എബ്രൂ, ഞാൻ പറയുന്നത് കേൾക്കുന്നെങ്കിൽ നീയൊന്നു കണ്ണു ചിമ്മൂ…


_ ഹരിത സാവിത്രി

“എബ്രൂ, ഞാൻ പറയുന്നത് കേൾക്കുന്നുണ്ടെങ്കിൽ നീയൊന്നു കണ്ണു ചിമ്മൂ..”
ആ ഇമകൾ മെല്ലെ തുറന്നടഞ്ഞു.
“തടവിൽ നിന്നു പുറത്തു വന്നു കഴിഞ്ഞാൽ നമുക്ക് നിന്‍റെ നാട്ടിൽ പോകണമെന്ന് നീ പറഞ്ഞില്ലേ? നിന്നെ അവർ വിട്ടയക്കും. നമുക്ക് നിന്‍റെ ദെർസിമിൽ പോയി ഒരു മാസം താമസിക്കണം.”
സമ്മത ഭാവത്തിൽ എബ്രു മുഖം ചെറുതായി ചലിപ്പിച്ചു.

മൃതപ്രായമായ ആ ശരീരത്തിലെ ജീവന്‍റെ ചെറുസ്ഫുരണം കണ്ടു ആശ്വസിച്ച അറ്റോർണി ബെതുലിന്‍റെ സന്തോഷം അധിക നേരം നീണ്ടു നിന്നില്ല. 238 ദിവസത്തെ യാതനയ്ക്ക് ശേഷം സത്യസന്ധമായ, ന്യായാധിഷ്ഠിതമായ വിചാരണയ്ക്ക് വേണ്ടിയുള്ള നിരാഹാര സമരത്തിൽ ഏർപ്പെട്ടിരുന്ന എബ്രു തിംതിക് ഇന്നലെ മരണത്തിന് കീഴടങ്ങി.

മെഡിക്കൽ റിപ്പോർട്ടുകളോ ആശുപത്രിയിൽ വേണ്ടവിധമുള്ള ചികിൽസ ലഭിക്കുന്നില്ല എന്ന തടവുകാരുടെ സ്റ്റേറ്റ്മെന്‍റോ ഒന്നു പരിശോധിക്കുക പോലും ചെയ്യാതെയാണ് കോടതി ശാരീരികമോ മാനസികമോ ആയ അവസ്ഥയ്ക്ക് ഗുരുതരമായ തകരാറുണ്ടാക്കുന്ന സാഹചര്യത്തിലല്ല അവർ എന്ന നിരീക്ഷണവുമായി അപേക്ഷകൾ തള്ളിക്കളഞ്ഞത്.

പതിവ് പോലെ എർദോഗാൻ എന്ന സ്വേച്ഛാധിപതിയുടെ വഴി മുടക്കുന്നവരെ കുടുക്കാൻ ഉപയോഗിക്കുന്ന Revolutionary People’s Liberation Army/Front (DHKP-C) എന്ന സംഘടനയിൽ അംഗത്വമുണ്ട് എന്ന തെറ്റായ ആരോപണത്തിന്‍റെ പുറത്ത്, ഒരു കള്ളസാക്ഷിയുടെ സഹായത്തോടെയാണ് എബ്രുവിനെയും നിരാഹാര സമരത്തിൽ ഇപ്പോഴും തുടരുന്ന അയ്താച്ച് ഉൻസാലിനെയും ജയിലിലടച്ചത്.

ടർക്കിയിലെ പല പ്രധാന നിയമയുദ്ധങ്ങളിലും ഇരകൾക്ക് വേണ്ടി നിലകൊണ്ട പ്രശസ്തരായ അഭിഭാഷകരാണ് ഇവർ രണ്ടുപേരും. സോമയിലെ മൈൻ അപകടത്തിൽ മരണമടഞ്ഞ 301 തൊഴിലാളികൾ, 2013ലെ പ്രക്ഷോഭ സമയത്ത് ഒരു പോലീസ് ഓഫീസർ വെടിവച്ചു കൊന്ന ബെർകിൻ എൽവാൻ എന്ന പതിനഞ്ചു വയസ്സുകാരൻ, ജയിലിലെ പീഡനത്തിനിടയിൽ മരണമടഞ്ഞ എൻഗിൻ ചെബാർ, എബ്രുവിന്‍റെയും ഉൻസലിന്‍റെയും കക്ഷികളുടെ ലിസ്റ്റിന് നല്ല നീളമുണ്ട്. സ്വാഭാവികമായും ഭരണകൂടത്തിന്‍റെ ഉരുക്കുകൈകൾ തങ്ങൾക്കെതിരെ പാറ പോലെ ഉറച്ചു നില്‍ക്കുന്ന ഈ രണ്ടു ശല്യക്കാരുടെ നേരെയും നീണ്ടു. പല കേസുകളിലെയും സ്ഥിരം സാക്ഷിയായ ഒരു വ്യക്തിയുടെ മൊഴിയനുസരിച്ച് എബ്രുവിനെ പതിമൂന്ന് വർഷവും ആറ് മാസവും ഉൻസലിനെ പത്തു വർഷവും ആറ് മാസവും തടവിന് ശിക്ഷിച്ചു.

“തെളിവുകളില്ലാതെ, പ്രോസിക്യൂഷൻ മറ്റ് പല കേസുകളിലും ഉപയോഗിച്ച ഒരു രഹസ്യ സാക്ഷിയുടെ മൊഴിയുടെ ബലത്തിലാണ് ഈ കേസ് കെട്ടിപ്പടുത്തിരിക്കുന്നത്.” ഇസ്താംബുൾ ബാർ അസോസിയേഷൻ പ്രസിഡന്‍റ് പറഞ്ഞു.

പക്ഷേ, നാടകീയമായ ഒരു നീക്കത്തിലൂടെ കഴിഞ്ഞ മാസം ഈ രഹസ്യ സാക്ഷി ടർക്കിയിലെ സുപ്രീം കോർട്ടിന് മുന്നിൽ ഒരു അപേക്ഷ സമർപ്പിച്ചു. തനിക്ക് hallucination അതായത് ‘ഇല്ലാത്ത അനുഭവം ഉള്ളതായ തോന്നൽ’ ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും തന്‍റെ മൊഴി ഉപയോഗിക്കരുതെന്നുമായിരുന്നു അയാളുടെ അഭ്യര്‍ത്ഥന. ഇതിനെ സാധൂകരിക്കാനായി അയാളുടെ അഭിഭാഷകൻ മെഡിക്കൽ റിപ്പോർട്ടുകളും സമർപ്പിച്ചിരുന്നു.

നീതിയ്ക്ക് വേണ്ടി തടവറയിൽ പട്ടിണി സമരം നടത്തുന്നവരെ വിട്ടയക്കാനുള്ള അപേക്ഷകൾ പരിഗണിക്കാൻ ഈ സംഭവം പോലും കാരണമായില്ല. എബ്രുവും ഉൻസലും ഓരോ നിമിഷവും മരിച്ചു കൊണ്ടിരിക്കുന്നത് അറിഞ്ഞു കൊണ്ട് തന്നെ ന്യായാധിപന്മാര്‍ ആ ഫയലുകൾ പരിഗണിക്കുന്നത് നീട്ടി വച്ചു കൊണ്ടേയിരുന്നു.

മരണത്തോട് മല്ലടിക്കുന്ന അയ്താച്ച് ഉൻസലിന്‍റെ ജീവനെങ്കിലും രക്ഷിക്കണം എന്ന ലക്ഷ്യവുമായി ലോകമെമ്പാടുമുള്ള അഭിഭാഷകർ ടർക്കിഷ് എംബസ്സികൾക്ക് മുന്നിൽ നിരാഹാരസമരം നടത്തുന്നതുൾപ്പെടെയുള്ള പ്രതിഷേധപ്രകടനങ്ങൾ നടത്തുകയാണ്.

ന്യായാധിപൻമാർ ഹാർലി ഡേവിഡ്സൺ ബൈക്കുകളിൽ പായുകയും ഉപകാരസ്മരണയ്ക്കായി വച്ചു നീട്ടുന്ന സ്ഥാനമാനങ്ങളിൽ അഭിരമിക്കുകയും ചെയ്യുന്ന നാടുകളിൽ നീതിയ്ക്ക് വേണ്ടി നട്ടെല്ലു നിവർത്തി നില്‍ക്കുന്ന മനുഷ്യർ ഇനിയുമിനിയും ഇതുപോലെ പിടഞ്ഞു വീണു കൊണ്ടേയിരിക്കും.
#EbruTimtik

Click Here

ടെലഗ്രാംhttps://t.me/asianspeaks
ട്വിറ്റര്‍https://twitter.com/asianspeaksmail