ഭരണകൂടവും ആർ.എസ്.എസും ചെയ്യുന്ന ഹിംസകൾ ഭീകരവാദം എന്ന് വിളിക്കപ്പെടാതിരിക്കുന്നു !
ഭരണകൂടത്തിന്റെയും ഭൂരിപക്ഷത്തിന്റെയും പിന്തുണയുള്ളവരുടെ ഹിംസകൾ ഭീകരവാദം എന്ന പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നു. അത് ചെയ്യുന്നവർ ഭീകരർ എന്ന് വിളിക്കപ്പെടാതിരിക്കുന്നു. അവർ ആൾക്കൂട്ടവും ജനങ്ങളും മാത്രമാവുന്നു. അതുകൊണ്ടാണ് ആർ.എസ്.എസിനെ ഭീകര സംഘടനാ പട്ടികയിൽ കാണാൻ പറ്റാത്തത്….
റെന്വർ
ഭീകരർ എന്ന ഔദ്യോഗിക വിളിപ്പേര് നൽകുന്നത് ഭരണകൂടങ്ങളും ഭൂരിപക്ഷവും ആയതുകൊണ്ടാണ് യഥാർഥത്തിൽ വലിയ ഹിംസകൾ ചെയ്യുന്നവർ ഔദ്യോഗികമായും പൊതുവായും ഭീകരർ എന്ന പട്ടികയിൽ ഉൾപ്പെടാത്തത്.
മ്യാൻമറിൽ റോഹിൻഗ്യരെ കൊലപ്പെടുത്തിയത് ‘ആൾക്കൂട്ടവും’ ‘നാട്ടുകാരു’മായിരുന്നു. കൂടിപ്പോയാൽ അവർ ബുദ്ധമതക്കാരായ അക്രമികളാണെന്ന് പറയും, അവരുടെ നേതാക്കളെ തീവ്രനിലപാടുള്ള ബുദ്ധമത നേതാക്കളെന്ന് പറയും.
എന്നാൽ റോഹിൻഗ്യർക്കെതിരായ അടിച്ചമർത്തലുകൾക്കെതിരേ പ്രതിരോധിച്ചിരുന്ന അറക്കൻ റോഹിൻഗ്യൻ സാൽവേഷൻ ആർമി ഔദ്യോഗികമായും പൊതുവായും ഭീകര സംഘടന എന്ന് വിളിക്കപ്പെട്ടു. അത് മ്യാൻമറിലെ കാര്യം മാത്രമല്ല. ഫലസ്തീൻ ജനതയെ കൊലപ്പെടുത്തുന്ന സയണിസ്റ്റുകളെയും ഇസ്രായേൽ ഭരണകൂടത്തെയും ഭീകരരെന്നു വിളിക്കാൻ മടിക്കുന്നവർ അതിനെതിരെ പ്രതിരോധിക്കുന്ന ഹമാസിനെ ഭീകരരെന്ന് വിളിക്കുന്നു.
ഭരണകൂടത്തിന്റെയും ഭൂരിപക്ഷത്തിന്റെയും പിന്തുണയുള്ളവരുടെ ഹിംസകൾ ഭീകരവാദം എന്ന പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നു. അത് ചെയ്യുന്നവർ ഭീകരർ എന്ന് വിളിക്കപ്പെടാതിരിക്കുന്നു. അവർ ആൾക്കൂട്ടവും ജനങ്ങളും മാത്രമാവുന്നു. അതുകൊണ്ടാണ് ആർ.എസ്.എസിനെ ഭീകര സംഘടനാ പട്ടികയിൽ കാണാൻ പറ്റാത്തത്.
ഭരണകൂടത്തിന്റെയും ഭൂരിപക്ഷത്തിന്റെയും അടിച്ചമർത്തലുകളിൽ നിന്ന് വിമോചനം നേടാൻ ശ്രമിക്കുന്നവരെ ഭീകരരായി മുദ്ര കുത്തുമ്പോൾ കൂട്ടക്കൊലകളും ആക്രമണങ്ങളും നടത്തിയ നിരവധി പേരെ കൊന്നു തള്ളിയ ആർ.എസ്.എസ് ഇവിടെ രാഷ്ടീയ സംഘടന എന്ന രീതിയിൽ മാത്രം അറിയപ്പെടുന്നു. അതിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രം സ്വാഭാവികമായി അംഗീകരിക്കപ്പെടുന്നു. രാഷ്ട്രപിതാവ് എന്ന സ്ഥാനത്ത് കാണുന്ന വ്യക്തിയെ കൊലപ്പെടുത്തിയവരായിട്ടു പോലും ചോദ്യം ചെയ്യപ്പെടാത്ത മെജോരിറ്റേറിയൻ ഭീകര സംഘടനയും അതിനെ അംഗീകരിക്കുന്ന വലിയൊരു വിഭാഗം ആൾക്കൂട്ടവും വേറെ ഒരു നാട്ടിലും ചിലപ്പോൾ കാണാൻ പറ്റാത്ത കാര്യമാണ്.
ഹിന്ദുക്കൾ, ആൾക്കൂട്ടം, കൂടി പോയാൽ വർഗീയ വാദികൾ എന്നതിനപ്പുറം ഭീകരരെന്ന് അവരെ ആരും വിളിക്കില്ല, ഹിന്ദുക്കൾ സമം വർഗീയ വാദികൾ, ഭീകരവാദികൾ എന്ന സമവാക്യമുണ്ടാവില്ല, ആ ഭീകരത ഇവിടെ അംഗീകരിക്കപ്പെടുകയും സ്വാഭാവികമായി മാറുകയും ചെയ്തതിനാൽ.