മാവോയിസ്റ്റുകളെ ആർക്കാണ് ഭയം?

ഭരണ തുടർച്ച ചർച്ചാവിഷയമായ 2021ലെ അസംബ്ലി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, കേരളത്തിൽ നടന്നിരിക്കുന്ന വ്യാജ ഏറ്റുമുട്ടലുകളെ കുറിച്ചുള്ള രാഷ്ട്രീയ വിശകലനം. ബഹുജന, പൗരാവകാശ കൂട്ടായ്മയുടെ മുൻകൈയ്യിൽ വിവിധ ജില്ലാകേന്ദ്രങ്ങളിലായി 2021 മാർച്ചിൽ നടന്ന പ്രചരണ, സമരപരിപാടിയുടെ ഭാഗമായി ചെയ്ത പ്രഭാഷണം…

കെ മുരളി
മാവോയിസ്റ്റ് സൈദ്ധാന്തികൻ

“വരുന്ന തുരഞ്ഞെടുപ്പിൽ ഭരണ തുടർച്ചയാണോ ഗുണംചെയ്യുക, അല്ലാ ഇപ്പോഴത്തെ സർക്കാർ മാറി യു.ഡി.എഫ്. സർക്കാർ വരുന്നതാണോ ഗുണം ചെയ്യുക എന്നൊക്കെയുള്ള ചർച്ച വളരെ സജ്ജീവമായി നടക്കുന്നുണ്ട്. പക്ഷെ ഈ ചർച്ചകൾക്കിടയിൽ ഭരണകൂട കൊലപാതകങ്ങളുടെ കാര്യത്തിലുണ്ടായിട്ടുള്ള തുടർച്ച ഒരു ചർച്ചാ വിഷയമാകുന്നതേയില്ല എന്നത് ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പുറമെ നിൽക്കുന്ന പൗരാവകാശ കൂട്ടായ്മകൾക്കും സംഘടനകൾക്കും മാത്രമാണ് ഈ വിഷയം സജ്ജീവമായിട്ട് ഉന്നയിക്കാൻ കഴിഞ്ഞിട്ടുള്ളത്. അത് പൗരാവകാശ ബഹുജന കൂട്ടായ്മയായാലും പൗരാവകാശ മുന്നണിയായാലും മനുഷ്യാവകാശ പ്രസ്ഥാനങ്ങളായാലും ശരി, അവർ മാത്രമാണ് ഈ വിഷയം സജീവമായി ഉയർത്തികൊണ്ടുവന്നത്.

പിണറായി സർക്കാരിന്റെ കാലഘട്ടത്തിൽ ഏതാണ്ട് നാൽപ്പതിലധികം ലോക്കപ്പ് കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഇക്കാര്യത്തിൽ അതിന് മുൻപുള്ള ഉമ്മൻചാണ്ടി സർക്കാരിന്റെ പോലീസ് നയത്തിന്റെ ഭാഗമായി ഉണ്ടായിട്ടുള്ള കൊലപാതകങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒന്നുംതന്നെ എൽ.ഡി.എഫിന് കാഴ്ച്ചവയ്ക്കാൻ കഴിഞ്ഞിട്ടില്ല. ആകെയൊരു വ്യത്യാസമുണ്ട് എന്ന് പറയാവുന്നത്, എട്ട് മാവോയിസ്റ്റ് സഖാക്കളെ അതിഭീകരമായ രീതിയിൽ വെടിവച്ചുകൊന്ന സംഭവം മാത്രമാണ്. ആ എട്ട് സഖാക്കളെ കൂടാതെ ഒരു നാട്ടുംപുറത്തുള്ള ഫോട്ടോഗ്രാഫറെകൂടി വെടിവച്ചു കൊന്നിട്ടുണ്ട് പിണറായിയുടെ പോലീസ്. ഈ കൊലപാതകങ്ങൾക്ക് ന്യായീകരണമായി അവർ പറയുന്നത് ആയുധങ്ങളുമായി നടന്ന ഭീകരവാദികളാണ് അവരെന്നാണ്. ഏറ്റുമുട്ടലിൽ കൊന്നു, ഏറ്റുമുട്ടലിൽ മരിക്കാൻ ഇടയായി എന്നുമാണ് പറയുന്നത്. പക്ഷെ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളും മറ്റും കാണിക്കുന്നത്; വളരെ ആസൂത്രിതമായിട്ടുള്ള കൊലപാതകങ്ങളായിരുന്നു ഇതെന്നും, മാത്രമല്ല വെടിവച്ചു വീഴ്ത്തിയ മനുഷ്യരോടുപോലും ഒരു ശവശരീരത്തിനോട് കാണിക്കേണ്ട യാതൊരു തരത്തിലുള്ള ബഹുമാനം പോലുമില്ലാതെ, മരിച്ചുകിടക്കുന്ന വ്യക്തിയെ വീണ്ടും പീഡിപ്പിച്ചു, കാലെല്ല് ചവിട്ടി ഓടിച്ചു എന്നൊക്കെയാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. ഏറ്റവുമൊടുവിൽ കൊല്ലപ്പെട്ട സഖാവ് വേൽമുരുകന്റെ കാര്യത്തിൽ ഇതാണ് സംഭവിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ഭീകരകൃത്യങ്ങൾക്ക് ന്യായമായി പറയുന്ന കാര്യം, അവർ ആക്രമിച്ചപ്പോൾ അതിനെ തിരിച്ച് പ്രതിരോധിച്ചപ്പോൾ ഉണ്ടായതാണെന്ന് പറയുന്നത് ശുദ്ധനുണയാണ് എന്ന് വ്യക്തമാണ്.

ഇനി “അവർ ഭീകരവാദികളാണ്” എന്ന് പറയുന്ന ആരോപണത്തിന്റെ വസ്തുതയെന്താണ്? ഏതാണ്ട് 90 വർഷങ്ങൾക്കുമുൻപ് അന്നത്തെ ഭരണാധികാരികൾ മൂന്ന് ചെറുപ്പക്കാരെ ഭീകരവാദികളാണ് എന്ന് മുദ്രകുത്തി ഒരു തട്ടിപ്പുവിചാരണ നടത്തി. എല്ലാ വിധത്തിലുള്ള നിയമപ്രക്രിയകളും ലംഘിച്ചുകൊണ്ട് അവർക്ക് വധശിക്ഷ വിധിച്ച് അവരെ തൂക്കിക്കൊന്നു. ഭഗത് സിംഗിന്റെയും രാജ്ഗുരുവിന്റെയും സുഖ്ദേവിന്റെയും കാര്യമാണ് ഞാൻ സൂചിപ്പിക്കുന്നത്. ഇന്ന് അവർ ദേശാഭിമാനികളായി ആഘോഷിക്കപ്പെടുന്നുണ്ട്. അന്ന് അവരുടെ കൊലയ്ക്ക് ഒരർത്ഥത്തിൽ കൂട്ടുനിന്ന കോൺഗ്രസ്സുകാരായാലും കൊള്ളാം, അന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചെരുപ്പുനക്കിയിരുന്ന സംഘ് പരിവാറിന്റെ ആൾക്കാരായാലും കൊള്ളാം, ഇവരെല്ലാവരും ഇപ്പോൾ അവരെ ധീരദേശാഭിമാനികളായി കൊണ്ടാടിക്കൊണ്ടിരിക്കുകയാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഭഗത് സിംഗും ചന്ദ്രശേഖർ ആസാദ് ഉൾപ്പടെയുള്ള സഖാക്കളും ഒരു രാഷ്ട്രീയ സിദ്ധാന്തമെന്ന നിലയ്ക്കും ഒരു ആശയശാസ്ത്രമെന്ന നിലയ്ക്കും ഭീകരവാദത്തെ അംഗീകരിച്ചിരുന്ന ആൾക്കാരാണ്.

ഒരു രാഷ്ട്രീയ ആശയശാസ്ത്രമെന്ന നിലയ്ക്ക് ഭീകരവാദം എന്നുകൊണ്ട് അന്ന് അർത്ഥമാക്കിയിരുന്നത് രാഷ്ട്രീയ മാറ്റത്തിന് വേണ്ടി ഭീകരത സൃഷ്ടിക്കുന്ന പ്രവർത്തികൾ നടത്തുക എന്നുള്ള ധാരണയാണ്. ഭീകര പ്രവർത്തനങ്ങളെന്ന് പറയുന്നത് സാധാരണ ജനകൾക്ക് അപകടമുണ്ടാക്കുന്ന ആക്രമണമല്ല. നേരെമറിച്ച്, ഭരണാധികാരികളെ, ജനശത്രുക്കളെ, തിരഞ്ഞുപിടിച്ചു വധിക്കുക മുതലായിട്ടുള്ള കാര്യങ്ങളാണ്. അപ്പോൾ “അത്തരം പ്രവർത്തികൾ ചെയ്യുന്നതിൽ തെറ്റില്ല, അത് ആവശ്യമാണ്, അത്തരം പ്രവർത്തികളിലൂടെ മാത്രമാണ് വിപ്ലവകരമായൊരു മാറ്റത്തിന്റെ സാഹചര്യം ഒരുക്കിയെടുക്കാൻ കഴിയുകയുള്ളൂ” എന്ന് കരുതുന്ന ഒരു രാഷ്ട്രീയ ആശയശാസ്ത്രമാണ് ഭീകരവാദം. അതുകൊണ്ടുതന്നെ അവരെ സംബന്ധിച്ചിടത്തോളം “ഭീകരവാദി”യെന്ന് മുദ്രകുത്തുന്നതിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.

ഇന്ന് നാം അറിയുന്ന, ഇന്ന് ഭീകരവാദത്തിന്റെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തികളിൽ നിന്ന് തീർത്തും വ്യത്യസ്‌തമായിരുന്നു അവരുടെ വീക്ഷണവും പ്രയോഗവും എന്ന് നമ്മൾ തിരിച്ചറിയണം. വീക്ഷണത്തിന്റെ കാര്യം ഞാൻ പറഞ്ഞു; പ്രയോഗത്തെ സംബന്ധിച്ചിടത്തോളം കൃത്യമായിട്ടും ജനങ്ങൾക്ക് യാതൊരുവിധത്തിലും നഷ്ടവും ഉണ്ടാകാതിരിക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കുന്നതായിരുന്നു അത്. പിന്നീടാണ് ആ നിലപാടിൽ നിന്ന് വിപ്ലവകരമായ മാർക്സിസത്തിന്റെ നിലപാടിലേക്ക് ഭഗത് സിംഗ് ഒക്കെ മാറുന്നത്. ആ മാറ്റത്തിന് ശേഷമാണ് ബലപ്രയോഗത്തിനെ കുറിച്ചുൾപ്പടെയുള്ള കാര്യങ്ങളിലും ജനകീയ പ്രക്ഷോഭങ്ങളുടെയും ജനങ്ങളെ സംഘടിപ്പിക്കുന്നതിന്റെയും ഒക്കെ ഭാഗമായിട്ട് മാത്രമാണ് ബലപ്രയോഗത്തിന് ഫലപ്രാപ്‍തിയുള്ള പങ്കുവഹിക്കാൻ സാധിക്കുകയുള്ളുവെന്ന് തിരിച്ചറിവിലേക്ക് അവർ എത്തിച്ചേരുന്നത്.

എന്നാൽ മാവോയിസ്റ്റുകളെ സംബന്ധിച്ചിടത്തോളം കമ്മ്യുണിസ്റ്റുകാരെന്ന നിലയ്ക്ക് തുടക്കംമുതൽ തന്നെ അക്കാര്യത്തിൽ അവർക്ക് വ്യക്തതയുണ്ട്. ഒരു കാരണവശാലും ഒരു രാഷ്ട്രീയ ആശയശാസ്ത്രമെന്ന നിലയ്ക്ക് അവർ ഭീകരവാദത്തിനെ അംഗീകരിച്ചിട്ടില്ല. നേരെ മറിച്ച്; ബഹുജനങ്ങളെ അണിനിരത്തിക്കൊണ്ട്, അവരുടെ സൃഷ്ടിപരമായിട്ടുള്ള പങ്കാളിത്തത്തെ ആശ്രയിച്ചുകൊണ്ട് നടത്തുന്ന നീണ്ടുനിൽക്കുന്ന ജനകീയ യുദ്ധമാണ് തങ്ങളുടെ പാത എന്ന് ഉറച്ചു വിശ്വസിക്കുകയും, അത് പ്രചരിപ്പിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് അവർ. അപ്പോൾ അതുകൊണ്ടുതന്നെ, അവരുടെ ഈ തുറന്ന പ്രഖ്യാപിതമായ നിലപാടിന്റെ വെളിച്ചത്തിൽ തന്നെ ഒരർത്ഥത്തിലും അവരെ ഭീകരവാദികളെന്ന് വിശേഷിപ്പിക്കാൻ കഴിയില്ല. എന്നാൽ ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം, പിണറായി സർക്കാർ ഉൾപ്പടെയുള്ള വിവിധ സർക്കാരുകളെ സംബന്ധിച്ചിടത്തോളം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി, ജനങ്ങളുടെ മനസ്സിൽ അവരെകുറിച്ചുള്ളൊരു ഭീകരഭാവം സൃഷ്ടിച്ചെടുക്കാനായിട്ടാണ് കരുതിക്കൂട്ടിയവരെ “ഭീകരവാദി, ഭീകരവാദി…” എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്.

വസ്തുതകളുടെ വെളിച്ചത്തിൽ നമുക്ക് ഇതിന്റെ ശരിതെറ്റുകൾ പരിശോധിച്ചു നോക്കാം. കുറേയധികം വർഷങ്ങളായി ഇപ്പോൾ മാവോയിസ്റ്റ് സായുധസംഘങ്ങൾ വയനാട്ടിലും മലപ്പുറം ജില്ലയിലും കണ്ണൂർ ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്ന് ഇവിടുത്തെ സർക്കാരുകളും പോലീസുകാരും വളരെ വ്യക്തമായിട്ട് ആവർത്തിച്ച് പറയുകയും അംഗീകരിക്കുകയും ചെയ്തിട്ടുള്ള കാര്യമാണ്. അവർ പലപ്പോഴായി അവിടെ താമസിക്കുന്ന ആദിവാസികളുടെ കോളനികളിലും മറ്റ് ദരിദ്രജനങ്ങളുടെ വീടുകളിലും പോകാറുണ്ടെന്നും പലപ്പോഴായിട്ട് പല ഭക്ഷ്യവസ്തുക്കൾ അവിടെനിന്ന് സ്വീകരിച്ചിട്ടുണ്ടെന്നും അവരുടെ രാഷ്ട്രീയ പ്രചാരണം അവർക്കിടയിൽ നടത്താറുണ്ടെന്നും അവർ നോട്ടീസുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും പോസ്റ്ററുകൾ ഒട്ടിക്കാറുണ്ടെന്നും ആവർത്തിച്ചാവർത്തിച്ച് കേൾക്കുന്നൊരു കാര്യമാണ്. അവർ ചെയ്യുന്ന പ്രവർത്തി രാഷ്ട്രീയ പ്രവർത്തിയാണ്. ഈ രാഷ്ട്രീയ പ്രവർത്തി അവർ ചെയ്യുമ്പോൾ തീർച്ചയായിട്ടും ആയുധങ്ങൾ ഏന്തിക്കൊണ്ട് തന്നെയാണ് അത് ചെയ്യുന്നത്. പക്ഷെ, ഇന്നേവരെ ആ പ്രദേശത്തുള്ള ജനങ്ങളുടെ ഭാഗത്തുനിന്ന് എപ്പോഴെങ്കിലും ഈ സായുധസംഘങ്ങൾ അവരെ ഭീഷണിപ്പെടുത്തിയതായിട്ടോ അവർക്കുനേരെ ബലംപ്രയോഗിച്ചതായിട്ടോ അവരിൽ ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചതായിട്ടോ ഒരിക്കൽ പോലും പറഞ്ഞതായിട്ട് നമ്മൾ കേട്ടിട്ടില്ല. അങ്ങനെയെന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ തീർച്ചയായിട്ടും അത് മാധ്യമങ്ങളിൽ വലിയ കാര്യമായിട്ട് കൊട്ടിഘോഷിച്ചു വരേണ്ടതായിരുന്നു. നേരെ മറിച്ച്, ആ പ്രദേശങ്ങളിൽ ചില പ്രദേശത്തെങ്കിലും ബഹുജനങ്ങളുടെ വിഷയങ്ങളിൽ ഇടപെട്ടുകൊണ്ട്.. തോട്ടംതൊഴിലാളികളുടെ വിഷയമായാലും കൊള്ളാം, കുടിയിറക്ക് ഭീഷണി നേരിടുന്ന ആദിവാസികളുടെ പ്രശ്നത്തിലായാലും ശരി.. ഇടപെട്ടുകൊണ്ട് അതിനെ തടയാനായിട്ടുള്ള ദിശയിലെ പ്രവർത്തനങ്ങൾ നടത്തുകയും ജനങ്ങൾക്ക് അതുകൊണ്ടുള്ള ആനുകൂല്യങ്ങളും ഗുണങ്ങളും ഉണ്ടാവുകയും ചെയ്തിട്ടുണ്ടെന്ന് പ്രാദേശിക വാർത്തകളിൽ വന്നതുമാണ്.

ചുരുക്കത്തിൽ, ഒരു തരത്തിലുമുള്ള ഭീകരവാദ പ്രവർത്തനങ്ങളല്ല അവർ അവിടെ നടത്തിയിരിക്കുന്നത്. അവിടുത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇന്നേവരെ അവരുടെ അനുഭവത്തിൽ ഏതെങ്കിലും തരത്തിൽ ഭീകരവാദികളെന്ന് വിശേഷിപ്പിക്കാവുന്ന ഒരനുഭവവും അവർക്ക് ഉണ്ടായിട്ടുമില്ല. അപ്പോൾ പിന്നെ വരുന്ന പ്രശ്നമിതാണ്, ഈ “ഭീകരത, ഭീകരത…” എന്ന് ഇവിടുത്തെ സർക്കാരും പോലീസുമൊക്കെ പറയുമ്പോൾ “ആർക്ക് ഉണ്ടാകുന്ന ഭീകരത”യെക്കുറിച്ചാണ് ഇവർ പറയുന്നത്? വ്യക്തമായും അത് ഭരണവർഗ്ഗങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന ഭയപ്പാടിന്റെ പ്രശ്നമാണ്. പഴയ ആഭ്യന്തരമന്ത്രി ചിദംബരവും പ്രധാനമന്ത്രി മൻമോഹൻ സിംഗും “ഇന്ന് മാവോയിസ്റ്റുകളാണ് ഏറ്റവും വലിയ ആഭ്യന്തരഭീഷണി”യെന്ന് പറയുമ്പോൾ, ആർക്കാണ് ആ ഭീഷണി? നമുക്ക് വ്യക്തമായിട്ടും അറിയാം, മാവോയിസ്റ്റ് പ്രസ്ഥാനം ശക്തമായിട്ടുള്ള ഛത്തീസ്‌ഗഢിലും ജാർഖണ്ഡ് പോലുള്ള പ്രദേശങ്ങളിലും പരിസ്ഥിതിനാശവും മറ്റും വരുത്തി ജനങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിച്ചു അവിടുത്തെ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കാനായിട്ടുള്ള ശ്രമങ്ങളെ തടഞ്ഞുനിർത്തുന്നതിൽ നിർണ്ണായകപങ്ക് വഹിക്കുന്നത് മാവോയിസ്റ്റുകൾ നയിക്കുന്ന ജനകീയയുദ്ധമാണ്. അവരുടെ സായുധ സാന്നിധ്യമാണ് ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് അതിനെ ചെറുക്കാനായിട്ട് സാധ്യതയൊരുക്കിയിരിക്കുന്നത്. അപ്പോൾ മാവോയിസ്റ്റുകളിൽ നിന്ന് ആർക്കാണ് അവിടെ ഭീഷണി? വളരെ വ്യക്തമായിട്ടും ഭരണവർഗ്ഗങ്ങൾക്ക്, ഇവിടുത്തെ കോർപ്പറേറ്റുകൾക്ക്, സാമ്രാജ്യത്വ കുത്തകകൾക്കാണ് അവർ ഭീഷണി.

ഇവിടെയും അതുതന്നെയാണ്; കാരണം ഈ കിഴക്കൻ മലയോരപ്രദേശങ്ങളിൽ തന്നെയാണ് കേരളത്തിലെ ഇന്നത്തെ ഏറ്റവും വലിയ പ്രകൃതികൊള്ളയും സമ്പത്തിന്റെ കൊള്ളയും നടന്നുകൊണ്ടിരിക്കുന്നത്. ക്വാറികളും മറ്റുമായി ബന്ധപ്പെട്ടുകൊണ്ട് പരിസ്ഥിതിനാശം വരുത്തിക്കൊണ്ടും ജനങ്ങളുടെ ജീവിതത്തിനെ താറുമാറാക്കിക്കൊണ്ടുമൊക്കെ നടക്കുന്ന കൊള്ള ഏറ്റവുമധികം നടക്കുന്നത്. അതിന്റെ ഏറ്റവുമധികം നേട്ടങ്ങൾ നേടികൊണ്ട് ഇരിക്കുകയും ചെയ്യുന്നത്. നിയമവിരുദ്ധമായിട്ട് നടക്കുന്ന ഈ പ്രവർത്തനങ്ങളെ അനുകൂലിച്ചുകൊണ്ട് അതിന്റെ ഗുണവും പറ്റിക്കൊണ്ടിരിക്കുന്നത് ഇവിടുത്തെ ഭരണകൂടവും സർക്കാരിന്റെ ആൾക്കാരും ഉദ്യോഗസ്ഥന്മാരും മറ്റുമൊക്കെയാണ്. അപ്പൊ ഇവരെയൊക്കെ സംബന്ധിച്ചിടത്തോളം മാവോയിസ്റ്റുകളെന്നാൽ ഭീഷണി തന്നെയാണ്. അവരുടെ പ്രവർത്തനം അവരിൽ ഭീകരതയുണ്ടാക്കുന്നുണ്ട്. അത് തീർച്ചയായിട്ടും ചീത്ത കാര്യമല്ല, നല്ല കാര്യം തന്നെയാണ്. കാരണം, ജനശത്രുക്കൾ ഭയപ്പെടുക എന്നുള്ളത് ജനങ്ങൾക്ക് എപ്പോഴും ഗുണകരമായൊരു കാര്യമാണ്. മറിച്ച്, ജനശത്രുക്കൾ ഭയപ്പാടില്ലാതെ എന്തുതോന്നിവാസവും കാണിക്കാവുന്നൊരു അവസ്ഥയാണുള്ളതെങ്കിലും അത് അങ്ങേയറ്റം ജനങ്ങൾക്ക് ദ്രോഹകരമായ കാര്യവുമാണ്.

ചുരുക്കത്തിൽ, ഇവിടുത്തെ പിണറായി സർക്കാരും മറ്റും പ്രചരിപ്പിക്കുന്നതുപോലെ മാവോയിസ്റ്റുകൾ ഒരർത്ഥത്തിലും ഭീകരവാദികളല്ല. നേരെമറിച്ച് അവരാണ് യഥാർത്ഥ ദേശാഭിമാനികളും ജനാധിപത്യവാദികളും. കാരണം, മൗലികമായ, ജനാധിപത്യപരമായൊരു വിപ്ലവത്തിലൂടെ സാമൂഹികമാറ്റം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നവരാണ് അവർ. ജാതിനശീകരണം ഉൾപ്പടെയുള്ള നിലപാടുകളിലൂടെ, സ്ത്രീ വിമോചനത്തിന്റെ നിലപാടിലൂടെ, പരിസ്ഥിതി സംരക്ഷണത്തിന്റെ വീക്ഷണങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട്, ആദിവാസികളുടെ അവകാശങ്ങളുടെ പ്രശ്നങ്ങളുന്നയിച്ചുകൊണ്ട്, സമരം ചെയ്തുകൊണ്ടിരിക്കുന്ന, അതിനുവേണ്ടി ജനങ്ങളെ അണിനിരത്തുന്ന, അതിനുവേണ്ടി ആയുധങ്ങളെടുത്തിരിക്കുന്ന യഥാർത്ഥ ജനാധിപത്യവാദികളാണവർ. അപ്പൊ ആ നിലയ്ക്ക് അവരെ തിരിച്ചറിയുകയും ശത്രുവിന്റെ ഭരണവർഗ്ഗങ്ങളുടെ “ഭീകരവാദികളാണ് അവർ” എന്ന് മുദ്രകുത്തികൊണ്ടുള്ള പ്രചരണങ്ങളെ തുറന്നുകാട്ടുകയാണ് വേണ്ടത്.

ആ ദിശയിൽ കൃത്യമായി ചില ചോദ്യങ്ങളുന്നയിക്കാൻ; എന്താണ് നിങ്ങൾ അധികാരത്തിൽ വന്നാൽ ഇക്കാര്യത്തിൽ ചെയ്യാൻ പോകുന്നത്. ഇവിടെ ഇത്രയധികം ദേശാഭിമാനികളെ ഇവിടുത്തെ പോലീസ് കൊന്നൊടുക്കിയിരിക്കുന്നു. അത് നിയമവിരുദ്ധമായിട്ടുള്ള കൊലപാതകങ്ങൾ തന്നെയാണ് എന്ന തരത്തിലുള്ള തെളിവുകൾ വന്നുകൊണ്ടിരിക്കുകയാണ്. അപ്പൊ അതിനെക്കുറിച്ച് വ്യക്തമായൊരു അന്വേഷണം നടത്തി കുറ്റവാളികളുടെ നേരെ കൃത്യമായി നടപടിയെടുക്കാനായിട്ട് നിങ്ങൾ നിങ്ങളുടെ നിയമപ്രകാരം തന്നെ പ്രവർത്തിക്കാൻ സന്നദ്ധമാണോ? നിങ്ങൾ ഈ ആണയിടുന്ന ഭരണഘടനപ്രകാരം തന്നെ പ്രവർത്തിക്കാൻ സന്നദ്ധമാണോ എന്ന് ചോദിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം. എങ്കിലല്ലേ “തിരഞ്ഞെടുപ്പ് രാഷ്ട്രീയമാണ്, ഭരണഘടനയുടെ അടിസ്ഥാനത്തിലാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്, ഭരണഘടനാപരമായിട്ടുള്ള പ്രവർത്തിയാണിത്” എന്നൊക്കെ പറയുന്ന ഈ മുന്നണികൾ വാസ്തവത്തിൽ ആ പറയുന്ന വാക്കിന് എന്തെങ്കിലും വിലയുണ്ടാവുള്ളു!

അതുകൊണ്ട്, അത്തരമൊരു ആവശ്യമുന്നയിച്ചുകൊണ്ട് നടക്കുന്ന ഇത്തരം പ്രചരണപ്രവർത്തനങ്ങളും സമരങ്ങളും വളരെയേറെ അത്യാവശ്യമാണ്. ഈ പൗരാവകാശ ബഹുജനകൂട്ടായ്മയുടെ ഭാഗത്ത് നിന്നും പൗരാവകാശ മുന്നണിയുടെ ഭാഗത്ത് നിന്നും ഒക്കെ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ അങ്ങേയറ്റം ഗുണകരമാണ്. അത് അത്യാവശ്യമാണ്. അപ്പോഴത് പിന്തുണയ്ക്കാനായിട്ടും അതിനുവേണ്ടി പ്രചരണം നടത്താനായിട്ടും അവസരം തന്ന ഇതിന്റെ സംഘാടകരോട് നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഞാൻ അവസാനിപ്പിക്കുകയാണ്. അഭിവാദ്യങ്ങൾ.”

കേട്ടെഴുത്ത്: നിഹാരിക പ്രദോഷ്
(ഡി.എസ്.എ. സംസ്ഥാന കമ്മിറ്റി അംഗം)

കവർ ഫോട്ടോ: സി പി ജലീൽ, കേരളത്തിൽ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ്.

Follow us on | Facebook | Instagram Telegram | Twitter