ഭൂമിക്കൊള്ളയ്ക്ക് സർക്കാർ കാവൽ
ഗുജറാത്തില്‍ നരേന്ദ്ര മോദിയും കേരളത്തിലെ ഇടത്-വലത് സര്‍ക്കാരുകളും പാര്‍ട്ടി ഭേദമില്ലാതെ എങ്ങിനെ അദാനിയടക്കമുള്ള കോര്‍പ്പറേറ്റുകളെ സഹായിച്ചുകൊണ്ടിരിക്കുന്നു?
ഫാഷിസവും ചങ്ങാത്ത മുതലാളിത്തവും Part -3
കെ സഹദേവൻ
മുണ്ഡ്ര തുറമുഖ പദ്ധതിക്കായി 7350 ഏക്കര്‍ ഭൂമി ഗൗതം അദാനിക്ക് നല്‍കിയത് വളരെ തുച്ഛമായ വിലയ്ക്കായിരുന്നു. ഒരു ഏക്കര്‍ ഭൂമിക്ക് 36720 രൂപ! മൊത്തം ഭൂമിയുടെ വില 26,98,92,000 രൂപ. സര്‍ക്കാര്‍ നല്‍കിയ ഭൂമി പൊതുബാങ്കില്‍ ഈടുവെച്ച്, സര്‍ക്കാര്‍ ഗ്യാരണ്ടിയോടുകൂടി കടം വാങ്ങി അഞ്ച് പൈസ സ്വന്തം മുതല്‍ മുടക്കില്ലാതെ ബിസിനസ് ആരംഭിക്കാന്‍ അദാനിക്ക് കഴിഞ്ഞു. അതോടൊപ്പം തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കല്‍ക്കരി പവര്‍ പ്ലാന്റും (4620സം) മുണ്ഡ്ര തുറമുഖത്തോട് ചേര്‍ന്ന് നിര്‍മ്മിക്കപ്പെട്ടു.
തുറമുഖ പദ്ധതിയോട് ചേര്‍ന്ന് ഒരു സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ കൂടി ആവിഷ്‌കരിച്ചുകൊണ്ട് അതിനായി 45000 ഏക്കര്‍ ഭൂമി കൂടി സര്‍ക്കാര്‍ അദാനിക്കായി കൈമാറപ്പെട്ടു.
56ഓളം മത്സ്യത്തൊഴിലാളി ഗ്രാമങ്ങള്‍ ഇതിനായി കുടിയൊഴിപ്പിക്കപ്പെട്ടു. ജനങ്ങളുടെ എതിര്‍പ്പുകളെ തൃണവല്‍ഗണിച്ചുകൊണ്ടായിരുന്നു ഊ ഭൂമിക്കൊള്ള നടന്നത്. പ്രത്യേക സാമ്പത്തിക മേഖലയ്ക്കായി തനിക്ക് ലഭിച്ച ഭൂമി അദാനി മറ്റ് കമ്പനികള്‍ക്കായി മറിച്ചുനല്‍കിയത് (Sublet)ഏക്കറിന് 36,72,000 രൂപയ്ക്കാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു (Yardley & Bajaj, 2011). കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന്റേതടക്കമുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാതെയാണ് അദാനി തന്റെ സെസ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയതെന്ന് പിന്നീട് ഗുജറാത്ത് ഹൈക്കോടതി കണ്ടെത്തി.
അദാനിയുടെ ഭൂമിക്കൊള്ള ഗുജറാത്തില്‍ മാത്രമായി ഒതുങ്ങിയില്ലെന്നും ഏതൊരു രാഷ്ട്രീയ നേതൃത്വങ്ങളെയും പാട്ടിലാക്കാന്‍ തക്ക കരുത്തും സ്വാധീനവും അയാള്‍ സ്വായത്തമാക്കിയിരുന്നെന്നും തിരിച്ചറിയുന്നതിനായി നമുക്കൊന്ന് കേരളത്തിലേക്ക് വരാം. വലത്-ഇടത് ഭരണത്തില്‍ കേരളത്തിലെ വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി പൊതു-സ്വകാര്യ ഉടമസ്ഥതയെന്ന ഓമനപ്പേരിട്ടുകൊണ്ട് പൊതുവിഭവങ്ങള്‍ എങ്ങിനെയാണ് കോര്‍പ്പറേറ്റുകള്‍ അടിച്ചെടുക്കുന്നത് എന്നതിനെക്കുറിച്ച് കുറച്ചുകൂടി കൃത്യമായ ധാരണ ലഭിക്കാന്‍ ഇത് സഹായിക്കും.
7525 കോടി നിര്‍മ്മാണച്ചെലവ് കണക്കാക്കിക്കൊണ്ട് ആരംഭിച്ച വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ സംസ്ഥാന സര്‍ക്കാര്‍ മുടക്കുമുതല്‍ 5071 കോടി രൂപയായിരുന്നു. പദ്ധതിക്കായി ഏറ്റെടുക്കുന്ന 500 ഏക്കര്‍ ഭൂമി പൊതു ബാങ്കുകളില്‍ പണയപ്പെടുത്തി കടം സ്വരൂപിക്കാനുള്ള അവകാശം അദാനിക്ക് നല്‍കിക്കൊണ്ടായിരുന്നു കരാര്‍ ഉറപ്പിച്ചത്. അതായത്, സംസ്ഥാന സര്‍ക്കാര്‍ മുതല്‍മുടക്കിന് ശേഷം വരുന്ന തുക, 2454 കോടി രൂപ കണ്ടെത്താന്‍ കയ്യില്‍ കിട്ടിയ ഈ ഭൂമി പണയപ്പെടുത്തിയാല്‍ മാത്രം മതിയാകുമായിരുന്നു അദാനിക്ക്! പദ്ധതിയില്‍ നിന്നുള്ള ലാഭ വിഹിതത്തിന്റെ മുക്കാല്‍പങ്കും അടുത്ത 40 കൊല്ലക്കാലത്തേക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ കരാറില്‍ നേരത്തെ തന്നെ തയ്യാറാക്കി വെച്ചിരുന്നു. പത്തുവര്‍ഷം കൊണ്ടുമാത്രം ഏതാണ്ട് 29,217 കോടി രൂപ വിഴിഞ്ഞം പദ്ധതി നടപ്പിലാകുന്നതോടെ അദാനിയുടെ കൈകളിലെത്തിപ്പെടുമെന്ന് സിഎജിയുടെ കണ്ടെത്തുകയുണ്ടായി.
പിപിപി (Public-Private Participation) എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന പദ്ധതികളിലെല്ലാം ആത്യന്തിക ഗുണഭോക്താവ് സ്വകാര്യ കമ്പനികള്‍ ആണെന്നും അവര്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ മാത്രമേ കരാറുകള്‍ തയ്യാറാക്കപ്പെടുകയുള്ളൂ എന്നും പകല്‍പോലെ വ്യക്തമായ കാര്യമാണ്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ പദ്ധതി ആവിഷ്‌കരിക്കപ്പെടുമ്പോള്‍ പൊതുമേഖലാ ബാങ്കുകള്‍ യാതൊരു ഈടും ആവശ്യപ്പെടാതെ സ്വകാര്യ കമ്പനികള്‍ക്ക് കോടികള്‍ കടമായി അനുവദിക്കുമെന്ന വസ്തുത കോര്‍പ്പറേറ്റുകള്‍ക്ക് നന്നായറിയാവുന്നതാണ്. ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ഇത്തരത്തില്‍ ലക്ഷക്കണക്കിന് കോടി രൂപയാണ് അദാനി അടിച്ചുമാറ്റിയിരിക്കുന്നത്. നോണ്‍ പെര്‍ഫോമന്‍സ് അസെറ്റെന്ന രീതിയില്‍ പൊതുമേഖലാ ബാങ്കുകളില്‍ കുന്നുകൂടിക്കൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള കിട്ടാക്കടങ്ങളുടെ ഭാരം ഇന്ത്യയിലെ സാധാരണക്കാരന്റെ ചുമലിലേക്ക് സ്വാഭാവികമായും ചെന്നെത്തുന്നു.
ഗുജറാത്തില്‍ നരേന്ദ്ര മോദിയും കേരളത്തിലെ ഇടത്-വലത് സര്‍ക്കാരുകളും പാര്‍ട്ടി ഭേദമില്ലാതെ എങ്ങിനെ അദാനിയടക്കമുള്ള കോര്‍പ്പറേറ്റുകളെ സഹായിച്ചുകൊണ്ടിരിക്കുന്നു എന്നത് സൂചിപ്പിക്കാനാണ് ഇപ്പോഴും പ്രതിസന്ധിയില്‍ നില്‍ക്കുന്ന വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് സൂചിപ്പിച്ചത്. നമുക്ക് വീണ്ടും ഗുജറാത്തിലേക്ക് പോകാം.
(തുടരും)
Part 1 ഫാഷിസവും ചങ്ങാത്ത മുതലാളിത്തവും ശക്തിപ്പെട്ടത് എങ്ങനെ?
Part 2 മുസ്‌ലിം വംശഹത്യയിൽ നിന്നും പോഷണം കണ്ടെത്തിയ ഇന്ത്യയിലെ ആദ്യത്തെ കോര്‍പ്പറേറ്റ്