ജയിലിലെന്നപോലെ ഇവിടെയും എന്നെ ചേര്‍ത്ത് നിര്‍ത്തിയത് താഹയായിരുന്നു
“ജയിലില്‍ നിന്നും ഇറങ്ങിയാലുള്ള ഒരു തരം സാമൂഹിക ഒറ്റപ്പെടുത്തല്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്. എന്നാല്‍ പലരും മിണ്ടാതാകുമ്പോള്‍ എനിക്ക് അത് താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജയിലിലെന്നപോലെ ഇവിടെയും എന്നെ ചേര്‍ത്ത് നിര്‍ത്തിയത് താഹയായിരുന്നു…”
ജേർണലിസം വിദ്യാർത്ഥി ത്വാഹ ഫസലിൻ്റെ ജാമ്യം റദ്ദാക്കിയതിൽ സുഹൃത്ത് അലൻ ഷുഹൈബിൻ്റെ പ്രതികരണം;
അലൻ ഷുഹൈബ്
താഹയാണ് ഈ ദുരന്തം വിളിച്ചറിയിച്ചത്. അവന്‍ പണി സ്ഥലത്തും ഞാന്‍ കോളേജിലുമായിരുന്നു. ഇന്നലെ താഹയുടെ ഇക്കാക്കയുടെ പിറന്നാളുമായിരുന്നു. കഴിഞ്ഞയാഴ്ച്ച സ്റ്റേഷനില്‍ ഒപ്പിടാന്‍ വേണ്ടി നാട്ടില്‍ വന്നപ്പോള്‍ ഞങ്ങള്‍ കണ്ടു. കുറേ കാലത്തിന് ശേഷം പുറത്ത് പോയി ഒരു മില്‍ക്കവിലും ഉന്നക്കായും കഴിച്ചു. പതിവ് പോലെ പൈസ അവന്‍ തന്നെയാണ് കൊടുത്തത്.
ജയിലില്‍ നിന്നും ഇറങ്ങിയാലുള്ള ഒരു തരം സാമൂഹിക ഒറ്റപ്പെടുത്തല്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്. എന്നാല്‍ പലരും മിണ്ടാതാകുമ്പോള്‍ എനിക്ക് അത് താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജയിലിലെന്നപോലെ ഇവിടെയും എന്നെ ചേര്‍ത്ത് നിര്‍ത്തിയത് താഹയായിരുന്നു. എനിക്ക് എന്തും തുറന്ന് പറയാന്‍ കഴിയുന്നത് അവനോട് മാത്രമായിരുന്നു.
ഇത് ഭീകരമായിപ്പോയി. ഈ താല്‍ക്കാലികമായ വേര്‍പിരിയല്‍ വളരെ വേദനിപ്പിക്കുന്ന ഒന്നാണ്. എനിക്കിതില്‍ സന്തോഷിക്കാന്‍ ഒന്നുമില്ല. കാരണം എന്റെ സഹോദരനാണ് ജയിലില്‍ പോയത്. അല്ലാതെ കേവലം കൂട്ടുപ്രതിയല്ല. അക്ഷരാര്‍ഥത്തില്‍ അറിയില്ല എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോകണം എന്ന്.