലത്ത്, ഇവർ രണ്ടു ഹരിജനങ്ങളെ കൊന്നുകളഞ്ഞു. അക്കാലത്ത് ഹരിജന്‍ വിഭാഗത്തില്‍‍പ്പെട്ട സ്ത്രീകൾക്ക് ധൈര്യമായ് റോഡില്‍ ഇറങ്ങിനടക്കാന്‍ കഴിയുമായിരുന്നില്ല. അന്നൊരു ദിവസം കൊപ്പം മോഹനനും ശിങ്കിടികളും കൂടി ഒരു ഹരിജന്‍ പെൺകുട്ടിയെ കവലയിലൂടെ അപമാനിച്ച് ഓടിച്ചു വിട്ടശേഷം അടുത്തുള്ള തോട്ടില്‍ കുളിക്കാന്‍ പോയി. അന്ന് ഞാന്‍ ബി.എസ്.പിയുടെ സജീവപ്രവർത്തകനായിരുന്നു. വിവരം അറിഞ്ഞയുടന്‍ അവിടെ എത്തിയ ഞാന്‍, കൊപ്പത്ത് മോഹനന്റെ കൈയും കാലും ഒരു മേശയുടെ കാലുകൊണ്ട് അടിച്ചൊടിച്ചു. 14 വർഷം (2005 – 2019) ആറ്റിങ്ങല്‍ കോടതിയില്‍ കേസ് നടന്നു. അവസാനം എന്നെ കോടതി വെറുതെ വിട്ടു. എന്റെ കൂടെയുണ്ടായിരുന്നവർ പിന്നീട് കൊപ്പത്തുകാരുടെ പണിക്കാരായി.

വൃശ്ചിക തലേന്ന് എന്നെ അടിച്ചു ഓട്ടോറിക്ഷയില്‍ കൊണ്ടുവന്നു വീടിന് മുന്നിലേക്ക് വലിച്ചെറിഞ്ഞിട്ടുപോയി. എനിക്ക് അന്ന് മദ്യം ഒഴിച്ച്‍ തന്നത് ബാബുവും തുളസിയുമാണ്. അവര്‍ കോളനിയില്‍ തന്നെയാണ് താമസം. ഇപ്പോഴവർ എ.കെ.ആർ ക്വാറിയുടെ ആൾക്കാരാണ്. ആറ്‍ വർഷമായി വീട്‍ – മെഡിക്കല്‍ കോളേജ് – വീട് എന്ന നിലയില്‍ വീൽചെയറിലും വാക്കറിലുമായി ദുരിത ജീവിതം തുടരുന്നു. ക്വാറി, ഓമനയുടെ പേരിലാണെങ്കിലും ഭർത്താവ് അജിത്ത്കുമാർ ആണ് എല്ലാം നടത്തുന്നത്.”

ഇപ്പോൾ അമ്മ രാജമ്മയാണ് ചന്ദ്രന്റെ കാര്യങ്ങള്‍ നോക്കി നടത്തുന്നത്. അവരും വാർദ്ധ്യക്യ സഹജമായ രോഗങ്ങളുടെ പിടിയിലാണ്. ഇത്തരത്തിലുള്ള ആൾക്കാർക്ക് ലഭിക്കുന്ന നാമമാത്രമായ സഹായവും കഴിഞ്ഞ കുറച്ച് നാളായി ആ അമ്മയ്ക്ക് കിട്ടുന്നില്ല. ജീവിച്ചിരിക്കുന്നു എന്ന സാക്ഷ്യപത്രം നൽകാന്‍ കഴിയാത്തതാണ് സഹായധനം മുടങ്ങാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം‍.

മദ്യവും പണവുമടക്കം നൽകി കോളനിയിലെ പുരുഷന്മാരെയും ചെറുപ്പക്കാരായ പുതിയ തലമുറയെയും സ്വാധീനിച്ച്, അവരെ സമരത്തിന് എതിരെ നിർത്താന്‍ ക്വാറി മാനേജ്മെന്റ് ശ്രമിക്കുന്നു. ജനകീയ മുന്നേറ്റ സമിതി കൺവീനർ സേതുവിന്റെ ഈ ആരോപണം ശരിയാണെന്ന് മേൽപറഞ്ഞ ചന്ദ്രന്റെ അടക്കം അനുഭവങ്ങള്‍ തെളിയിക്കുന്നു.

ഗീത, ഗ്രാമ പഞ്ചായത്ത് അംഗം, അഞ്ചാം വാർഡ്

“എന്റെ വാർഡില്‍ പ്രതിഭാ കേന്ദ്രവും അങ്കണവാടിയും ഒരു കുടുംബാരോഗ്യ കേന്ദ്രവും ഉണ്ട്. ക്വാറിക്ക് പുറമേ രണ്ടു സ്വകാര്യ കശുവണ്ടി ഫാക്ടറികളും പ്രവർത്തിക്കുന്നു. എന്റെ വാർഡില്‍ ലഹരിയുടെ അമിത ഉപയോഗം തടയുന്നതിനുള്ള ക്യാമ്പുകളും ബോധവത്ക്കരണ ക്ലാസുകളും നടത്താറുണ്ട്. കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി ജലജീവന്‍ പദ്ധതിയില്‍ ഒരുകോടി രൂപ വകയിരുത്തി. 40 ലക്ഷം രൂപ ചിലവഴിച്ച് 4 ടാങ്കുകളും എല്ലാ ഇടറോഡിലും ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകളും സ്ഥാപിച്ചു. ആഘോഷപൂർവ്വമാണ് ഉദ്‌ഘാടനം നടത്തിയത്. ടാങ്കുകൾ ഇപ്പോഴും ഒരു പ്രയോജനവും ഇല്ലാത്തവിധം സ്മാരകങ്ങളായി നിൽക്കുന്നു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുകളിൽ ചുരുങ്ങിയ ദിവസങ്ങളിൽ കുറഞ്ഞ സമയം മാത്രമാണ് വെള്ളം എത്തുന്നത്. കൂട്ടത്തില്‍ ഇതുവരെ വെള്ളം എത്താത്തവയും ധാരാളം.”

പലയിടത്തും സ്ത്രീകൾക്കും കുട്ടികൾക്കും അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ല. അതുകൊണ്ട് തന്നെ അവരുടെ ആരോഗ്യത്തിനും ആത്മവിശ്വാസത്തിനും കാര്യമായ പരിക്കേറ്റിരിക്കുന്നു. നിരവധി ഉപയോഗശൂന്യമായ കിണറുകളും ഉപേക്ഷിക്കപ്പെട്ട വീടുകളും കാണാന്‍ കഴിഞ്ഞു. വർഷം മുഴുവനും ജലസമൃദ്ധമായിരുന്ന ഈ മലമ്പ്രദേശത്തിന് താഴെയായി മിനി ക്രഷർ എന്ന നിലയില്‍ അനുമതി വാങ്ങി ക്വാറി തുടങ്ങിയതോടെയാണ് പ്രദേശം വാസയോഗ്യമല്ലാതെ ആയത്. വിദഗ്ദധ സമിതി സന്ദർശിച്ച മിക്ക വീടുകളിലും ഒരു ശ്വാസകോശ രോഗിയോ ചർമ്മരോഗിയോ ഉണ്ടായിരുന്നു. സ്ത്രീജന്യ രോഗങ്ങൾ, തൈറോയ്ഡ് അടക്കമുള്ള ഹോർമോൺ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ, വൃക്ക – കരൾ – രോഗങ്ങൾ എന്നിവ സമീപഭാവിയിൽ ഇനിയും വർധിച്ചേക്കാവുന്ന സാമൂഹിക സാഹചര്യമാണ് നിലനിൽക്കുന്നത്. കുറച്ചുകൂടി വ്യക്തതയ്ക്കായി കമ്മ്യുണിറ്റി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ അനുപമയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ കൃത്യമായ വിവരങ്ങൾ ലഭ്യമായില്ല.

വസ്തുതാന്വേഷണ സമിതി ഗവൺമെന്റിന് മുന്നിൽ വെയ്ക്കുന്ന നിർദ്ദേശങ്ങളും കണ്ടെത്തലുകളും:

1) കേരള ഹൈക്കോടതിയുടെ 25-05-2022ലെ, ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായിട്ടുള്ള ബെഞ്ചിന്റെ WP(c)No.11249 of 2010- ഉൾപ്പെടെ 33 കേസുകളിലായി പുറപ്പെടുവിച്ച വിധിയിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി, കിളിമാനൂർ തോപ്പില്‍ കോളനിയിലെയും ക്വാറി പരിസരത്തേയും ജനങ്ങളുടെ പരാതിക്ക് ശാശ്വത പരിഹാരം ഉണ്ടാകുന്നത് വരെ ക്വാറിയുടെയും ക്രഷറിന്റെയും പ്രവർത്തനങ്ങൾക്ക് ഉടൻ STOP MEMO നൽകുക.

2) കോളനിയിലെയും പരിസരത്തെയും ജനങ്ങൾക്ക് ആരോഗ്യം, പഠനസഹായം, കുടിവെളളം, സുരക്ഷിതത്വം, ഗതാഗത സൗകര്യം, കാർഷിക വിളകൾക്ക് സംരക്ഷണം എന്നിവ ഉറപ്പുവരുത്തുക.

3) തോപ്പില്‍ ദളിത്‍ കോളനിയോട് പുലർത്തുന്ന ജാതീയ അധിക്ഷേപങ്ങള്‍, വംശീയ വിദ്വേഷം എന്നിവയ്ക്കെതിരെ നടപടി സ്വീകരിക്കുക.

4) ക്വാറി പരിസരത്തെ ജനങ്ങൾക്കിടയിൽ വിശദവും സമഗ്രവുമായ ആരോഗ്യ സർവ്വേ നടത്തുക.

5) ക്വാറിയുടെയും മാനേജ്മെന്റുകളുടെയും നിയമലംഘനങ്ങള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതിന് ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കുക.

6) ജനകീയ മുന്നേറ്റ സമിതി നേതാവ് സേതുവിനെയും വൃദ്ധനായ ഗോപാലൻ ചേട്ടനേയും ക്വാറിക്കാർക്ക് വേണ്ടി മർദ്ദിച്ച് അവശരാക്കിയവർക്ക് എതിരെ ക്രിമിനല്‍ കേസെടുത്തു നടപടി സ്വീകരിക്കുക.

7) ദളിതരില്‍ തന്നെ താരതമ്യേ സാമ്പത്തികമായി ശരാശരിയിലും ഉയർന്നു നിൽക്കുന്നവരും ദരിദ്രരും തമ്മിലും വിവേചനം നിലനിൽക്കുന്നു. ഇത് ക്വാറി ഉയർത്തുന്ന പരിസ്ഥിതിക – സാമൂഹിക പ്രശ്നങ്ങൾക്കെതിരെ രൂപപ്പെട്ടു വരുന്ന ഒരു ഐക്യനിരയ്ക്കും യോജിച്ച പ്രവർത്തനങ്ങൾക്കും തടസം നിൽക്കുന്നു.

8) മദ്യവും മറ്റു ലഹരിയും നൽകി സ്വാധീനിക്കാന്‍ പറ്റുന്നത്ര പുരുഷന്മാരെ സ്വാധീനിച്ചാണ് നാട്ടിലെ ഐക്യനിരയ്ക്ക് തുരങ്കം വെയ്ക്കുന്നത്.

9) അതുകൊണ്ടു തന്നെ ക്വാറി പരിസരത്തെ സ്ത്രീകളുടെ ജീവിതം ഇരട്ടി ദുസ്സഹമാണ്.

10) ക്വാറി പരിസരത്തെ കുട്ടികളും സ്ത്രീകളും നേരിടുന്ന സവിശേഷ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുക.

11) നികുതി, ലൈസൻസ് ഫീസ് തുടങ്ങിയ ഇനത്തില്‍ അടക്കേണ്ടിയിരുന്ന തുകയുടെ പകുതി മാത്രം അടച്ച് പലമടങ്ങിലധികം ഖനനം നടത്തിയിരിക്കുന്നു. ഇത് തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കുക.

12) മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതൃത്വവും ജനപ്രതിനിധികളും എ.കെ.ആർ ക്വാറിയുടെ നിയമലംഘനങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നു.

13) ജനങ്ങൾക്കിടയിൽ ഐക്യവും ആത്മവിശ്വാസവും ഉയർത്തുന്ന തരത്തിൽ ജനകീയ മുന്നേറ്റ സമിതിയെ കൂടി മുഖവിലക്കെടുത്തു കൊണ്ടു തോപ്പിൽ കോളനി പ്രദേശത്ത് പ്രാദേശിക ഗവൺമെന്റ് സമഗ്രമായ വികസന പ്രവർത്തനങ്ങൾക്ക് രൂപം നൽകുക.

14) സാങ്കേതിക നൂലാമാലകൾ തടസ്സമാവാതെ അടിയന്തര പ്രാധാന്യത്തോടെ ക്വാറി എന്നെന്നേയ്ക്കുമായി അടച്ചുപൂട്ടുക.

15) നഷ്‌ടമായ പാരിസ്ഥിക സന്തുതിലാവസ്ഥ തിരിച്ചുപിടിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക.

16) ഇതിനാവശ്യമായ തുക പിഴയായി ക്വാറി ഉടമകളിൽ നിന്നും, കൂട്ടുനിന്ന ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കാൻ നടപടി സ്വീകരിക്കുക.

17) നാടിന്റെയും ഭാവി തലമുറയുടെയും സുരക്ഷയെ കരുതി ജാതി മത രാഷ്ട്രീയ വിയോജിപ്പുകൾ മാറ്റി നിർത്തി, ഒരു ഐക്യനിര രൂപപ്പെടുത്തുന്നതിന് ജനകീയ മുന്നേറ്റ സമിതിയും സമര നേതൃത്വവും ജനകീയമായി മുൻകൈയെടുക്കുക.

18) കേസുകൾ അടക്കമുള്ള പ്രശ്നങ്ങളിൽ ഫലപ്രദമായ പിന്തുണ നേടുന്നതിന് സംസ്ഥാന തലത്തിൽ തന്നെ സമാന കാഴ്ചപ്പാടുള്ളവരുടെ സഹകരണം ഉറപ്പാക്കുക.

ഫോട്ടോ_ രാജേഷ് മാധവൻ

Follow us on | Facebook | Instagram Telegram | Twitter