പാനായിക്കുളം വിധിയറിഞ്ഞ് സന്തോഷത്തോടെയാണ് ‘പികെ’ നാഥനിലേക്ക് പോയിട്ടുണ്ടാകുക

യാത്രയിൽ ഉടനീളം അദ്ദേഹം സംസാരിച്ചത് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന അനീതികളെപറ്റിയും നിരപരാധികളുടെ ജയിൽവാസങ്ങളെ കുറിച്ചും പട്ടിണിയും കഷ്ടപ്പാടും അനുഭവിക്കുന്ന ജനതയെ കുറിച്ചും നമ്മുടെ നിയോഗങ്ങളും ഉത്തരവാദിത്വങ്ങളെക്കുറിച്ചും ഉള്ള വേവലാതികൾ ആയിരുന്നു…

നന്മ ബുക്സ് പ്രവർത്തകനും ഭരണകൂട ഭീകരതയുടെ ഇരയും മനുഷ്യാവകാശ പോരാളിയുമായ പി കെ അബ്ദുൽ റഹ്മാന്റെ വിയോഗത്തിൽ, അദ്ദേഹത്തിന്റെ സുഹൃത്ത് അബു അഹ്‌മദ്‌ യാസീൻ അനുസ്മരിക്കുന്നു.

പി കെ അബ്ദുൽ റഹ്മാൻ എന്ന നന്മയുടെ മരം
ഈ ചെറിയ പ്രായത്തിൽ തന്നെ ഒരു പുരുഷായുസ് ചെയ്തു തീർത്ത പോരാളി. പ്രിയ സ്നേഹിതൻ നല്ലൊരു മനുഷ്യസ്നേഹി തികഞ്ഞ ഇസ്‌ലാമിസ്റ്റ്, നല്ലൊരു പ്രഭാക്ഷകൻ, ഒരു പോരാളി അതിലെല്ലാം ഉപരി പാവപെട്ടവന്റെയും രോഗികളുടെയും കൈത്താങ്ങായിരുന്നു. പല്ലാരിമംഗലം നിവാസികളുടെ ഇഷ്ടമിത്രം, അങ്ങനെ എല്ലാം എല്ലാമായ പ്രിയ PKയാണ് നാടിനും നാട്ടുകാർക്കും കൂട്ടുകാർക്കും സമൂഹത്തിനും സമുദായത്തിനും നഷ്ടമായത്, പല്ലാരിമംഗലം നിവാസികളുടെ തീരാനഷ്ടം.

അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കണ്ട് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട് . അനുകരിക്കണമെന്ന് തോന്നിയ വ്യക്തിത്വം. മാസങ്ങൾക്ക് മുൻപ് ഞങ്ങൾ ഒരുമിച്ച് ചികിത്സാർത്ഥം ഒരു യാത്ര ചെയ്തിരുന്നു. യാത്രയിൽ ഉടനീളം അദ്ദേഹം സംസാരിച്ചത് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന അനീതികളെപറ്റിയും നിരപരാധികളുടെ ജയിൽവാസങ്ങളെ കുറിച്ചും പട്ടിണിയും കഷ്ടപ്പാടും അനുഭവിക്കുന്ന ജനതയെ കുറിച്ചും നമ്മുടെ നിയോഗങ്ങളും ഉത്തരവാദിത്വങ്ങളെക്കുറിച്ചും ഉള്ള വേവലാതികൾ ആയിരുന്നു.

രോഗവിവരം അറിഞ്ഞപ്പോൾ അദ്ദേഹം പറയുമായിരുന്നു, ഇതുവരെ ഒരു പനി പോലും റബ്ബ് തന്നിട്ടില്ല. ഇപ്പോൾ ഇത് ഒരു പരീക്ഷണമായിരിക്കും. ഈ പരീക്ഷണത്തിൽ വിജയിക്കാൻ ദു ആ ചെയ്യണം. ഞാൻ നാഥനിലേക്കുള്ള ഒരുക്കത്തിലാണ് എന്നാണ്.

അവസാനം മഗ്‌രിബ് ജമാഅത്ത് കഴിഞ്ഞു പിരിയുമ്പോൾ കെട്ടിപ്പിടിച്ച് ‘കാണാമെടാ ഇൻഷാ അല്ലാഹ്’ എന്ന് പറഞ്ഞാണ് പിരിഞ്ഞത്, പക്ഷെ നാഥന്റെ വിധി മറിച്ചായിരുന്നു. പാനായിക്കുളം കേസിനുവേണ്ടി ഓടിനടന്ന വ്യക്തിത്വങ്ങളിൽ ഒന്ന്, പാനായിക്കുളം വിധി അറിഞ്ഞ് അദ്ദേഹം സന്തോഷത്തോടെയാണ് നാഥനിലേക്ക് പോയിട്ടുണ്ടാകുക.

പലർക്കും അറിയില്ലാത്ത പല നന്മകളുടെയും ഉടമയാണ് അദ്ദേഹം. അതെല്ലാം മുൻനിറുത്തി നാഥാ ഞങ്ങളുടെ സഹോദരനെ നീ സ്വീകരിക്കണേ. സ്വർഗത്തിൽ ഉന്നത പദവികൊടുത്ത് നീ അനുഗ്രഹിക്കണമേ ആമീൻ
الله ارحم يا ارحم الراحمين
കണ്ണുകൾ നിറയുന്നു, ദു ആ വസ്വീയത്തോടെ
_ അബു അഹ്‌മദ്‌ യാസീൻ

Leave a Reply