കശ്മീർ ലോക്ഡൗണും ഇന്ത്യൻ കോവിഡ് ലോക്ഡൗണും

#SocialMedia

_ ആയിഷാ ബിന്ത് ജലീൽ

കോവിഡ് !
ഇന്ന് ഏറ്റവും കേൾക്കുകയും പറയുകയും പീഡിപ്പിക്കുകയും ചെയ്യുന്നൊരു ചെറിയ വാക്ക്. നമ്മുടെ രാജ്യം അടക്കം ഈ ഭൂമിയിലെ ഒട്ടുമിക്ക എല്ലാ കരകളും പൂര്‍ണ്ണമായോ ഭാഗികമായോ ഇന്ന് കോവിഡ് ഭീതിയിൽ അടഞ്ഞു കിടക്കുകയാണ്. ആഡംബരങ്ങളിൽ ആറാടിയിരുന്ന നഗരങ്ങൾ പലതും ശവശരീരങ്ങളാൽ നിറഞ്ഞിരിക്കുന്നു.

ചാൾസ് രാജകുമാരൻ മുതൽ ഏറ്റവും ദരിദ്രര്‍ വരെ, ജാതി മത വർഗ്ഗ വർണ്ണ വിവേചനം കൂടാതെ കോവിഡ് എല്ലാവരെയും ഭയപ്പെടുത്തുകയാണ്.

ആരോ തമാശ ആയി പറഞ്ഞപോലെ ഭൂമി വിശ്രമിക്കുകയാണ്.
മിനിറ്റുകളുടെ ഇടവേളയിൽ ആയിരങ്ങളിൽ നിന്ന് പതിനായിരങ്ങളിലേക്കും.അവിടുന്ന് ലക്ഷത്തിലേക്കും മരണം ഉയരുകയാണ്.

ആളും അർത്ഥവും ആയുധങ്ങളും എല്ലാം ഉണ്ടായിട്ടും ഒരു ചെറിയ വയറസ്സിനു മുന്നിൽ കൊടി കെട്ടിയ ഭരണ കർത്താക്കൾ നിസ്സഹായരായി നിൽക്കുകയാണ്.

21 ദിവസങ്ങൾ അതാണ് ഇന്ത്യയിലെ ജനങ്ങളോട് വീട്ടിൽ അടച്ചിരിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ആ 21 ദിവസങ്ങളിലെ അവസാന ദിവസങ്ങളിലേക്ക് അടുക്കുമ്പോൾ നമ്മൾ ഒരുപക്ഷെ വല്ലാത്തൊരു മടുപ്പിലായിരിക്കും. ഒരു ചെറിയ വട്ടത്തിൽ തളക്കപ്പെട്ടത് പോലെ സ്വാതന്ത്ര്യത്തിന്‍റെ ആകാശത്തേക്ക് പറക്കാൻ കൊതിക്കുന്നുണ്ടാവും.

ഒന്നാലോചിച്ചു നോക്കിയാൽ നമ്മൾ നിർബന്ധിത നിയന്ത്രണങ്ങളിൽ ആണെങ്കില്‍ പോലും അത് നമുക്കുവേണ്ടി ആയിരുന്നു. ഇന്നത്തെ നിയന്ത്രണങ്ങൾ നാളെയുടെ സന്തോഷത്തിന് വേണ്ടിയാണ് നാം, നമ്മുടെ പ്രിയപ്പെട്ടവർ എല്ലാവരും സുഖമായി ഇരിക്കാൻ ഭരണകൂടത്തിന്റെ എല്ലാ പിന്തുണയോടും കൂടി അസുഖത്തെ അല്ലാതെ മറ്റൊന്നിനെയും പേടിക്കാതെ, നമുക്ക് അടുത്തുള്ളതൊക്കെ ഒന്ന് നന്നായി കാണാൻ, സ്വാതന്ത്ര്യത്തിന്റെ വില അറിയാൻ…

അങ്ങനെ വ്യക്തി എന്ന നിലക്കും സമൂഹം എന്ന നിലക്കും ചില തിരിച്ചറിവുകളിലേക്ക് ഈ കാലയളവ് നമ്മെ നയിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.

നോക്കു നമുക്ക് എന്ത് കുറവുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നത്… ചെറിയ ക്ലാസ്സിൽ പഠിച്ചത് പോലെ”നമുക്ക് ആവശ്യം ഉള്ളത് ഈ ഭൂമിയിൽ ഉണ്ട്. ആര്‍ഭാടത്തിന് ഉള്ളതാണ് ഇല്ലാത്തത് എന്ന”
ഭക്ഷണം വെള്ളം മരുന്ന് എന്ന് വേണ്ട, ഈ കാലം അത്രയും ജീവിക്കാൻ ആവശ്യമായത് ഈ നാട്ടിൽ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താൻ ഒരു ഭരണ സംവിധാനം രാപകൽ ഇല്ലാതെ ശ്രമിച്ചിരുന്നു. ചില ചെറിയ അസ്വാരസ്യങ്ങൾ ഒഴിച്ചാൽ ബാക്കി എല്ലാം ഭംഗി ആയി നടക്കുന്നുണ്ട്.

ഇനി നമ്മിലേക്ക് നോക്ക്, നാം അധികം പേരും എവിടെ ആണ്. നമ്മുടെ വീടുകളിൽ പ്രിയപ്പെട്ടവരുടെ അടുത്ത് വാർത്ത മാധ്യമങ്ങളിലൂടെ ഇട തടവില്ലാതെ ലോകത്തെ കാണുകയാണ്. അകലെ ഉള്ളവർ ഒരു ഫോൺ കോളിനപ്പുറം നമ്മുടെ അടുത്തു തന്നെ ഉണ്ട്. നിയമപാലകർ മനുഷ്യത്വപരമായ പ്രവർത്തനങ്ങളിലൂടെ കയ്യടി നേടുമ്പോൾ ആരോഗ്യ പ്രവർത്തകർ ഹൃദയത്തിൽ കയറി കൂടുകയാണ്.

ഇനി മറ്റൊരു സ്ഥലത്തേക്ക് പോകാം, അധികം ദൂരെ അല്ല, എന്നാൽ ചില കാരണങ്ങൾ കൊണ്ട് ഒരുപാട് ദൂരെ ആണ് താനും….

കശ്മീർ

വിഭജനത്തിന്റെ മുറിവുകളിൽ നിന്ന് ഇന്നും നിലക്കാതെ ചോരയൊഴുകുന്ന കശ്മീർ വന്നവരും നിന്നവരും കീറി മുറിച്ചു പങ്കുവച്ച ഒരു ജനത. അവർ ലോക്ഡൗണിൽ ആണ്. 21 ദിവസമല്ല, മൃദുവായ സമീപനങ്ങൾ ഇല്ല. ഇന്നേക്ക് എട്ട് മാസവും മൂന്ന് ദിവസവും.കൃത്യമായി പറഞ്ഞാൽ 247 ദിവസം.

ആർട്ടിക്കിൾ 370, 35A എന്നിവ ഭരണഘടനയിൽ നിന്ന് കീറി ഏറിഞ്ഞ സർക്കാർ ഇന്ത്യ ഇനി ഒന്നാണ് എന്നുള്ള സ്വർണ്ണ കടലാസിൽ പൊതിഞ്ഞ് അവതരിപ്പിച്ചത് ഒരു സമൂഹത്തിന്റെ ജീവിക്കാൻ ഉള്ള അവകാശം കീറി എറിയാൻ ഉള്ള തന്ത്രം ആയിരുന്നു. എനിക്ക് രാഷ്ട്രീയമില്ല എന്ന് പറഞ്ഞ പലരും “ഇന്ത്യ ഒന്നാണ്”എന്ന വാക്ക് ഏറ്റുപറയുകയും പിന്നീട് നടന്ന എല്ലാത്തിനോടും മുഖം തിരിക്കുകയും ചെയ്തപ്പോൾ അവരുടെ രാഷ്ട്രീയം ഇല്ലായ്മ കാവി പുതഞ്ഞു കിടക്കുകയാണ് എന്ന് തിരിച്ചറിഞ്ഞത്.

പുറം ലോകവുമായി സർവ്വ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ട് കശ്മീർ മൊത്തം തടങ്കലിൽ ആക്കപ്പെടുകയായിരുന്നു. കശ്മീരിലെ ആശയ വിനിമയ മാർഗങ്ങൾ തടയപ്പെട്ടതിനെ പറ്റി എഴുതുമ്പോൾ കേരളത്തിൽ ലോക്ഡൗൺ കാലത്തെ ഇന്‍റര്‍നെറ്റ് സേവനങ്ങൾ മെച്ചപ്പെടുത്തണം എന്ന് മുഖ്യമന്ത്രി പറയുന്നത് കേൾക്കുന്നത് തന്നെ നമ്മുടെ ലോക്ഡൗണ് എത്ര സുഖകരം ആണെന്ന് ചിന്തിപ്പിക്കുകയാണ്.

പുറംലോകത്തു നിന്ന് ഒന്ന് എത്തിനോക്കാൻ ഒരു പഴുതു പോലും അനുവദിക്കാതെ അമേരിക്കൻ സെനറ്റർ മുതൽ മനുഷ്യാവകാശ പ്രവർത്തകർ വരെ ആരെയും കശ്മീരിലേക്ക് അടുപ്പിക്കാതെ, മുഖ്യമന്ത്രി അടക്കം ഒട്ടുമുക്കാൽ രാഷ്ട്രീയക്കാരെയും വീട്ടു തടങ്കലിൽ ആക്കി സംഘ വർഗീയത നടമാടുകയാണ് അവിടെ. പൊലീസും പട്ടാളവും രാഷ്ട്രീയക്കാരുടെ പാവകൾ ആവുമ്പോൾ അവിടെ ഓരോ വീട്ടിലും പേടികൊണ്ടുറങ്ങാൻ കഴിയാത്ത എത്ര ജീവിതങ്ങളാണ് ?

പ്രിയപ്പെട്ടവർ പൊലീസ് സ്റ്റേഷനിലോ മറ്റോ ചെല്ലേണ്ടി വന്നാൽ പിന്നെ ഒരു മടങ്ങി വരവ് വെറും പ്രതീക്ഷയും സ്വപ്നവും ആകുന്ന എത്ര യുവാക്കളാണ് ആ ഭൂമിയിൽ ജീവിച്ചു മരിച്ചത്. നിലവിൽ 4000 പേർ തടവിൽ ഉണ്ട് എന്നാണ് ഔദ്യോഗിക കണക്ക്. യാഥാർഥ്യം അതിനേക്കാൾ എത്ര ഭീകരം ആണെന്ന് കാലം തെളിയിക്കും. എത്ര ജീവനുകളാണ് തെളിവുകൾ അവശേഷിപ്പിക്കാതെ യാത്ര പറഞ്ഞതെന്ന് ആർക്കറിയാം ?

നമുക്ക് പ്രതീക്ഷിക്കാൻ ഒരു പുലരിയുണ്ട്. ആ പുലരിയിൽ നമ്മുടെ സഹോദരന്മാരെ മറക്കാതെ ഇരിക്കാൻ നമുക്ക് ബാധ്യതയും. ഇനിയും വിദ്വേഷങ്ങളും കുതികാൽ വെട്ടും മാറ്റി നിർത്തലും മാറ്റിവെക്കാൻ ഈ ചെറിയ കാലം നമ്മളെ പ്രാപ്തരാക്കട്ടെ.

പണ്ട് ഒരു വാർത്തയിൽ കണ്ടത് ഓർക്കുന്നു.

അധിനിവേശ സേനയുടെ അക്രമത്തിൽ പരിക്ക് പറ്റി വേദനയിൽ ഒരു കുഞ്ഞു പയ്യൻ പറഞ്ഞുവത്രെ “ഞാൻ ഇത് റബ്ബിനോട് പറഞ്ഞു കൊടുക്കും എന്ന്”

അതിക്രമിക്കപ്പെടുന്നവരുടെ പ്രാർത്ഥനക്ക് എത്ര കാലമാണ് ഉത്തരം ലഭിക്കാതെ ഇരിക്കുക ?

ഈ 21 ദിവസം ഒരു തിരിച്ചറിവാണ്, ഈ ഭൂമിയുടെ ഓരോ അവകാശിയെയും അർഹിക്കുന്ന പരിഗണനയോടെ സ്നേഹത്തോടെ ചേർത്തു പിടിക്കാൻ. കരഞ്ഞു തളർന്നവരുടെ കണ്ണീർ തുടക്കാൻ, ഒറ്റക്കായി പോയ ബാല്യങ്ങളെ ഒന്ന് ചുംബിക്കാൻ, ഒരുമിച്ചു നടക്കാൻ, സർവ്വ അഹങ്കാരങ്ങളും മുൻവിധികളും മാറ്റിവെച്ചു ഒന്നായി മുന്നോട്ട് പോവാൻ.

കാലം പഠിപ്പിക്കുന്ന പാഠങ്ങൾ പഠിക്കാൻ തയ്യാറായില്ലെങ്കിൽ ഭൂമിയല്ല, ഒരു ജനതയാണ് നശിക്കുകയെന്ന് തിരിച്ചറിയാൻ, എല്ലാവർക്കും സന്തോഷവും സമാധാനം ഉണ്ടാവട്ടെ…
_ ആയിഷാ ബിന്ത് ജലീൽ

Photo Courtesy_ Kamran Yousuf, Kashmir Photo Journalist

Click Here