സഖാവ് പത്രോസിന് തോൽക്കേണ്ടി വന്നത് സർ സിപിയുടെ മുന്നിലല്ല!
ഓർമ്മയിൽ ഒരുപാടു തുലാം പത്തുകളുണ്ട്. അച്ഛന്റെ തോളിലിരുന്ന് ഇൻക്വിലാബ് സിന്ദാബാദ് വിളിച്ച്’ ആർത്തിരമ്പുന്ന ചെങ്കൊടികൾക്കും മേദിനി ടീച്ചറിന്റെ ശബ്ദത്തിൽ ആഴ്ന്നിറങ്ങുന്ന വിപ്ലവ പാട്ടുകൾക്കുമൊപ്പം വയലാറിലെ രക്തസാക്ഷി മണ്ഡപത്തിനു മുന്നിലെത്തിയിരുന്ന തുലാം പത്തിനോർമ്മകൾ.
അച്ഛൻ കമ്യൂണിസ്റ്റായിരുന്നു. കുഞ്ഞുന്നാളിന്റെ ഓർമ്മകളിൽ വീടിന്റെ ഓല മറയിൽ ഈർക്കിലിൽ ഉറപ്പിച്ചു കോർത്ത മാർക്സും ലെനിനും എംഗൽസും ചിത്രങ്ങളായുണ്ട്. അച്ഛൻ ആദ്യമായി വാങ്ങിയ ടേപ്പ് റിക്കോർഡറിൽ കേട്ട “ബൊളീവിയൻ വൻകാടുകളിൽ തോക്കും തൂവലുമായ് നീ നേടിയ ഛാത്ര വിജയങ്ങൾ ” എന്ന പാട്ടിലെ ചെഗുവേരയുണ്ട്. വാങ്ങി വന്നിരുന്ന പുസ്തകങ്ങളിൽ വയലാറും മൂലധനവുമുണ്ട്. ചേർത്തലയിൽ നിന്ന് അച്ഛനെത്തേടി വരാറുണ്ടായിരുന്ന യജമൻ, പൊന്നൻ, എന്നൊക്കെ പേരായ സഖാക്കൾ മുറ്റത്തെ കശുമാവിൻ ചോട്ടിൽ പായ വിരിച്ചിരുന്ന് സഖാവ് ആഞ്ചലോസ്, എന്നും സഖാവ് ചന്ദ്രപ്പനെന്നും ഒക്കെ പറയുന്നത് ഉറക്കെ കേട്ടിട്ടുണ്ട്. അങ്ങനെ ഒരു പാടോർമ്മകൾ, ചെങ്കൊടി പുതച്ചുള്ള അവസാന ഉറക്കമാണ് ആ ഓർമ്മയുടെ അറ്റം.
അതു പോകട്ടേ. ദാ, ഇതേ ചിത്രത്തിൽ കാണുന്ന, പ്രതിമക്കു നേരേ വിരൽ ചൂണ്ടി ആരാണ് അതെന്ന ചോദ്യത്തിന് ആ അച്ഛൻ ‘തന്ന ഉത്തരമാണ്, സഖാവ് കെ വി പത്രോസ്, കുന്തക്കാരൻ പത്രോസ്. ആ കയ്യിലിരിക്കുന്ന വാരിക്കുന്തമുണ്ടല്ലോ, അത് തോക്കേന്തി നിൽക്കുന്ന സർ സി പിയുടെ പട്ടാളത്തിനു നേർക്കാണ് ഉയർത്തിയിരിക്കുന്നത് !”
തോക്കിനു നേരേ കുന്തമുനയുയർത്തിയവന്റെ ആത്മവീര്യവും ചങ്കുറപ്പും അച്ഛന്റെ വാക്കുകളിൽ നിന്ന് മനസ്സിൽ പതിഞ്ഞതാണ്. പിന്നീട് മുതിർന്നപ്പോൾ വായിച്ചറിഞ്ഞു, സഖാവ്ക കെ വി പത്രോസ് എന്ന ആ പുലയ ക്രിസ്ത്യാനിയാണ് ആലപ്പുഴയുടെ മണ്ണിനെ ചുവന്ന വിപ്ലവത്തിനായൊരുക്കിയ ഐതിഹാസികമായ ആലപ്പുഴ ട്രേഡ് യൂണിയൻ സമര നായകനെന്ന്. തിരുവിതാംകൂർ കൊച്ചി കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെയും രണ്ടാമത്തെയും സെക്രട്ടറി.
ഇനിയൊരു തൊഴിലാളിയെ തൊട്ടാൽ ആലപ്പുഴ ഒരറ്റം തൊട്ട് മറ്റേ അറ്റം വരെ കത്തിക്കുമെന്ന് സർ സി പിയെ വെല്ലുവിളിച്ച ആത്മാഭിമാനി. ആർക്കു മുന്നിലും മുട്ടുമടക്കാത്ത സഖാവ് പത്രോസിന് പക്ഷേ തോൽക്കേണ്ടി വന്നു. സർ സിപിയുടെ മുന്നിലല്ല, സവർണ്ണ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചതിക്കു മുന്നിൽ. ആയിരക്കണക്കിന് തൊഴിലാളികളെ, ദലിതരെ പാർട്ടി അറിഞ്ഞു കൊണ്ടുകൊലക്കു കൊടുത്തപ്പോൾ സഖാവ് പത്രോസ് തോറ്റു. അതാണ് പുന്നപ്ര വയലാറിന്റെ യഥാർത്ഥ ചരിത്രം. ഒദ്യോഗിക കണക്കുകളിൽ 3500, യഥാർത്ഥത്തിൽ ഏഴായിരത്തിലധികം വരുന്ന ദലിതരുടെ ശവശരീരങ്ങളാണവിടെ കൂട്ടിയിട്ടു കത്തിച്ചു കളഞ്ഞത്. യഥാർത്ഥത്തിൽ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ ദലിത് കൂട്ടക്കൊലയുടെ അനുസ്മരണമാണ് ഓരോ തുലാം പത്തും.
“ഞങ്ങൾ ജീവൻ പണയംവച്ചു വളർത്തിയെടുത്ത പാർട്ടി ഇന്ന് ഞങ്ങളുടെ ശത്രുക്കളുടെ കയ്യിലാണ്. ഞാൻ മരിച്ചാൽ എന്റെ ശരീരം ഒറ്റ കമ്യൂണിസ്റ്റുകാരനെയും കൊണ്ട് തൊടീക്കരുത്” എന്നദ്ദേഹത്തിന് പറയേണ്ടി വന്നത് ആ ചതി തിരിച്ചറിഞ്ഞാണ്. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു സഖാവ് പത്രോസ്. കൊടും മർദ്ദനങ്ങളേറ്റുവാങ്ങി ക്ഷയബാധിതനായി ചോര ഛർദ്ദിച്ചു മരിച്ചു. ചുടുകാട്ടിൽ അനാഥ ശവമായി ഒടുങ്ങി.
രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ ജനകോടികൾ വാരിയണിയുന്ന സമരപുളകങ്ങളിൽ, തുടിക്കുന്നത് തമ്പ്രാൻസഖാക്കൾ ചതിച്ചു കൊന്ന ദലിതരുടെ ചോരയാണ്. സഖാവ് പത്രോസിന്റെ പേരിൽ സഖാക്കൾ ലാൽ സലാം വിളിക്കില്ല.. ഒരു സമ്മേളന നഗരിക്കും കെ വി പത്രോസ് നഗർ എന്ന് പേരുകൊടുക്കില്ല. ഒരു വിപ്ലവ ചരിത്രത്തിലും ആ പേര് ആലേഖനം ചെയ്യപ്പെടില്ല. എങ്കിലും, ഈ തുലാം പത്തിന് നിങ്ങളെ ഓർക്കുമ്പോൾ പ്രിയപ്പെട്ട രാഘവൻ അത്തോളി മാഷിന്റെ വരികളോർക്കുന്നൂ.
“ഏറ്റുമുട്ടലെന്നോമനപ്പേരിൽ
വേട്ടയാടപ്പെട്ടവർ രക്തസാക്ഷികൾ
സ്മാരകങ്ങൾ പണിഞ്ഞാൽ
മഹത്തായ ലക്ഷ്യമേറുമോ
പാതകക്കോയ്മകൾ !”
_ വിനീതാ വിജയൻ
#SelectedArticles