സിമി; നിരോധനം നീക്കിയാൽ ഭരണകൂടം പടച്ചുണ്ടാക്കിയ കൃത്രിമ ഭീകരതക്ക് ഉത്തരം പറയേണ്ടിവരും !

സനാതൻ സൻസ്ഥ പോലുള്ള നിഗൂഢ ഹിന്ദു ഭീകരസംഘങ്ങളുടെ നേതൃത്വത്തിൽ മാലെഗാവ്, മക്കാ മസ്ജിദ്, അജ്മീർ അടക്കമുള്ള സ്ഫോടനങ്ങൾ നടത്തി മാധ്യമ-ഭരണകൂട പിന്തുണയോടെ സിമിയുടെ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു…


എ എം നദ്‌വി

സിമി -സ്റ്റുഡന്റ്സ് ഇസ്‌ലാമിക് മൂവ് മെന്റ് ഓഫ് ഇന്ത്യ എന്ന വിദ്യാർഥി സംഘടനയുടെ മേൽ അന്യായമായി അടിച്ചേൽപിക്കപ്പെട്ട നിരോധനം വീണ്ടും അഞ്ചു കൊല്ലത്തേക്ക് കൂടി. 1977 മുതൽ ഇന്ത്യയിലുടനീളം ഗ്രാമ-നഗരങ്ങളിലും, കാമ്പസുകളിലും സജീവ സാന്നിധ്യമായിരുന്ന പ്രാദേശിക – സംസ്ഥാന – ദേശീയ ഓഫീസുകൾ പരസ്യമായി പ്രവർത്തിച്ചിരുന്ന, വിവിധ ഭാഷകളിൽ മുഖപത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്ന സിമിയെ 2001 സെപ്തംബർ 27നാണ് അന്ന് കേന്ദ്രം ഭരിച്ച ബി.ജെ.പി ഭരണകൂടം ആദ്യമായി നിരോധിക്കുന്നത്. എട്ടാമത് തവണയാണ് ഇപ്പോൾ നിരോധനം ആവർത്തിക്കപ്പെടുന്നത്.

നിരോധിക്കപ്പെടുന്നത് വരെ സംഘടനയുടെ മേൽ ഭീകരപ്രവർത്തനങ്ങൾ ആരോപിക്കപ്പെടാവുന്ന ഒരു കേസും നിലവിലുണ്ടായിരുന്നില്ല. നിരോധനശേഷം രാജ്യത്തുടനീളം ആയിരക്കണക്കിന് വിദ്യാസമ്പന്നരായ മുസ്‌ലിം യുവാക്കൾ അറസ്റ്റ് ചെയ്യപ്പെടുകയും, വ്യാജ ഭീകരവാദ കേസുകൾ അടിച്ചേൽപ്പിക്കപ്പെടുകയും ചെയ്തു. സനാതൻ സൻസ്ഥ പോലുള്ള നിഗൂഢ ഹിന്ദു ഭീകരസംഘങ്ങളുടെ നേതൃത്വത്തിൽ മാലെഗാവ്, മക്കാ മസ്ജിദ്, അജ്മീർ അടക്കമുള്ള സ്ഫോടനങ്ങൾ നടത്തി മാധ്യമ-ഭരണകൂട പിന്തുണയോടെ സിമിയുടെ മേൽ അടിച്ചേൽപ്പിക്കുകയായിരുന്നു. അത് തെളിവാക്കിയായിരുന്നു പിന്നീടുള്ള നിരോധനങ്ങൾ.

നിരോധനങ്ങൾ ചോദ്യം ചെയ്ത് സിമി ഭാഗം സമർപ്പിച്ച അപ്പീലുകൾ വാദംപോലും കേൾക്കാതെ സുപ്രീം കോടതിയടക്കം കോൾഡ് സ്റ്റോറേജിലേക്ക് തള്ളി. നിരോധനങ്ങളെ ന്യായീകരിക്കാൻ പാകത്തിൽ 3 തവണ യു.എ.പി.എ ഭേദഗതി വരുത്തി. ഇതിനിടെ നിരോധനത്തിന് ന്യായമായി ഉയർത്തിക്കാട്ടിയ കേസുകളിൽ നല്ലൊരു ശതമാനവും തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടയച്ചു.

വ്യാജ സിമി കേസുകളുടെ പൊള്ളത്തരം തുറന്ന് കാണിക്കുന്ന നിരവധി അന്വേഷണ റിപ്പോർട്ടുകൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. അജിത് സാഹിയുടെ തെഹൽക റിപ്പോർട്ട്, മനീഷാസേത്തിയുടെ സിമി കേസ് പഠനങ്ങൾ, പി.യു.ഡി.ആർ അന്വേഷണ റിപ്പോർട്ട് എന്നിവ അവയിൽ പ്രധാനപ്പെട്ടവയാണ്.

നിരോധനം നീക്കിയാൽ അതിന്റെ പേരിൽ ഇക്കാലമത്രയും പടച്ചുണ്ടാക്കിയ കൃത്രിമ ഭീകരതക്ക് ഭരണകൂടം ഉത്തരം പറയേണ്ടി വരുമെന്നത് കൊണ്ട് മാത്രം ആവർത്തിക്കപ്പെടുന്ന ചടങ്ങാണ് സിമി നിരോധനമെന്ന് ചുരുക്കം. അതിന്റെ പേരിൽ വർഷങ്ങളായി ഇന്ത്യയുടെ വിവിധ ജയിലുകളിൽ കഴിയുകയാണ് നിരവധി മുസ്‌ലിം യുവാക്കൾ. വീണ്ടുമൊരു നിരോധന ഉത്തരവ് പുറത്തുവന്ന സ്ഥിതിക്ക് ഇനിയും പല അപസർപ്പക കഥകൾക്കും നമുക്ക് കാതോർക്കാം.

Leave a Reply