ഈ സംഘർഷങ്ങൾ ഒരു ചീത്ത കാര്യമല്ല, എന്തെന്നാൽ സാമൂഹ്യപരിവർത്തനം എളുപ്പത്തിൽ സാധ്യമാവുകയില്ല
#Sabarimala #Talk
ഈ അടുത്ത കാലത്ത് സ്ത്രീ തുല്യതയുമായി ബന്ധപ്പെട്ട് വന്ന സുപ്രീംകോടതി വിധികളുടെ പശ്ചാത്തലത്തിൽ അതിനെതിരെ സവർണ്ണ ഫാഷിസ്റ്റുകൾ നടത്തുന്ന ആക്രമണങ്ങളെ കേരളീയ സമൂഹത്തിന് നേരിടാൻ കഴിയണം. നവോത്ഥാന പോരാട്ടങ്ങളെ പരിവർത്തനത്തിന്റെ രാഷ്ട്രീയ ഉന്നതിയിലേയ്ക്ക് നയിക്കുന്ന കടമ ഏറ്റെടുത്തു കൊണ്ടാണ് ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ജനങ്ങളുടെ നേതൃത്വമായി ഉയർന്നുവന്നത്. അവരുടെ അജണ്ട ജനാധിപത്യ വിപ്ലവമായിരുന്നു. ജനാധിപത്യ വിപ്ലവത്തിന്റെ ഉള്ളടക്കം നിലവിലുള്ള സാമൂഹ്യ ബന്ധങ്ങളെ നിർബന്ധപൂർവ്വം (ബലപ്രയോഗത്തിലൂടെ) പുതുക്കി പണിയുകയെന്നതായിരുന്നു. ആ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ പുരോഗമന പ്രസ്ഥാനങ്ങൾക്കും അതോടൊപ്പം അണിനിരന്നുവെന്ന് അവകാശപ്പെടുന്ന നേതൃത്വത്തിനും ജനതകൾക്കും എത്രകണ്ട് ജീവിത വ്യവഹാരങ്ങളിൽ പ്രയോഗത്തിൽ കൊണ്ടുവരാൻ കഴിഞ്ഞുവെന്നത് പരിശോധിക്കപ്പെടേണ്ടതാണ്.
അയ്യപ്പ ഭക്തിയുടെ പേരിൽ ആചാരങ്ങളെ സംരക്ഷിക്കാൻ തെരുവിലിറങ്ങിയിരിക്കുന്ന സാധാരണ മനുഷ്യരെ (നേതൃത്വത്തെയല്ല) കുറ്റവാളികളായി കാണാൻ കഴിയില്ല. നമുക്ക് ചുറ്റുമുള്ള ജീവിത യാഥാർത്ഥ്യം പരിശോധിച്ചാൽ നിത്യ ജീവിതവ്യവഹാരങ്ങളിൽ ജനാധിപത്യവൽക്കരിക്കപ്പെട്ട കാഴ്ചകൾ പരിമിതമാണ്. ജനനം മുതൽ വിവാഹം, വീടുവയ്ക്കൽ, കിണറുകുഴിക്കൽ തുടങ്ങി അവസാനം മരണംവരെ ജാതി-മത-പള്ളി-ക്ഷേത്രം- മന്ത്രോച്ചാരണം -നാമജപ-പ്രാർത്ഥനയിൽ നീരാടി ജീവിക്കുന്നവരാണ് ഭൂരിപക്ഷവും. നിലവിളക്കും അരിയും പൂവും എന്നുവേണ്ട എല്ലാ ആചാരങ്ങളേയും വാരിപുണരുന്ന സ്വത്വ-രാഷ്ട്രീയ മേലാളന്മാരുടെ സമൂഹമാണ് കേരളം. ശുദ്ധി-അശുദ്ധിയുടെ, ഭക്തി-വിശ്വാസം, കൂടോത്രം, അവണേങ്ങാട് ചാത്തൻ, രാശി-കവഡി പണിക്കന്മാരുടെ നക്ഷത്രഫലങ്ങൾ എല്ലാം തിമിർത്താടുന്ന ‘നമ്പർവൺ’ നാടാണ് കേരളം. ആചാരങ്ങൾ നിത്യ ജീവിതചര്യയായി മാറിയ ഒരു സമൂഹമാണിത്. നീതിക്കോ തുല്യതയ്ക്കോ മുൻതൂക്കം കിട്ടുന്ന ഒരുവിധി നടപ്പിലാക്കാൻ പാടുപെടുന്നൊരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. അവിടെ ഭരണഘടന ഒരു ഏട്ടിലെ പശു മാത്രമാണ്.
ആചാരം, അനുഷ്ഠാനങ്ങൾ, വിശ്വാസം, അവിശ്വാസം ഇതെല്ലം ഓരോ മനുഷ്യരുടേയും തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. ഇത്തരം കാര്യങ്ങൾ ജനതകക്കുമേൽ അടിച്ചേൽപ്പിക്കുന്ന ജനാധിപത്യവിരുദ്ധ നടപടികളാണ് സംഘ് പരിവാർ ഏറ്റെടുത്തു കൊണ്ടിരിക്കുന്നത്. ഈ സംഘർഷങ്ങൾ ഒരു ചീത്ത കാര്യമല്ല. എന്തെന്നാൽ സാമൂഹ്യ പരിവർത്തനം എളുപ്പത്തിൽ സാധ്യമാവുകയില്ല. ഏറ്റവും മനോഹരമായ സാമൂഹ്യപരിവർത്തനത്തിന്റെ മുന്നിട്ടു നിൽക്കുന്ന ലോകവീക്ഷണം തൊഴിലാളിവർഗ്ഗ ജനാധിപത്യത്തിന്റേയും സോഷ്യലിസത്തിന്റേതുമാണ്. സമൂഹത്തെ ഉഴുതുമറിച്ച് ജനങ്ങളുടെ ഉത്സവമായി മാറുന്ന വിപ്ലവത്തിലൂടെ മാത്രമേ പരിവർത്തനം സാധ്യമാകൂ. അതുകൊണ്ടു തന്നെ വിപ്ലവം, ജനാധിപത്യം, സോഷ്യലിസം ഈ വക കാര്യങ്ങൾ വർത്തമാന കേരളം ചർച്ചയിൽ കൊണ്ടു വരണം.
_ സി എ അജിതൻ
Cartoon Courtesy_ Manjul, Firstpost