ടാൻസാനിയയിലെ കമ്യൂണിസ്റ്റ് മുന്നേറ്റം ഓർമ്മിപ്പിക്കുന്ന ടഗ് ഓഫ് വാർ

1950കളിലെ സാൻസിബാർ രാഷ്ട്രീയപ്രബുദ്ധമായിരുന്നു. രാഷ്ട്രീയ സംവാദങ്ങളും സംഘർഷങ്ങളും നിറഞ്ഞ കാലം. ആഫ്രിക്കയിലാകെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ട കാലം. കൊളോണിയൽ ചൂഷണത്തിന്റെ തീവ്രാനുഭവങ്ങളെ നേരിടുകയായിരുന്നു പലവിധ സമൂഹങ്ങൾ. സാൻസിബാറിലും ചോര ചൊരിച്ചിലിന്റെ കാലം. ഇന്നും സമാനമായ രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് അമിൽ ഷിവ്ജി പറയുന്നു…

ആസാദ്

ടാൻസാനിയയിൽ ഒരു കമ്യൂണിസ്റ്റു പാർട്ടി ഉണ്ടായിരുന്നു എന്നത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല. തുർക്കിയിലും മെക്സിക്കോയിലും ഇന്ത്യയിലുമൊക്കെ ഇടപെട്ടതുപോലെ സോവിയറ്റ് യൂണിയൻ ടാൻസാനിയയിലും സജീവ ശ്രദ്ധ പതിപ്പിച്ചിരുന്നു എന്നതും പുതിയ അറിവ്. അമിൽ ഷിവ്ജി സംവിധാനം ചെയ്ത ‘ടഗ് ഓഫ് വാർ’ എന്ന സിനിമയാണ് സാൻസിബാർ വിമോചന പോരാട്ടത്തിന്റെ ആറു പതിറ്റാണ്ടു പഴക്കമുള്ള ചിത്രം പുനരാവിഷ്കരിച്ചത്.

സോഷ്യലിസ്റ്റ് പിൻമടക്കമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന കാലത്ത് ഉജ്ജ്വലമായ കമ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ ഭൂതകാലം ഓർമ്മിപ്പിക്കാൻ പുതുസിനിമ തയ്യാറാവുന്നുവെങ്കിൽ അതു ശ്രദ്ധിക്കാതെ വയ്യ. ടാൻസാനിയയിലെ മത്സ്യത്തൊഴിലാളി സമൂഹമാണ് കമ്യൂണിസ്റ്റ് മുന്നേറ്റത്തിന് അടിത്തറ പാകുന്നത്. നികൃഷ്ടമായ പൊലീസ് വേട്ടക്കു വിധേയമാകുന്നത്. സാൻസിബാർ ദ്വീപസമൂഹങ്ങളുടെ ജലപ്രകൃതിയിൽ പ്രക്ഷുബ്ധമായ ഒരു കാലം ഇളകിമറിയുന്നതു കണ്ടു. കമ്യൂണിസ്റ്റ് ലഘുലേഖകളും പോസ്റ്ററുകളും പ്രചരിപ്പിക്കുന്നതു കണ്ടു.
മെക്സിക്കോയിൽ എത്തിപ്പെട്ട ഇന്ത്യക്കാരനായ എം എൻ റോയ് അവിടത്തെ കമ്യൂണിസ്റ്റ് നേതാവാകുന്നത് നാം കണ്ടിട്ടുണ്ട്. സാൻസിബാദിലും ഇന്ത്യൻ വംശജരുടെ പിന്തുണയുണ്ടാകുന്നുണ്ട് വിപ്ലവ മുന്നേറ്റങ്ങൾക്ക്. യുവ വിപ്ലവകാരിയായ ദെഞ്ജെയെ പൊലീസ് പിടികൂടി തടവിലിടുമ്പോൾ അദ്ദേഹത്തിന്റെ പ്രണയിനിയായ ഇന്ത്യൻ വംശജ യാസ്മിൻ നേതൃത്വത്തിലേക്ക് ഉയരുന്നതു കാണാം. പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളിൽ അടിമവേലക്ക് ആഫ്രിക്കയിലെത്തപ്പെട്ട ഇന്ത്യക്കാർ അനേകമാണ്. ഇന്ത്യൻ സംഗീതവും സംസ്കാരവും മൂല്യബോധവും സാൻസിബാദിന്റെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ്. അത് ടഗ് ഓഫ് വാർ എന്ന സിനിമ സ്വാംശീകരിച്ചതുപോലെ.

1950കളിലെ സാൻസിബാർ രാഷ്ട്രീയപ്രബുദ്ധമായിരുന്നു. രാഷ്ട്രീയ സംവാദങ്ങളും സംഘർഷങ്ങളും നിറഞ്ഞ കാലം. ആഫ്രിക്കയിലാകെ സ്വാതന്ത്ര്യ പ്രക്ഷോഭങ്ങൾ ശക്തിപ്പെട്ട കാലം. കൊളോണിയൽ ചൂഷണത്തിന്റെ തീവ്രാനുഭവങ്ങളെ നേരിടുകയായിരുന്നു പലവിധ സമൂഹങ്ങൾ. സാൻസിബാറിലും ചോര ചൊരിച്ചിലിന്റെ കാലം. ഇന്നും സമാനമായ രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് അമിൽ ഷിവ്ജി പറയുന്നു. പ്രതിരോധത്തിന്റെ രാഷ്ട്രീയം കരുപ്പിടിപ്പിക്കണമെന്നുണ്ട് അദ്ദേഹത്തിന്. തകർന്ന സോഷ്യലിസ്റ്റ് പരീക്ഷണങ്ങളുടെ ശവപ്പറമ്പിൽ ആഘോഷങ്ങൾക്കും ആർത്തനാദങ്ങൾക്കും ചെവി കൊടുക്കാതെ ജീവന്റെ തുടിപ്പുകൾ കണ്ടെത്തുകയാണ് അമിൽ.

ജന്നാബാസുമായി ചേർന്നാണ് അമിൽ തിരക്കഥ ഒരുക്കിയത്. അറിയപ്പെടുന്ന സംവിധായികയാണ് ജന്ന. ചലച്ചിത്രകലയെ അനിവാര്യമായ രാഷ്ട്രീയപ്രയോഗമാക്കാൻ പ്രതിജ്ഞാബദ്ധതയുള്ള രണ്ടുപേരുടെ കൂട്ടുചേരലായിരുന്നു അത്. ഐ എഫ് എഫ് കെയിൽ മത്സരവിഭാഗത്തിലാണ് ഈ സിനിമ പ്രദർശിപ്പിച്ചത്. ആവേശകരമായ ദൃശ്യാനുഭവം.
_ ആസാദ്

Follow us on | Facebook | Instagram Telegram | Twitter