ഹിന്ദുത്വ ഫാഷിസവുമായി നിത്യവും കലഹിച്ച നജ്മൽ എൻ ബാബു

ഹിന്ദുത്വ ഫാഷിസവുമായി നിത്യവും കലഹിച്ച വിപ്ലവകാരി നജ്മൽ എൻ ബാബു ഇനി ഓർമ്മകളിൽ ജ്വലിക്കും. ചൊവ്വാഴ്ച രാത്രി 8 മണിയോടെ കൊടുങ്ങല്ലൂരിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുകാലമായി തുടരുന്ന അനാരോഗ്യാവസ്ഥയെ തുടർന്ന് ചികിത്സയിലായിരുന്നു. രോഗങ്ങങ്ങളെ വകവെക്കാതെയും അദ്ദേഹം മനുഷ്യാവകാശ പ്രശ്‍നങ്ങളിൽ സജീവമായി ഇടപ്പെട്ടു. അടുത്തയിടെ നടന്ന കന്യാസ്ത്രീകളുടെ സമരത്തിലും നജ്മൽ ബാബു നീതിക്കൊപ്പം ഉറച്ചു നിന്നു.

കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ മുന്നണിപടയാളി ആയിരുന്ന അദ്ദേഹം അടിയന്തിരാവസ്ഥക്കാലത്ത് ജയിലിൽ ക്രൂര മർദ്ദനങ്ങൾക്ക് ഇരയായി. ആദിവാസി, ദലിത്, മുസ്‌ലിം, ന്യൂനപക്ഷങ്ങൾക്കെതിരെയും മാവോയിസ്റ്റ് പാർട്ടി പോലുള്ള പ്രസ്ഥാനങ്ങൾക്കെതിരെയും ഭരണകൂടം നടത്തുന്ന അടിച്ചമർത്തലുകൾക്കെതിരെ തെരുവിൽ പോരാടിയ നജ്മൽ ബാബു കേരളത്തിലെ ഒട്ടുമിക്ക സമരങ്ങളുടെയും മുന്നിലുണ്ടായിരുന്നു.

ഒരു കമ്യൂണിസ്റ്റ് ആയിരിക്കെ തന്നെ കേരളത്തിലെ വ്യവസ്ഥാപിത ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വിമർശകനുമായിരുന്നു അദ്ദേഹം. യുക്തിവാദികൾ, മതേതരവാദികൾ എന്നവകാശപ്പെടുന്നവരിലെ ഹിന്ദുത്വ പ്രവണതയെ തുറന്നു കാട്ടിയിരുന്നു നജ്മൽ. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ എന്ന യുക്തിരഹിത സിദ്ധാന്തത്തെ നജ്മൽ മരണംവരെ ശക്തമായി എതിർത്തു.

ഹിന്ദുത്വ ഫാഷിസത്തിന്റെ മുഖ്യഇരകളായ മുസ്‌ലിം സമൂഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം ഇസ്‌ലാം മതം സ്വീകരിച്ചു. ടി എൻ ജോയ് എന്ന പഴയ പേരിനു പകരം ഗായകൻ നജ്മൽ ബാബുവിന്റെ പേരിൽ വിളിക്കപ്പെടാൻ ആഗ്രഹിക്കുകയും ആ പേര് സ്വീകരിക്കുകയും ചെയ്തു. സമകാലിക വിഷയങ്ങളിൽ പ്രതികരിച്ചു എല്ലാ ദിനപത്രങ്ങൾക്കും എന്നും കത്തെഴുതിയിരുന്ന നജ്മൽ ബാബു ഫേസ്ബുക്കിലും സജീവമായി ഇടപെട്ടു.

മരണാനന്തരം തന്റെ ശരീരം കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദിൽ ഖബറടക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നേരത്തെ പള്ളി അധികൃതർക്ക് കത്തെഴുതിയിരുന്നു. മാർക്സിനെയും മാവോയെയും കുറിച്ച് പറയുന്ന കമ്യൂണിസ്റ്റ് ആയിരിക്കെ നബിയെ അനുസ്‌മരിക്കുന്ന മുസ്‌ലിം ആയിരിക്കെ അംബേദ്ക്കറെ സ്മരിക്കുമ്പോൾ തന്നെ ഗാന്ധിയെ കുറിച്ചും വാചാലനാകുന്ന നജ്മൽ എൻ ബാബു ഒരു ഒക്ടോബർ 2ന് ഈ ലോകത്തോട് വിടപറഞ്ഞത് യാദൃശ്ചികമായിരിക്കാം. അടിയന്തിരാവസ്ഥ തടവുകാർക്ക് പെൻഷനുവേണ്ടി നിരന്തരം ശബ്ദമുയർത്തിയ നജ്മലിന്റെ ആവശ്യം പക്ഷെ ഭരണകൂടം ഒരിക്കലും കേട്ടില്ല.

Leave a Reply