തോമസ് സൻകര; ആഫ്രിക്കയിലെ മഹാനായ മാർക്സിസ്റ്റ് വിപ്ലവകാരി

“വിപ്ലവകാരികൾ വ്യക്തികളെന്ന നിലയിൽ കൊല ചെയ്യപ്പെട്ടേക്കാമെങ്കിലും അവരുടെ ആശയങ്ങളെ ഇല്ലാതാക്കാനാകില്ല”. ആഫ്രിക്കൻ ചെഗുവേര തോമസ് സൻകര വധിക്കപ്പെടുന്നതിന് ഒരാഴ്ച മുൻപ് പറഞ്ഞത്. സൻകര രക്തസാക്ഷിയായിട്ട് ഒക്ടോബര്‍ 15ന് 33 വർഷം. അതെ, അദ്ദേഹത്തിന്‍റെ ആശയങ്ങൾ ഇന്നും ജീവിക്കുന്നു…”
_ ജെയ്സണ്‍ സി കൂപ്പര്‍

ആഫ്രിക്ക കണ്ട ഏറ്റവും മഹാന്മാരായ മാർക്സിസ്റ്റുകളിൽ ഒരാളായിരുന്നു ബുർക്കിനാഫാസോയിലെ തോമസ് ഇസിഡോർ നോയൽ സൻകര. തനിക്ക് 33 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ജനകീയ പിന്തുണയോടെ അക്കാലത്ത് അപ്പർ വോൾട്ട എന്നറിയപ്പെട്ടിരുന്ന രാജ്യത്തിന്‍റെ ഭരണം പിടിച്ചെടുത്ത സൻകര അന്നേവരെ ആഫ്രിക്ക ദർശിച്ചിട്ടില്ലാത്ത തരത്തിൽ സാമൂഹിക, സാമ്പത്തിക രംഗങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കൊണ്ടുവന്നത്. ഫ്രാൻസിന്‍റെ കോളനിയായിരുന്ന രാജ്യത്തിന്‍റെ അപ്പർ വോൾട്ട എന്ന ഫ്രഞ്ച് പേര് മാറ്റി നീതിമാനായ മനുഷ്യൻ എന്നർത്ഥം വരുന്ന ബുർക്കിനാ ഫാസോ എന്ന പേര് ഇട്ടുകൊണ്ട് സൻകര തുടക്കത്തിൽ തന്നെ തന്‍റെ നയം വ്യക്തമാക്കി. ഫ്രാൻസിന്‍റെ ഒരു പുത്തൻ കോളനിയായി തുടർന്നിരുന്ന അപ്പർ വോൾട്ടയുടെ വിദേശ നയം സാമ്രാജ്യത്വ വിരുദ്ധതയിൽ ഉറപ്പിച്ചുകൊണ്ട് സൻകര ഐഎംഎഫിനെയും ലോക ബാങ്കിനെയും ആശ്രയിക്കുന്ന നിലപാടുകളുടെ അന്ത്യം കുറിച്ചു. ഫോറിൻ ഫണ്ടുകൾ നിരാകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, “നിങ്ങളെ പോറ്റുന്നവർ നിങ്ങളെ നിയന്ത്രിക്കും”.

ഫ്യുഡൽ ഭൂപ്രഭുക്കളിൽ നിന്ന് ഭൂമി പിടിച്ചെടുത്ത് വലിയതോതിൽ ഭൂപരിഷ്കരണം നടപ്പിൽ വരുത്തിയ സൻകര സാമ്രാജ്യത്വ ശക്തികൾ നിർബാധം കൊള്ളയടിച്ചുകൊണ്ടിരുന്ന ധാതുഖനികൾ ഉൾപ്പടെയുള്ള പ്രകൃതി വിഭവങ്ങളെല്ലാം ദേശസാത്കരിച്ചു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും വിപ്ലവകരമായ മാറ്റങ്ങൾ നടപ്പാക്കിയ അദ്ദേഹം സാക്ഷരതാ പരിപാടികളും നടപ്പാക്കി. ആഫ്രിക്കയിൽ ആദ്യമായി വലിയതോതിൽ സ്ത്രീപക്ഷ നടപടികൾ കൈക്കൊണ്ട ഭരണാധികാരിയും സൻകര തന്നെയായിരുന്നു. അക്കാലത്ത് അന്നാട്ടിൽ വ്യാപകമായിരുന്നു പെൺചേലാ കർമം നിർത്തലാക്കിയ സൻകര ബഹുഭാര്യത്വവും നിർബന്ധിത വിവാഹങ്ങളുമെല്ലാം അവസാനിപ്പിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയ അദ്ദേഹം സ്ത്രീകളെ ഉന്നത സർക്കാർ ഉദ്യോഗങ്ങളിലേക്ക് ഉയർത്തി. ‘സ്ത്രീ വിമോചനവും ആഫ്രിക്കൻ സ്വാതന്ത്ര്യ സമരവും’ എന്ന പുസ്തകവും അദ്ദേഹമെഴുതി. അന്നുവരെ അപ്പർ വോൾട്ടയിലെ പ്രസിഡന്‍റുമാർ ആസ്വദിച്ച ആഡംബരങ്ങളെല്ലാം ഉപേക്ഷിച്ച് ലളിത ജീവിതം നയിച്ച അദ്ദേഹത്തോട് സ്വന്തം ചിത്രങ്ങൾ പൊതുസ്ഥലങ്ങളിൽ തൂക്കിയിടുന്നതിനെ എതിർത്തതിനെപ്പറ്റി ചോദിച്ചപ്പോൾ പറഞ്ഞു, “ഇവിടെ ഏഴ് ദശലക്ഷം തോമസ് സൻകരമാരുണ്ട്”.


BUY NOW

ആഫ്രിക്കൻ ചെഗുവേര എന്നറിയപ്പെട്ടിരുന്ന സൻകര ചെഗുവേരയെപ്പറ്റി പറഞ്ഞു, “ഞങ്ങളെ എങ്ങനെ ആത്മവിശ്വാസമുള്ളവരായി തീരാം എന്ന് പഠിപ്പിച്ചത് ചെഗുവേരയാണ്. ഞങ്ങളുടെ കഴിവുകളിൽ സ്വയം വിശ്വസിക്കാൻ അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. ഞങ്ങൾക്ക് മുന്നിലുള്ള ഏക വഴി പോരാട്ടമാണെന്ന് അദ്ദേഹം ബോധ്യപ്പെടുത്തി. ഒരുമിച്ച് ഞങ്ങൾ നിർമിക്കാൻ ശ്രമിക്കുന്ന സ്വതന്ത്ര്യലോകത്തിലെ പൗരനാണ് ചെഗുവേര. അതുകൊണ്ടാണ് ഞങ്ങൾ പറയുന്നത് ചെഗുവേര ആഫ്രിക്കക്കാരനും ബുർക്കിനാഫാസോക്കാരനുമാണെന്ന്”

സൻകര കൈക്കൊണ്ട വിപ്ലവ ശ്രമങ്ങൾ തീർച്ചയായും എതിരാളികളെയും സൃഷ്ടിച്ചിരുന്നു. തക്കം പാർത്തിരുന്ന അവർ 1987 ഒക്ടോബർ 15ന് ഫ്രഞ്ച് ഭരണകൂട സഹായത്തോടെ പട്ടാള അട്ടിമറി നടത്തി സൻകരയെ വധിച്ചു. വധിക്കപ്പെടുമ്പോൾ അദ്ദേഹത്തിന്‍റെ പ്രായം 37 മാത്രമായിരുന്നു. 2014ൽ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പുറത്താക്കപ്പെടുന്നതുവരെ ഈ പട്ടാള ഭരണകൂടമായിരുന്നു ബുക്കിനാഫാസോ ഭരിച്ചത്. സൻകര നടപ്പാക്കിയ വിപ്ലവകരമായ നടപടികളെല്ലാം അവർ പിൻവലിച്ചു.

സൻകര രക്തസാക്ഷിയായിട്ട് 33 വർഷം തികയുന്നു. അദ്ദേഹം തന്നെ പറഞ്ഞതുപോലെ “വിപ്ലവകാരികൾ വ്യക്തികളെന്ന നിലയിൽ കൊല ചെയ്യപ്പെട്ടേക്കാമെങ്കിലും അവരുടെ ആശയങ്ങളെ ഇല്ലാതാക്കാനാകില്ല”. അദ്ദേഹമെഴുതി, “സഖാക്കളെ, സ്ത്രീ വിമോചനമില്ലാതെ ഒരു യഥാർത്ഥ സാമൂഹ്യ വിപ്ലവമില്ല. നിശ്ശബ്ദരാക്കപ്പെട്ട അവരുടെ നിശബ്ദതയിൽ ഞാൻ ഗർജ്ജനങ്ങൾ കേൾക്കുന്നുണ്ട്. അവരുടെ കൊടുങ്കാറ്റിന്‍റെ ഇരമ്പം എനിക്ക് കേൾക്കാനാകുന്നുണ്ട്. അവരുടെ രോഷം എനിക്ക് മനസിലാക്കാനാകുന്നുണ്ട്”

അതെ, സൻകര എന്ന മാർക്സിസ്റ്റ് വിപ്ലവകാരിയുടെ ആശയങ്ങൾക്ക് മരണമില്ല…

തോമസ് സൻകരയെ കുറിച്ചുള്ള ഡോക്യുമെന്‍ററി
Thomas Sankara – the Upright Man

Follow us on | Facebook | Instagram Telegram | Twitter | Threads