നാസികൾ ആഘോഷിച്ച ‘ആര്യൻ മോഡൽ’ ഒരു ജൂത പെൺകുട്ടി !

ഗീബൽസിനെ പറ്റിച്ച ജർമ്മൻ ഫോട്ടോഗ്രാഫറുടെയും ജൂതപെൺകുട്ടിയുടെയും കഥ…


രജീഷ് പാലവിള

നാസികൾ അവരുടെ സോ കോൾഡ് ആര്യനിസവുമായി ശക്തിപ്രാപിച്ച കാലത്ത് 1935ൽ ജർമ്മനിയിലെ ഒരു പ്രമുഖ മാഗസിനിൽ ഒരു പരസ്യം വന്നു. ഏറ്റവും സുന്ദരമായ ആര്യൻ കുട്ടികളെ തിരഞ്ഞെടുക്കുന്നതിലേക്ക് ഫോട്ടോകൾ ക്ഷണിച്ചു കൊണ്ടുള്ളതായിരുന്നു ആ പരസ്യം. ഹിറ്റ്ലറുടെ വലംകയ്യും പ്രധാന കുത്തിത്തിരിപ്പുകാരനുമായിരുന്ന ജോസഫ് ഗീബൽസ് ആയിരുന്നു മത്സരാർഥികളിൽ നിന്നും ഏറ്റവും മികച്ച ആര്യൻകുട്ടിയെ തിരഞ്ഞെടുക്കുന്നത്.

മേൽ പരസ്യം ശ്രദ്ധയിൽപെട്ട ഹാൻസ് ബെല്ലിൻ എന്ന ജർമ്മനിയിലെ ഒരു പ്രമുഖ ഫോട്ടോഗ്രാഫർ തന്റെ പക്കലുണ്ടായിരുന്ന ഒരു കുട്ടിയുടെ ഫോട്ടോ മത്സരത്തിലേക്ക് അയച്ചു കൊടുത്തു. അനേകായിരം ചിത്രങ്ങളിൽ നിന്നും ഗീബൽസ് തിരഞ്ഞെടുത്തത് ഹാൻസ് ബെല്ലിൻ അയച്ച ചിത്രമായിരുന്നു. ആ ഫോട്ടോയാകട്ടെ മാതൃകാ ആര്യൻകുട്ടിയായി വാഴ്ത്തപ്പെട്ടു. നാസികളുടെ പത്രങ്ങളിലും മാഗസിനുകളിലും പോസ്റ്റ് കാർഡുകളിലുമെല്ലാം അത് വ്യാപകമായി പ്രത്യക്ഷപ്പെട്ടു. നാസികൾ കൊട്ടിഘോഷിച്ച ആ ചിത്രം യഥാർത്ഥത്തിൽ ഒരു ജൂത പെൺകുട്ടിയുടേതായിരുന്നു ! ഹെസ്സി ലെവിൻസൻസ് റ്റാഫ്ട് എന്നായിരുന്നു അവളുടെ പേര്.

ഹെസ്സി ലെവിൻസൻസിന്റെ മാതാപിതാക്കൾ ജർമ്മൻ ക്ലാസ്സിക് മ്യൂസിക്കിൽ കഴിവ് തെളിയിച്ച ഗായകരായിരുന്നു. നാസികൾ പൊലിപ്പിച്ച വംശവെറിമൂലം തൊഴിൽ നഷ്ടപ്പെട്ട അവർ ബെർലിനിൽ വച്ചാണ് തങ്ങളുടെ 6 മാസം പ്രായമുള്ള മകളുടെ ഫോട്ടോ എടുത്തത്. ജൂതവിരോധം അണപൊട്ടി ഒഴുകിത്തുടങ്ങിയ അക്കാലത്ത് തങ്ങളുടെ കുഞ്ഞിന്റെ ഫോട്ടോ നാസികളുടെ മാതൃകാ ആര്യൻ മോഡലായത് കണ്ട് ആ കുട്ടിയുടെ കുടുംബം ആകെ പരിഭ്രമിച്ചു.

കുട്ടി ജൂതയാണ് എന്ന വിവരം അറിഞ്ഞാൽ തങ്ങൾ ആ നിമിഷം കൊല്ലപ്പെടുമെന്ന് അവർ ഭയപ്പെട്ടു.അവർ ആ ഫോട്ടോഗ്രാഫറെ സമീപിച്ച് വിവരങ്ങൾ തിരക്കി. കുട്ടി ജൂതയാണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെ നാസികളെ വിഡ്ഢികളാക്കാൻ വേണ്ടിയാണ് താൻ ആ ചിത്രം അയച്ചതെന്നാണ് ഹാൻസ് ബെല്ലിൻ എന്ന ആ ഫോട്ടോഗ്രാഫർ ചിരിച്ചുകൊണ്ട് പറഞ്ഞത്. അതിന്റെ സത്യാവസ്ഥ മൂടിവയ്ക്കപ്പെടേണ്ടത് അയാളുടേയും സുരക്ഷയുടെ ഭാഗമായിരുന്നു !

നാസികൾ അവരുടെ ആര്യൻ മോഡൽ ഒരു ജൂതയാണ് എന്ന അപ്രിയസത്യം ഒരിക്കലും അറിഞ്ഞില്ല. ഹിറ്റ്ലറും കൂട്ടരും ജൂതന്മാരുടെ ശവപ്പറമ്പായി ജർമ്മനിയെ തീർത്തുകൊണ്ടിരിക്കെ ഹെസ്സി ലെവിൻസൻസിനും കുടുംബത്തിനും പലരുടേയും സഹായത്താൽ ഫ്രാൻസിലേക്കും പിന്നീട് ക്യൂബയിലേക്കും ഒടുവിൽ അമേരിക്കയിലേക്കും രക്ഷപെടാൻ കഴിഞ്ഞു.

ഹെസ്സി ലെവിൻസൻസ് പിൽക്കാലത്ത് ന്യൂയോർക്കിലെ സെന്റ്.ജോൺസ് സർവ്വകലാശാലയിലെ രസതന്ത്രം പ്രൊഫസറായി ദീർഘകാലം ജോലിചെയ്തു. 1934ൽ ജനിച്ച അവർ തന്റെ ജീവിത സായാഹ്നത്തിൽ ഈ ചിത്രത്തെക്കുറിച്ച് ചോദിച്ച പത്രക്കാരോട് ഒരിക്കൽ പറഞ്ഞത്, ”ഇപ്പോൾ എനിക്കിതിനെ കുറിച്ച് ഓർക്കുമ്പോൾ ചിരിക്കാൻ തോന്നുന്നു. ഒരുതരം പ്രതികാരത്തിന്റെ ചിരി…” എന്നായിരുന്നു.

ഹിറ്റ്ലറുടെ കോൺസെന്ട്രേഷൻ ക്യാമ്പുകളിൽ ക്രൂരമായ പീഡനങ്ങളേറ്റ് കൊല്ലപ്പെട്ട ലക്ഷക്കണക്കിന് നിരപരാധികളായ മനുഷ്യരെക്കുറിച്ചുള്ള ഓർമ്മകളിൽ അവരുടെ കണ്ണുകൾ എത്രയോ തവണ കുതിർന്നുന്നു പോയിരിക്കാം. നാസികൾ ആഘോഷിച്ച ‘ആര്യൻ മോഡൽ’ ജൂതയായ തന്റെ ചിത്രമായിരുന്നു എന്നത് ആ വിഷാദത്തിലെ ഒരു മധുരപ്രതികാരം തന്നെയാണ് ! വംശവെറിയുടെ മനുഷ്യരൂപമായിരുന്ന സാക്ഷാൽ ഗീബൽസ് നേരിട്ട് തിരഞ്ഞെടുത്തതായിരുന്നു ആ ചിത്രമെന്നത് അവരെ മാത്രമല്ല ആരെയും ചിരിപ്പിക്കുന്ന കാര്യംതന്നെ. ഹാൻസ് ബെല്ലിൻ എന്ന ജർമ്മൻ ഫോട്ടോഗ്രാഫർ നാസികൾക്ക് കൊടുത്ത ഒരുതരം എട്ടിന്റെ പണി !