ഭീകരമുദ്ര ചുമത്തി ഭരണകൂടം ഈ നിരപരാധികളെ 23 വര്‍ഷം തടവറയിലടച്ചു !

ഏത് ലോകത്താണിനി ജീവിക്കേണ്ടത് എന്ന് ഞങ്ങൾക്കറിയില്ല. ഞങ്ങളുടെ ബന്ധുക്കളിൽ പലരും മരിച്ചു. കുടുംബാംഗങ്ങളിൽ ചിലരെല്ലാം നഷ്ടമായി. ജീവിത ചുറ്റുപാടുകൾ തകർന്നു. ഗനിയുടെ വാക്കുകൾക്ക് മുന്നിൽ നീതിപീഠത്തിനോ, നിയമ സംവിധാനത്തിനോ, ഭരണവർഗത്തിനോ ഉത്തരമില്ല…


എ എം നദ്‌വി

ലത്തീഫ് അഹ്മദ് (45), അലി (48), മിർസ നാസർ (39), അബ്ദുൽ ഗനി (57), റഈസ് (56) എന്നിവര്‍ ജാമ്യവും പരോളും നിഷേധിക്കപ്പെട്ടു നീണ്ട 23 വർഷക്കാലം ജയിലിലെ നരകയാതന അനുഭവിച്ചത്. കഴിഞ്ഞ ദിവസം ജയ്പൂർ ഹൈക്കോടതി അവരെ കുറ്റവിമുക്തരാക്കി വിട്ടയച്ചു.

1996 മേയ് 22 ആഗ്ര -ജയ്പൂർ ഹൈവേയിലെ സംലേതി ഗ്രാമത്തിനടുത്ത് വെച്ച് നടന്ന ബസ് സ്ഫോടനക്കേസിലാണ് ഇവർ അറസ്റ്റ് ചെയ്യപ്പെട്ടത്. വിദൂര വ്യത്യസ്ത പ്രദേശങ്ങളിൽ താമസിച്ചിരുന്ന ഞങ്ങൾ തമ്മിൽ ആദ്യമായി കാണുന്നത് തന്നെ പോലീസ് കസ്റ്റഡിയിൽ വെച്ചാണെന്ന് മോചിതനായ ഗനി പറയുന്നു. ഏത് ലോകത്താണിനി ജീവിക്കേണ്ടത് എന്ന് ഞങ്ങൾക്കറിയില്ല. ഞങ്ങളുടെ ബന്ധുക്കളിൽ പലരും മരിച്ചു. കുടുംബാംഗങ്ങളിൽ ചിലരെല്ലാം നഷ്ടമായി. ജീവിത ചുറ്റുപാടുകൾ തകർന്നു. ഗനിയുടെ വാക്കുകൾക്ക് മുന്നിൽ നീതിപീഠത്തിനോ, നിയമ സംവിധാനത്തിനോ, ഭരണവർഗത്തിനോ ഉത്തരമില്ല.

ലത്തീഫ് വിവാഹം കഴിച്ചിട്ടില്ല. സ്ഫോടന കേസിൽ ജയിലിൽ കിടന്നവന് ഇനിയൊരു വധുവിനെ കണ്ടെത്താനാവുമോ എന്ന ആശങ്കയിലാണ്. കാൽനൂറ്റാണ്ടിനടുത്ത കാലയളവ് സ്വാതന്ത്ര്യത്തിന്‍റെ ആകാശവും, സാമാന്യ ജീവിതത്തിന്‍റെ സർവസാധ്യതകളും നിഷേധിക്കപ്പെട്ട് കൽത്തുറുങ്കിന്‍റെ ഇരുമ്പഴികൾക്ക് പിന്നിൽ അനിശ്ചിതകാലം ബന്ധിക്കപ്പെട്ട ശേഷം തെളിവുകളില്ലാത്തതിനാൽ ജയിൽ മോചിതരായ ഈ മനുഷ്യ ജീവിതങ്ങളോട് നീതിയെക്കുറിച്ച് ആത്മാർഥമായി പറയാൻ ആർക്കാണ് അർഹതയുള്ളത് ?

ഭീകരതയോ, ദേശദ്രോഹമോ ആരോപിച്ച് ആരെയും എപ്പോഴും അറസ്റ്റ് ചെയ്ത് ജയിലലാക്കാൻ പാകത്തിൽ UAPA പോലുള്ള നിയമങ്ങളെയും എൻ.ഐ.എ പോലുള്ള ഏജൻസികളെയും നാൾക്കുനാൾ കൂടുതൽ ജനവിരുദ്ധവും, അതി ഭീകരവുമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയിൽ ഈ മോചനവാർത്ത ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്.

Leave a Reply