കേരളത്തിലെ ഏറ്റവും വലിയ വിഭവകൊള്ളകളിലൊന്ന്!
കേരളം കണ്ട ഏറ്റവും വലിയ വിഭവകൊള്ളകളിലൊന്നാണ് അദാനിക്ക് വേണ്ടി മുൻ യുഡിഎഫ് സർക്കാരും ശേഷം വന്ന എൽഡിഎഫ് സർക്കാരും നടത്തിക്കൊടുത്തത്. സാമ്പത്തികമായി സംസ്ഥാന സർക്കാരിന് ബാധ്യത മാത്രം വരുത്തുന്നൊരു പദ്ധതി അദാനിക്ക് വേണ്ടി നടത്തിക്കൊടുക്കുകയാണ് സർക്കാർ…
പ്രമോദ് പുഴങ്കര
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ അനന്തരഫലമായി കടൽത്തീരവും ഉപജീവനമാർഗവും നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളാണ് വിഴിഞ്ഞത്ത് സമരം ചെയ്യുന്നത്. അദാനിക്ക് തുറമുഖ നിർമ്മാണക്കരാർ നൽകിയതിൽ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ച പിണറായി വിജയൻ മുഖ്യമന്ത്രിയായിട്ടും അതിന്റെ പേരിൽ പ്രത്യേകിച്ചൊന്നും സംഭവിച്ചിട്ടില്ല. വിഴിഞ്ഞം തുറമുഖ നിർമാണം കുറച്ചു മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധ പ്രശ്നം മാത്രമല്ല എന്നതാണ് വസ്തുത. കേരളം കണ്ട ഏറ്റവും വലിയ വിഭവകൊള്ളകളിലൊന്നാണ് അദാനിക്ക് വേണ്ടി മുൻ യുഡിഎഫ് സർക്കാരും ശേഷം വന്ന എൽ ഡി എഫ് സർക്കാരും നടത്തിക്കൊടുത്തത്. സാമ്പത്തികമായി സംസ്ഥാന സർക്കാരിന് ബാധ്യത മാത്രം വരുത്തുന്നൊരു പദ്ധതി അദാനിക്ക് വേണ്ടി നടത്തിക്കൊടുക്കുകയാണ് സർക്കാർ.
തുറമുഖത്തിനു മാത്രമല്ല ഒപ്പം അദാനി റിപ്പബ്ലിക്കുണ്ടാക്കാൻ തുറമുഖത്തിന് ചുറ്റുമായി 150 ഏക്കർ സൗജന്യമായി എഴുതി നൽകിയിട്ടു കൂടിയാണ് സർക്കാർ അദാനിയെ ആദരിച്ചത്. അത് അദാനിയുടെ പ്രത്യേക സാമ്പത്തിക മേഖലയാണ് (SEZ). പൊതുജനങ്ങളുടെ പണമെടുത്ത് അദാനിക്ക് തുറമുഖവും ഭൂമി വികസന കച്ചവടവും നടത്താന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്ന പണിയാണ് വിഴിഞ്ഞത്ത് നടക്കുന്നത്. പദ്ധതിയുടെ മതിപ്പു ചെലവ് 2015ല്‍ കണക്കാക്കിയത് 7525 കോടി രൂപയാണ്. അതില്‍ അദാനിയുടെ മുതല്‍മുടക്ക് 2454 കോടി രൂപ മാത്രം. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് 3463 കോടി രൂപ മുടക്കും. കേന്ദ്ര സര്‍ക്കാര്‍ Viability Gap Fund ആയി നല്കുന്ന 1635-ല്‍ 817.8 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റേതാണ്. സര്‍ക്കാര്‍ 360 ഏക്കര്‍ കരഭൂമി അദാനി പോര്‍ട്ടിന് ഏറ്റെടുത്ത് നല്‍കും. 130 ഏക്കര്‍ കടല്‍ നികത്തിയെടുക്കുന്നതും തുറമുഖ കമ്പനിക്കാണ്.
അതായത് ഒരു പദ്ധതിയുടെ മൂന്നിലൊന്നു മാത്രം മുതല്‍മുടക്കുന്ന കമ്പനി എല്ലാ ലാഭവും അനുബന്ധ അവകാശങ്ങളും ഒറ്റയ്ക്ക് അടിച്ചെടുക്കുന്നൊരു കരാര്‍ ലോകത്തിലെ പാവ സര്‍ക്കാരുകളെക്കൊണ്ട് കോര്‍പറേറ്റുകള്‍ എഴുതിക്കുന്ന തരത്തിലുള്ളതാണ്. അത്തരമൊരു കരാര്‍ നടപ്പാക്കാനാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ആവേശത്തോടെ ഇറങ്ങിയത് എന്നത്, എങ്ങനെയാണ് വികസനമായക്കാഴ്ചയുടെ വില്‍പ്പനക്ക് മുതലാളിത്തം പുതിയ ദല്ലാളുകളെ കണ്ടെത്തുന്നത് എന്നതിന്റെ മലയാളിത്തനിമയുള്ള ഉദാഹരണമാണ്.
പദ്ധതി പ്രവർത്തനം തുടങ്ങി 15 വർഷം കഴിഞ്ഞാൽ ലാഭത്തിൽ നിന്നും ഒരു ശതമാനം കേരള സർക്കാരിന് ലഭിക്കും. അദാനിയേക്കാൾ കൂടുതൽ പണം പദ്ധതിയിൽ മുടക്കുന്ന സർക്കാരിനാണ് ഒരു ശതമാനം! ഇതാണ് വികസനം!
നേരത്തെ വല്ലാർപ്പാടത്ത് കൊണ്ടുവന്ന വികസനത്തിന്റെ ചിത്രം സുന്ദരമാണ്. വല്ലാര്‍പാടത്ത് പണി പൂര്‍ത്തിയായി മൂന്നാം വര്‍ഷം 1.2 ദശലക്ഷം ടി.ഇ.യു (Twenty-foot Equivalent Unit – TEU) കണ്ടെയ്നര്‍ ചരക്ക് കൈകാര്യം ചെയ്യുമെന്നായിരുന്നു അനുമാനം. എന്നാല്‍ മൂന്നു വര്‍ഷം കഴിയുമ്പോള്‍ കൈകാര്യം ചെയ്തത് കേവലം 3.66 ലക്ഷം ടി.ഇ.യു ആയിരുന്നു. വല്ലാര്‍പ്പാടം 10 വര്‍ഷംകൊണ്ട് കൈകാര്യം ചെയ്തത് ഏതാണ്ട് 46 ലക്ഷം കണ്ടെയ്നറുകളാണ്. സാമ്പത്തികവര്‍ഷം 2020ല്‍ 1.2 ദശലക്ഷം ടി.ഇ.യു കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള വല്ലാര്‍പാടം ഇൻറർനാഷനൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പുമെൻറ് ടെർമിനൽ (International Container Transshipment Terminal- ICTT) കൈകാര്യം ചെയ്തത് 6,20,061 TEU ആണ്. ഇതില്‍ത്തന്നെ 36,183 ടി.ഇ.യു (6%) മാത്രമായിരുന്നു ട്രാൻസ്ഷിപ്പ്മെൻറ് കണ്ടെയ്നറുകൾ.
തങ്ങളുടെ വ്യാപാര താത്പര്യങ്ങൾ നടപ്പാക്കാൻ രാഷ്ട്രീയനേതൃത്വത്തെ അഴിമതിയിലൂടെ ദല്ലാളുകളായി കൂടെ നിർത്തുകയാണ് അദാനി ലോകത്തെങ്ങും ചെയ്യുന്നത്. അങ്ങനെയാണ് നരേന്ദ്ര മോദിയെന്ന ഇന്ത്യൻ പ്രധാനമന്ത്രി അവരുടെ വാല്യക്കാരനാവുന്നത്. അത് കേരളത്തിലെത്തുമ്പോഴും നടക്കുന്നു എന്നതിന് മുന്നണിഭേദമില്ലാത്ത അദാനി പ്രേമവും ഇടതുപക്ഷത്തുനിന്നുള്ള ആവേശവും കണ്ടാൽ ഒന്നുകൂടി വ്യക്തമാണ്.
നിലവിലെ സമരം 1959ലെ വിമോചനസമരത്തിന്റെ മാതൃകയാണ് എന്നും അന്നത്തെ എതിരാളികളാണ് ഇന്നുമെന്നും അദാനി സംഘം പാടുന്നുണ്ട്. ഓ, വെറുതെ. ജന്മിമാർക്കും വിദ്യാഭ്യാസ കച്ചവടക്കാർക്കുമെതിരെ നിലപാടെടുക്കുകയും ഭൂപരിഷ്കരണം നടത്താൻ തുടക്കമിടുകയും ചെയ്ത ഒന്നാം കമ്മ്യൂണിസ്റ്റ് പാർട്ടി സർക്കാരും അദാനിയെന്ന ഇന്ത്യയിലെ ആശ്രിതമുതലാളിത്തത്തിന്റെ ചക്രവർത്തിക്കുവേണ്ടി കേരളത്തിന്റെ സകല താത്പര്യങ്ങളും കടലിലൊഴുക്കി ദല്ലാൾപ്പണി നടത്തുന്ന പിണറായി വിജയൻ സർക്കാരും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധമേയുള്ളു.
ഇന്ത്യയിൽ പ്രകൃതിവിഭവങ്ങളുടെ വലിയ കൊള്ള നടത്തുന്ന എല്ലാ കരാറുകൾക്കും നിയമപരമായ പരിരക്ഷയുണ്ട്. സർക്കാരിന് കരാറിലേർപ്പെടാൻ നിയമപരമായ അധികാരമുണ്ടോ എന്നതിലല്ല സമരം, അങ്ങനെ ഏർപ്പെട്ട കരാറും അതിന്റെ പ്രത്യാഘാതങ്ങളും സംബന്ധിച്ചാണ് തർക്കം. ഇന്ത്യയിൽ എല്ലായിടത്തും അദാനിയടക്കമുള്ള കോർപ്പറേറ്റ് മുതലാളിമാരും സർക്കാരുകളും ഇങ്ങനെയുള്ള സമരക്കാരെ ദേശദ്രോഹികൾ എന്നാണ് വിളിക്കുന്നത്. സമാനമായ പൊലീസ് നടപടികളാണ് എടുക്കുന്നതും.
എങ്ങനെയാണ് ചരിത്രത്തിനെ അതിന്റെ രാഷ്ട്രീയപശ്ചാത്തലത്തിൽ നിന്നും അടർത്തിമാറ്റി തീർത്തും വിരുദ്ധമായൊരു സ്ഥലത്തു ഉപയോഗിക്കുക എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് വിമോചന സമരത്തിന്റെ ആവർത്തനമെന്ന തട്ടിപ്പുവാദം. അന്ന് വിമോചനസമരത്തിൽ സർക്കാരിനെതിരെ നിന്നവരുടെ വർഗ്ഗതാത്പര്യങ്ങളാണ് ഇന്നിപ്പോൾ വിഴിഞ്ഞം പ്രശ്നത്തിലടക്കം പിണറായി സർക്കാർ സംരക്ഷിക്കുന്നത്.
ഗാഡ്ഗിൽ റിപ്പോർട്ട് വന്നപ്പോൾ കൃസ്ത്യൻ സഭകൾ നാടുനീളെ ആളെക്കൂട്ടിയിറങ്ങിയപ്പോഴും വനം വകുപ്പിന്റെ ആപ്പീസ് കത്തിച്ചപ്പോഴും അവർക്കൊപ്പം നിന്ന ഇടതുമുന്നണി, ഇടുക്കിയിൽ കൃസ്ത്യൻ സഭയ്ക്ക് ഒരു സ്ഥാനാർത്ഥിയെ നൽകി എം പിയാക്കിയാണ് ആദരിച്ചത്. ലവ്ജിഹാദ് വിഷയത്തിൽ വർഗീയ വിഷം തുപ്പിയ പാലാ ബിഷപ്പിനെ സന്ദർശിച്ചാദരിക്കാൻ ഇടതുമുന്നണി മത്സരിക്കുകയായിരുന്നു. ഓർത്തഡോക്സ് സഭയ്ക്കൊരു എം എൽ എയേയും ശേഷം മന്ത്രിയെയും നൽകിയാണ് അവരെ പ്രീണിപ്പെടുത്തി നിർത്തിയത്.
തരാതരംപോലുള്ള ഇത്തരം നിലപാടുകളൊക്കെ വലിയ മിടുക്കായി കൊണ്ടുനടക്കുകയും ജനങ്ങളുടെ ജീവിതപ്രശ്നങ്ങളുമായി ബന്ധപ്പെട്ട സമരങ്ങളും കോർപ്പറേറ്റ് കുത്തകകൾക്കുവേണ്ടിയുള്ള ദല്ലാൾപ്പണിക്കെതിരെ എതിർപ്പ് വരുമ്പോഴും അയ്യോ വിമോചനസമരം എന്നൊക്കെ പറയുന്നതിലെ കാപട്യം ഒരു മറയുമില്ലാതെ വ്യക്തമാണ്. ബി ജെ പിക്കും സംസ്ഥാന സർക്കാരിനും ഒരേ പക്ഷമുള്ള ഒരു വിഷയത്തിൽ, ഒരേ മുതലാളിയുടെ ഔദാര്യം പറ്റുന്നൊരു വിഷയത്തിൽ എന്തുതരം രാഷ്ട്രീയചരിത്രത്തെയാണ് നിങ്ങൾ കൂട്ടുപിടിക്കുന്നത് ?
ഇക്കാര്യത്തിൽ പിണറായി സർക്കാരിന് വിമോചനസമരക്കാലവുമായി എന്തെങ്കിലും സാമ്യം തോന്നിയാൽ അത് അന്നത്തെ വിമോചന സമരക്കാരുടെ വർഗ്ഗതാത്പര്യങ്ങളുടെ പക്ഷത്താണ് ഇന്നത്തെ സർക്കാർ എന്നത് മാത്രമാണ്.