ആരാണ് ഇന്ത്യയിലെ ഭൂരിപക്ഷം ?

ഹിന്ദുത്വത്തിന്റെ കപട ഭൂരിപക്ഷവാദം കടന്നുകയറിയതു തന്നെ ഇടതുപക്ഷം ദരിദ്ര ഭൂരിപക്ഷത്തിന്റെ വ്യവഹാരത്തെ പിന്നിലേക്കു തള്ളിയപ്പോഴുണ്ടായ ധാർമ്മിക ശൂന്യതയിലേക്കാണ്…


ജെ ദേവിക

കഴിഞ്ഞ ദിവസം 16-19 വയസ്സുള്ളവരുടെ ഒരു സദസ്സിൽ സംസാരിക്കാൻ അവസരം കിട്ടി. സമകാലിക വിഷയങ്ങളെ കാര്യമായി ശ്രദ്ധിക്കുന്ന ചെറുപ്പക്കാർ. സ്വാഭാവികമായും ഹിന്ദുത്വ ദേശീയതയും വിഷയമായി. ഭൂരിപക്ഷത്തിന്റെ ശരിയല്ലേ ശരി എന്ന ചോദ്യത്തിന് ജനാധിപത്യം ഭൂരിപക്ഷ ഭരണമല്ല എന്ന് ലിബറൽ വിശദീകരണമാണ് സദസ്സിലുള്ളവർ പ്രതീക്ഷിച്ചത്.

പക്ഷേ അതിനു പകരം ഞാൻ തിരിച്ചൊരു ചോദ്യം ചോദിച്ചു, ആരാണ് ഇന്ത്യയിലെ ഭൂരിപക്ഷം ? സദസ്സ് നിശബ്ദമായി. ഒരു പെൺകുട്ടി പറഞ്ഞു, ഹിന്ദുക്കൾ. അവിടെയുള്ള മറ്റു പലരും തലയാട്ടി. അല്ല, ഞാൻ പ്രതികരിച്ചു, ഇന്ത്യയിലെ ഭൂരിപക്ഷം ഇല്ലായ്മകളിൽ നട്ടംതിരിയുന്ന ദരിദ്രരാണ്. സദസ്സിലുള്ള എല്ലാവരും ചെറുതായി ഇളകി. തങ്ങൾ ഇത് എന്തുകൊണ്ട് ഓർത്തില്ല എന്ന മട്ടിൽ. പ്രത്യക്ഷത്തിൽ കാണാവുന്നത് ഓർക്കുന്നില്ല, വെറുപ്പും ഹിംസയും മതാന്ധതയും ഹുങ്കും നിറഞ്ഞ ശബ്ദത്തിൽ പ്രഖ്യാപിക്കപ്പെടുന്നത് സ്വാംശീകരിക്കപ്പെടുന്നു, ഇതാണ് ശരിക്കും നമ്മുടെ പ്രതിസന്ധി.

ഇല്ലായ്മയിലും അധികാരശൂന്യതയിലും അതല്ലെങ്കിൽ ഭയങ്കരമായ അരക്ഷിതാവസ്ഥയിൽ നട്ടംതിരിയുന്നവരാണ് നാട്ടിൽ ഭൂരിപക്ഷം എന്ന അടിസ്ഥാനപ്രമാണത്തിൽ നിന്നുകൊണ്ട് കെട്ടിയുയർത്തപ്പെടുന്ന ഇടതു രാഷ്ട്രീയത്തിനു മാത്രമേ ഹിന്ദുത്വത്തെ ചെറുക്കാനാവൂ. ആ ഭൂരിപക്ഷത്തിന് കൂടുതൽ ഉൾക്കൊള്ളൽ ശേഷിയുണ്ട്. ഹിന്ദുത്വത്തിന്റെ കപട ഭൂരിപക്ഷവാദം കടന്നുകയറിയതു തന്നെ ഇടതുപക്ഷം ദരിദ്ര ഭൂരിപക്ഷത്തിന്റെ വ്യവഹാരത്തെ പിന്നിലേക്കു തള്ളിയപ്പോഴുണ്ടായ ധാർമ്മിക ശൂന്യതയിലേക്കാണ്.

Leave a Reply