ഞങ്ങൾക്കെല്ലാം നഷ്ടപ്പെട്ടപ്പോൾ കോൺഗ്രസ് എവിടെയായിരുന്നു?

ഉത്തരേന്ത്യയിൽ ഉള്ളവരോട് രാഷ്ട്രീയം സംസാരിക്കുമ്പോൾ അവർ മുസ്‌ലിങ്ങളോ ദളിതരോ ആണെങ്കിൽ കോൺഗ്രസിനെ ബിജെപിയെ പോലെയോ അല്ലെങ്കിൽ അതിനേക്കാൾ വലിയ അപകടകാരിയോ ആയിട്ടാണ് കരുതുന്നത്…

റെനി ഐലിൻ

ബീഹാർ എന്ന് കേൾക്കുമ്പോൾ പഴയ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പടക്കുതിപ്പുകളോ, അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭത്തിന്റെ അലയൊലികളോ ഒന്നുമല്ല ആദ്യം ഓടിയെത്തുന്നത്. കുപ്രസിദ്ധമായ ഭഗൽപൂർ മുസ്‌ലിം വിരുദ്ധ കലാപത്തിന്റെ ഇരയായ മലൈക ബാനു എന്ന പെൺകുട്ടിയെ അംഗഛേദം നടത്തി കിണറ്റിൽ തള്ളിയ ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ക്രൂരതയാണ് ഓർമ വരുന്നത്. ഭരിച്ചത് കോൺഗ്രസാണ് സംഘ്പരിവാറല്ല.

ഇന്ത്യയിലെ കുപ്രസിദ്ധമായ മുസ്‌ലിം വിരുദ്ധ കലാപങ്ങൾ എടുത്തുനോക്കിയാൽ കോൺഗ്രസിന്റെ ചെലവിൽ ആർ എസ് എസ് ഭംഗിയായി നിർവഹിച്ചത് കാണാൻ സാധിക്കും. പക്ഷെ ഒരിക്കൽ പോലും കോൺഗ്രസ് സിഖ് സമൂഹത്തോട് ക്ഷമ ചോദിച്ചതുപോലെ മുസ്‌ലിം സമൂഹത്തോട് ഒരു രാഷ്ട്രീയ കളിയുടെ പേരിലെങ്കിലും അങ്ങനെയൊരു സാഹസത്തിനു തുനിഞ്ഞില്ല. കാരണം മറ്റൊന്നുമല്ല കോൺഗ്രസ് ആർ.എസ്.എസിന്റെ ഒരു ബി ടീമാണ്.

ഒരു ചെറിയ ഉദാഹരണം പറയാം, കഴിഞ്ഞ കേരളത്തിലെ അസംബ്ലി തെരഞ്ഞെടുപ്പിന് തിരുവനന്തപുരത്തെ ആർ.എസ്.എസിന്റെ സ്വന്തം കോൺഗ്രസ് മന്ത്രി ഒപ്പിച്ചുകൊടുത്ത സഹകരണ മേഖലയിലെ മൈക്രഫൈനാൻസ് പദ്ധതികളുടെ മറവിലാണ് ബിജെപി സാധാരണ ജനങ്ങൾക്കിടയിൽ പണമൊഴുക്കി ചുവടുറപ്പിച്ചുകൊണ്ട് വോട്ട് മറിക്കുന്നത്. പക്ഷെ ഇതേ മന്ത്രി അന്ന് തിരുവനന്തപുരത്തെ മുസ്‌ലിം ബെൽറ്റുകളിൽ വന്നു വോട്ടു ചോദിച്ചപ്പോൾ ഒരുതരം ഭീഷണിയുടെ സ്വരത്തിലാണ് പറഞ്ഞത്, ‘നിങ്ങൾക്ക് വേണമെങ്കിൽ ജയിപ്പിച്ചാ മതി ഇവിടെ ബിജെപി വന്നാൽ നിങ്ങളുടെ അവസ്ഥ എന്താകുമെന്ന് ആലോചിച്ചിട്ടുണ്ടോ?’

ഇതൊക്കെയാണ് കോൺഗ്രസ്.
കുറെ വർഷങ്ങൾക്ക് മുൻപ് മഹാരാഷ്ട്രയിലെ ഒരു അഭിഭാഷക സുഹൃത്ത് (മുസ്‌ലിമാണ്) എന്നോട് പറഞ്ഞു ഇവിടെ വാർഡിൽ കോൺഗ്രസ് തോറ്റു; ശിവസേന ജയിച്ചു. ഞാൻ അവരുടെ ‘ സന്തോഷത്തെ ‘ എതിർത്തപ്പോൾ അവരാകട്ടെ ആകെ ചൂടായി. ‘ പള്ളി പൊളിച്ചപ്പോഴും മുംബൈ കത്തിയമർന്നു ഞങ്ങൾക്കെല്ലാം നഷ്ടപ്പെട്ടപ്പോഴും ഈ കോൺഗ്രസ് എവിടെയായിരുന്നു ….? ‘ സത്യത്തിൽ പലപ്പോഴും ഉത്തരേന്ത്യയിൽ ഉള്ളവരോട് രാഷ്ട്രീയം സംസാരിക്കുമ്പോൾ അവർ മുസ്‌ലിങ്ങളോ ദളിതരോ ആണെങ്കിൽ കോൺഗ്രസിനെ ബിജെപിയെ പോലെയോ അല്ലെങ്കിൽ അതിനേക്കാൾ വലിയ അപകടകാരിയോ ആയിട്ടാണ് കരുതുന്നത്.

നമ്മുടെ നാട്ടിൽ കോൺഗ്രസുകാർ അല്ലാത്തവർ പോലും ഹിന്ദുത്വ ഫാഷിസത്തെ എതിരിടാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന ധാരണ ഇപ്പോഴും പുലർത്തുന്നതിന്റെ അടിസ്ഥാനം എന്താണെന്ന് ഇപ്പോഴും കരുതുന്നില്ല. ഹദ്രാസിൽ രാഹുലും പ്രിയങ്കയും കാറോടിച്ചു പോകുന്നത് ലൈവ് ഇട്ടപ്പോൾ അതിന്റെ താഴെ ‘ ഇതാണ് ഇന്ത്യയുടെ പ്രതീക്ഷ ‘ എന്നൊക്കെ വച്ച് കീറിയ എന്റെ ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഇന്ന് ബീഹാറിലെ കോൺഗ്രസിന്റെ തോൽവിക്ക് കാരണം ഒവൈസി എന്ന് കണ്ടപ്പോൾ എഴുതിയതാണ്.

വാൽക്കഷ്ണം :- അടുത്ത കേരളത്തിലെ അസംബ്ലി തെരഞ്ഞെടുപ്പിൽ പിണറായി വന്നാൽ കോൺഗ്രസിന്റെ കേരളത്തിലെ അവസ്ഥ എന്താകും?

Like This Page Click Here

Telegram
Twitter